ADVERTISEMENT

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയെ സുപ്രധാനമായ ഒരു ഉപകരണ നിര്‍മാണ കേന്ദ്രമായി മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും നീക്കങ്ങള്‍ക്കും ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല. എന്നാല്‍ അതൊക്കെ ഗംഭീരമായ ഫലം ഉണ്ടാക്കി എന്നും പറയാനാവില്ല. എന്തായാലും രാജ്യത്ത് ഇതുവരെ നിലനിന്നിരുന്ന ചില പ്രധാന പ്രതിബന്ധങ്ങള്‍, ലോകോത്തര ടെക്‌നോളജി കമ്പനികളായ ആപ്പിള്‍, സാംസങ് തുടങ്ങിയവയ്ക്കായി നീക്കിക്കളഞ്ഞേക്കുമെന്ന പുതിയ റിപ്പോര്‍ട്ട് പുത്തന്‍ പ്രതീക്ഷ പകരുന്നു. 

 

ഇലക്ട്രോണിക് ഉപകരണങ്ങളുടെ സുരക്ഷാ അംഗീകാരം നല്‍കാനായി ഒരു അതിവേഗ സമാന്തര ടെസ്റ്റിങ് സംവിധാനം പരീക്ഷിക്കാനാണ് രാജ്യം ഒരുങ്ങുന്നത് എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കള്‍ രാജ്യത്ത് നേരിടുന്ന അനാവശ്യ സ്തംഭനാവസ്ഥകള്‍ നീക്കിക്കളയാനായിരിക്കും ശ്രമം.

 

ഈ മേഖലയെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുളളവര്‍ വച്ചുപുലര്‍ത്തുന്നത്. രാജ്യത്തെ ഹാര്‍ഡ്‌വെയര്‍ നിര്‍മാണ മേഖല 2026 എത്തുമ്പോഴേക്കും 30000 കോടി ഡോളര്‍ മൂല്യത്തിലേക്ക് എത്തിക്കണമെന്ന ലക്ഷ്യമാണ് പുതിയ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്.

 

∙ ഇന്ത്യയില്‍ മടുപ്പിക്കുന്ന കാലതാമസം

 

ഉപകരണ നിര്‍മാതാക്കളെ സംബന്ധിച്ച് സമയം വളരെ നിര്‍ണായകമാണ്. ഇതിനാല്‍ രാജ്യത്തെ ഉപകരണ ടെസ്റ്റിങ് ഏജന്‍സിയായ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡര്‍ഡ്‌സ് (ബിസ്) ഇനി ഒരു സമാന്തര ടെസ്റ്റിങ് സംവിധാനം ഒരുക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ നിലവില്‍ നിലനില്‍ക്കുന്ന മടുപ്പിക്കുന്ന കാലതാമസം വമ്പന്‍ കമ്പനികളെ വെറുപ്പിക്കുകയാണ്.

 

ഉദാഹരണത്തിന് ആപ്പിളിന്റെ ഒരു പുതിയ എയര്‍പോഡ്‌സ് മോഡലിന്റെ ടെസ്റ്റിങ്ങിന് 16 ആഴ്ചകള്‍ വരെ എടുക്കുന്നു! ആദ്യം ചാര്‍ജിങ് കെയ്‌സും അതിലെ ഘടകഭാഗങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് എയര്‍പോഡ്‌സിലേക്ക് എത്തുക പോലും ചെയ്യുക. ഒരു സ്മാര്‍ട് ഫോണും അതിന്റെ ഭാഗങ്ങളും പരിശോധിക്കാന്‍ ഇപ്പോള്‍ വേണ്ട ശരാശരി സമയം 21 ആഴ്ചയാണ്!

 

എന്തായാലും ഈ നടപടിക്രമങ്ങള്‍ ആപ്പിള്‍, സാംസങ്, ഷഓമി തുടങ്ങിയ കമ്പനികള്‍ക്കായി ദ്രുതഗതിയിലാക്കാനുള്ള പദ്ധതികള്‍ക്കായിരിക്കും ഇനി ബിസ് ശ്രമിക്കുക. ഈ നീക്കം ഫലവത്തായാല്‍, ഏറ്റവും വലിയ നേട്ടം സാംസങ്ങിനും ഷഓമിക്കും ആയിരിക്കുമെന്നു പറയുന്നു. ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാര്‍ട് ഫോണുകളുടെ 46 ശതമാനവും ഈ രണ്ടു കമ്പനികളും ഉണ്ടാക്കുന്നവയാണ്. പ്രീമിയം ഫോണ്‍ വില്‍പനയില്‍ രാജ്യത്ത് മുന്നേറ്റം കാഴ്ചവച്ചു വരുന്ന ആപ്പിളും ഇതിനെ സ്വാഗതം ചെയ്‌തേക്കും.

