ADVERTISEMENT

വില കുറച്ച് ഒരു ലാപ്‌ടോപ്പും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. ഇതിന് 15,000 രൂപ ആയിരിക്കും വില എന്നാണ് സൂചന. ലാപ്‌ടോപ് 4ജി സിം സ്വീകരിക്കും. ജിയോ ഫോണുകള്‍ക്ക് രാജ്യത്തു ലഭിച്ച വന്‍ സ്വീകാര്യത ലാപ്‌ടോപ്പുകളുടെ കാര്യത്തിലും ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ജിയോബുക്ക് എന്നാണ് ലാപ്‌ടോപ്പിന്റെ പേര്. അതേസമയം, ജിയോ ലാപ്‌ടോപ് ചിലർ ഉപയോഗിക്കാൻ തുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. ജിയോ ലാപ്‌ടോപ്പ് ( ജിയോ ബുക്ക്) സർക്കാർ ഇ-മാർക്കറ്റ്പ്ലേസിൽ (ജിഇഎം) വിൽപനയ്‌ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ഇത് വാങ്ങാൻ കഴിയുക. ജിയോ ലാപ്‌ടോപ്പിന്റെ ഫസ്റ്റ് ലുക്കും പൂർണ ഫീച്ചറുകളും പുറത്തുവന്നിട്ടുണ്ട്.

 

വില കുറഞ്ഞ ലാപ്‌ടോപ് നിര്‍മിക്കാനായി കമ്പനി ലോകോത്തര ടെക്‌നോളജി ഭീമന്മാരായ മൈക്രോസോഫ്റ്റിന്റെയും ക്വാല്‍കമിന്റെയും സഹായം സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രോസസര്‍ ആം (Arm Ltd), കമ്പനിയുടെ സഹകരണത്തോടെയാണെങ്കില്‍ മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ടും ജിയോബുക്കിന് ഉണ്ടായിരിക്കുമെന്നു കരുതുന്നു. ചില ആപ്പുകള്‍ ആയിരിക്കും മൈക്രോസോഫ്റ്റിന്റെ സംഭാവന.

 

ജിയോബുക്ക് ആദ്യ ഘട്ടത്തിൽ സ്‌കൂളുകള്‍, സർക്കാർ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ലഭ്യമാക്കാനാണ് കമ്പനിയുടെ ലക്ഷ്യം. പൊതുജനത്തിനായി അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ലാപ്‌ടോപ് വില്‍പനയ്‌ക്കെത്തും. ജിയോഫോണിന്റെ കാര്യത്തിലെന്ന പോലെ ജിയോബുക്കിനും 5ജി പതിപ്പും താമസിയാതെ പുറത്തിറക്കും. ലാപ്‌ടോപ്പിന്റെ സിം സ്ലോട്ടില്‍ മാത്രം മാറ്റം വരുത്തിയാല്‍ മതിയാകും എന്നതിനാല്‍ ഇതും താമസിയാതെ എത്തുമെന്നു പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. ജിയോഫോണിന്റെ വമ്പന്‍ വിജയം ജിയോബുക്കിലും ഉണ്ടാക്കാനാണ് കമ്പനി ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. 

 

ജിയോബുക്ക് റിലയന്‍സിനു വേണ്ടി നിര്‍മിച്ചെടുക്കുന്നത് ഫ്‌ളെക്‌സ് എന്ന കമ്പനിയാണ്. അടുത്ത വര്‍ഷം മാര്‍ച്ചിനു മുൻപ് ലക്ഷക്കണക്കിനു ജിയോബുക്കുകള്‍ വില്‍ക്കാനാണ് കമ്പനിയുടെ ഉദ്ദേശം. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 14.8 ദശലക്ഷം കംപ്യൂട്ടറുകള്‍ വിറ്റു എന്നാണ് ഗവേഷണ കമ്പനിയായ ഐഡിസി പുറത്തുവിട്ട കണക്കില്‍ പറയുന്നത്. ഇവയിലേറെയും എച്പി, ഡെല്‍, ലെനോവോ തുടങ്ങിയ കമ്പനികള്‍ നിർമിച്ചവയാണ്.

