ഇന്ത്യയില്‍ വീണ്ടും പോണ്‍ സൈറ്റ് നിരോധനം; നഗ്നത പ്രദര്‍ശിപ്പിച്ചാല്‍ നിരോധിക്കാമോ?

adult-content-ban
Photo: Stenko Vlad/ Shutterstock
SHARE

പോണോഗ്രാഫിക് ഉള്ളടക്കമുള്ള 67 വെബ്‌സൈറ്റുകള്‍ കൂടി ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച രണ്ടു കോടതി വിധികൾ നടപ്പാക്കണമെന്നാണ് ഉത്തരവ്. പോണ്‍ സൈറ്റുകള്‍ രാജ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ് (IT), 2021 ലംഘിക്കുന്നു എന്നായിരുന്നു കോടതികള്‍ കണ്ടെത്തിയത്.

ഇതുപ്രകാരം ഡോട്ട് 67 വെബ്‌സൈറ്റുകള്‍ നിരോധിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുണെ കോടതിയുടെ വിധിയില്‍ പരാമര്‍ശിക്കപ്പെട്ട 63 വെബ്‌സൈറ്റുകളും 2018 ല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധിയിയില്‍ പറഞ്ഞിരിക്കുന്ന 4 വെബ്‌സൈറ്റുകളുമാണ് നിരോധിക്കുക എന്ന് ഡിഎന്‍എ റിപ്പോര്‍ട്ടു ചെയ്യുന്നു. കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള മാര്‍ഗരേഖകള്‍ ഉണ്ടാക്കിയത്.

∙ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു

പോണോഗ്രാഫി വെബ്‌സൈറ്റുകളില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്ന കണ്ടെത്തലാണ് നിരോധനം നടപ്പാക്കാനുള്ള കാരണമെന്ന് ഡോട്ട് അറിയിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് പുറത്തിറക്കിയ ഐടി റൂള്‍സ് 2021 പ്രകാരം ഇന്റര്‍നെറ്റ് സേവനദാതാക്കളോട് അവരുടെ സെര്‍വറുകള്‍ വഴി ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകള്‍ ഇല്ലാതാക്കാനും സ്‌റ്റോർ ചെയ്തിരിക്കുന്നതോ പബ്ലിഷ് ചെയ്തതോ ആയ കണ്ടന്റ് നീക്കംചെയ്യാന്‍ ആവശ്യപ്പെടാനും സാധിക്കും.

∙ പൂര്‍ണമോ ഭാഗികമോ ആയ നഗ്നത നിരോധനത്തിനു കരണമാകാം

ഐടി നിയമ പ്രകാരം ഒരു വ്യക്തിയുടെ ഭാഗികമോ പൂര്‍ണമോ ആയ നഗ്നത പ്രദര്‍ശിപ്പിച്ചാലും ലൈംഗിക ചെയ്തികളില്‍ ഏര്‍പ്പെടുന്നതായി ചിത്രീകരിച്ചാലും അത് നിരോധിക്കാന്‍ സാധിക്കും. എന്നാല്‍, സർക്കാർ ഉദ്ധരിച്ച നിയമം, റിവെഞ്ച് പോണില്‍ (പ്രേമം നിരസിക്കുമ്പോഴും മറ്റും മറ്റൊരാളുടെ നഗ്ന ചിത്രങ്ങളും വിഡിയോയും ആ വ്യക്തിയുടെ അനുമതിയില്ലാതെ പുറത്തുവിടുന്ന രീതി) മാത്രമാണ് ബാധകമെന്നു വാദിക്കുന്നവരും ഉണ്ട്.

∙ നിരോധനത്തിന്റെ ശരിയായ കാരണം എന്തായിരിക്കും?

രണ്ടു പേര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരം ചിത്രങ്ങളോ വിഡിയോയോ പുറത്തുവിടുന്നതിനോ അത് പ്രദര്‍ശിപ്പിക്കുന്നതിനോ വിലക്കില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ എടുത്ത നടപടിക്കു പിന്നില്‍ എന്താണ് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. നിരോധിക്കപ്പെട്ട വെബ്‌സൈറ്റുകളിലുള്ള വിഡിയോയിലും മറ്റുമുള്ള ചില വ്യക്തികള്‍ തങ്ങളുടെ നഗ്നത പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പരാതി നല്‍കിയതാകാം കാരണമെന്നു കരുതുന്നവരും ഉണ്ട്. ഇതേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഡോട്ട് മുറുപടി നല്‍കിയില്ല.

∙ നിരോധനം പിന്‍വലിക്കുമോ?