 

∙ ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ അപ്‌ഡേറ്റു ചെയ്യണമെന്ന് കേന്ദ്രം

 

രാജ്യത്ത് ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ എത്രയും വേഗം അത് അപ്‌ഡേറ്റു ചെയ്യണമെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍) മുന്നറിയിപ്പു നല്‍കുന്നു. ഒന്നിലേറെ സുരക്ഷാപ്രശ്നങ്ങളാണ് ക്രോമിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനില്‍ സേര്‍ട്ട്-ഇന്‍ കണ്ടെത്തിയിരിക്കുന്നത്. മാക്കിലും ലിനക്‌സിലും ക്രോമിന്റെ 106.0.5249.61 വേര്‍ഷനിലേക്കും, വിന്‍ഡോസില്‍ 106.0.5249.61/62 വേര്‍ഷനിലേക്കും മാറണമെന്നാണ് ആവശ്യം. ഇതിനു മുൻപുള്ള വേര്‍ഷനുകളിലാണ് പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.

 

∙ സാംസങ്ങിന്റെ അതിനൂതന ഗെയിമിങ് മോണിട്ടര്‍ ഒക്ടോബര്‍ 7ന് എത്തും!

 

ഫീച്ചര്‍ സമൃദ്ധവും അതിനൂതനവുമായ ഒരു ഗെയിമിങ് മോണിട്ടര്‍ ഒക്ടോബര്‍ 7ന് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് സാംസങ്. ഒഡിസി ആര്‍ക്ക് എന്നു പേരിട്ടിരിക്കുന്ന മോണിട്ടറാണ് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുക. സാംസങ് ഇതുവരെ ഇറക്കിയിരിക്കുന്നതിൽ വച്ച് ഏറ്റവും മികച്ച മോണിട്ടറായിരിക്കും ഇത്.

 

ഒഡിസി ആര്‍ക്കിന് 55 ഇഞ്ച് ക്യൂലെഡ് (QLED) സ്‌ക്രീനാണ്. റെസലൂഷന്‍ 4കെയാണ്. മിനി എല്‍ഇഡി ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നതിനാല്‍ അതീവ മികവുറ്റ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ശേഷി ഇതിന് ഉണ്ടായിരിക്കും. ആരോഗ്യകരമായ 165 ഹെട്‌സ് റിഫ്രെഷ് റെയ്റ്റും ഉണ്ട്. ഒപ്പം 1മിലി സെക്കന്‍ഡ്‌സ് റെസ്‌പോണ്‍സ് ടൈമും ഉണ്ട്.

 

എഎംഡി ഫ്രീസിങ്ക് പ്രീമിയം പ്രോ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ മികച്ച ഗെയിമിങ് അനുഭവം നല്‍കാന്‍ ഇതിനു സാധിക്കും. വിവിധ വീക്ഷണകോണുകളില്‍ മോണിട്ടര്‍ ക്രമീകരിക്കുകയും ചെയ്യാം. മോണിട്ടറിന് 2.2.2-ചാനല്‍ സ്പീക്കര്‍ സെറ്റപ്പും, ഡോള്‍ബി അട്‌മോസ് ടെക്‌നോളജി സപ്പോര്‍ട്ടും ഉണ്ട്. ഗെയിം ബാര്‍, സാംസങ് ഗെയിമിങ് ഹബ് തുടങ്ങി ഒരു പറ്റം ഫീച്ചറുകള്‍ വേറെയും ഉണ്ട്. 

