ADVERTISEMENT

ഏതാനും നഗരങ്ങളില്‍ ഒക്ടോബര്‍ ഒന്നിനു തന്നെ 5ജി സേവനം തുടങ്ങി എയര്‍ടെല്‍ ചരിത്രം കുറിച്ചു. ഈ നഗരങ്ങളില്‍ ഇപ്പോള്‍ മൊബൈല്‍ ടവറുകള്‍ക്ക് അടുത്തുള്ള പ്രദേശത്തു മാത്രമാണ് 5ജി ലഭിക്കുന്നതെന്നും, മറ്റിടങ്ങളിലേക്ക് എത്തിക്കാന്‍ കുറച്ച് ഉപകരണങ്ങള്‍ കൂടി സ്ഥാപിക്കേണ്ടതുണ്ടെന്നും കമ്പനിയുടെ മുഖ്യ ടെക്‌നോളജി ഓഫിസര്‍ രണ്‍ദീപ് സിങ് സെകോണ്‍ അറിയിച്ചു. ഡല്‍ഹി, മുംബൈ, ചെന്നൈ, വാരാണസി, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി അടക്കം എട്ടു നഗരങ്ങളിലാണ് എയര്‍ടെല്ലിന്റെ 5ജി ലഭ്യമാക്കിയിരിക്കുന്നത്. ഈ നഗരങ്ങളുടെ ഏതെല്ലാം ഭാഗത്താണ് 5ജി ലഭിക്കുകയെന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല.

 

ആദ്യം 5ജി നിരക്കു പ്രഖ്യാപിക്കുന്നതും എയര്‍ടെല്‍

airtel

 

നിരക്കിന്റെ കാര്യത്തില്‍ ഉപയോക്താക്കള്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം- 4ജി നിരക്ക് തന്നെയായിരിക്കും തുടരുക എന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. (അതേസമയം, ഡേറ്റ വേഗം വർധിക്കുന്നതോടെ, ആപ്പുകള്‍ സ്വീകരിക്കുന്ന ഡേറ്റ നിയന്ത്രിച്ചില്ലെങ്കില്‍ 4ജിയെ അപേക്ഷിച്ച് അതിവേഗം ഡേറ്റ തീര്‍ന്നേക്കും. അങ്ങനെ വരുമ്പോള്‍ ഉപയോക്താക്കളുടെ പ്രതിമാസ ചെലവ് വർധിച്ചേക്കാം). നിരവധി നഗരങ്ങളില്‍ മാര്‍ച്ച് 2023 മുമ്പ് 5ജി എത്തുമെന്നും രാജ്യമൊട്ടാകെ 2024 മാര്‍ച്ചോടെ സേവനം എത്തുമെന്നും ഓരോ ദിവസവും കൂടുതല്‍ നഗരങ്ങള്‍ക്ക് 5ജി നല്‍കുകയാണെന്നും കമ്പനി പറയുന്നു.

 

എയര്‍ടെല്ലിന്റെ 4ജി സിമ്മില്‍ 5ജി ലഭിക്കും

A visitor talks on the phone in front of a 5G logo on the opening day of the MWC (Mobile World Congress) in Barcelona on February 28, 2022. - The world's biggest mobile fair is held from February 28 to March 3, 2022. (Photo by Pau BARRENA / AFP)
A visitor talks on the phone in front of a 5G logo on the opening day of the MWC (Mobile World Congress) in Barcelona on February 28, 2022. - The world's biggest mobile fair is held from February 28 to March 3, 2022. (Photo by Pau BARRENA / AFP)

 

തങ്ങളുടെ 4ജി സിമ്മില്‍ 5ജി ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം, 5ജി സേവനം ലഭിക്കണമെങ്കില്‍ അതിനു സാധിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വേണം.

 

5ജി ഫോണ്‍ ഉണ്ടെങ്കില്‍ ചേയ്യേണ്ടത് ഇത്

 

തങ്ങളുടെ വരിക്കാര്‍ അവരുടെ പ്രദേശത്ത് എയര്‍ടെല്‍ 5ജി പ്രക്ഷേപണം തുടങ്ങിയോ എന്നറിയാന്‍ എന്തു ചെയ്യണമെന്നും കമ്പനി പറയുന്നു.  5ജി ഹാന്‍ഡ്‌സെറ്റ് കൈവശമുള്ളവര്‍ സെറ്റിങ്‌സ് ആപ് തുറക്കുക. അതില്‍ കണക്‌‍ഷന്‍സ് അല്ലെങ്കില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

 

