ADVERTISEMENT

രാജ്യത്ത് ആദ്യം 5ജി നൽകിയത് എയര്‍ടെല്‍ ആണെങ്കിലും 5ജി ശേഷിയുള്ള ഐഫോണ്‍ 12, 13, 14, എസ്ഇ3 സീരീസുകളില്‍ സേവനം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. അതേസമയം, ഐഫോണില്‍ 5ജി ലഭിക്കാത്തത് ആപ്പിള്‍ അത് ലോക് ചെയ്തിരിക്കുന്നതിനാലാണെന്നും ഉടൻ അത് അണ്‍ലോക് ചെയ്യുമെന്നും എയര്‍ടെൽ ചീഫ് ടെക്‌നോളജി ഓഫിസര്‍ രണ്‍ദീപ് സെകോണ്‍ പറഞ്ഞു.

ഇന്ത്യയില്‍ 5ജി ശേഷിയുള്ള ഐഫോണുകള്‍ക്ക് പുതിയ തലമുറയിലെ പ്രക്ഷേപണം സ്വീകരിക്കാനുള്ള പരീക്ഷണങ്ങള്‍ ആപ്പിള്‍ തുടങ്ങിയെന്നും എയര്‍ടെല്‍ സിടിഒ വെളിപ്പെടുത്തി. എയര്‍ടെലിന്റെ 5ജി സേവനം എല്ലാ പ്രമുഖ ഫോണ്‍ നിര്‍മാതാക്കളുടെയും 5ജി ഫോണുകളില്‍ ലഭിച്ചു തുടങ്ങി.

പല ഐഫോണ്‍ ഉപയോക്താക്കളുടെയും സംശയം 5ജി സിം ഇടാത്തതിനാലാണോ 5ജി ലഭിക്കാത്തത് എന്നാണ്. എന്നാല്‍, അതിന്റെ ആവശ്യമില്ല, വരും ദിവസങ്ങളില്‍ ആപ്പിള്‍ ആ സേവനം ഇന്ത്യയില്‍ എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും തുറന്നു തരുമെന്നാണ് എയര്‍ടെല്‍ വ്യക്തമാക്കുന്നത്.

∙ മസ്‌കിനു പരാജയ ഭീതി? ട്വിറ്റര്‍ കേസില്‍ വമ്പന്‍ ട്വിസ്റ്റ്!

ഷെയറൊന്നിന് 54.20 ഡോളര്‍ വച്ച് 4400 കോടി ഡോളര്‍ നല്‍കി ട്വിറ്റര്‍ വാങ്ങാന്‍ തയാറാണെന്നു പറഞ്ഞ് കരാര്‍ ഒപ്പിട്ട ശേഷം പിന്‍മാറുകയായിരുന്നു ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. തുടര്‍ന്ന് ട്വിറ്റര്‍ കോടതിയെ സമീപിച്ചു. കോടതിയില്‍ ട്വിറ്ററിനായിരിക്കും നേരിയ മുന്‍തൂക്കമെന്ന ധാരണ ശക്തമാണ്. കേസിന്റെ വാദം ഉടൻ തുടങ്ങാനിരിക്കെ പുതിയ നീക്കവുമായി മസ്‌ക് രംഗത്തെത്തിയെന്നു സൂചന.
മുൻപു പറഞ്ഞ വിലയ്ക്കുതന്നെ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണെന്നു ബ്ലൂംബര്‍ഗ് പറയുന്നു.

വാര്‍ത്ത പുറത്തുവന്നതോടെ ട്വിറ്ററിന്റെ ഓഹരി വില 12.7 ശതമാനം ഉയര്‍ന്ന് 47.93 ഡോളറിലെത്തി. തുടര്‍ന്ന് ട്രേഡിങ് നിർത്തിവയ്ക്കുകയായിരുന്നു എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം, ടെസ്‌ലയുടെ ഓഹരി വില 3 ശതമാനം ഇടിയുകയും ചെയ്തു. മസ്‌കിന്റെ പുതിയ നിലപാട് ട്വിറ്റര്‍ മാനേജ്‌മെന്റിനെ അറിയിച്ചു എന്നാണ് ബ്ലൂംബര്‍ഗ് അവകാശപ്പെടുന്നത്. എന്നാൽ ഇതിൽ പ്രതികരിക്കാന്‍ ട്വിറ്ററിന്റെയും മസ്‌കിന്റെയും അഭിഭാഷകർ വിസമ്മതിച്ചെന്ന് റോയിട്ടേഴ്‌സ് പറയുന്നു.

ഒക്ടോബര്‍ 17ന് ഡെലവയേഴ്‌സ് കോര്‍ട്ട് ഓഫ് ചാന്‍സറിയിലാണ് കേസിന്റെ വാദം. മസ്‌ക് ഒരു ഓഹരിക്ക് 54.20 ഡോളർ വീതം നൽകി കമ്പനി ഏറ്റെടുക്കണം എന്നാണ് ട്വിറ്റര്‍ വാദിക്കുന്നത്. അദ്ദേഹം 2022 ഏപ്രിലിലാണ് ഇതുസംബന്ധിച്ച കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ ഒരാഴ്ചയ്ക്കുളളില്‍, കരാര്‍ സമയത്ത് ട്വിറ്റര്‍ വെളിപ്പെടുത്തിയ 5 ശതമാനത്തിലേറെ വ്യാജ അക്കൗണ്ടുകള്‍ ട്വിറ്ററില്‍ ഉണ്ടെന്ന കാരണം പറഞ്ഞു പിന്മാറിയിരുന്നു. പരാജയഭീതിയായിരിക്കാം മസ്‌കിന്റെ ഇപ്പോഴത്തെ മനംമാറ്റത്തിനു പിന്നിലെന്നാണ് അനുമാനം.

Photo: AFP
Photo: AFP

∙ അടുത്ത തലമുറ ഐഫോണില്‍ യുഎസ്ബി-സി വന്നേക്കും

ഈ വര്‍ഷം പുറത്തിറക്കിയ ഐഫോണ്‍ 14 സീരീസില്‍ പോലും വേഗം കുറവുള്ള ലൈറ്റ്‌നിങ് കണക്ടറാണ് ആപ്പിള്‍ ഉപയോഗിച്ചിരിക്കുന്നത്. ഇനി യൂറോപ്പില്‍ വില്‍ക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കെല്ലാം യുഎസ്ബി-സി മതി എന്ന തീരുമാനം യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ടിനിട്ട് പാസാക്കിയതോടെ ആപ്പിളിന് യൂറോപ്പില്‍ 2024 മുതല്‍ ഐഫോണും മറ്റും വില്‍ക്കണമെങ്കില്‍ യുഎസ്ബി-സി പോര്‍ട്ട് വേണ്ടിവന്നേക്കും.

യൂറോപ്യന്‍ പാര്‍ലമെന്റ് വൻ ഭൂരിപക്ഷത്തിലാണ് ഇതു സംബന്ധിച്ച നിയമം പാസാക്കിയത്. 602 പേർ അനുകൂലിച്ചപ്പോൾ 13 പേരാണ് എതിര്‍ത്ത് വോട്ടു ചെയ്തത്. യൂണിയനിലുള്ള 27 രാജ്യങ്ങളില്‍ പുതിയ നിയമം ബാധകമായിരിക്കും. അടുത്ത വർഷം ആദ്യംതന്നെ നിയമം പ്രാബല്യത്തില്‍ വന്നേക്കും. ഇന്ത്യയും ഇത്തരം ഒരു നിയമം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് എന്നാണ് സൂചന.

ഓരോ കമ്പനിയും ഒരോ തരം ഡേറ്റാ കേബിളും ചാര്‍ജറും ഇറക്കുന്നതു വഴി കുന്നുകണക്കിന് ഇ വെയ്‌സ്റ്റ് ആണ് ഉണ്ടാകുന്നതെന്നും എല്ലാ ഉപകരണങ്ങള്‍ക്കും ഒരു കണക്ടര്‍ മതിയെന്നുമാണ് ഇയുവിന്റെ നിയമ നിര്‍മാതാക്കള്‍ പറയുന്നത്. മിക്ക ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളും നേരത്തേ തന്നെ യുഎസ്ബി-സിയിലേക്ക് മാറിയിരുന്നു.

ആപ്പിളിന്റെ ചില ഐപാഡുകളും എല്ലാ മാക്ബുക്കുകളും യുഎസ്ബി-സിയിലേക്ക് മാറി. ഐഫോണിലും താഴത്തെ നിരയിലുള്ള ഐപാഡുകളിലുമാണ് ആപ്പിള്‍ യുഎസ്ബി-സി നല്‍കാത്തത്. ആപ്പിളിന്റെ ഈ വര്‍ഷത്തെ ഐഫോണ്‍ 14 പ്രോ സീരീസില്‍ റെക്കോർഡ് ചെയ്യുന്ന, വലിയ സൈസിലുള്ള 4കെ പ്രോറെസ് വിഡിയോ കംപ്യൂട്ടറിലേക്കും മറ്റും ലൈറ്റ്‌നിങ് കണക്ടര്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ധാരാളം സമയം വേണ്ടി വരുന്നതായി ചില ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു.

∙ റെഡ്മി പാഡ് പുറത്തിറക്കി; വില 14,999 രൂപ മുതല്‍

ഷഓമിയുടെ സബ് ബ്രാന്‍ഡ് ആയ റെഡ്മി പുതിയൊരു മേഖലയിലേക്കു കൂടി കാലെടുത്തു വച്ചിരിക്കുകയാണ് - ടാബ് നിര്‍മാണം. ആദ്യത്തെ റെഡ്മി ടാബ് ഇന്ത്യയില്‍ വില്‍പന തുടങ്ങുകയാണ്. തുടക്ക വേരിയന്റിന്റെ വില 14,999 രൂപയായിരിക്കും.