 

നിശ്ചയമായും വില കൂടുതലാണ് ഒഡിസി ആര്‍ക്കിന്. അമേരിക്കയില്‍ ഇതിന്റെ വില 3,299 ഡോളറാണ്. ഇന്ത്യയില്‍ ഏകദേശം 269,000 രൂപയായരിക്കാം വില. അതേസമയം, തുടക്കത്തില്‍ മോണിട്ടര്‍ വാങ്ങുന്നവര്‍ക്ക് കമ്പനി 31,499 രൂപ കിഴിവു നല്‍കുന്നുണ്ട്.

 

∙ ബിഎസ്എന്‍എല്‍ 4ജി നവംബര്‍ മുതല്‍, 5ജി 2023 ഓഗ്‌സ്റ്റ് മുതല്‍

 

സർക്കാർ നിയന്ത്രണത്തിലുള്ള ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ ഈ വര്‍ഷം നവംബര്‍ മുതല്‍ നല്‍കി തുടങ്ങുമെന്നും 5ജിയിലേക്കുള്ള മാറ്റം അടുത്ത വര്‍ഷം ഓഗസ്റ്റില്‍ തുടങ്ങുമെന്നും കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പികെപുര്‍വര്‍ അറിയിച്ചു. ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസിലാണ് അദ്ദേഹം ഇത് പ്രഖ്യാപിച്ചത്. 

 

ബിഎസ്എന്‍എലിന്റെ 5ജിയിലേക്കുള്ള മാറ്റത്തെക്കുറിച്ച് കേന്ദ്ര ഐടി വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവും നേരത്തേ അറിയിച്ചിരുന്നു. അതേസമയം സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വി തുടങ്ങിയ കമ്പനികള്‍ തങ്ങള്‍ 5ജി മേഖലയില്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്ന കാര്യങ്ങളെക്കുറിച്ചുള്ള പ്രഖ്യപനങ്ങള്‍ നടത്തിക്കഴിഞ്ഞു.

 

∙ ബിഎസ്എന്‍എല്ലിന്റെ 5ജി സ്വപ്‌നങ്ങള്‍

 

അതേസമയം, ഭാവിയിലെ 5ജി സേവനങ്ങള്‍ കൂടെ പരിഗണിച്ചാണ് ഇപ്പോള്‍ വാങ്ങുന്ന 4ജിക്കു വേണ്ട ഉപകരണങ്ങള്‍ എന്നത് ബിഎസ്എന്‍എലിന് പ്രതീക്ഷ പകരുന്നു. ഇതെല്ലാം 5ജിയിലേക്ക് അപ്‌ഗ്രേഡു ചെയ്യാവുന്നവ ആയിരിക്കുമെന്ന് പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ 5ജി നല്‍കുമെന്ന സൂചനയാണ് മന്ത്രി വൈഷ്ണവും നല്‍കുന്നത്. അടുത്ത ആറു മാസത്തിനുള്ളില്‍ രാജ്യത്തെ 200 നഗരങ്ങളില്‍ 5ജി എത്തുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറയുന്നു.

 

∙ ലാപ്‌ടോപ് മേഖല ഉടച്ചു വാര്‍ക്കാന്‍ കച്ചകെട്ടി ജിയോ! ജിയോബുക്കിന് വില 15,000 രൂപ!

 

വില കുറച്ച് ഒരു ലാപ്‌ടോപ്പും ഇറക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ടെലികോം ഭീമന്‍ റിലയന്‍സ് ജിയോ എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിന് 15,000 രൂപ ആയിരിക്കും വില എന്നാണ് സൂചന. ലാപ്‌ടോപ് 4ജി സിം സ്വീകരിക്കും. ജിയോ ഫോണുകള്‍ക്ക് രാജ്യത്തു ലഭിച്ച വന്‍ സ്വീകാര്യത, ലാപ്‌ടോപ്പുകളുടെ കാര്യത്തിലും ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ജിയോബുക്ക് എന്നായിരിക്കും ലാപ്‌ടോപ്പിന്റെ പേര്.

 

വില കുറഞ്ഞ ലാപ്‌ടോപ് നിര്‍മിക്കാനായി കമ്പനി ലോകോത്തര ടെക്‌നോളജി ഭീമന്മാരായ മൈക്രോസോഫ്റ്റിന്റെയും ക്വാല്‍കമിന്റെയും സഹായം സ്വീകരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പ്രോസസര്‍ ആം (Arm Ltd), കമ്പനിയുടെ സഹകരണത്തോടെയാണെങ്കില്‍ മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ടും ജിയോബുക്കിന് ഉണ്ടായിരിക്കുമെന്നു കരുതുന്നു. ചില ആപ്പുകള്‍ ആയിരിക്കും മൈക്രോസോഫ്റ്റിന്റെ സംഭാവന.

