ADVERTISEMENT

ഇമെയിൽ ചെയ്യുന്നതുപോലെ കൺസോൾ നിലവാരമുള്ള പ്ലേ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ ഉപയോക്താകളെ അനുവദിക്കുന്നതിനായി മൂന്ന് വർഷം മുൻപ് ആരംഭിച്ച ക്ലൗഡ് വിഡിയോ ഗെയിം സേവനമായ സ്റ്റേഡിയ (Stadia) അടച്ചുപൂട്ടുകയാണെന്ന് ഗൂഗിൾ അറിയിച്ചു.

 

ഉപയോക്താക്കളിൽ നിന്ന് സ്റ്റേഡിയയ്ക്ക് പ്രതീക്ഷിച്ചത്ര പ്രതികരണം ലഭിച്ചില്ല. ഇതിനാൽ സ്റ്റേഡിയ സ്ട്രീമിങ് സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ചെന്ന് ഗൂഗിൾ വൈസ് പ്രസിഡന്റ് ഫിൽ ഹാരിസൺ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. സ്റ്റേഡിയ ഹാർഡ്‌വെയർ വാങ്ങിയവർക്കും അതിന്റെ ഓൺലൈൻ സ്റ്റോർ വഴി വാങ്ങിയ ഗെയിം കണ്ടെന്റിനും പണം തിരികെ നൽകുമെന്നും അടുത്ത വർഷം ജനുവരി 18 വരെ കളിക്കാർക്ക് ഈ സർവീസിലേക്ക് ആക്‌സസ് ലഭിക്കുമെന്നും ഗൂഗിൾ അറിയിച്ചു.

 

∙ എന്താണ് സ്റ്റേഡിയ?

 

വിഡിയോ ഗെയിമിങ്ങിന്റെ ചരിത്രം സ്റ്റേഡിയയ്ക്കു മുൻപും ശേഷവും എന്ന് അടയാളപ്പെടുത്തിക്കൊണ്ടാണ് 2019 ൽ ഗൂഗിൾ പുതിയ ഗെയിം സ്ട്രീമിങ് സേവനം അവതരിപ്പിച്ചത്. സ്റ്റേഡിയ എന്ന ക്ലൗഡ് ഗെയിമിങ് സംവിധാനം ഗെയിം കൺസോൾ എന്ന ഉപകരണത്തെ അക്ഷരാർഥത്തിൽ അപ്രസക്തമാക്കുന്നതായിരുന്നു. ഗെയിം കളിക്കാൻ കൺസോൾ വേണ്ട, എല്ലാ കളിക്കാർക്കും വേണ്ടി ഗൂഗിൾ ക്ലൗഡിൽ ഒരുക്കിയിരിക്കുന്ന ഒരേയൊരു കൺസോൾ - അതാണ് സ്റ്റേഡിയ. വേണ്ടത്, വേഗമുള്ള ഇന്റർനെറ്റ് കണക്‌ഷൻ മാത്രം.

 

ഹാർഡ് ഡിസ്കിൽ നിന്ന് ക്ലൗഡ് മെമ്മറിയിലേക്കുള്ള മാറ്റം പോലെ ലളിതമായിരുന്നു ഇതും. നിലവിൽ വിപണിയിലുള്ള എല്ലാ ഗെയിം കൺസോളുകൾക്കും വെല്ലുവിളിയുയർത്തുന്നതായിരുന്നു ഗൂഗിൾ സ്റ്റേഡിയ. എന്നാൽ, മൈക്രോസോഫ്റ്റ്, സോണി എന്നീ കമ്പനികളുടെ ഗെയിം തന്ത്രങ്ങളുമായി പിടിച്ചുനിൽക്കാൻ ഗൂഗിളിന്റെ സ്റ്റേഡിയക്ക് കഴിഞ്ഞില്ല.

 

∙ സിംപിളായിരുന്നു

 

എക്സ്ബോക്സും പ്ലേ സ്റ്റേഷനും പോലുള്ള ഗെയിം കൺസോളുകളും ഗൂഗിൾ സ്റ്റേഡിയയും തമ്മിലുള്ള വ്യത്യാസം എന്താണെന്നു നോക്കാം. എക്സ്ബോക്സും പ്ലേ സ്റ്റേഷനും ശരാശരി 30,000 രൂപ വിലയുള്ള ഹാർഡ്‍വെയറുകളാണ്. ഈ കൺസോളുകൾ വാങ്ങിയതുകൊണ്ടു മാത്രമായില്ല, ശരാശരി 3000 രൂപ നിരക്കിൽ ഇതിൽ കളിക്കാനാവശ്യമായ ഗെയിമുകളും വാങ്ങണം. എങ്ങോട്ടെങ്കിലും യാത്ര ചെയ്യുമ്പോൾ ഈ കൺസോളും ചാർജറും ഗെയിം ഡിസ്കുകളുമെല്ലാം കൊണ്ടുപോവുകയും വേണം. സ്റ്റേഡിയ ഇതൊന്നും ആവശ്യപ്പെടുന്നില്ല. കൺസോൾ ആവശ്യമില്ല. ഗെയിം ഡിസ്കുകളും വേണ്ട. ആൻഡ്രോയ്ഡ് ഫോണിലും ഗൂഗിൾ ക്രോം ബ്രൗസർ വഴി കംപ്യൂട്ടറിലുമെല്ലാം ഗെയിമുകൾ കളിക്കാം. ക്രോംകാംസ്റ്റ് ഉണ്ടെങ്കിൽ ടിവിയിലും കളിക്കാം. സ്റ്റേഡിയ എന്നത് ഒരു വെർച്വൽ ഗെയിം കൺസോളാണ്.

 

എല്ലാ ഗൂഗിൾ ഉപയോക്താക്കൾക്കും ഒരേ സമയം ഗെയിം കളിക്കാവുന്ന ഈ ക്ലൗഡ് കൺസോൾ തന്നെയാണ് സ്റ്റേഡിയയെ ഗെയിമിങ് ചരിത്രത്തിലെ നാഴികക്കല്ലാക്കി മാറ്റുമെന്ന് സുന്ദർ പിച്ചെയുടെ ടീം പ്രതീക്ഷിച്ചത്. എന്നാൽ പദ്ധതികളെല്ലാം പരാജയപ്പെടുകയായിരുന്നു. സ്റ്റേഡിയ ഗെയിം കൺട്രോളർ എന്ന ജോയ്സ്റ്റിക് മാത്രമാണ് സ്റ്റേഡിയയുടെ ഭാഗമായി ഗൂഗിൾ അവതരിപ്പിച്ച ഒരേയൊരു ഹാർഡ്‌വെയർ എന്നതും ശ്രദ്ധേയമാണ്. എന്നാൽ, സ്റ്റേഡിയയിൽ ഗെയിം കളിക്കാൻ ഈ കൺട്രോളർ നിർബന്ധവുമില്ലായിരുന്നു.

 

English Summary: Google Stadia to Shut Down in January 2023, Company to Refund Hardware Purchases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com