പ്രതീകാത്മക ചിത്രം. Photo Credit: Alexander Supertramp/Shutterstock
പ്രതീകാത്മക ചിത്രം. Photo Credit: Alexander Supertramp/Shutterstock

അതില്‍നിന്ന് നെറ്റ്‌വര്‍ക്ക് മോഡ് തിരഞ്ഞെടുക്കുക. ഇവിടെ 5ജി/4ജി/3ജി/2ജി ഓപ്ഷനുകളായിരിക്കും കാണിക്കുക. ഇവിടെ 5ജി തിരഞ്ഞെടുക്കുക. ഫോണിന് സിഗ്നല്‍ ലഭിക്കുന്നുണ്ടെങ്കില്‍ ഫോണില്‍ 5ജി ലോഗോ കാണാനാകും. മറ്റു നഗരങ്ങളിലുള്ളവര്‍ക്കും ഇത് പരീക്ഷിച്ചു നോക്കാം. കുടുതല്‍ നഗരങ്ങളില്‍ 5ജി ട്രയലുകള്‍ തുടങ്ങിയിട്ടുണ്ടാകാം. അതേസമയം, നഗരങ്ങളില്‍ ഒരിടത്ത് 5ജി ലഭിക്കുകയും മറ്റിടങ്ങളില്‍ 5ജി ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയും ഇപ്പോള്‍ ഉണ്ടാകാം.

 

ജിയോയുടെ പ്ലാനുകള്‍

ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളിലൊന്നായ റിലയന്‍സ് ജിയോയും താരിഫിനെക്കുറിച്ചും 5ജി പ്ലാനിനെക്കുറിച്ചും വ്യക്തമായ സൂചന നല്‍കി. തുടക്കത്തില്‍ നാലു മെട്രോ നഗരങ്ങളിലായിരിക്കും ജിയോയുടെ സേവനങ്ങള്‍ ലഭിക്കുക. ദീപാവലിക്ക് 5ജി നല്‍കാനായേക്കുമെന്നാണ് കമ്പനി പറയുന്നത്. തുടര്‍ന്ന് മറ്റു നഗരങ്ങളിലേക്കും എത്തും. ഗൂഗിളും ജിയോയും ചേര്‍ന്ന് 'വളരെ വില കുറഞ്ഞ' 5ജി സ്മാര്‍ട്ട്‌ഫോണും പുറത്തിറക്കും. കമ്പനി 5ജി സ്‌പെക്ട്രം സ്വന്തമാക്കാനായി ചെലവിട്ടത്  88,078 കോടി രൂപയാണ്.

 

ജിയോ പ്രക്ഷേപണം തുടങ്ങുന്ന ബാന്‍ഡുകളിലൊന്നായ 700 മെഗാഹെട്‌സിന്, എയര്‍ടെല്‍ അധികമായി ഉപയോഗിക്കാന്‍ പോകുന്ന ബാന്‍ഡിനെക്കാള്‍ കാര്യക്ഷമതയുണ്ടായേക്കാമെന്നു വിലയിരുത്തലുണ്ട്. എന്തായാലും, ലോകത്ത് മറ്റൊരിടത്തും ലഭ്യമല്ലാത്തത്ര ചെലവു കുറഞ്ഞ പ്ലാനുകളായിരിക്കും തങ്ങളുടേത് എന്നാണ് ജിയോ അറിയിക്കുന്നത്.

 

വി

ഇന്ത്യയിലെ മറ്റൊരു സ്വകാര്യ ടെലകോം കമ്പനിയായ വൊഡാഫോണ്‍-ഐഡിയ (വി) വ്യക്തമായ പ്ലാനുകള്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, അധികം താമസിയാതെ വിയും 5ജി പ്രക്ഷേപണം തുടങ്ങിയേക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ പുതിയ ടെക്‌നോളജി യാത്രയില്‍ ഏറ്റവും മികച്ച ടെക്‌നോളജി തന്നെ കമ്പനി നല്‍കുമെന്ന് ആദിത്യ ബിര്‍ല ഗ്രൂപ്പ് ചെയര്‍മാൻ കുമാര്‍ മംഗലം ബിര്‍ല പറഞ്ഞു.

 

ഗെയിമിങ് പ്ലാറ്റ്‌ഫോമായ കെയര്‍ഗെയിമും (CareGame) ആയി സഹകരിച്ച് രാജ്യത്ത് 5ജി ക്ലൗഡ് ഗെയിമിങ് അനുഭവം നല്‍കാന്‍ ഒരുങ്ങുകയാണ് വി. ഇതുവരെ ലഭിക്കാത്ത തരം ഗെയിമുകളും മറ്റും താമസിയാതെ എത്തും.

 

രാജ്യത്ത് ഏകദേശം 300 ദശലക്ഷം മൊബൈല്‍ ഗെയിം കളിക്കാര്‍ ഉണ്ടെന്നാണ് ബോസ്റ്റണ്‍ കണ്‍സൽറ്റിങ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. രാജ്യത്ത് മൊബൈല്‍ ഗെയിമിങ് 2025 ആകുമ്പോഴേക്കും 5 ബില്യന്‍ മൂല്യമുള്ള ബിസിനസാകുമെന്നും അവര്‍ പ്രവചിക്കുന്നു. ഇപ്പോഴത്തേതിനെ അപേക്ഷിച്ച് മൂന്നു മടങ്ങു വളര്‍ച്ചയാണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതീക്ഷിക്കുന്നത്.

 

യുപിയെ 1 ട്രില്യന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ ആക്കുമെന്ന് മുഖ്യമന്ത്രി

 

രാജ്യത്ത് പല ഗുണപരമായ മാറ്റങ്ങളും കൊണ്ടുവരാന്‍ 5ജിക്കു സാധിക്കുമെന്നും ജോലിസ്ഥലങ്ങള്‍ക്കു മാറ്റം വരുമെന്നും അതുവഴി ഉത്തര്‍പ്രദേശിനെ 1 ട്രില്യന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ ആക്കാനാകുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയില്‍ 5ജി അവതരിപ്പിക്കുന്നതിനായി എയര്‍ടെല്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ സമ്മേളനത്തിലാണ് യോഗിയുടെ പ്രഖ്യാപനം.

 

ഡല്‍ഹിയില്‍ 5ജി ടവര്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ 10,000 ഇടങ്ങള്‍ കണ്ടെത്തിയത് പിഡബ്ല്യുഡി

 

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 5ജി ടവര്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ 10,000 ഇടങ്ങള്‍ കണ്ടെത്തിയത് അവിടുത്തെ പൊതുമരാമത്ത് വകുപ്പാണെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ടവര്‍ സ്ഥാപിക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് സർക്കാർ വകുപ്പുകൾ സഹായം നല്‍കും. ചെറിയ ടവറുകള്‍ സ്ഥാപിക്കാനുള്ള ഇടമാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. വലിയ ബോര്‍ഡുകള്‍ക്കു മുകളിലും സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകളിലും അടക്കം ഇവ സ്ഥാപിക്കാമെന്നാണ് പിഡബ്ല്യൂഡി പറയുന്നത്.

 

5ജിയെ സ്വാഗതം ചെയ്ത് കമ്പനികൾ

 

റിയല്‍മി, ഒപ്പോ തുടങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനികളുടെ മേധാവികളും പുതിയ ടെക്‌നോളജി യുഗത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ഇന്ത്യയ്ക്ക് ആശംസകളുമായി എത്തി. തങ്ങള്‍ എക്കാലത്തും ഏറ്റവും മികച്ച സാങ്കേതികവിദ്യയാണ് നല്‍കിവന്നതെന്നും 5ജിയുടെ കാര്യത്തിലും അതു തുടരുമെന്നും റിയല്‍മി മേധാവി മാധവ് ഷേത് പറഞ്ഞു.

 

രാജ്യം പുതിയ യുഗത്തിലേക്ക് കടക്കുകയാണെന്നും പുതിയ സാധ്യതകള്‍ സൃഷ്ടിക്കപ്പെടുകയാണെന്നും ഒപ്പോ ഇന്ത്യാ മേധാവി തസ്ലീം ആരിഫ് പറഞ്ഞു. കൂടുതല്‍ നൂതന സാങ്കേതികവിദ്യ നല്‍കാനുള്ള അവസരമാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും തസ്ലീം പറഞ്ഞു.

 

നോക്കിയ, മീഡിയടെക്, ടെലകോം സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍, ടെക് മഹിന്ദ്ര, കോംവിവ, എസ്‌റി ഇന്ത്യ, റെഡിങ്ടണ്‍ ലിമിറ്റഡ്, ക്ലോവര്‍ ഇന്‍ഫോടെക്, നെറ്റ്ആപ് തുടങ്ങിയ കമ്പനികളും പുതിയ ടെക്‌നോളജി യുഗത്തിലേക്കു പ്രവേശിക്കുന്ന ഇന്ത്യയ്ക്ക് ആശംസകളുമായി എത്തി.

 

English Summary: 5G services start in India: Here are 5G services plans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com