 

ലിസ്റ്റ് ചെയ്തിരിക്കുന്ന ലാപ്‌ടോപ്പിന് 11.6 ഇഞ്ച് എച്ച്‌ഡി ഡിസ്‌പ്ലേയും സ്‌ക്രീനിനു ചുവടെ ജിയോ ബുക്ക് ബ്രാൻഡിങ് ഉള്ള നീല നിറത്തിലുള്ള ഡിസൈനും കാണാം. ലാപ്‌ടോപ്പിന്റെ മുകളിൽ ജിയോ ലോഗോ ഉണ്ട്. ജിയോ ബുക്കിന്റെ മൊത്തത്തിലുള്ള നിർമാണം പ്ലാസ്റ്റിക്കിൽ ആണെങ്കിലും മികച്ചതായി തോന്നുന്നുണ്ട്.

 

അഡ്രിനോ 610 ജിപിയു ഉള്ള ക്വാൽകോം സ്നാപ്ഡ്രാഗൺ 665 പ്രോസസറാണ് ജിയോ ബുക്ക് നൽകുന്നത്. ജിയോ ക്ലൗഡ് പിസി, മൈക്രോസോഫ്റ്റ് ആഡ് ബ്രൗസർ എന്നിവ പോലുള്ള പ്രീ-ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷനുകൾക്കൊപ്പം ജിയോ ഒഎസ് പതിപ്പിലാണ് പുതിയ ഡിവൈസ് പ്രവർത്തിക്കുന്നത്. 2 ജിബി LPDDR4x റാമും 32 ജിബി eMMC വികസിപ്പിക്കാവുന്ന ഇന്റേണൽ സ്റ്റോറേജും മൈക്രോ എസ്ഡി കാർഡിന്റെ പിന്തുണയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

 

1366x768 പിക്സൽ റെസലൂഷനോടുകൂടിയ 11.6 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് ജിയോ ബുക്ക് വരുന്നത്. സ്‌ക്രീനിന് മുകളിൽ വിഡിയോ കോളിംഗിനായി എച്ച്ഡി വെബ്‌ക്യാമും ഉണ്ട്. ജിയോ ബുക്കിൽ 55.1 മുതൽ 60 വരെ എഎച്ച് ബാറ്ററിയുണ്ട്. ഇത് ഒറ്റ ചാർജിൽ എട്ട് മണിക്കൂർ വരെ ഉപയോഗിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡ്യുവൽ സ്പീക്കർ സെറ്റപ്പും ഡ്യുവൽ ഇന്റഗ്രേറ്റഡ് മൈക്കും ഉണ്ട്. USB-A 3.0 പോർട്ട്, എച്ച്ഡിഎംഐ പോർട്ട്, യുഎസ്ബി-എ 2.0 പോർട്ട്, Wi-Fiac, ബ്ലൂടൂത്ത് 5.0 എന്നിങ്ങനെ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളും ജിയോ ബുക്കിൽ ഉൾപ്പെടുന്നു.

 

ജിയോ ബുക്ക് പ്രാഥമികമായി ലക്ഷ്യമിടുന്നത് വിദ്യാർഥികളെയും ഓഫിസ് ജീവനക്കാരെയും സെക്കൻഡറി ലാപ്‌ടോപ് ആഗ്രഹിക്കുന്നവരെയുമാണ്. നിലവിൽ ജിയോ ബുക്ക് 19,500 രൂപയ്ക്ക് ജിഇഎം വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജിയോ ബുക്ക് ലാപ്‌ടോപ്പിന്റെ ഔദ്യോഗിക വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതിനാൽ വാണിജ്യ വിലയിൽ അൽപം മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. എന്നാലും, ഡിസൈനും ഫീച്ചറുകളും ഏറെക്കുറെ അതേപടി നിലനിൽക്കും.

 

∙ വരുന്നു ജിയോ ഒഎസ്!

 

ലാപ്‌ടോപ് മാര്‍ക്കറ്റിന്റെ 15 ശതമാനമെങ്കിലും പിടിച്ചെടുക്കുക എന്ന ലക്ഷ്യമായിരിക്കും ജിയോബുക്കിന്. ജിയോബുക്ക് പ്രവര്‍ത്തിക്കുക ജിയോഒഎസില്‍ (JioOS) ആയിരിക്കും. ഇതിനു വേണ്ട ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ജിയോസ്‌റ്റോറും സജ്ജമാക്കിയിരിക്കും. ഓഫിസ്, കോര്‍പറേറ്റ് ജോലിക്കാര്‍ക്ക് നല്‍കാവുന്ന ഒന്നായും ജിയോ തങ്ങളുടെ ലാപ്‌ടോപ്പിനെ മുന്നോട്ടുവയ്ക്കുന്നു.

 

English Summary: Jio laptop first look and full specifications are out: here is a closer look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com