 

ജിയോബുക്ക് സ്‌കൂളുകള്‍, സർക്കാർ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ഒക്ടോബറില്‍ തന്നെ ലഭ്യമാക്കാനാണ് കമ്പനിയുടെ ഉദ്ദേശം. പൊതുജനത്തിനായി അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ലാപ്‌ടോപ് വില്‍പനയ്‌ക്കെത്തും. ജിയോഫോണിന്റെ കാര്യത്തിലെന്ന പോലെ ജിയോബുക്കിനും 5ജി പതിപ്പും താമസിയാതെ പുറത്തിറക്കും. ലാപ്‌ടോപ്പിന്റെ സിം സ്ലോട്ടില്‍ മാത്രം മാറ്റം വരുത്തിയാല്‍ മതിയാകും എന്നതിനാല്‍ ഇതും താമസിയാതെ എത്തുമെന്നു പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. ജിയോഫോണിന്റെ വമ്പന്‍ വിജയം ജിയോബുക്കിലും ഉണ്ടാക്കാനാണ് കമ്പനി ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. 

 

ജിയോബുക്ക് റിലയന്‍സിനു വേണ്ടി നിര്‍മിച്ചെടുക്കുന്നത് ഫ്‌ളെക്‌സ് എന്ന കമ്പനിയാണ്. അടുത്ത വര്‍ഷം മാര്‍ച്ചിനു മുൻപ് ലക്ഷക്കണക്കിനു ജിയോബുക്കുകള്‍ വില്‍ക്കാനാണ് കമ്പനിയുടെ ഉദ്ദേശം. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 14.8 ദശലക്ഷം കംപ്യൂട്ടറുകള്‍ വിറ്റു എന്നാണ് ഗവേഷണ കമ്പനിയായ ഐഡിസി പുറത്തുവിട്ട കണക്കില്‍ പറയുന്നത്. ഇവയിലേറെയും എച്പി, ഡെല്‍, ലെനോവോ തുടങ്ങിയ കമ്പനികള്‍ ഉണ്ടാക്കിയവയാണ്. 

 

∙ വരുന്നു ജിയോ ഒഎസ്!

 

ലാപ്‌ടോപ് മാര്‍ക്കറ്റിന്റെ 15 ശതമാനമെങ്കിലും പിടിച്ചെടുക്കുക എന്ന ലക്ഷ്യമായിരിക്കും ജിയോബുക്കിന്. ജിയോബുക്ക് പ്രവര്‍ത്തിക്കുക ജിയോഒഎസില്‍ (JioOS) ആയിരിക്കും. ഇതിനു വേണ്ട ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ജിയോസ്‌റ്റോറും സജ്ജമാക്കിയിരിക്കും. ഓഫിസ്, കോര്‍പറേറ്റ് ജോലിക്കാര്‍ക്ക് നല്‍കാവുന്ന ഒന്നായും ജിയോ തങ്ങളുടെ ലാപ്‌ടോപ്പിനെ മുന്നോട്ടുവയ്ക്കുന്നു. 

 

കഴിഞ്ഞ വര്‍ഷങ്ങളില്‍ ജിയോ ആഗോള കമ്പനികളില്‍ നിന്ന് വന്‍തോതില്‍ നിക്ഷേപം സ്വരൂപിച്ചിരുന്നു. ഗൂഗിള്‍, ഫെയ്‌സ്ബുക്, കെകെആര്‍ ആന്‍ഡ് കമ്പനി, സില്‍വര്‍ ലേക് തുടങ്ങിയ കമ്പനികളാണ് ജിയോയില്‍ നിക്ഷേപം ഇരക്കിയിരിക്കുന്നത്. ഏകദേശം 2200 കോടി ഡോളറാണ് ഇത്തരത്തില്‍ ജിയോയ്ക്ക് നിക്ഷേപമായി ലഭിച്ചിരിക്കുന്നത്.

 

English Summary: Big Benefits Coming for Apple, Samsung in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com