ADVERTISEMENT

ആര്‍ഐപിട്വിറ്റര്‍! (RIPTwitter) ആരാണോ അവസാനം ട്വീറ്റു ചെയ്യുന്നത് അയാള്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ മറക്കരുതെന്നാണ് കമ്പനിയുടെ പുതിയ ഉടമ ഇലോണ്‍ മസ്‌ക് ട്വീറ്റു ചെയ്തത്. ഇന്നോ നാളെയോ ട്വിറ്റര്‍ അടച്ചു പൂട്ടുമെ‌ന്നതിന്റെ സൂചനയായാണ് ഇതെന്നും പലരും പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍, വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടിൽ പറയുന്നത് ട്വിറ്റര്‍ ഇന്നോ നാളെയോ മരിച്ചേക്കില്ല, മറിച്ച് അടുത്ത ദിവസങ്ങളില്‍ കുറച്ചു സമയത്തേക്ക് പ്രവര്‍ത്തനം തടസപ്പെട്ടേക്കുമെന്നാണ്. ലോകകപ്പ് ട്വീറ്റുകളുടെ കുത്തൊഴുക്കു തുടങ്ങുന്നതാണ് ഇതിന് കാരണമായി പറയുന്നത്. ട്വിറ്റര്‍ നടത്തിക്കൊണ്ടു പോകാന്‍ കുറച്ച് ജോലിക്കാരെ ഉള്ളു. ഇപ്പോള്‍ എത്ര പേര്‍ ട്വിറ്ററിലുണ്ടെന്നു പോലും വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

∙ കുറച്ചു സ്റ്റാഫിനെ വച്ചും പ്രവര്‍ത്തിപ്പിക്കാം

അതേസമയം, ഇനി ട്വിറ്ററിലുള്ളത് 1,000 മുതല്‍ 2,000 വരെ ജോലിക്കാരാണെങ്കില്‍ പോലും അതുവച്ച് കമ്പനി നടത്തിക്കൊണ്ടു പോകാന്‍ സാധിക്കുമെന്ന് പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന് 2014ല്‍ ഫെയ്‌സ്ബുക് ഏറ്റെടുക്കുമ്പോള്‍ വാട്‌സാപ്പില്‍ കേവലം 55 എൻജിനീയര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് വാട്‌സാപ്പിന് ഏകദേശം 45 കോടി ഉപയോക്താക്കളും ഉണ്ടായിരുന്നു. ട്വിറ്ററിനിപ്പോള്‍ ഉള്ളത് ഏകദേശം 30 കോടി ഉപയോക്താക്കള്‍ മാത്രമാണെന്നും പോസ്റ്റ് പറയുന്നു. പക്ഷേ, വാട്‌സാപ്പിന് അക്കാലത്ത് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ പരിമിതികള്‍ ഉണ്ടായിരുന്നു എന്ന കാര്യം വിസ്മരിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

∙ ടയര്‍ മാറ്റാന്‍ കൊണ്ടുചെന്ന കാറിന്റെ എൻജിനടക്കം മാറ്റിവയ്ക്കുന്നു

ടയര്‍ പൊട്ടി എന്നു പറഞ്ഞ് കൊണ്ടുചെന്ന കാറിന്റെ എൻജിനും, ടൈമിങ് ബെല്‍റ്റും, ബോഡിയും, കാറിന്റെ മൊത്തം ഫ്രെയിമും മാറ്റിവയ്ക്കുന്ന മെക്കാനിക്കിനെ പോലെയാണ് മസ്‌ക് ട്വിറ്ററിനോട് പെരുമാറുന്നതെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. ഇത് തീര്‍ത്തും അനാവശ്യമാണെന്നും തിരിച്ചടിയാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

∙ കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കുമോ?

മസ്‌ക്കിന്റെ ചില ട്വീറ്റുകള്‍ ട്വിറ്ററിനു ഇപ്പോള്‍ ലഭിക്കുന്ന വരുമാനം പോലും ഇല്ലാതാക്കാന്‍ മാത്രമാണ് ഉപകരിക്കുക എന്നും പറയുന്നു. കാരണം, പൂട്ടാന്‍ പോകുന്ന കമ്പനിയില്‍ ആരാണ് പൈസ നല്‍കി പരസ്യമിടാന്‍ പോകുന്നത്? നേരത്തെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ കരാറിലെത്തിയ ശേഷം പിന്‍വലിഞ്ഞ മസ്‌ക് പറഞ്ഞത് ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകളുടെ പ്രളയമാണെന്നാണ്. എന്തായാലും ട്വിറ്റര്‍ പൂട്ടാന്‍ സാധിച്ചാല്‍ മസ്‌കിന് ആ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചതായി ആശ്വസിക്കാമെന്നാണ് മറ്റൊരു കമന്റ്.

