ADVERTISEMENT

ഐഫോണ്‍ 10 നു ശേഷം കെട്ടിലും മട്ടിലും ഏറ്റവുമധികം മാറ്റങ്ങള്‍ കൊണ്ടുവരുന്ന മോഡലായേക്കാം ഐഫോണ്‍ 15 പ്രോ എന്നാണ് സൂചന. ഐഫോണ്‍ 14 മോഡലുകളോട് ആളുകള്‍ക്കുള്ള താത്പര്യക്കുറവും 14 പ്രോ മോഡലുകളോടുള്ള അമിതതാത്പര്യവും കണ്ടതിനാലായിരിക്കാം പ്രോ മോഡലുകളെ തന്നെ വേര്‍തിരിക്കുകയോ ഐഫോണ്‍ 15 അള്‍ട്രാ എന്നൊരു പുതിയ മോഡല്‍ അവതരിപ്പിക്കുകയോ ചെയ്യാനുള്ള സാധ്യത ആപ്പിള്‍ ആരായുന്നത് എന്നാണ് സൂചന.

∙ പുതിയ സൂപ്പര്‍ ഫീച്ചറുകള്‍ അള്‍ട്രായില്‍ മാത്രമായി ഒതുക്കുമോ?

അടുത്ത വര്‍ഷം, ഐഫോണ്‍ 15 പ്രോ, 15 അള്‍ട്രാ എന്നീ പേരുകളില്‍ ആയിരിക്കാം ഫോണുകള്‍ അവതരിപ്പിക്കുക. അല്ലെങ്കില്‍ ഐഫോണ്‍ 15 പ്രോ, 15 പ്രോ മാക്‌സ്, ഐഫോണ്‍ അള്‍ട്രാ എന്നീ മോഡലുകളും വില കുറഞ്ഞ ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളും ഇറക്കിയേക്കാം. പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഹാര്‍ഡ്‌വെയര്‍ ബട്ടണുകൾ ഇല്ലാത്തതായിരിക്കും ഐഫോണ്‍ പ്രോ മോഡലുകൾ എന്നാണ് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ പറയുന്നത്. അതേസമയം, ഇത്രയും വലിയ ഡിസൈന്‍ മാറ്റം അള്‍ട്രാ മോഡലിനു മാത്രമായിരിക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്. എന്തായാലും അടുത്ത വര്‍ഷത്തെ അള്‍ട്രാ മോഡലില്‍ ഉണ്ടായേക്കാവുന്ന ചില പുതുമകള്‍ ഇതാണ്:

∙ ഒപ്ടിക്കല്‍ സൂം

സ്മാര്‍ട് ഫോണ്‍ ക്യാമറകളിലെ ഒപ്ടിക്കല്‍ സൂമില്‍ ഇപ്പോള്‍ മികവ് പുലര്‍ത്തുന്ന കമ്പനികളിലൊന്ന് സാംസങ്ങാണ്. എന്നാല്‍ അടുത്ത വര്‍ഷം ആപ്പിള്‍ സാംസങ്ങിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്നാണ് മാക് റൂമേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഐഫോണ്‍ 15 പ്രോ, 15 പ്രോ മാക്‌സ്/അള്‍ട്രാ മോഡലിന് 10 എക്‌സ് ടെലി സൂം ലഭിച്ചേക്കും. ഇതിനായി ആപ്പിള്‍ ആദ്യമായി ഒരു പെരിസ്‌കോപ് ടെലിഫോട്ടോ ലെന്‍സ് ഉപയോഗിച്ചേക്കും. അതേസമയം, ഇത് 15 പ്രോ മോഡലിനു പോലും നല്‍കാതെ അള്‍ട്രാ മോഡലിൽ മാത്രമായി ഒതുക്കിയാലും അദ്ഭുതപ്പെടേണ്ട.

∙ ബട്ടണുകളില്ലാത്ത ഐഫോണ്‍ കാലം

പുറത്തേക്കു തള്ളിനില്‍ക്കുന്ന ഹാര്‍ഡ്‌വെയര്‍ ബട്ടണുകള്‍ (ഓണ്‍, ഓഫ്, വോളിയം) ഇല്ലാത്ത ഒരു ഐഫോണ്‍ എങ്കിലും അടുത്ത വര്‍ഷം ആപ്പിള്‍ പുറത്തിറക്കിയേക്കും. എല്ലാ പ്രോ/അള്‍ട്രാ മോഡലുകളും ഇത്തരത്തില്‍ ഡിസൈൻ ചെയ്ത് ഇറക്കുന്നവയാകാം. പകരം നല്‍കുന്ന ബട്ടണുകള്‍ക്ക് നല്‍കുന്ന വിവരണം സോളിഡ്-സ്‌റ്റേറ്റ് ബട്ടണുകള്‍ എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി ടാപ്റ്റിക് എൻജിനുകളുടെ സഹായമായിരിക്കും തേടുക. ബട്ടണുകളില്‍ സ്പര്‍ശിക്കുമ്പോള്‍ അവ പ്രതികരിക്കുന്നതിനാല്‍ ഉപയോഗിക്കുന്ന ആള്‍ക്ക് തന്റെ സ്പര്‍ശം ഫോണിന് ലഭിച്ചുവെന്ന് അറിയാനാകും. അമര്‍ത്താവുന്ന ഹാര്‍ഡ്‌വെയര്‍ ബട്ടണുകളാണ് ഇനി ഇല്ലാതാകുക. ഇപ്പോള്‍ വില്‍പനയിലുള്ള ഏറ്റവും പുതിയ ഐഫോണ്‍ എസ്ഇ മോഡലിന്റെ ഹോം ബട്ടണില്‍ ഈ സാങ്കേതികവിദ്യ കാണാം. പുതിയ മാക്ബുക്കുകളുടെ ട്രാക്പാഡിലും ഇത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

∙ 8 ജിബി റാം

ഒരു പക്ഷേ, ഐഫോണ്‍ 15 പ്രോ മോഡലിന് ഈ വര്‍ഷത്തെ പ്രോ മോഡലുകളെ പോലെ 6 ജിബി റാം മാത്രമാണ് നല്‍കിയേക്കുക. എന്നാല്‍, അള്‍ട്രാ മോഡലിന് 8 ജിബി വരെ റാം ലഭിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. അധിക റാം ലഭിക്കുമ്പോള്‍, സഫാരി പോലെയുള്ള ആപ്പുകള്‍ക്ക് സദാ കണ്ടന്റ് സജീവമാക്കി നിർത്താന്‍ സാധിക്കും. സഫാരിയും മറ്റും തുറക്കുമ്പോള്‍ റിഫ്രഷ് ചെയ്യുന്ന, അല്ലെങ്കില്‍ റീലോഡ് ചെയ്യുന്ന പ്രശ്‌നം ഇതോടെ പരിഹരിക്കപ്പെട്ടേക്കാം.

∙ യുഎസ്ബി-സി പോര്‍ട്ട്

പ്രോ മോഡലുകള്‍ക്ക് യുഎസ്ബി 3.2 ന്റെ സ്പീഡോടു കൂടിയ യുഎസ്ബി-സി പോര്‍ട്ട് നല്‍കിയേക്കും. ഇത് എല്ലാ പ്രോ മോഡലുകളിലും പ്രതീക്ഷിക്കുന്നു.

∙ എ17 ബയോണിക് പ്രോസസര്‍

അടുത്ത വര്‍ഷത്തെ എല്ലാ പ്രോ, അള്‍ട്രാ മോഡലുകള്‍ക്കും ആപ്പിളിന്റെ ഏറ്റവും കരുത്തുറ്റ എ17 ബയോണിക് പ്രോസസര്‍ ലഭിക്കും. ഇവയാകട്ടെ ടിഎസ്എംസിയുടെ രണ്ടാം തലമുറയിലെ 3എന്‍എം പ്രോസസ് പ്രയോജനപ്പെടുത്തി നിര്‍മിച്ചവയായിരിക്കും. ഇതിന് കരുത്തിലും കാര്യക്ഷമതയിലും ബാറ്ററിയുടെ പ്രകടനത്തിലും മാറ്റം കൊണ്ടുവരാന്‍ സാധിച്ചേക്കും.

∙ ഗൂഗിളിന് സിസിഐ ഇട്ട പിഴ ഇന്ത്യന്‍ ഡവലപ്പര്‍മാര്‍ക്ക് തിരിച്ചടിയായേക്കും?

രാജ്യത്തെ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ കനത്ത പിഴയാണ് ടെക്‌നോളജി ഭീമന്‍ ഗൂഗിളിന് ചുമത്തിയിരിക്കുന്നത്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള അധികാരം ഗൂഗിള്‍ ദുരുപയോഗം ചെയ്തുവെന്നു കണ്ടത്തിയതിനാലാണ് ആദ്യം 1,338 കോടി രൂപയും ദിവസങ്ങള്‍ക്കുള്ളില്‍ 936.44 കോടി രൂപയും ഗൂഗിളിന് പിഴയിട്ടത്. എന്നാല്‍, ഇന്ത്യന്‍ ഉപയോക്താവിന്റെ ഭാഗത്തു നിന്നു നോക്കിയാല്‍ ഗൂഗിളിന്റെ ഭാഗത്ത് അധികം തെറ്റൊന്നും കാണാന്‍ സാധിക്കുന്നില്ലെന്നുള്ള വാദവും ഉണ്ട്. അതേസമയം, ആന്‍ഡ്രോയിഡിനെ പല രീതിയില്‍ പരുവപ്പെടുത്താന്‍ അനുവദിക്കണമെന്നാണ് സിസിഐ വിധിയുടെ സാരം. അങ്ങനെ ചെയ്താല്‍ ആന്‍ഡ്രോയിഡ് ആപ് നിര്‍മാതാക്കള്‍ക്ക് ഓരോ വേര്‍ഷനു വേണ്ടിയും ആപ്പുകള്‍ കസ്റ്റമൈസ് ചെയ്യേണ്ടതായി വന്നേക്കാമെന്നും അതുമൂലം പണം കൂടുതല്‍ ചെലവിടേണ്ടതായി വന്നേക്കാമെന്നും വാദങ്ങള്‍ ഉയരുന്നു.

CCI

∙ ഷഓമി 13 സീരീസ് ഉടന്‍ അവതരിപ്പിച്ചേക്കും

ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ഫോൺനിരയിൽ ഇടംപിടിക്കാന്‍ സാധ്യതയുളള ഷഓമി 13, 13 പ്രോ മോഡലുകള്‍ ഉടനെ ചൈനയില്‍ അവതരിപ്പിച്ചേക്കും. ഒരു പക്ഷേ, ഇത് ഷഓമി 14 സീരീസ് എന്ന് അറിയപ്പെട്ടേക്കുമോ എന്ന സംശയവും ഉന്നയിക്കപ്പെടുന്നു. ഇതിനുകാരണം 13 എന്ന അക്കത്തോടുള്ള ഇഷ്ടക്കുറവാകാം. ഷഓമി 13 തുടക്ക മോഡലിന് 6.2 ഇഞ്ച് ഫുള്‍എച്ഡി പ്ലസ് അമോഡലെഡ് ഡിസ്‌പ്ലേ ആയിരിക്കും ഉണ്ടായിരിക്കുക. ആന്‍ഡ്രോയിഡ് 13 കേന്ദ്രമായി പുറത്തിറക്കിയ മിയുഐ 14 ആയിരിക്കും ഒഎസ്. മൂന്ന് 50 എംപി ക്യാമറകളായിരിക്കും പിന്നിലുണ്ടാകുക.

∙ റെഡ്മി കെ60

ഷഓമിയുടെ സബ് ബ്രാന്‍ഡായ റെഡ്മിയും പുതിയ ഫോണ്‍ ഇറക്കാന്‍ ഒരുങ്ങുകയാണ്. കെ60 എന്ന പേരിലായിരിക്കും ഫോണ്‍. ഷഓമിയുടെ 13/14 സീരീസിലെ ഫോണുകളുടെ പല ഫീച്ചറുകളും ഉള്‍പ്പെടുത്തിയായിരിക്കും പുതിയ മോഡല്‍. കുറച്ചു വ്യത്യാസവും ഉണ്ടായിരിക്കും. ഡിജിറ്റല്‍ ചാറ്റ് സ്‌റ്റേഷന്റെ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ കെ60യുടെ പ്രധാന ക്യാമറയ്ക്ക് 64എംപി റെസലൂഷന്‍ ഉണ്ടായിരിക്കും.

∙ ഷഓമിയുടെ മടക്കാവുന്ന ഫോണ്‍

സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസറിനെ കേന്ദ്ര സ്ഥാനത്തു നിർത്തി തങ്ങളുടെ ആദ്യത്തെ മടക്കാവുന്ന ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ഷഓമി എന്നും റിപ്പോര്‍ട്ട് ഉണ്ട്.

∙ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വോയിസ് അസിസ്റ്റന്റ് അലക്‌സ പ്രവര്‍ത്തിക്കുന്ന രീതിക്കും മാറ്റം

ലോകത്തെ ഏറ്റവും പ്രിയപ്പെട്ട വോയിസ് അസിസ്റ്റന്റുകളില്‍ ഒന്നായ ആമസോണ്‍ അലക്‌സ ചില ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലോക്‌സ്‌ക്രീന്‍ മോഡില്‍ പോലും പ്രവര്‍ത്തിപ്പിക്കാം. വണ്‍പ്ലസ് 10 പ്രോ, മോട്ടറോള എഡ്ജ് തുടങ്ങിയ ഫോണുകള്‍ക്കാണ് ഇതിപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍, 2023 മുതല്‍ ഈ ഫീച്ചര്‍ ലഭ്യമായേക്കില്ല. ആമസോണ്‍ അലക്‌സ ആപ് ഓണ്‍ ചെയ്തു വച്ചാല്‍ മാത്രമെ 2023 മുതല്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. പുതിയ മാറ്റം എന്തുകൊണ്ടാണെന്ന് ആമസോണ്‍ പറഞ്ഞിട്ടില്ല. കമ്പനി ഇപ്പോള്‍ ആയിരക്കണക്കിന് ജോലിക്കാരെ പിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ് എന്നത് ഒരു കാരണമായേക്കാം.

∙ 4,000 ജോലിക്കാരെ പിരിച്ചുവിടാന്‍ സിസ്‌കോ

നെറ്റ്‌വര്‍ക്കിങ് ഭീമന്‍ സിസ്‌കോയും 4,000ലേറെ ജോലിക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചുവെന്ന് സിലിക്കന്‍ വാലി ബിസിനസ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

English Summary: iPhone 15 Pro models likely to get these exclusive features

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com