ADVERTISEMENT

പ്രധാന ക്യാമറയ്ക്ക് 50 എംപി റെസലൂഷനുമായി ഗൂഗിളിന്റെ സ്മാര്‍ട് ഫോൺ‌ പിക്‌സലിന്റെ പുതിയ പതിപ്പുകള്‍. പിക്‌സല്‍ 7, പിക്‌സല്‍ 7 പ്രോ എന്നീ പേരുകളിലാണ് അവ വില്‍പനയ്‌ക്കെത്തുക. പ്രോ മോഡലില്‍ 5 മടങ്ങ് സൂം ലഭിക്കുന്ന 48 എംപി ടെലി ക്യാമറയും ഉണ്ട് എന്നത് സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രഫിയില്‍ പരീക്ഷണം നടത്തുന്നവരില്‍ താത്പര്യം ജനിപ്പിച്ചേക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പിക്‌സലിന്റെ പ്രീമിയം ഫോണുകള്‍ ഇന്ത്യയില്‍ കമ്പനി ഔദ്യോഗികമായി വിറ്റിരുന്നില്ല. പക്ഷേ, ഈ വര്‍ഷം കമ്പനി അതും തിരുത്തി. തുടക്ക വേരിയന്റിന് 59,999 രൂപയാണ് വില. പക്ഷേ ഓഫറുകള്‍ മുഴുവന്‍ മുതലാക്കാനായാല്‍ ഇത് 49,999 രൂപയ്ക്കു വരെ വാങ്ങാനാകും. ഫോണുകള്‍ ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് വില്‍ക്കുന്നത്. ഗൂഗിള്‍ പുറത്തുവിട്ട വിഡിയോ കാണാം: https://youtu.be/sYn_Heq8HHI

ഐഫോണിനോളം ഇല്ലെങ്കിലും ഒരു ചെറിയകൂട്ടം ആരാധകര്‍ ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ക്കും ഉണ്ട്. അതാകട്ടെ, പ്യുവർ ആന്‍ഡ്രോയിഡ് അനുഭവം ഇഷ്ടപ്പെടുന്നവരും ഗൂഗിള്‍ ക്യാമറയില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ തങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാകുമെന്ന് അറിയാവുന്നവരുമാണ്. ഈ രണ്ടു കാര്യങ്ങളിലും പുതിയ പിക്‌സല്‍ മോഡലുകള്‍ നിരാശപ്പെടുത്തിയേക്കില്ല. ഏറ്റവും പുതിയതും ഗംഭീരവുമായ ആന്‍ഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിങ് സിസ്റ്റം എന്നതു കൂടാതെ ക്യാമറാ ടെക്‌നോളജിയിലും പുതുമകള്‍ കൊണ്ടുവന്നിട്ടുണ്ട് കമ്പനി.

ഈ വര്‍ഷം രൂപകല്‍പനയില്‍ കാര്യമായ മാറ്റം വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടു ശീലിച്ച ഡിസൈനില്‍ തന്നെയാണ് ഫോണുകള്‍ ഇറക്കിയിരിക്കുന്നത്.

∙ പിക്‌സല്‍ 7 ന്റെ ഹാര്‍ഡ്‌വെയര്‍

വില കുറഞ്ഞ മോഡലായ പിക്‌സല്‍ 7 ഫോണിന് 6.3-ഇഞ്ച് വലുപ്പമുളള അമോലെഡ് സ്‌ക്രീനാണ്. 90 ഹെട്‌സ് റിഫ്രഷ് റേറ്റുമുണ്ട്. ഈ വര്‍ഷം ഇറക്കിയ ഐഫോണ്‍ 14, 14 പ്ലസ് മോഡലുകള്‍ക്ക് 60 ഹെട്‌സ് ആണ് റിഫ്രഷ് റേറ്റ്. ആപ്പിളിന്റെ ഈ നടപടി കടുത്ത വിമര്‍ശനം നേരിടുന്നുണ്ട്. കേവലം 20,000 രൂപയില്‍ താഴെ വില്‍ക്കുന്ന ചില ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കു പോലും ഉയര്‍ന്ന് സ്‌ക്രീന്‍ റിഫ്രഷ് റേറ്റ് ലഭിക്കുമ്പോള്‍ 79,000 രൂപ മുതല്‍ മാത്രം ലഭ്യമായ ഐഫോണ്‍ 14 സീരിസിലെ വില കുറഞ്ഞ മോഡലുകള്‍ക്ക് 90 ഹെട്‌സ് റിഫ്രഷ് റേറ്റ് നല്‍കാത്തതിലാണ് വിമര്‍ശനം. തങ്ങളുടെ പ്രോ മോഡലുകള്‍ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടാനായിരിക്കണം ആപ്പിള്‍ ഇതു ചെയ്യുന്നത്. പക്ഷേ, അത് അല്‍പത്തരമാണെന്നാണ് വിമര്‍ശനം.

ഗൂഗിള്‍ റിഫ്രഷ് റേറ്റിന്റെ കാര്യത്തില്‍ ആപ്പിളിനോളം താഴ്ന്നിട്ടില്ലെന്നു കാണാം. കുറഞ്ഞ മോഡലിനും ഐപി68 സീലിങ് ഉണ്ട്. സ്‌ക്രീനിനു പുറമെ ഗൊറിലാ ഗ്ലാസ് വിക്ടസ് സംരക്ഷണവും ഉണ്ട്. തിരശ്ചീനമായാണ് പിന്‍ ക്യാമറകള്‍ പിടിപ്പിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തേതു പോലെ ഗൂഗിള്‍ തന്നെ നിര്‍മിച്ച ടെന്‍സര്‍ പ്രോസസറാണ് ഫോണിന്റെ കരുത്ത് - ടെന്‍സര്‍ ജി2. ഒപ്പം 8 ജിബി റാമും 128 ജിബി അല്ലെങ്കില്‍ 256 ജിബി യുഎഫ്എസ് 3.1 സംഭരണശേഷിയും ഉണ്ട്.

പിന്‍ ക്യാമറാ സിസ്റ്റത്തിലെ പ്രധാനി 50 എംപി ക്യാമറയാണ്. ഒപ്പം 12 എംപി അള്‍ട്രാ വൈഡും ഉണ്ട്. അവയ്‌ക്കൊപ്പം സെല്‍ഫിക്കും വിഡിയോ കോളിനുമായി 10.8 എംപി ക്യാമറയും ഉണ്ട്. പിന്‍ ക്യാമറാ സിസ്റ്റത്തിന് സെക്കന്‍ഡില്‍ 60 ഫ്രെയിം വരെ 4കെ വിഡിയോ പകര്‍ത്താമെങ്കില്‍ അതേ റെസലൂഷനുള്ള വിഡിയോ 30 സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ പകര്‍ത്താനുള്ള ശേഷിയാണ് മുന്‍ ക്യാമറയ്ക്കുള്ളത്. ഫോണിന് 4,335 എംഎഎച് ബാറ്ററിയും 30w ഫാസ്റ്റ് ചാര്‍ജിങും ഉണ്ട്.

∙ പിക്‌സല്‍ 7 പ്രോ

ഈ വര്‍ഷത്തെ പിക്‌സല്‍ ഫോണ്‍ മോഡലുകളിലെ താരമായ 7 പ്രോയ്ക്ക് 6.7 ഇഞ്ച് വലുപ്പമുള്ള അമോലെഡ് സ്‌ക്രീനാണ്. ഇത് 120 ഹെട്‌സ് റിഫ്രെഷ് റേറ്റ് ഉള്ള എല്‍ടിപിഒ പാനലാണ്. പിക്‌സല്‍ 7നുള്ള സ്‌ക്രീന്‍ സംരക്ഷണം തന്നെയാണ് പ്രോ മോഡലിനും. റാമിന്റെ കാര്യത്തിലാണ് പ്രോ മോഡലിന് അധിക ശേഷി ലഭിക്കുന്നത്. അത് 12 ജിബിയാണ്.

പ്രധാന ക്യാമറയ്ക്ക് 50 എംപി റെസലൂഷനാണ് ഉള്ളതെങ്കില്‍, മറ്റൊരു ഫീച്ചര്‍ 48 എംപി റെസലൂഷനുള്ള, 5 മടങ്ങ് സൂം ലഭിക്കുന്ന ടെലി ലെന്‍സാണ്. പിന്‍ ക്യാമറാ സിസ്റ്റത്തിലെ മൂന്നാമത്തെ ക്യാമറ 12 എംപി അള്‍ട്രാവൈഡ് ആണ്. പിക്‌സല്‍ 7ല്‍ ലഭ്യമായ സെല്‍ഫി ക്യാമറ തന്നെയാണ് 7 പ്രോയ്ക്കും. മാക്രോ ഫോക്കസ് ഫീച്ചറും പ്രോ മോഡലിനു മാത്രമാണ്.

ബാറ്ററി 5,000 എംഎഎച് ആണ്. കുറഞ്ഞ മോഡലിനുള്ള ചാര്‍ജിങ് സ്പീഡ് തന്നെയാണ് പ്രോയ്ക്കും. പിക്‌സല്‍ 7 പ്രോയുടെ തുടക്ക വേരിയന്റിന് വില 84,999 രൂപയാണ്. ഫ്‌ളിപ്കാര്‍ട്ടില്‍ ഇപ്പോള്‍ നല്‍കുന്ന ഓഫറുകള്‍ ലഭിച്ചാല്‍ വില താഴ്ത്തി വാങ്ങാം. ഇരു മോഡലുകളും തമ്മിലുള്ള വ്യത്യാസം ഗൂഗിള്‍ വിവരിക്കുന്നത് ഇവിടെ കാണാം.

∙ ഏതാനും ക്യാമറാ ഫീച്ചറുകള്‍

കംപ്യൂട്ടേഷനല്‍ ഫൊട്ടോഗ്രഫിയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ എക്കാലത്തും മുന്നിലായിരുന്നു ഗൂഗിള്‍. മുന്‍ തലമുറ ഫോണുകളെ അപേക്ഷിച്ച് പുതിയ സീരീസിന് പ്രകടമായ മാറ്റങ്ങള്‍ കാണാനാകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. ടെലി ഫോട്ടോ ലെന്‍സിന് 30 മടങ്ങ് സൂപ്പര്‍ റെസലൂഷന്‍ സൂം നല്‍കുന്നു എന്നാണ് ഗൂഗിള്‍ പറയുന്നത്. ഇത് കംപ്യൂട്ടേഷനല്‍ ഫൊട്ടോഗ്രഫി പ്രയോജനപ്പെടുത്തി നല്‍കുന്നതാണ്. ക്യാമറയ്ക്ക് ഒപ്ടിക്കല്‍ സൂം 5 മടങ്ങ് മാത്രമാണ്. പിക്‌സല്‍ 6 പ്രോയ്ക്ക് 4 മടങ്ങായിരുന്നു ഒപ്ടിക്കല്‍ സൂം. മുന്‍ വര്‍ഷത്തെ ഫോണിനെ അപേക്ഷിച്ച് പുതിയ മോഡലിന് വലുപ്പം കുറഞ്ഞ സെന്‍സര്‍ തിരുകിയാണ് അധിക സൂം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

∙ ഫോട്ടോ അണ്‍ബ്ലേര്‍

പിക്‌സല്‍ 7, 7പ്രോ മോഡലുകളില്‍ രണ്ടിലും ലഭ്യമായ ഒരു പ്രധാന ഫീച്ചറാണ് ഫോട്ടോ അണ്‍ബ്ലേര്‍. ഫോട്ടോ പകര്‍ത്തുന്ന സമയത്ത് ക്യാമറയോ സബ്ജക്ടോ ചലിക്കുന്നു എങ്കില്‍ ഫോട്ടോയുടെ വ്യക്തത കുറയുമെന്ന് എല്ലാവര്‍ക്കും അറിയാം. ഈ ദൂഷ്യം മെഷീന്‍ ലേണിങ്ങിന്റെ സഹായത്തോടെ കുറയ്ക്കാനുള്ള ശ്രമത്തെയാണ് ഫോട്ടോ അണ്‍ബ്ലേര്‍ എന്നു ഗൂഗിള്‍ വിളിക്കുന്നത്. നേരത്തേ മുതല്‍ ഗൂഗിള്‍ നല്‍കിവരുന്ന ഫെയ്‌സ് അണ്‍ബ്ലേറിനൊപ്പം ആയിരിക്കും ഫോട്ടോ അണ്‍ബ്ലേറും പ്രവര്‍ത്തിക്കുക.

ഫോണിലെ ഹാര്‍ഡ്‌വെയറിന്റെ സഹായത്തോടെയാണ് അണ്‍ബ്ലേര്‍ പ്രോസസിങ് നടത്തുന്നത്. ക്ലൗഡിലേക്ക് അയച്ചല്ല. പുതിയതായി എടുക്കുന്ന ഫോട്ടോകള്‍ക്കു മാത്രമല്ല, ഗൂഗിള്‍ ഫോട്ടോസില്‍ സൂക്ഷിച്ചിരിക്കുന്ന ഫൊട്ടോകള്‍ പോലും പുതിയ ഫീച്ചര്‍ ഉപയോഗിച്ച് മെച്ചപ്പെടുത്താന്‍ സാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

∙ മറ്റു ചില ഫീച്ചറുകള്‍

ടെന്‍സര്‍ ജി2 മറ്റ് ഒരുപിടി പുതിയ ഫീച്ചറുകളും പിക്‌സല്‍ 7 സീരീസിനു നല്‍കുന്നു. മുന്‍ മോഡലുകളെ അപേക്ഷിച്ച് പുതിയ സീരീസിന്റെ പ്രകടനം മൊത്തത്തില്‍ മെച്ചപ്പെടുത്തുന്നതിനു പുറമെ, വോയിസ് റെക്കോര്‍ഡര്‍ ആപ്പിനും പുതുമ കൊണ്ടുവന്നിട്ടുണ്ട്. ആപ്പിന് ഇപ്പോള്‍ ഓരോരുത്തരുടെയും ശബ്ദം ഓട്ടമാറ്റിക്കായി തിരിച്ചറിയാനാകും. റെക്കോർഡ് ചെയ്ത ഓഡിയോ ക്ലിപ്പുകള്‍ ഇപ്പോള്‍ ഓട്ടമാറ്റിക്കായി ട്രാന്‍സ്‌ക്രൈബും ചെയ്യാം. ഫോണ്‍ കോളുകളുടെ വ്യക്തതയും വര്‍ധിച്ചിട്ടുണ്ടെന്നു പറയുന്നു. പ്രത്യേകിച്ചും ശബ്ദായമാനമായ സ്ഥലങ്ങളില്‍വച്ചു നടത്തുന്ന ഫോണ്‍ കോളുകളില്‍ ഇത് വ്യക്തമായി മനസ്സിലാക്കാനാകുമെന്നു പറയുന്നു.

English Summary: Pixel 7 series launched: Top specs, features, India price, and everything you need to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com