∙ ട്വിറ്റര്‍ ശുദ്ധീകരണം കഴിഞ്ഞു

അതേസമയം, ട്വിറ്റര്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഒരു പറ്റം എൻജിനീയര്‍മാരെ മസ്‌ക് കമ്പനിയിലെത്തിച്ചിരുന്നു. ഇവര്‍ നടത്തിയ ശുദ്ധികലദൗത്യം ഏകദേശം അവസാനിച്ചെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ശ്രീറാം കൃഷ്ണന്‍ അടക്കമുള്ളവരുടെ സാന്നിധ്യമാണ് ഇപ്പോള്‍ കുറഞ്ഞുവന്നിരിക്കുന്നത്.

∙ ലോകകപ്പ് കാണാന്‍ ട്വിറ്ററിലേക്കു വരണമെന്ന് മസ്‌ക്

ഖത്തർ ലോകകപ്പിലെ ആദ്യ മത്സരം ഞായറാഴ്ച നടക്കും! ഏറ്റവും നല്ല കവറേജ് വേണ്ടവര്‍ ട്വിറ്ററില്‍ വരണം. തത്സമയ കമന്ററി ഉണ്ടായിരിക്കുമെന്നും തന്റെ ഉദ്ദശലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കാത്ത, ആര്‍ക്കും പിടികൊടുക്കാത്ത മസ്‌ക് ട്വീറ്റു ചെയ്തു.

∙ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കി സക്കര്‍ബര്‍ഗ്

മെറ്റാ കമ്പനി 11,000 ജോലിക്കാരെ പിരിച്ചുവിടുന്നുവെന്ന വാര്‍ത്ത വന്നതോടെ കമ്പനിയുടെ നിക്ഷേപകര്‍ക്ക് നിരാശ തോന്നിയിട്ടുണ്ടെങ്കില്‍ അതു മാറ്റാനുള്ള ശ്രമത്തിലാണ് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. മെറ്റായുടെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത് കമ്പനിയുടെ ഏറ്റവും വിലിയ പദ്ധതിയായ മെറ്റാവേഴ്‌സ് അടുത്തെങ്ങും ഒരു ചലനവും ഉണ്ടാക്കിയേക്കില്ലെന്നാണ്. ഈ ആശങ്കകള്‍ക്ക് പരിഹാരമായാണ് സക്കര്‍ബര്‍ഗിന്റെ പുതിയ പ്രസ്താവനകള്‍. അദ്ദേഹം പറയുന്നത് മെറ്റാവേഴ്‌സ് ദീര്‍ഘകാലാടിസ്ഥാനത്തിലെ വിജയത്തിലെത്തൂ എന്നാണ്. അതേസമയം, സമീപഭാവിയില്‍ കമ്പനിയുടെ അടുത്ത കുതിപ്പ് സമ്മാനിക്കാന്‍ പോകുന്നത് ഫെയ്‌സ്ബുക് മെസഞ്ചറും വാട്‌സാപ്പും വഴിയുള്ള ബിസിനസ് ചാറ്റുകള്‍ ആയിരിക്കുമെന്നാണ് പറയുന്നത്.

∙ വണ്‍പ്ലസ് 11ന് 2കെ സ്‌ക്രീന്‍?

പല ഇന്ത്യക്കാരും താത്പര്യം കാണിക്കുന്ന സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ വണ്‍പ്ലസിന്റെ അടുത്ത പ്രീമിയം മോഡലിനെക്കുറിച്ചുള്ള ചില സൂചനകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചു തുടങ്ങി. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഫോണ്‍ പുറത്തിറക്കാന്‍ പോകുന്ന വണ്‍പ്ലസ് 11 മോഡലിന് 6.7 ഇഞ്ച് വലുപ്പമുള്ള 2കെ (3216×1440 പിക്‌സല്‍സ്) റെസലൂഷനുള്ള സ്‌ക്രീനായിരിക്കും ലഭിക്കുക എന്ന് ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസറായിരിക്കാം ഫോണിന്റെ കരുത്ത്.

