ADVERTISEMENT

സിസിഐ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ, അമേരിക്കന്‍ ടെക്‌നോളജി ഭീമന്‍ ഗൂഗിളിന് ഒക്ടോബര്‍ 20നാണ് 1,338 കോടി രൂപയുടെ കൂറ്റന്‍ പിഴ ചുമത്തിയത്. രാജ്യത്തെ കോംപറ്റീഷൻ ആക്ട് ലംഘിച്ചു എന്ന കാരണം കാണിച്ചായിരുന്നു പിഴ. ആന്‍ഡ്രോയിഡ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിനുമേല്‍ തങ്ങള്‍ക്കുള്ള ആധിപത്യം ഗൂഗിള്‍ വിവിധ കാര്യങ്ങളില്‍ ദുരുപയോഗം ചെയ്തു എന്നായിരുന്നു സിസിഐ കണ്ടെത്തിയത്.

ഈ കണ്ടെത്തലിലേക്കു നയിച്ചത് മൂന്നു ചെറുപ്പക്കാര്‍ നടത്തിയ പഠനങ്ങള്‍ ആയിരുന്നു എന്ന് ദ് പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇരുപത്തിയേഴുകാരായ ഉമര്‍ ജാവീദ്, സുകര്‍മ താപ്പര്‍, ഇരുപത്തിനാലുകാരനും ഉമറിന്റെ ഇളയ സഹോദരനുമായ അക്വിബ് എന്നിവരാണ് പഠനം നടത്തിയതെന്നും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചു പഠിക്കുന്നവരാണ് ഇവരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്പനികള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരമാണ് രാജ്യത്തു നടക്കുന്നത് എന്നുറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന കമ്മിഷനാണ് സിസിഐ. ചില കമ്പനികള്‍ മാര്‍ക്കറ്റില്‍ ഒരു പരിധി വിട്ടുള്ള മേല്‍ക്കോയ്മ കൈവരിക്കുന്നത് ആരോഗ്യകരമായ മത്സരങ്ങള്‍ ഇല്ലാതാക്കുമെന്നും ഇത് ഉപയോക്താക്കള്‍ക്കും രാജ്യത്തിനും നല്ലതല്ലതെന്നുമുള്ള വിലയിരുത്തലിലാണ് സിസിഐ രൂപീകരിച്ചത്.

∙ ഗൂഗിളിന് ഇന്ത്യ ചുമത്തിയ പിഴകള്‍ ഇവയൊക്കെ

ഗൂഗിളിന് ഇന്ത്യ ആദ്യമായി പിഴ ഇടുന്നത് 2018ല്‍ ആണ് - 136 കോടി രൂപ. മൂന്നാമത്തെ പിഴയായ 936 കോടി രൂപ 2022 ഒക്ടോബര്‍ 25ന് ചുമത്തിയത് ഗൂഗിളിന്റെ പ്ലേ സ്റ്റോറിലെ ആധിപത്യത്തിന് എതിരെയായിരുന്നു. എന്നാല്‍, സര്‍വ ശ്രദ്ധയും പിടിച്ചുപറ്റിയ രണ്ടാമത്തെ പിഴയായ 1,338 കോടി രൂപ ചുമത്തിക്കൊണ്ടുള്ള ഉത്തരവില്‍ സിസിഐ പറഞ്ഞത് ഗൂഗിളിന്റെ ആപ്പുകള്‍ പ്രീ ഇന്‍സ്‌റ്റാള്‍ ചെയ്യണമെന്നു പറഞ്ഞ് ആന്‍ഡ്രോയിഡ് ഉപകരണ നിര്‍മാതാക്കളെ സമ്മര്‍ദ്ദത്തിലാക്കരുത് എന്നായിരുന്നു. ഒപ്പം, പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കണമെന്നും നിർദേശിച്ചു.

∙ കാരണക്കാര്‍ മൂന്നു ചെറുപ്പക്കാര്‍

സിസിഐയില്‍ റിസേര്‍ച് അസോഷ്യേറ്റ് ജോലി ചെയ്യുകയായിരുന്നു ഉമറും സുകർമയും. വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സഹായിച്ചത് അന്ന് യുണിവേഴ്‌സിറ്റി ഓഫ് കശ്മീരിൽ നിയമ വിദ്യാര്‍ഥിയായിരുന്ന അക്വിബാണ്.

