ഖത്തർ ലോകകപ്പ്: സെമി ഓട്ടമേറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജി ചതിക്കുമോ?

var-room-fifa
Photo: FIFA
SHARE

ഇത്തവണത്തെ ലോകകപ്പില്‍ ഉപയോഗിക്കുന്ന ഫുട്‌ബോള്‍ വെറുതെ കിക്കു കൊള്ളുക മാത്രമായിരിക്കില്ല, സെക്കന്‍ഡില്‍ 500 തവണ ഡേറ്റ കൈമാറുകയും ചെയ്യും. ഫുട്‌ബോളില്‍ തന്നെ പിടിപ്പിച്ചിരിക്കുന്ന സെന്‍സറില്‍ നിന്നായിരിക്കും ഡേറ്റാ കൈമാറ്റം. കൂടാതെ, ഓരോ എയര്‍കണ്ടിഷന്‍ ചെയ്ത സ്റ്റേഡിയത്തിന്റെയും ഗാലറിയുടെ മര്‍മ്മപ്രധാനമായ സ്ഥാനങ്ങളില്‍ നിരവധി ക്യാമറകളും വച്ചിട്ടുണ്ട്. ഇവയെല്ലാം കളിയുടെ നിർണായക സംഭവങ്ങൾ പകർത്തി, ആ ഡേറ്റാ കൈമാറുന്നതിന് വേണ്ടിയുള്ളതാണ്.

∙ 29 ഒപ്ടിക്കല്‍ ട്രാക്കിങ് ഡേറ്റാ പോയിന്റുകളുടെ അടിസ്ഥാനത്തില്‍ നിരീക്ഷിക്കും

ഈ സംവിധാനം ഓരോ കളിക്കാരനെയും 29 ഒപ്ടിക്കല്‍ ട്രാക്കിങ് ഡേറ്റാ പോയിന്റുകളുടെ അടിസ്ഥാനത്തില്‍ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കും. ഇതാണ് വിഡിയോ അസിസ്റ്റഡ് റഫറി (VAR വാര്‍) സിറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യ. ഈ സിസ്റ്റം സെക്കന്‍ഡില്‍ 50 എന്ന നിരക്കിലായിരിക്കും ഡേറ്റ പോയിന്റുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുക. അതുവഴി കളിക്കാരന്‍ കൃത്യമായി ഏതു സ്ഥലത്താണ് ഒരു സമയത്ത് ഉണ്ടായിരുന്നതെന്ന് വ്യക്തമായി അറിയാന്‍ കഴിയും. കളിക്കാരൻ ഓഫ്‌സൈഡാകുമ്പോൾ തന്നെ വിഡിയോ ഓപ്പറേറ്ററുടെ ശ്രദ്ധയില്‍ പെടുത്തുകയാണ് വാര്‍ സംവിധാനത്തിന്റ കടമ.

∙ വാറും വിവാദവും

കളിക്കാരന്‍ ഓഫ്‌സൈഡ് ആണോ എന്നറിയാനുള്ള, സെമി ഓട്ടമേറ്റഡ് സാങ്കേതികവിദ്യയാണ് വാര്‍. പൊതുവെ തരക്കേടില്ലാത്ത പ്രകടനമാണ് 2018ലെ വേള്‍ഡ് കപ്പില്‍ വാര്‍ നടത്തിയതെങ്കിലും ഫൈനലില്‍ കല്ലുകടിയുമായി. ഈ സാങ്കേതികവിദ്യ യൂറോപ്യന്‍ ഫുട്‌ബോളിലും സജീവമാണ്. ഖത്തര്‍ ലോകകപ്പില്‍ ഇതിന്റെ പ്രകടനം എങ്ങനെയായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. അതേസമയം, വിവാദങ്ങളും വാറിന്റെ കൂട്ടാണ്.

∙ ഫൈനലിലെ വിവാദ തീരുമാനം

കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയുടെ നെഞ്ചു തകര്‍ത്ത തീരുമാനം റഫറി നെസ്റ്റര്‍ പിറ്റാന എടുത്തത് വാര്‍ സ്‌ക്രീനില്‍ നോക്കി ഉറപ്പിച്ച ശേഷമാണ്. ക്രൊയേഷ്യയുടെ ഇവാന്‍ പെറിസിചിന്റെത് അറിയാതെ സംഭവിച്ച ഹാന്‍ഡ്‌ബോള്‍ ആണെന്നു വ്യക്തമായിട്ടും പലരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു റഫറിയുടെ വിധി. ഈ തീരുമാനം കണ്ട ഐറിഷ് ഫുട്‌ബോള്‍ വിദഗ്ധനും മുന്‍ പ്രൊഫഷണല്‍ കളിക്കാരനുമായ റോയി കീന്‍ 'അരോചകം' എന്നായിരുന്നു പ്രതികരിച്ചത്.