നേരത്തെ, 2015ല്‍ സര്‍ക്കാർ 800 പോണോഗ്രാഫിക് വെബ്‌സൈറ്റുകള്‍ താത്കാലികമായി നിരോധിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വെബ്‌സൈറ്റുകളുടെ പേരുകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പരാതിയില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു എന്ന കാരണത്താലായിരുന്നു നിരോധിച്ചത്. കോടതി അവ നിരോധിക്കാന്‍ വ്യക്തമായ ഉത്തരവൊന്നും ഇറക്കിയിരുന്നില്ല. അഡീഷനല്‍ സൊളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ആയിരുന്നു നിരോധന ഉത്തരവിറക്കിയത്. പിന്നീട് ഈ നിരോധനം പിന്‍വലിക്കുകയും കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനു മാത്രമാണ് വിലക്കുള്ളതെന്ന നിലപാട് സ്വീകരിക്കുകയും ചേയ്തു.

∙ ടാബ്‌ലറ്റുകള്‍ക്ക് പ്ലേ സ്റ്റോര്‍ റീഡിസൈന്‍ ചെയ്യാന്‍ ഗൂഗിള്‍

ഫോണ്‍, ടാബ്‌ലറ്റ് വേര്‍തിരിവ് കൂടുതല്‍ വ്യക്തമാക്കാനായി യത്‌നിക്കുകയാണ് ആന്‍ഡ്രോയിഡിന്റെ ഉടമയായ ഗൂഗിളും എന്ന് വ്യക്തമാണ്. ഐഫോണുകളും ഐപാഡുകളും മാക്കുകളും തമ്മിലുള്ള വ്യത്യാസങ്ങള്‍ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ് ആപ്പിള്‍. ടാബ് എന്നു പറഞ്ഞാല്‍ കുറച്ചു വലുപ്പമുള്ള ഫോണ്‍ എന്ന ധാരണ തിരുത്തിക്കുറിക്കാനാണ് ആപ്പിളും ഗൂഗിളും ഇപ്പോള്‍ ശ്രമിക്കുന്നത്.

ഇതിന്റെ ഭാഗമായി പ്ലേ സ്റ്റോറില്‍ രണ്ടു വ്യത്യാസങ്ങളാണ് ഗൂഗിള്‍ ഒരുക്കുന്നതെന്ന് ടെക്‌ക്രഞ്ച് റിപ്പോര്‍ട്ടു ചെയ്യുന്നു. പുതിയ നാവിഗേഷന്‍ പ്ലെയ്ന്‍ കൂടുതല്‍ നല്ല ബ്രൗസിങ് അനുഭവം നല്‍കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോഗോയുടെ സ്ഥാനത്തിനും മാറ്റം കാണാം. പുതിയ പല മാറ്റങ്ങളും ടാബുകളില്‍ താമസിയാതെ എത്തിയേക്കും. ഇതിന്റെ മുന്നോടിയാണ് ഇപ്പോള്‍ കാണുന്ന മാറ്റങ്ങള്‍.

∙ റെഡ്മി പാഡ് ഓക്ടോബര്‍ 4ന് ഇന്ത്യയില്‍ അവതരിപ്പിക്കും

ചൈനീസ് ബ്രാൻഡ് ഷഓമി പുതിയൊരു ടാബ് ഉടന്‍ പുറത്തിറക്കും. ഷഓമിയുടെ ടാബ് ആയ റെഡ്മി പാഡ് ഓക്ടോബര്‍ 4ന് ഇന്ത്യയില്‍ അവതരിപ്പിക്കും. വിഡിയോ കാണാനടക്കമുള്ള വിനോദങ്ങള്‍ക്കും ഗെയിമിങ്ങിനും ഇ-പഠനത്തിനും ബ്രൗസിങ്ങിനും പ്രയോജനപ്രദമായിരിക്കും പുതിയ ടാബ് എന്ന് കമ്പനി പറയുന്നു.

ടാബിനെക്കുറിച്ചുള്ള അധികം വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വിവരങ്ങളെ ആശ്രയിക്കാമെങ്കില്‍ പുതിയ ടാബിന് 10.2 ഇഞ്ചായിരിക്കും സ്‌ക്രീന്‍ സൈസ്. റെസലൂഷന്‍ 2കെ ഉണ്ടായിരിക്കും. ഇതിന് 90 ഹെട്‌സ് റിഫ്രഷ് റെയ്റ്റും 400 നിറ്റ്‌സ് ബ്രൈറ്റ്‌നസും ഉണ്ടായിരിക്കും. മീഡിയടെക് ഹെലിയോ ജി99 ആയിരിക്കാം പ്രോസസര്‍. ടാബിന് 4 ജിബി റാം, 128 ജിബി വരെ സംഭരണശേഷിയും പ്രതീക്ഷിക്കുന്നു.

