ADVERTISEMENT

സെപ്റ്റംബര്‍ 23ന് തുടങ്ങിയ ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേയ്സ് സെയില്‍സ് വ്യാപാര മേളയില്‍ ലാപ്‌ടോപ് ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ഡിറ്റര്‍ജന്റ് സോപ്പ് ലഭിച്ചെന്ന് ആരോപണം. ഡൽഹി സ്വദേശി യശ്വാസി ശര്‍മയാണ് ലാപ്‌ടോപിനു പകരം സോപ്പ് ലഭിച്ചുവെന്നു പറഞ്ഞ് ലിങ്ക്ഡ്ഇനില്‍ പോസ്റ്റ് ചെയ്തതെന്ന് ബിജിആര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത് ഫ്ലിപ്കാര്‍ട്ടിനെ അറിയിച്ചപ്പോള്‍ ഒബിഡി നയം ലംഘിച്ചുവെന്നും അതിനാല്‍ പണം തിരിച്ചു തരില്ലെന്നുമാണ് മറുപടി ലഭിച്ചതെന്നു ശര്‍മ പറയുന്നു.

∙ എന്താണ് ഒബിഡി നയം?

ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളായ ഫ്ലിപ്കാര്‍ട്ടും ആമസോണും അവരുടെ ബിസിനസ് മാന്യത വര്‍ഷങ്ങളുടെ സേവനത്തിലൂടെ ആര്‍ജിച്ചെടുത്തതാണ്. കോടിക്കണക്കിന് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. വളരെ വിരളമായി മാത്രമാണ് പിഴവ് സംഭവിക്കാറ്. ശര്‍മയുടെ കാര്യത്തിലും ഇത് ശരിയാണ്. ഇരു സ്ഥാപനങ്ങള്‍ക്കുമുള്ള ഒരു നയമാണ് ഒബിഡി അല്ലെങ്കില്‍ ഓപ്പണ്‍ ബോക്‌സ് ഡെലിവറി. ഇതേപ്പറ്റി അറിയില്ലെങ്കില്‍ കനത്ത ധനനഷ്ടം ഉണ്ടാകാം.

ഇലക്ട്രോണിക്‌സ് അടക്കമുള്ള വിലപിടിപ്പുള്ള ഉപകരണങ്ങള്‍ക്കാണ് ഇത് ബാധകമാക്കുക. സാധനം ഓർഡർ ചെയ്യുമ്പോൾ ഒരു ഒടിപി നമ്പര്‍ ഉപഭോക്താവിന് എസ്എംഎസ് ആയി വരും. ഡെലിവറി എത്തുമ്പോൾ അത് എത്തിക്കുന്ന ഡെലിവറി ബോയിയുടെ മുന്നിൽവച്ച് പാക്കറ്റ് തുറന്ന് പരിശോധിച്ചു തൃപ്തിപ്പെട്ട ശേഷം വേണം ഒടിപി നമ്പര്‍ നല്‍കാന്‍. ഓര്‍ഡര്‍ ചെയ്ത സമയത്ത് കണ്ട സാധനങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ച് തൃപ്തിപ്പെടാനുള്ള അവസരമാണ് ഇരു കമ്പനികളും നല്‍കുന്നത്. ഓർഡർ ചെയ്ത സമയത്തു കണ്ട ചാർജറോ ബാറ്ററിയോ അടക്കമുള്ള സാധനങ്ങൾ ഇല്ലെങ്കിലോ ഉൽപന്നത്തിന് കേടുപാടോ മറ്റോ ഉണ്ടെങ്കിലോ അത് കൈപ്പറ്റേണ്ടതില്ല.

ഇത് പ്രായോഗികവും സുതാര്യവുമായ ഒരു നയമാണ്. ശര്‍മയുടെ പിതാവാണ് ലാപ്‌ടോപ് ബോക്‌സ് കൈപ്പറ്റിയത്. അദ്ദേഹത്തിന് ഒബിഡിയെ കുറിച്ച് അറിവില്ലാതിരുന്നതിനാല്‍ ബോക്‌സ് പരിശോധിക്കാതെ ഒടിപി നമ്പര്‍ കൈമാറുകയായിരുന്നു. ഉല്‍പന്നം കൈമാറുന്ന സമയത്ത് നല്‍കേണ്ടതാണ് ഒടിപി എന്നു കരുതി തന്റെ പിതാവ് അതു നല്‍കിയെന്നാണ് ശര്‍മ പറയുന്നത്.

‌∙ ശര്‍മയുടെ പണം ഫ്ലിപ്കാര്‍ട്ട് തിരിച്ചു കൊടുക്കും

ശര്‍മയ്ക്ക് പണം തിരിച്ചു നല്‍കാനാവില്ലെന്നാണ് ഫ്ലിപ്കാർട്ട് ആദ്യം പറഞ്ഞത്. അച്ഛന്‍ ബോക്‌സ് തുറന്നു നോക്കേണ്ടതായിരുന്നു എന്നാണ് അവര്‍ പറഞ്ഞതെന്ന് ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ ശര്‍മ പറഞ്ഞിരുന്നു. എന്നാല്‍, പോസ്റ്റ് അപ്‌ഡേറ്റ് ചെയ്ത അദ്ദേഹം പറഞ്ഞത് പണം തിരിച്ചു നല്‍കാനുള്ള നടപടിക്രമങ്ങള്‍ ഫ്ലിപ്കാർട്ട് തുടങ്ങി എന്നാണ്. പക്ഷേ, തന്റെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ലെന്നും ശര്‍മ പറഞ്ഞു.

താന്‍ ലിങ്ക്ഡ്ഇന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നില്ലെന്നും പല ഓണ്‍ലൈന്‍ ഉപഭോക്താക്കൾക്കും ഒബിഡിയെക്കുറിച്ച് അറിയില്ലെന്നത് ഒരു പ്രശ്‌നമാണ് എന്നും ശർമ പറയുന്നു.

∙ ശര്‍മയെ രക്ഷിച്ചത് സിസിടിവി വിഡിയോ

ശര്‍മയ്ക്ക് ഉണ്ടായ ഭാഗ്യം എല്ലാവർക്കും ഉണ്ടാകണമെന്നില്ല. ഡെലിവറി ബോയി വരുന്നതിന്റെയും ബോക്‌സ് തുറന്നു കാണിക്കാതെ ഒടിപി വാങ്ങി പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. ഇതു കാണിച്ചിട്ടു പോലും ഫ്ലിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പണം തിരിച്ചു തരാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു.

പക്ഷേ, ഡെലിവറി ബോയിക്ക് ബോക്‌സ് തുറന്നു കാണിക്കാമായിരുന്നു എന്നാണ് ശര്‍മയുടെ വാദം. ഇതിനു ശേഷം ഒടിപി നമ്പര്‍ വാങ്ങിയാല്‍ പോരായിരുന്നോ? ഉപഭോക്തൃ പ്രശ്‌നപരിഹാര സംഘടനകളെ സമീപിക്കുന്നതിന് മുന്നോടിയായി അവസാന നീക്കമെന്ന നിലയിലാണ് താന്‍ ഇതു പോസ്റ്റ് ചെയ്യുന്നതെന്നും മധ്യവര്‍ഗക്കാര്‍ക്ക് ഒരു ലാപ്‌ടോപ്പിന്റെ പണം മൊത്തത്തില്‍ നഷ്ടപ്പെടുക എന്നു പറയുന്നത് എളുപ്പം സഹിക്കാവുന്ന കാര്യമല്ലെന്നും ശര്‍മ പറഞ്ഞു.

∙ ക്ലാസിക്കല്‍ മ്യൂസിക് പ്രേമികള്‍ക്കായി ആപ് അവതരിപ്പിക്കാന്‍ ആപ്പിള്‍

ആപ്പിള്‍ മ്യൂസിക്കില്‍ ഇപ്പോള്‍ ക്ലാസിക്കല്‍ സംഗീതവും ലഭിക്കുമെങ്കിലും ഈ വിഭാഗം ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു പുതിയ ആപ് തന്നെ ഉണ്ടാക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ മ്യൂസിക് ആപ്പിനൊപ്പം ക്ലാസിക്കല്‍ മ്യൂസിക് ആപ്പും ഉണ്ടാകുമെന്നാണ് മാക്‌റൂമേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഐഒഎസ് 16 ല്‍ത്തന്നെ ഈ ആപ് ലഭ്യമാക്കുമെന്നാണ് സൂചന. അതിവേഗം ജനസമ്മതി ആര്‍ജിക്കുന്ന സേവനങ്ങളിലൊന്നാണ് ആപ്പിള്‍ മ്യൂസിക്. 6 മാസത്തിനുള്ളില്‍ 1 കോടി സബ്‌സ്‌ക്രൈബര്‍മാരെ ഈ സേവനത്തിന് ലഭിച്ചുവെന്നു പറയുന്നു.

∙ വിവോയുടെ ഏറ്റവും പ്രീമിയം മോഡല്‍ എക്‌സ്90 പ്രോ പ്ലസ്?

സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്80 പ്രോ പ്ലസ് എന്നൊരു മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് വിവോ കമ്പനി എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതിനേക്കാള്‍ കൂടിയ ഒരു മോഡലും കമ്പനി പുറത്തിറക്കുമെന്നും അതായിരിക്കും വിവോ ശ്രേണിയിലെ ഏറ്റവും പ്രീമിയം ഫോണ്‍ എന്നുമാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍.

ഇതിന്റെ പേര് എക്‌സ്90 പ്രോ പ്ലസ് എന്നായിരിക്കുമെന്നു പറയുന്നു. ഈ വര്‍ഷം തന്നെ ഫോണ്‍ അനാവരണം ചെയ്‌തേക്കുമെന്നും ഇതിന് അത്യാകര്‍ഷകമായ 4കെ ക്വാഡ് എച്ഡി പ്ലസ് റെസലൂഷനുള്ള സ്‌ക്രീന്‍ ഉണ്ടായിരിക്കുമെന്നും പറയുന്നു. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസറും 1-ഇഞ്ച് വലുപ്പമുള്ള പ്രധാന ക്യാമറാ സെന്‍സറും പ്രതീക്ഷിക്കുന്നു.

∙ ബോട്ട് അക്കൗണ്ടുകള്‍ ഉണ്ടെന്നുള്ള അവകാശവാദം മസ്‌ക് തെളിയിച്ചില്ലെന്ന് ട്വിറ്റര്‍

സമൂഹ മാധ്യമമായ ട്വിറ്റര്‍ വാങ്ങാന്‍ കരാര്‍ ഒപ്പിടുകയും പിന്നീട് പിന്‍വലിയുകയും ചെയ്യുകയായിരുന്നു സ്‌പേസ്എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകളുടെ ധാരാളിത്തം ഉണ്ടെന്നാണ് മസ്‌ക് ഇതിന് കാരണമായി പറഞ്ഞത്. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, തന്റെ അവകാശവാദം മസ്‌ക് ഇതുവരെ തെളിയിച്ചിട്ടില്ലെന്നാണ് ട്വിറ്റര്‍ കോടതിയോട് പറഞ്ഞിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.

English Summary: Man Orders Laptop From Flipkart, Receives Bars of Detergent Soap Instead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com