∙ വിവാദങ്ങള്‍ വിട്ടൊഴിയാതെ വാര്‍

നാലു വര്‍ഷം കഴിഞ്ഞെങ്കിലും വാര്‍ ഇപ്പോഴും ഒരു വിവാദ വിഷയം തന്നെയാണ്. കാണികള്‍ക്ക് പലപ്പോഴും വാര്‍ അരോചകമാണ്. ഇതിനായി ധാരാളം സമയം കളി നിർത്തിവയ്‌ക്കേണ്ടിവരുന്നു എന്നതാണ് കാരണം. അതു പോരെങ്കില്‍ തീരുമാനത്തില്‍ പലപ്പോഴും വ്യക്തതക്കുറവും ഉണ്ട്. ഇനി അതും പോരെങ്കില്‍ ഇവാന്‍ പെറിസിചിന്റെ കാര്യത്തില്‍ സംഭവിച്ചതു പോലെ പാടെ തെറ്റായ അന്തിമ തീരുമാനം പോലും ഉണ്ടാകുന്നു.

∙ ഇത്തവണ മാറ്റമുണ്ടാകുമെന്ന് ഫിഫ പ്രസിഡന്റ്

ഇത്തരം സാങ്കേതികവിദ്യകള്‍ക്ക് ക്രമേണ മികവു വര്‍ധിക്കാം. ഇത്തവണ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വാര്‍ കൂടുതല്‍ വേഗമാര്‍ന്നതും കൃത്യതയുള്ളതുമായിരിക്കും എന്നാണ് ഫിഫ ഊന്നിപ്പറയുന്നത്. ഈ മാറ്റങ്ങളെല്ലാം വരുന്ന ദിവസങ്ങളില്‍ കണ്ടുതന്നെ അറിയാമെന്നാണ് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ പറയുന്നത്.

∙ ഇത്തവണ കളി മാറും

ഓഫ്‌സൈഡ് കണ്ടെത്തി കഴിഞ്ഞാല്‍ വാര്‍ റഫറി അത് വീണ്ടും കണ്ട് ഉറപ്പാക്കും. എവിടെ വച്ചാണ് കിക് ഉണ്ടായതെന്നും ഓഫ് സൈഡ് ആണോ എന്നതുമെല്ലാം വിലയിരുത്തിയ ശേഷം തന്റെ കണ്ടെത്തല്‍ ഗ്രൗണ്ടിലെ റഫറിക്കു പറഞ്ഞുകൊടുക്കും. ഫിഫ പറയുന്നത് ഇതിനൊക്കെ ഇത്തവണ നിമിഷ സമയമെടുക്കൂ എന്നാണ്. അന്തിമ തീരുമാനം എടുത്തുകഴിഞ്ഞാല്‍ ഗ്രൗണ്ടില്‍ നടന്ന കാര്യങ്ങള്‍ വിശദമായി തന്നെ 3ഡി അനിമേഷനായും കാണിക്കും. ഇത് ഗ്രൗണ്ടിലുള്ള സ്‌ക്രീനിലും സ്ട്രീം ചെയ്യും.

∙ സെമി ഓട്ടമേറ്റഡ് വാര്‍ ഫിഫയ്ക്ക് ലഭിക്കുന്നത് 2019ല്‍

റഷ്യയിലെ ലോകകപ്പ് കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമാണ് സെമി ഓട്ടമേറ്റഡ് വാര്‍ ഫിഫയ്ക്ക് ലഭിക്കുന്നത്. 2021ല്‍ ഖത്തറില്‍ നടന്ന അറബ് കപ്പില്‍ ഇത് പരീക്ഷിക്കുകയും ചെയ്തു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ ഈ വര്‍ഷം ആദ്യം നടന്ന 'ക്ലബ് ലോകകപ്പി'ലും ഇത് പരീക്ഷിച്ചിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിയാഡ് സ്റ്റേഡിയത്തിലും സെമി ഓട്ടമേറ്റഡ് വാര്‍ സിസ്റ്റം പരീക്ഷിച്ചിരുന്നു.