റെഡ്മി പാഡിന് ശക്തി പകരുന്നത് മീഡിയാടെക് ഹീലിയോ ജി99 ആണ്. ആന്‍ഡ്രോയിഡ് 12 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. നേരത്തേ പറഞ്ഞു കേട്ടതു പോലെ 10.2-ഇഞ്ച് വലുപ്പമുള്ള, 2കെ റെസലൂഷനുള്ള ഡിസ്‌പ്ലേയാണ്. സ്‌ക്രീനിന് 400 നിറ്റ്‌സ് ബ്രൈറ്റ്‌നസും 90 ഹെട്‌സ് അഡാപ്റ്റീവ് റിഫ്രെഷ് റെയ്റ്റും ഉണ്ട്. ടാബിന്റെ വലിയൊരു ന്യൂനത 5ജി ഇല്ലെന്നതാണ്. റാം 6 ജിബി വരെയും സംഭരണശേഷി 128 ജിബി വരെയുമാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാം.

നാലു സ്പീക്കറുകളാണ് ടാബിന്. ഇവയ്ക്ക് ഡോള്‍ബി അറ്റ്മോസ് സപ്പോര്‍ട്ടും ഉണ്ട്. മുന്‍-പിന്‍ ക്യാമറകള്‍ക്ക് 8 എംപി വീതമാണ് റെസലൂഷന്‍. 8000 എംഎഎച് ബാറ്ററിയും 18w ക്വിക് ചാര്‍ജിങ് ശേഷിയുമുണ്ട്. കമ്പനി 22.5w ചാര്‍ജര്‍ ടാബിനൊപ്പം നല്‍കുന്നുമുണ്ട്. മൂന്നു വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്. തുടക്ക വേരിയന്റ് ഫ്‌ളിപ്കാര്‍ട്ട് വഴി 12,999 രൂപയ്ക്ക് സ്വന്തമാക്കാം. ഒക്ടോബര്‍ 5 മുതല്‍ ഏതാനും ദിവസത്തേക്കാണ് ഓഫര്‍.

∙ വരുന്നു നതിങ് ഇയര്‍ സ്റ്റിക്!

പുതിയ ടെക് കമ്പനികളില്‍ ഈ വര്‍ഷം ഏറ്റവുമധികം ശ്രദ്ധപിടിച്ചുപറ്റിയ നതിങ് മറ്റൊരു ഇലക്ട്രോണിക് ഉപകരണവും പുറത്തിറക്കാന്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. കമ്പനി ഇതുവരെ നതിങ് ഇയര്‍ (1) എന്ന പേരില്‍ ഒരു വയര്‍ലെസ് ഇയര്‍ബഡ്‌സും നതിങ് ഫോണ്‍ (1)ഉം മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. ഇനി പുറത്തിറക്കുന്നത് ഒരു ഇയര്‍ബഡ്‌സ് ആയിരിക്കുമെന്നു പറയുന്നു. ഇതിന് സ്റ്റിക് ആകൃതിയായിരിക്കുമെന്നാണ് വിവരം. ആക്ടീവ് നോയിസ് കാന്‍സലേഷന്‍ ഉണ്ടായിരിക്കില്ലെന്നും അതിനാല്‍ ആദ്യ ഇയര്‍ബഡ്‌സിനേക്കാള്‍ വില കുറവായിരിക്കും എന്നുമാണ് സൂചന.

∙ വണ്‍പ്ലസ് നോര്‍ഡ് വാച്ച്; വില 4,999 രൂപ മുതല്‍

വണ്‍പ്ലസ് കമ്പനിയുടെ വില കുറഞ്ഞ സ്മാര്‍ട് വാച്ച് ഇന്ത്യയില്‍ പുറത്തിറക്കി. നോര്‍ഡ് ശ്രേണിയിലുള്ള വാച്ചിന്റെ തുടക്ക വേരിയന്റിന് 4,999 രൂപയാണ് വില. ഇതിന് 10 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കാമെന്ന് കമ്പനി അറിയിക്കുന്നു.

വാച്ചിന് 1.78-ഇഞ്ച് വലുപ്പമുള്ള അമോലെഡ് ഡിസ്‌പ്ലേയാണ്. 60ഹെട്‌സ് റിഫ്രെഷ് റെയ്റ്റ്, എച്ഡി റെസലൂഷന്‍, 500 നിറ്റ്‌സ് ബ്രൈറ്റ്‌നസ് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. എന്‍ ഹെല്‍ത് ആപ് വഴി പല ഫീച്ചറുകളും അക്‌സസ് ചെയ്യാം. നോര്‍ഡ് വാച്ചിന് 105 ഫിറ്റ്‌നസ് മോഡുകളാണ് ഉള്ളത്.

English Summary: Apple will open 5G services ‘soon’ for iPhone users in India: Airtel CTO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com