മുന്നിലും പിന്നിലും 8 എംപി ക്യാമറകളും ഉണ്ടായിരിക്കാം. നാലു സ്പീക്കറുകള്‍ ഇതില്‍ പ്രതീക്ഷിക്കുന്നു. അതിന് ഡോള്‍ബി അറ്റ്മോസ് ശബ്ദ സംവിധാനവും ഉണ്ടായേക്കാം. പാഡിന് 8000 എംഎഎച് ബാറ്ററിയും 18w ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു.

∙ മൈക്രോസോഫ്റ്റ് ഔട്‌ലുക്കിന്റെ പുതിയ വേര്‍ഷന്‍ ഇപ്പോള്‍ ടെസ്റ്റ് ചെയ്യാം

മൈക്രോസോഫ്റ്റിന്റെ ഇമെയില്‍ സേവനമായ ഔട്ട്‌ലുക്കിന്റെ പുതിയ പതിപ്പ് താമസിയാതെ വിന്‍ഡോസില്‍ എത്തിയേക്കും. ഇത് ഇപ്പോള്‍ മൈക്രോസോഫ്റ്റ് ഓഫിസ് ടെസ്റ്റ് ചെയ്യുന്നവര്‍ക്ക് പരീക്ഷിക്കാനായി കമ്പനി തുറന്നു കൊടുത്തിരിക്കുകയാണ്. സെമി പബ്ലിക്ബീറ്റാ വേര്‍ഷന്‍ എന്ന വിവരണമാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഔട്ട്‌ലുക്ക് അഡ്രസിനു പുറമെ, ഹോട്ട്‌മെയില്‍, വിന്‍ഡോസ് ലൈവ് അക്കൗണ്ടുകളെയും ഇത് സപ്പോര്‍ട്ടു ചെയ്യും.

∙ പുതിയ ഹെഡ്‌സെറ്റുകള്‍ അവതരിപ്പിച്ച് ജാബ്ര

ഡാനിഷ് പ്രീമിയം ഓഡിയോ ബ്രാന്‍ഡ് ആയ ജാബ്ര പുതിയ ഹെഡ്‌സെറ്റുകൾ പുറത്തിറക്കി. ഇവ പ്രധാനമായും കോള്‍ സെന്ററുകളില്‍ ജോലിയെടുക്കുന്നവരെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിരിക്കുന്നതെങ്കിലും വിഡിയോ കോണ്‍ഫറന്‍സിലും മറ്റും മികച്ച വോയിസ് തന്നെ ലഭിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്കും പുതിയ ഹെഡ്‌സെറ്റുകള്‍ വാങ്ങുന്നത് പരിഗണിക്കാം.

എന്‍ഗേജ് 40, എന്‍ഗേജ് 50 II എന്ന പേരുകളിലാണ് പുതിയ ഹെഡ്‌സെറ്റുകള്‍ വില്‍പനയ്‌ക്കെത്തുക. നൂതനമായ സ്പീച് ഒപ്ടിമൈസേഷന്‍, നോയിസ് കാന്‍സലേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ട്. എന്‍ഗേജ് 50 II ഉന്നത നിലവാരത്തോടു കൂടിയായിരിക്കും എത്തുക എന്നു പറയുന്നു. എന്‍ഗേജ് 40 സ്റ്റീരിയോയ്ക്ക് 239 ഡോളറാണ് വിലയിട്ടിരിക്കുന്നത്. മോണോയ്ക്ക് 219 ഡോളറും. എന്‍ഗേജ് 50 II സ്‌റ്റീരിയോയ്ക്ക് 299 ഡോളറാണ് വിലയെങ്കില്‍ മോണോയ്ക്ക് 279 ഡോളര്‍ നല്‍കണം. ജാബ്രയുടെ ഹെഡ്‌സെറ്റുകള്‍ ഇന്ത്യയിലും ധാരാളമായി വില്‍ക്കപ്പെടുന്നു.

∙ ഷോപ്പിങ് മാമാങ്കത്തിന് ഇന്നു കൊടിയിറങ്ങും

ഇന്ത്യന്‍ ഓണ്‍ലൈന്‍ ഷോപ്പിങ് മേഖലയിലെ ഏറ്റവും വലിയ സാന്നിധ്യങ്ങളിലൊന്നായ ഫ്‌ളിപ്കാര്‍ട്ട് ഈ മാസം 23 മുതല്‍ നടത്തിവന്ന ഷോപ്പിങ് മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങും. ആമസോണിലും ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ നടക്കുന്നു. വിലക്കുറവില്‍ പല സാധനങ്ങളും ഉപകരണങ്ങളും സ്വന്തമാക്കാവുന്ന അവസരങ്ങളിലൊന്നാണിത്.

English Summary: India porn ban: Government blocks 67 more websites

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA