ADVERTISEMENT

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ എയർടെൽ 28 ദിവസത്തെ മൊബൈൽ റീചാർജ് നിരക്കുകൾ കുത്തനെ കൂട്ടി. പ്രതിമാസ പ്ലാനിനുള്ള മിനിമം റീചാർജ് നിരക്ക് ഏകദേശം 57 ശതമാനം വർധിപ്പിച്ച് 155 രൂപയാക്കി. കമ്പനിയുടെ വെബ്‌സൈറ്റും വിശകലന വിദഗ്ധരും പറയുന്നതനുസരിച്ച് നിലവിൽ ഹരിയാനയിലും ഒഡീഷയിലുമാണ് നിരക്ക് കൂട്ടിയിരിക്കുന്നത്. വൈകാതെ തന്നെ മറ്റു സർക്കിളുകളിലും ഇത് നടപ്പിലാക്കിയേക്കുമെന്നും സൂചനയുണ്ട്.

 

നിലവിൽ 99 രൂപയായിരുന്നു മിനിമം റീചാർജ് പ്ലാൻ നിരക്ക്. 99 രൂപയ്ക്ക് 200 എംബി ഡേറ്റയും സെക്കൻഡിന് 2.5 പൈസ നിരക്കിൽ കോളുകളും ലഭിച്ചിരുന്നു. എന്നാൽ ഹരിയാനയിലെയും ഒഡീഷയിലെയും എയർടെൽ വരിക്കാർ ഇപ്പോൾ പ്രതിമാസം മിനിമം 155 രൂപയ്ക്ക് റീചാർജ് ചെയ്യണം. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, 1 ജിബി ഡേറ്റ, 300 എസ്എംഎസുകൾ ലഭിക്കും. 

 

അതേസമയം, ലഭ്യമായ സ്രോതസ്സുകൾ പറയുന്നതനുസരിച്ച് കമ്പനി പുതിയ പ്ലാനിന്റെ പരീക്ഷണം ആരംഭിച്ചുവെന്നും ഇതിന്റെ പ്രതികരണത്തെ അടിസ്ഥാനമാക്കി രാജ്യത്തുലുടനീളം ഇത് വ്യാപിപ്പിക്കാൻ സാധ്യതയുണ്ട് എന്നുമാണ്. 28 ദിവസത്തെ 155 രൂപയ്ക്ക് താഴെയുള്ള എല്ലാ കോളിങ് പ്ലാനുകളും എസ്എംഎസും ഡേറ്റയും അവസാനിപ്പിക്കാൻ സാധ്യതയുണ്ട്. പ്രതിമാസ പ്ലാനിൽ എസ്എംഎസ് സേവനം ലഭിക്കുന്നതിന് പോലും ഒരു ഉപഭോക്താവ് അവരുടെ മൊബൈൽ ഫോൺ അക്കൗണ്ട് റീചാർജ് ചെയ്യേണ്ടിവരും.

 

എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങൾ എയർടെല്ലിന് അയച്ച ഇമെയിലിന് മറുപടിയൊന്നും നൽകിയിട്ടില്ല. ഹരിയാന, ഒഡീഷ സർക്കിളുകളിൽ എയർടെൽ ഒരു മാർക്കറ്റ്-ടെസ്റ്റിങ് താരിഫ് വർധന ആരംഭിച്ചിട്ടുണ്ടെന്നും ഈ നീക്കം അതിന്റെ കണക്കുകൂട്ടലുകളിൽ വലിയ അപകടസാധ്യതയുണ്ടെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് പറഞ്ഞു. മിനിമം നിരക്ക് 99 രൂപയിലേക്ക് മാറ്റിയപ്പോഴും എയർടെൽ ഇതേ മാർക്കറ്റിങ് തന്ത്രമായിരുന്നു പരീക്ഷിച്ചിരുന്നത്.

 

മുൻപത്തെ 99 രൂപയുടെ റീചാർജിന് 99 രൂപ ടോക്ക്-ടൈം മൂല്യവും 28 ദിവസത്തേക്ക് സാധുതയുള്ള 200എംബി വളരെ പരിമിതമായ ഡേറ്റയും ഉണ്ടായിരുന്നു. ഇതിന് വിരുദ്ധമായി, ഇപ്പോൾ സ്വീകരിച്ച 155 രൂപയുടെ മിനിമം റീചാർജ് പ്ലാനിൽ അൺലിമിറ്റഡ് കോളും 1 ജിബി ഡേറ്റ അലവൻസും 300 എസ്എംഎസുകളും ലഭിക്കും. ഇത് മിനിമം റീചാർജ് മൂല്യത്തിൽ 57 ശതമാനം വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇത് വലിയൊരു വിഭാഗം വരിക്കാരെ ബാധിക്കുമെന്നും ഗവേഷണ വിശകലന വിദഗ്ധരായ സഞ്ജേഷ് ജെയിൻ, ആകാശ് കുമാർ എന്നിവർ തയാറാക്കിയ ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

 

English Summary: Bharti Airtel Rolls Out Minimum Monthly Prepaid Recharge Plan at Rs. 155

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com