ADVERTISEMENT

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ഓഫിസില്‍ തന്നെ താമസമാക്കുന്നു. ജോലിക്കാരെയും എക്‌സിക്യൂട്ടിവുമാരെയും തന്നിഷ്ടപ്രകാരം പിരിച്ചുവിടുന്നു. തന്റെ കമ്പനി പാപ്പരാകാന്‍ പോകുന്നതിന്റെ വക്കിലാണെന്നു വിലപിക്കുന്നു. ഇതു നടക്കുന്നത് ട്വിറ്ററിലാണെന്നു കരുതിയെങ്കില്‍ തെറ്റി, ഇതെല്ലാം 2018ല്‍ ടെസ്‌ലയില്‍ അരങ്ങേറിയ കാര്യങ്ങളാണന്ന് ന്യൂ യോര്‍ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. പൊതുജനങ്ങള്‍ക്ക് താത്പര്യം ജനിപ്പിക്കാവുന്ന മോഡല്‍ 3 എന്നറിയപ്പെടുന്ന വാഹനം നിര്‍മിച്ചെടുക്കാന്‍ ടെസ്‌ല പാടുപെട്ടിരിന്ന നാളുകളിലെ കഥയാണിത്.

 

∙ ഓഫിസില്‍ തന്നെ കഴിഞ്ഞുകൂടി മസ്‌ക്

 

ടെസ്‌‌ലയിൽ ഏറെ പ്രതിസന്ധികളുടെ നാളുകളായിരുന്നു അത്. താന്‍ മൂന്നും നാലും ദിവസം ഓഫിസില്‍ തന്നെ കഴിഞ്ഞുകൂടിയിട്ടുണ്ട്. പുറത്തു പോലും ഇറങ്ങാതെ എന്നാണ് മസ്ക് അന്ന് പ്രതികരിച്ചത്. ഇതിനു സമാനമായ കാര്യങ്ങളാണ് 4400 കോടി ഡോളറിനു വാങ്ങിയ കമ്പനിയിലും മസ്‌ക് നടത്തുന്നത്. കമ്പനികള്‍ എങ്ങനെ നടത്തണം എന്നതിനെക്കുറിച്ചൊരു ധാരണ മസ്‌ക് വര്‍ഷങ്ങളായി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇത് സ്‌പേസ്എക്‌സിലും ടെസ്‌ലയിലും അടക്കം നടത്തി വിജയിച്ചിട്ടുമുണ്ട്. ജോലിക്കാര്‍ക്ക് 'ഷോക് ട്രീറ്റ്‌മെന്റ്' കൊടുക്കുന്നതും പേടിപ്പെടുത്തലുമൊക്കെ അതിന്റെ ഭാഗമാണ്. കമ്പനി കരകയറുന്നതു വരെ താനും ജോലിക്കാരുമെല്ലാം കുടുംബങ്ങളെയും കൂട്ടുകാരെയും ഒക്കെ വേണ്ടെന്നുവച്ച് മുഴുവന്‍ ഊര്‍ജ്ജവും കമ്പനിക്കായി ചെലിവിടണം എന്നതാണ് അദ്ദേഹത്തിന്റെ രീതി.

 

∙ ട്വിറ്ററിലും ഈ തന്ത്രങ്ങള്‍ തന്നെയാണ് മസ്‌ക് പുറത്തെടുത്തത്

 

മേധാവി പരാഗ് അഗ്രവാള്‍ അടക്കം ട്വിറ്ററിന്റെ 50 ശതമാനം ജോലിക്കാരെ മസ്‌ക് തന്നെ പുറത്താക്കി. ഇതിനു ശേഷം 1200 ജോലിക്കാര്‍ രാജി സ്വമേധയാ രാജിവച്ചു. അവരുടെ രാജി അദ്ദേഹം സ്വീകരിച്ചു. ഈ ആഴ്ച അദ്ദേഹം വീണ്ടും അടുത്ത ഘട്ട പിരിച്ചുവിടല്‍ തുടങ്ങി. എന്തു രീതിയിലും ദൗത്യം പൂര്‍ത്തിയാക്കാനിറങ്ങിയ നേതാവിന് അനുയോജ്യമായ രീതിയില്‍ സംശയലേശമന്യെ ചില കാര്യങ്ങള്‍ ജോലിക്കാരോട് വ്യക്തമാക്കി. തനിക്ക് നേരെയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ട്വിറ്റര്‍ പാപ്പരാകാമെന്നും തനിക്ക് നിലവിലുള്ള ട്വിറ്റര്‍ 1.0 വേണ്ടെന്നും ട്വിറ്റര്‍ 2.0 ആണ് തന്റെ സ്വപ്‌നമെന്നും ഇതിനായി എല്ലാം മറന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ കമ്പനിയില്‍ തുടര്‍ന്നാല്‍ മതിയെന്നു വെട്ടിത്തുറന്നു പറഞ്ഞും കഴിഞ്ഞു.

 

∙ ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കും

 

ടെസ്‌ലയില്‍ 2014-16 കാലഘട്ടത്തില്‍ സീനിയര്‍ എൻജിനിയറിങ് മാനേജരായി ജോലിയെടുത്തിരുന്ന ഡേവിഡ് ഡീക് പറയുന്നത് ഇത്തരം സാഹചര്യങ്ങള്‍ സ്വയം സൃഷ്ടിക്കുന്ന ആളാണ് മസ്‌ക് എന്നാണ്. എല്ലാ ജോലിക്കാരുടെയും കീഴില്‍ തീ കൊളുത്തുകയും ചെയ്യുന്നു. ടെസ്‌ലയിലും സ്‌പേസ്എക്‌സിലും നടന്ന കാര്യങ്ങളുടെ തുടര്‍ച്ച തന്നെയാണ് ട്വിറ്ററിലും കാണുന്നതെന്ന് വ്യക്തമാണെന്ന് സാന്റാ ക്ലാര യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ടാമി മാഡ്‌സെനും പറയുന്നു. എന്നാല്‍ ആ കമ്പനികളില്‍ സാധിച്ചതു പോലെ സമൂഹ മാധ്യമമായ ട്വിറ്ററിലെ ജീവനക്കാരെ നവീകരിച്ചെടുക്കുന്നതില്‍ മസ്‌ക് വിജയിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഇരു കമ്പനികളിലും കൂടുതല്‍ റിസ്‌ക് എടുത്താൽ കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്ന സമീപനമായിരുന്നു മസ്‌കിന്റേത്. പക്ഷേ ട്വിറ്ററില്‍ നിന്ന് എന്ത് പ്രതിഫലമാണ് കിട്ടുക എന്ന കാര്യത്തിലും തീര്‍ച്ചയില്ല. ഇക്കാര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മസ്‌ക് പ്രതികരിക്കാന്‍ തയാറായില്ലെന്നും പറയുന്നു. 

 

∙ 'മനോവിഭ്രമമുള്ളവരേ അതിജീവിക്കൂ' 

Photo: REUTERS/Dado Ruvic/Illustration
Photo: REUTERS/Dado Ruvic/Illustration

 

മസ്‌കിന്റെ പ്രധാനപ്പെട്ട രണ്ടു കമ്പനികളിലും അവ ഉടനെ പൂട്ടിയേക്കുമെന്ന മുന്നറിയിപ്പ് ഒന്നിലേറെ തവണ നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ടെസ്‌ലയില്‍ 2008ലും മസ്‌ക് പൂട്ടല്‍ ഭീഷണി നടത്തിയിരുന്നു. 2017ല്‍ സ്‌പേസ്എക്‌സില്‍ ഓരോ രണ്ടാഴ്ചയും റോക്കറ്റ് വിക്ഷേപിക്കുന്നില്ലെങ്കില്‍ കമ്പനി പാപ്പരാകുമെന്ന മുന്നറിയിപ്പു നല്‍കിയിരുന്നു. 'മനോവിഭ്രമമുള്ളവരേ അതിജീവിക്കൂ' എന്ന് മസ്‌ക് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. എന്നാല്‍, അന്യഗ്രഹ വാസമെന്ന സ്വപ്‌നം താലോലിക്കുന്ന കമ്പനിയിലെ ജോലിക്കാര്‍ക്കിത് പ്രചോദനം പകര്‍ന്നതു പോലെ ട്വിറ്ററില്‍ നടക്കുമോ എന്ന ചോദ്യവും ഉയരുന്നു.

 

∙ വ്യക്തമായ സൂചന നല്‍കി മസ്‌ക്

 

കമ്പനി അപകടസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും ഒപ്പം മുണ്ടു മുറുക്കിയുടുക്കണമെന്ന ധാരണ പരത്തുകയും ചെയ്തു കഴിഞ്ഞാല്‍ തനിക്കു വേണ്ട കര്‍ക്കശമായ മാറ്റങ്ങള്‍ നടപ്പാക്കാന്‍ മസ്‌കിനു സാധിക്കും. കമ്പനിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്താണ് ഭാവിയില്‍ പ്രതീക്ഷിക്കാവുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനയും ലഭിച്ചിട്ടുണ്ടാകും. ട്വിറ്ററില്‍ കണ്ടത് ശരിക്കുള്ള മസ്‌ക് രീതികള്‍ തന്നെയാണ് എന്ന് ഡീക് അടിവരയിട്ടു പറയുന്നത്. മോഡല്‍ 3 പുറത്തിറക്കാന്‍ സാധിക്കാതെയിരുന്ന നാളുകളിലായിരുന്നു മസ്‌കിന്റെ പ്രശസ്തമായ കമ്പനിയുടെ തറയില്‍ കിടന്നുള്ള ഉറക്കം. ഇതേസമയത്ത് മസ്‌ക് ജോലിക്കാര്‍ക്ക് അയച്ച ഇമെയിലിന്റെ ധ്വനിയാണ് ട്വിറ്ററില്‍ നല്‍കിയ മെയിലിനും. കമ്പനിയുടെ എൻജിനീയറിങ് വൈസ് പ്രസിഡന്റിനെ വരെ അന്ന് പിരിച്ചുവിട്ടിരുന്നു. 

 

∙ ആഴ്ചയില്‍ 120 മണിക്കൂര്‍ ജോലി

 

മോഡല്‍ 3യുടെ പ്രൊഡക്ഷനു വേണ്ടി മസ്ക് ആഴ്ചയില്‍ 120 മണിക്കൂര്‍ ജോലിയെടുക്കുകയും പണിയെടുപ്പിക്കുകയും ചെയ്തിരുന്നു. ആംബിയന്‍ (Ambien) തേച്ചാണ് മസ്‌ക് ആ കാലത്ത് ഉറങ്ങാന്‍ ശ്രമിച്ചിരുന്നതെന്നു പറയുന്നു. എന്തുമാത്രം ജോലിയാണ് തങ്ങളെക്കൊണ്ട് എടുപ്പിക്കുന്നതെന്ന് ടെസ്‌ലയുടെ ബോര്‍ഡ് അംഗങ്ങള്‍ വിലപിച്ചിരുന്നു. അതേസമയം, മസ്‌കിന്റെ ഇത്തരം മാനേജ് തന്ത്രങ്ങള്‍ വേറൊരു തരം കമ്പനിയായ ട്വിറ്ററില്‍ വിലപ്പോകുമോ എന്നു സംശയിക്കുന്നവരും ഉണ്ട്.

 

∙ ട്വിറ്റര്‍ മസ്‌കിന്റെ പാര്‍ട്-ടൈം ജോലി മാത്രം

 

ഇതിനു പുറമെ, ട്വിറ്റര്‍ മസ്‌കിന്റെ പാര്‍ട്-ടൈം താത്പര്യം മാത്രമായിരിക്കും. അദ്ദേഹത്തിന്റെ മുഴുവന്‍ സമയ ജോലി ടെസ്‌ലയിലും സ്‌പേസ്എക്‌സിലും ബോറിങ് പോലെയുള്ള കമ്പനികളിലും ആയിരിക്കും. മനുഷ്യരെ അന്യഗ്രഹവാസികളാക്കണമെന്ന മറ്റൊരു മനുഷ്യനും കാണാത്ത ആഗ്രഹമൊക്കെ വച്ചുപുലര്‍ത്തുന്ന ആള്‍ക്ക് എത്ര നാള്‍ ട്വിറ്ററില്‍ ശ്രദ്ധ പുലര്‍ത്താനാകും? ടെസ്‌ല കമ്പനിയിലെ നിക്ഷേപകര്‍ക്കും മസ്‌കിന്റെ ട്വിറ്റര്‍ കൊതി രസിച്ചിട്ടില്ല. തുടക്കത്തിലെ സ്‌ഫോടനാത്മകമായ ജോലി കഴിഞ്ഞ് ട്വിറ്ററില്‍ തന്റെ ശ്രദ്ധ കുറയ്ക്കുമെന്ന് മസ്‌ക് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. മസ്‌കിന്റെ തന്ത്രങ്ങള്‍ ട്വിറ്ററിലും വിജയിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ടെക്‌നോളജി ലോകം.

 

∙ വില കുറഞ്ഞ ഒരു 5ജി ഫോണ്‍ കൂടി വരുന്നു

 

ഇന്‍ഫിനിക്‌സ് ഹോട്ട് 20 5ജി എന്ന പേരില്‍ പുതിയ ഫോണ്‍ ഡിസംബര്‍ 1ന് പുറത്തിറക്കും. ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് വില്‍പന. താരതമ്യേന കുറഞ്ഞ വിലയായിരിക്കും ഫോണിന് എന്നാണ് സൂചന. ഫോണിന് 6.6-ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡി പ്ലസ് സ്‌ക്രീന്‍ ആയിരിക്കുമെന്നും എട്ടു കോറുള്ള മീഡിയടെക് ഡിമെന്‍സിറ്റി 810 പ്രോസസര്‍ ആയിരിക്കുമെന്നും 4ജിബി റാം ഉണ്ടായിരിക്കുമെന്നുമാണ് സൂചന. പിന്നില്‍ 50 എംപി പ്രധാന ക്യാമറ അടക്കം ഇരട്ട ക്യാമറാ സിസ്റ്റം പ്രതീക്ഷിക്കുന്നു.

 

∙ സാംസങ് ഗ്യാലക്‌സി എ23 5ജി അവതരിപ്പിച്ചു

 

സാംസങ് ഗ്യാലക്‌സി എ23 5ജി ഫോണ്‍ ജപ്പാനില്‍ അവതരിപ്പിച്ചു. ഇതിന് 50 എംപി പ്രധാന ക്യാമറയാണ് ഉള്ളത്. എട്ടു കോറുള്ള മിഡിയാടെക് ഡിമെന്‍സിറ്റി 700 പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നു. ഫോണിന് 4 ജിബി റാമും 4000 എംഎഎച് ബാറ്ററിയും ഉണ്ട്. ഏകദേശം 18,200 രൂപ വില വന്നേക്കുമെന്നാണ് സൂചന. 

 

∙ വണ്‍പ്ലസ് എയ്‌സ് 2 ഉടനെ പുറത്തിറക്കിയേക്കും

 

വണ്‍പ്ലസ് എയ്‌സ് സീരീസില്‍ പുതിയ മോഡല്‍ പുറത്തിറക്കിയേക്കും. എയ്‌സ് 1 ആണ് ഇന്ത്യയില്‍ വണ്‍പ്ലസ് 10ആര്‍ എന്ന പേരില്‍ പുറത്തിറക്കിയത്. പ്രീമിയം മോഡല്‍ തന്നെയായിരിക്കും എയ്‌സ് 2. ഫോണിന് 6.7 ഇഞ്ച് വലുപ്പമുളള സ്‌ക്രീനാണ് പ്രതീക്ഷിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ 1 ആയിരിക്കും പ്രോസസര്‍. കൂടാതെ 8 ജിബി/ 12ജിബി/ 16ജിബി വേര്‍ഷനുകള്‍ പുറത്തിറക്കിയേക്കുമെന്നും കരുതുന്നു.

 

∙ അമെയ്‌സ്ഫിറ്റ് പോപ് 2 വാച്ച് അവതരിപ്പിച്ചു

 

അമോലെഡ് ഡിസ്‌പ്ലേ, ഹൃദയമിടിപ്പു നിരീക്ഷണം, രക്തത്തിലെ ഓക്‌സിജന്റെ അളവ് നിരീക്ഷണം, 100 ലേറെ സ്‌പോര്‍ട്‌സ് മോഡുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന അമെയ്‌സ്ഫിറ്റ് പോപ് 2 വാച്ച് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പനയ്‌ക്കെത്തി. എംആര്‍പി 3,999 രൂപയുള്ള വാച്ചിന്റെ ഡിസ്‌കൗണ്ട് വില 3,299 രൂപയാണ്. വാച്ചിന് 1.78 ഇഞ്ച് എച്ഡി സ്‌ക്രീനാണ്.

 

English Summary: What Elon Musk Is Doing to Twitter Is What He Did at Tesla and SpaceX

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com