ഇന്ത്യയുടെ കോംപറ്റീഷന്‍ നിയമം പ്രകാരം വ്യക്തികള്‍ക്ക് സിസിഐയില്‍ പരാതി നല്‍കാനാവില്ല. പകരം, വിവരം നല്‍കാന്‍ സാധിക്കുമെന്ന് സുകര്‍മ പറയുന്നു. മൂവരും ചേര്‍ന്നു നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച സിസിഐ ഇതേക്കുറിച്ച് 2019 ഏപ്രിലില്‍ അന്വേഷണം തുടങ്ങി. ആന്‍ഡ്രോയിഡ് മൊബൈല്‍ രംഗത്ത് ഗൂഗിളിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് തുടങ്ങിയത്. ഇതിന്റെ ഫലമായിരുന്നു 1,338 കോടി രൂപയുടെ പിഴ.

∙ തെളിവു കണ്ടെത്താന്‍ കഠിനപ്രയത്‌നം

എന്തിനാണ് ഗൂഗിളിനെതിരെ വിവരം നല്‍കിയത് എന്ന ചോദ്യത്തിന് അക്വിബ് നല്‍കിയ മറുപടി, എങ്ങനെയാണ് ഡിജിറ്റല്‍ വിപണി ഇന്ത്യയില്‍ പുരോഗമിക്കുന്നത് എന്നറിയാന്‍ തങ്ങള്‍ മൂവരും തത്പരരായിരുന്നു എന്നാണ്. ടെക്‌നോളജി മേഖലയെ നിയന്ത്രിക്കാന്‍ എന്തെല്ലാം നയങ്ങളും നിയമങ്ങളുമാണ് ഉണ്ടായിരുന്നതെന്നും ഇവയൊക്കെ എങ്ങനെയാണ് ഉപയോക്താക്കളെയും കമ്പനികളെയും ബാധിക്കുന്നതെന്നും പഠിച്ചിരുന്നുവെന്നും അക്വിബ് പറയുന്നു. ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ പിഴയിട്ട സംഭവം മൂവരുടെയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

∙ ഇയു ഇട്ട പിഴ

യൂറോപ്യന്‍ കമ്മിഷന്‍ 2018 ലാണ് ഇയുവിന്റെ ആന്റിട്രസ്റ്റ് നിയമങ്ങള്‍ ലംഘിച്ചുവെന്നു പറഞ്ഞ് ഗൂഗിളിന് 434 കോടി ഡോളര്‍ പിഴ ചുമത്തിയത്. ഇതിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ചു നടത്തിയ ഗവേഷണമാണ് ആഗോള തലത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ അവബോധം ഉണ്ടാകാന്‍ കാരണമായത്. ആന്‍ഡ്രോയിഡ് ഒഎസിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിലെ അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു പഠിച്ചു. ഇയു ഗൂഗിളിന് പിഴയിട്ട എല്ലാ കാര്യങ്ങളും കമ്പനി ഇന്ത്യയിലും നടത്തുന്നതായി കണ്ടെത്തിയെന്ന് ഉമര്‍ പറയുന്നു.

ഈ ഗവേഷണമാണ് ഇന്ത്യയിലെ സ്ഥിതിയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ മൂവര്‍ക്കും നല്‍കിയത്. അങ്ങനെ അവര്‍ ഗവേഷണ വിവരങ്ങള്‍ സിസിഐയ്ക്ക് സമര്‍പ്പിച്ചു. സുകര്‍മയും ഉമറും സിസിഐയില്‍ ചെയ്തുവന്ന ജോലിയെക്കുറിച്ചുള്ള വിവരങ്ങള്‍ സ്വകാര്യമാണ്. അവ ആന്‍ഡ്രോയിഡിന്റെ ഇന്ത്യയിലെ വിപണിയുമായി ബന്ധപ്പെട്ടുള്ളതുമല്ല. തങ്ങള്‍ ഗൂഗിളിനെപ്പറ്റി സിസിഐയ്ക്കു നല്‍കിയ വിവരങ്ങള്‍ സ്വന്തമായി ഗവേഷണം നടത്തി കണ്ടെത്തിയതാണെന്ന് അവര്‍ പറയുന്നു.