∙ പിന്നില്‍ ട്രിപ്പിള്‍ ക്യാമറ

വണ്‍പ്ലസ് 11 ഫോണിന് പിന്നില്‍ ശക്തമായ ഒരു ട്രിപ്പിള്‍ ക്യാമറാ സെറ്റ്-അപ് പ്രതീക്ഷിക്കാമെന്നാണ് പറയുന്നത്. ഫോണിന്റെ 50 എംപി പ്രധാന സെന്‍സറിനും 48 എംപി അള്‍ട്രാ വൈഡ് സെന്‍സറിനുമൊപ്പം ഒരു 32 എംപി ടെലി ലെന്‍സും ഉണ്ടായേക്കുമെന്നു കേള്‍ക്കുന്നു. പ്രധാന സെന്‍സര്‍ വണ്‍പ്ലസ് 10 പ്രോയില്‍ കണ്ട സോണി ഐഎംഎക്‌സ്615 ആയിരിക്കാമെന്നും ശ്രുതിയുണ്ട്. അതേസമയം, ഫോണിന് 5000 എംഎഎച് ബാറ്ററിയും 100w ഫാസ്റ്റ് ചാര്‍ജിങ് ശേഷിയും ലഭിച്ചേക്കും.

∙ 100,000 പേരെ ജോലിക്കെടുക്കാൻ ഫോക്‌സ്‌കോണ്‍

ലോകമെമ്പാടുമുള്ള കമ്പനികള്‍ വ്യാപകമായ പിരിച്ചുവിടല്‍ നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ക്കായി ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന തയ്‌വാനിസ് കമ്പനിയായ ഫോക്‌സ്‌കോണ്‍ 100,000 പേരെ ഉടനെ ജോലിക്കെടുക്കാന്‍ ഒരുങ്ങുകയാണെന്ന് യികായിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ചൈനയിലെ സെങ്ഷൗ (Zhengzhou) പ്ലാന്റിലേക്കായിരിക്കും പുതിയ ജോലിക്കാരെ നിയമിക്കുക. ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണ ഫാക്ടറിയാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. കോവിഡ്-19 തിരിച്ചുവരുന്നതോടെ കുറെ ജോലിക്കാര്‍ പണി നിർത്തി പോയത് ഫോക്‌സ്‌കോണിന് തിരിച്ചടിയായിരുന്നു. ഇതോടെ ഐഫോണ്‍ നിര്‍മാണം അവതാളത്തിലാകുമോ എന്ന സംശയം ഉയര്‍ന്നിരുന്നു.

∙ തദ്ദേശ ഭരണകൂടവും ജോലിക്കു ചേരാന്‍ ആവശ്യപ്പെടുന്നു

എന്തായാലും കൂടുതല്‍ ജോലിക്കാര്‍ എത്തുന്നതോടെ ഫോക്‌സ്‌കോൺ വീണ്ടും സജീവമായേക്കും. ഹെനാന്‍ പ്രവശ്യയിലെ പ്രാദേശിക ഭരണകൂടവും റിട്ടയര്‍ ചെയ്ത പട്ടാളക്കാരോടും സർക്കാർ ഉദ്യോഗസ്ഥരോടും ഫോക്‌സ്‌കോണില്‍ ഒഴിവുള്ള തസ്തികളില്‍ ജോലിക്കു ചേരാന്‍ ആഹ്വാനം ചെയ്യുന്നുമുണ്ട്. ഏകദേശം 200,000 ജോലിക്കാരായിരുന്നു ഈ പ്ലാന്റില്‍ ജോലിയെടുത്തിരുന്നത്.

foxconn-
Photo: FOXCONN

∙ ഷഓമിയുടെ പുതിയ ലാപ്‌ടോപ്പുകള്‍ ഉടന്‍

ചൈനീസ് കമ്പനിയായ ഷഓമി പുതിയ രണ്ടു ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്ന് ടിപ്സ്റ്റര്‍ ഇഷാന്‍ അഗര്‍വാള്‍ അവകാശപ്പെടുന്നു. ഷഓമി നോട്ട്ബുക്ക് പ്രോ മാക്‌സ്, നോട്ട്ബുക്ക് അള്‍ട്രാ മാക്‌സ് എന്ന പേരുകളിലായിരിക്കും ഇവ എത്തുക. അടുത്തിടെയാണ് കമ്പനി നോട്ട്ബുക്ക് പ്രോ 120, നോട്ട്ബുക്ക് പ്രോ 120ജി എന്നീ മോഡലുകള്‍ അവതരിപ്പിച്ചത്. ഇവയുടെ വില യഥാക്രമം 69,999 രൂപ, 74,999 രൂപ എന്നിങ്ങനെയാണ്. ഇവയേക്കാള്‍ അല്‍പം കൂടി മികച്ച ലാപ്‌ടോപ്പുകള്‍ ആയിരിക്കാം ഇനി ഇറക്കുക.

English Summary: Whoever Tweets Last, Don’t Forget to Turn Off the Lights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com