∙ ഓഫ്‌സൈഡ് നോട്ടത്തിനു പുറമെയും വാറിന് 'ഡ്യൂട്ടി'

അതേസമയം, ഓഫ്‌സൈഡിന്റെ കാര്യത്തില്‍ മാത്രം തീരുമാനം എടുക്കാനല്ല വാര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുക. കളിയുടെ ഫലത്തെ ബാധിച്ചേക്കാവുന്ന സന്ദര്‍ഭങ്ങള്‍ക്ക് വ്യക്തത വരുത്തുക എന്നതും വാറിന്റെ കടമകളില്‍ പെടും. ഉദാഹരണത്തിന് ഗോളുകളും പെനാല്‍റ്റി തീരുമാനങ്ങളും വീണ്ടും പരിശോധിക്കാനും വാര്‍ പ്രയോജനപ്പെടുത്തും. റെഡ് കാര്‍ഡ് കാണിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളെയും വിശകലനം നടത്തും. ഇത്തരം റിവ്യുകള്‍ സ്റ്റേഡിയത്തിലും പുറത്തും ഇരുന്ന് കളി കാണുന്നവര്‍ക്ക് കാണാനാകും.

∙ പന്തിനുള്ളിലെ സാങ്കേതികവിദ്യ

ഇത്തവണത്തെ ലോകകപ്പില്‍ ഉപയോഗിക്കുന്ന പന്തുകളിലെ സാങ്കേതികവിദ്യ സെമി-ഓട്ടമേറ്റഡ് ഓഫ്‌സൈഡ് തീരുമാനങ്ങള്‍ പരമാവധി പിഴവില്ലാതാക്കാൻ ഉപകരിക്കും. ബോളിന് എപ്പോഴാണ് കിക്ക് ഏറ്റതെന്ന കാര്യം ഓഫ്‌സൈഡ് തീരുമാനത്തെ സംബന്ധിച്ച് നിര്‍ണായകമാണല്ലോ. ബോളിന്റെ പേര് അല്‍ റിഹ്‌ല (Al Rihla) എന്നാണ്. ഇതിന്റെ അര്‍ഥം യാത്ര എന്നാണ്. പ്രശസ്ത സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാവ് അഡിഡാസ് തന്നെയാണ് അല്‍ റിഹ്‌ലയുടെ നിർമാതാക്കൾ.

∙ കിക് പോയിന്റ് എവിടെയായിരുന്നു?

അല്‍ റിഹ്‌ലയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സെന്‍സര്‍ സെക്കന്‍ഡില്‍ 500 തവണയായിരിക്കും ഡേറ്റ വിഡിയോ ഓപ്പറേഷന്‍സ് കേന്ദ്രത്തിലേക്ക് നല്‍കുക. ഈ സാങ്കേതിക വിദ്യയായിരിക്കും ഓഫ്‌സൈഡ് സിറ്റത്തിന്, ഓരോ കളിക്കാരന്റെയും കൈകാലുകള്‍ എവിടെയായിരുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ ഡേറ്റ വിശകലനം ചെയ്യുമ്പോള്‍ ഉപകരിക്കുക. കിക് പോയിന്റ് എവിടെയായിരുന്നു എന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍ണയിക്കുന്നതിനും ഈ ഡേറ്റ ഉപകരിക്കും. പ്രധാന വാര്‍ റഫറിക്കായിരിക്കും ഇത് ഉപയോഗിച്ച തീരുമാനം എടുക്കാന്‍ സാധിക്കുക.

∙ തെറ്റായ രീതിയില്‍ ഗോള്‍ അടിക്കുന്നത് ഇല്ലാതാക്കും

സദാ ജാഗ്രത പുലര്‍ത്തുന്ന വാര്‍ സിസ്റ്റം തെറ്റായുള്ള ഗോള്‍ അടിക്കല്‍ ഇല്ലാതാക്കുമെന്നാണ് ഫിഫയുടെ പ്രതീക്ഷ. ഈ സിസ്റ്റം 2018ല്‍ തന്നെ മികച്ചതായിരുന്നു എന്നും ഇത്തവണ കൂടുതല്‍ മികവുറ്റ പ്രകടനം നടത്തുമെന്നും ഫിഫ പ്രതീക്ഷിക്കുന്നു. ഇത്തവണത്തെ സെമി ഓട്ടമേറ്റഡ് വാര്‍ സംവിധാനം താമസിക്കാതെ ലോകമെമ്പാടും പ്രചരിക്കപ്പെടുമെന്നും സംഘടനയുടെ അധികാരികള്‍ കരുതുന്നു. മൂന്നു വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമാണ് 2018ലേതിനേക്കാള്‍ മികവ് വാര്‍ സിസ്റ്റത്തിലേക്ക് എത്തിക്കുന്നത്. ഫുട്‌ബോളിനെ എല്ലാത്തരത്തിലും മികവുറ്റതാക്കുന്നതിന് വാര്‍ ഉപകരിക്കുമെന്നും സംഘടന കരുതുന്നു. പ്രീമിയര്‍ ലീഗിലും അടുത്ത വര്‍ഷം മുതല്‍ വാര്‍ എത്തിയേക്കും. അതേസമയം, വാര്‍ ഒരു വിജയമായിരിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍.

English Summary: What to know about video review at the World Cup

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA