ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ എഫ്‌ടിഎക്‌സിന്റെ തകർച്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ടെക് ലോകത്തെ വലിയ ചർച്ച. ഇതിനിടെ എഫ്ടിഎക്സ് മേധാവി സാം ബാങ്ക്മാൻ-ഫ്രൈഡിന്റെ 4 കോടി ഡോളറിന്റെ (ഏകദേശം 325.36 കോടി രൂപ) ബഹാമാസ് പെന്റ്‌ഹൗസ് വിൽപനയ്‌ക്ക് വച്ചെന്നും റിപ്പോർട്ടുണ്ട്. വിട് വിൽപനയ്ക്ക് വച്ച അതേ ദിവസം തന്നെയാണ് സാം ബാങ്ക്മാൻ  ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് പാപ്പരത്തത്തിനായി ഫയൽ ചെയ്തിരിക്കുന്നതും.

 

ബാങ്ക്മാൻ-ഫ്രൈഡിന്റെ പെന്റ്ഹൗസ് - ‘ദ ഓർക്കിഡ്’ ആണ് റിയൽ എസ്റ്റേറ്റ് ഏജന്റ് സീസൈഡ് ബഹാമാസ് 39,500,000 ഡോളറിന് വിൽക്കാനായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഓട്ടിസം ക്യാപിറ്റലാണ് ഈ റിപ്പോർട്ട് ആദ്യമായി ട്വിറ്ററിൽ റിപ്പോർട്ട് ചെയ്തത്. 12,000 ചതുരശ്ര അടി, അഞ്ച് ബെഡ്‌റൂമും ഉള്ളതാണ് ഈ വീട്.  ഈ വീട് തന്നെയാണ് എഫ്ടിഎക്സിന്റെ ഓഫിസായി പ്രവർത്തിക്കുന്നതും. കഴിഞ്ഞ ആഴ്‌ചയാണ് പെന്റ്‌ഹൗസ് വിൽപനയ്‌ക്ക് വച്ചത്. എന്നാൽ വീടിന്റെ ഉടമയുടെ പേര് നൽകാൻ വിസമ്മതിച്ചു. സാമും കൂടെ ഒൻപത് പേരുമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്.

 

എഫ്ടിഎക്സ് സിഇഒ സാം ബാങ്ക്മാന്‍-ഫ്രൈഡിന്റെ ആസ്തി മൊത്തം നഷ്ടപ്പെടുകയും അദ്ദേഹം ഒളിവിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദിവസങ്ങൾക്ക് മുൻപ് വരെ 1600 കോടി ഡോളർ ആസ്തിയുണ്ടായിരുന്ന സാമിന് ഒറ്റരാത്രികൊണ്ടാണ് എല്ലാം നഷ്ടപ്പെട്ടത്. ആസ്തിയെല്ലാം നഷ്ടപ്പെട്ട സാം സ്വകാര്യ വിമാനത്തിൽ അർജന്റീനയിലേക്ക് മുങ്ങിയെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. സാമിന്റെ സ്വകാര്യ വിമാനം ട്രാക്ക് ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ടെന്ന് ഫ്ലൈറ്റ്റഡാർ24 ഡോട്ട് കോമും ട്വീറ്റ് ചെയ്തിരുന്നു.

 

∙ സാമിന് സംഭവിച്ചതെന്ത്?

 

1600 കോടി ഡോളര്‍ ആസ്തിയുള്ള വ്യക്തി ദിവസങ്ങള്‍ക്കുള്ളില്‍ കയ്യിലൊന്നുമില്ലാതെ പാപ്പരാകുക എന്നത് അങ്ങനെ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. അതാണ് എഫ്ടിഎക്‌സ് കമ്പനിയുടെ സഹ സ്ഥാപകന്‍ സാം ബാങ്ക്മാന്‍-ഫ്രൈഡിന്റെ കാര്യത്തില്‍ സംഭവിച്ചത്. ക്രിപ്‌റ്റോ ചക്രവര്‍ത്തിയായിരുന്നു സാം. കമ്പനി തകര്‍ന്നതോടെ പാപ്പര്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് സാം. കമ്പനിയുടെ ഉയര്‍ച്ചയുടെ സമയത്ത് സാമിന്റെ ആസ്തി 2600 കോടി വരെ ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ സാമിന്റെ ആസ്തി 1600 കോടി ഡോളറായിരുന്നു എന്നും റോയിട്ടേഴ്‌സ് പറയുന്നു.

 

സാമിന്റെ ആസ്‌തിയുടെ 94 ശതമാനം നഷ്ടപ്പെട്ടത് ക്രിപ്റ്റോ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ക്രിപ്‌റ്റോ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ‘ദുരന്തം’ എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതോടെ സാം ബാങ്ക്മാന്‍- സിഇഒ പദവി രാജിവച്ച് പാപ്പർ ഹർജി ഫയല്‍ചെയ്തു. കമ്പനിക്ക് കീഴിലുള്ള ട്രേഡിങ് പ്ലാറ്റ്‌ഫോം അല്‍മേദ റിസര്‍ച്ച് തകര്‍ന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മുഖ്യ കാരണം. നവംബര്‍ രണ്ടിന് അല്‍മേദയിലെ പ്രതിസന്ധികള്‍ കോയിന്‍ഡെസ്‌ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

വൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചില കമ്പനികളോട് എഫ്‌ടിഎക്‌സ്‌ സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും പെട്ടെന്നുള്ള വീഴ്ച ഒഴിവാക്കാനായില്ല. ഇതിനിടെ ബിനാന്‍സ് എഫ്ടിഎക്‌സിനെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നാലെ അവരും പിൻമാറി. ഇതോടെയാണ് സാമിന്റെയും കമ്പനിയുടേയും ആസ്തി കുത്തനെ ഇടിഞ്ഞത്. നിക്ഷേപത്തിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണം വന്നതോടെ യുഎസ്‌ ഏജൻസികൾ എഫ്ടിഎക്‌സിനെതിരെ അന്വേഷണവും തുടങ്ങി.

 

കമ്പനി വൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് കണ്ടതോടെ ക്രിപ്‌റ്റോ ടോക്കണ്‍ എഫ്ടിടി നിക്ഷേപകരെല്ലാം പിന്‍വലിക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെ എഫ്ടിടിയുടെ മൂല്യം 72 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ നവംബര്‍ 10ന് എഫ്ടിഎക്‌സ് എല്ലാ ഇടപാടുകളും നിര്‍ത്തിവച്ചതായി അറിയിച്ചു. എഫ്ടിഎക്‌സിനെ വിശ്വസിച്ച് ഉപഭോക്താക്കള്‍ നിക്ഷേപിച്ച പണം മറ്റു ആവശ്യങ്ങള്‍ക്കായി അല്‍മേദ ഉപയോഗിച്ചെന്നും ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നും റിപ്പോർട്ടുകളുണ്ട്. എഫ്ടിഎക്‌സ് 1000 കോടി ഡോളറാളോം അല്‍മേദയ്ക്ക് നല്‍കിയത് എന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. 2019 ലാണ് ഗൂഗിൾ ജീവനക്കാരനായിരുന്ന ഗ്യാരി വാങ്ങുമായി ചേര്‍ന്ന് സാം ക്രിപ്റ്റോ എക്സ്ചേഞ്ച്‌ സ്ഥാപനമായ എഫ്ടിഎക്സ് തുടങ്ങുന്നത്.

 

English Summary: Sam Bankman-Fried’s $40m Bahamas penthouse reportedly up for sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com