കമ്പനിക്കെതിരെ വിശദമായ വിവരശേഖരണം എളുപ്പമായിരുന്നില്ലെന്നും ഇതിനായി തങ്ങള്‍ രണ്ടു മാസം ചെലവിട്ടു എന്നും അവര്‍ പറയുന്നു. പകല്‍ ജോലി ചെയ്ത ശേഷമാണ് വൈകുന്നേരങ്ങളില്‍ ഗവേഷണത്തിലേര്‍പ്പെട്ടതെന്ന് സുകര്‍മ പറഞ്ഞു. രാത്രി ഏറെ വൈകിയും രാവിലെ നേരത്തേ എണീറ്റും ഇതിനായി ജോലി ചെയ്തിരുന്നു. ചില ദിവസങ്ങളില്‍ ഉറങ്ങാതെ പോലും ജോലിയെടുത്തിരുന്നു.

∙ വിവരം ശേഖരിക്കാന്‍ പെട്ടത് പെടാപ്പാട്

ദീര്‍ഘ നേരം പണിയെടുത്തു എന്നതു കൂടാതെ സിസിഐക്കു കൈമാറാനുള്ള വിവരം ശേഖരിക്കാനായി പെടാപ്പാടു പെടേണ്ടിവന്നു എന്നും സുകര്‍മ പറയുന്നു. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന വിവരങ്ങള്‍ ശേഖരിക്കേണ്ടിയിരുന്നു. ആന്‍ഡ്രോയിഡിലുള്ള ആധിപത്യം ഗൂഗിള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഉണ്ടെങ്കിലും അതു തെളിയിക്കാനുള്ള ഡേറ്റ പ്രധാനമായിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് പൊതുവായി ലഭ്യമായ വിവരങ്ങള്‍ മാത്രമാണ് ലഭിച്ചത്. ഇത് തെളിവു ശേഖരണം ബുദ്ധിമുട്ടാക്കിയെന്ന് ഉമര്‍ പറയുന്നു.

ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ എടുത്തിട്ട് അതില്‍ ഉപയോക്താവിന് അണ്‍ഇന്‍സ്‌റ്റാള്‍ ചെയ്യാനാകാത്ത ആപ്പുകളുണ്ടെന്നു പറയാം. പക്ഷേ, ഇതെങ്ങനെയാണ് ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളെയും ആപ് ഡവലപ്പര്‍മാരെയും വിഷമത്തിലാക്കുന്നത് എന്നതിനെക്കുറിച്ചായിരുന്നു പഠിക്കേണ്ടിയിരുന്നത്. അതിനാല്‍ തന്നെ കമ്പനികള്‍ക്കുള്ളിലുള്ള വിവര ശേഖരണം സിസിഐക്കു വിട്ടുവെന്ന് സുകര്‍മ പറയുന്നു. ഇത്ര വേഗം തെളിവു ശേഖരിച്ചതിന് സിസിഐ അനുമോദനം അര്‍ഹിക്കുന്നുവെന്നും സുകര്‍മ നിരീക്ഷിച്ചു.

ALPHABET-INDIA/
Photo: AFP

∙ ഇനി എന്ത്?

ഇപ്പോള്‍ ഉമര്‍ ഒരു പൊതുമേഖലാ സ്ഥാപനത്തിലും സുകര്‍മ ഒരു സ്വതന്ത്ര കണ്‍സൽറ്റന്റായും അക്വിബ് ഡല്‍ഹിയില്‍ വക്കീലായും ജോലിയെടുക്കുന്നു. തങ്ങളുടെ ജോലിയുടെ ഫലമായി ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍മെച്ചപ്പെട്ട സോഫ്റ്റ്‌വെയര്‍ പരിസ്ഥിതി ലഭിക്കുമെന്ന് ഉമര്‍ പറയുന്നു. ഇത് ആന്‍ഡ്രോയിഡ് ഉപകരണ നിര്‍മാതാക്കള്‍ക്കും ആപ് വികസിപ്പിക്കുന്നവര്‍ക്കും ഗുണം ചെയ്യും. സിസിഐയുടെ വിധി ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ നൂതനത്വത്തിനു വഴിവച്ചേക്കും. ഗൂഗിളിന് വിധിക്കെതിരെ 60 ദിവസത്തിനുള്ളില്‍ നാഷനല്‍ കമ്പനി ലോ അപലേറ്റ് ട്രൈബ്യൂണലില്‍ പരാതി നല്‍കാം. ഇതിന് പിഴയുടെ 10 ശതമാനം അടയ്ക്കണം.

English Summary: The trio who worked hard to find evidence agaisnt Google

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com