ADVERTISEMENT

ചൈനയില്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിക്കുന്നതിനാല്‍ ഇന്ത്യയിലെ നിര്‍മാണശാലയില്‍ നാലിരട്ടി ജോലിക്കാരെ എടുക്കാന്‍ ഫോക്‌സ്‌കോണ്‍ തീരുമാനിച്ചെന്ന് ബ്ലൂംബര്‍ഗ്. ആപ്പിളിനായി ഐഫോണ്‍ നിര്‍മിച്ചു നല്‍കുന്ന ഏറ്റവും വലിയ കരാര്‍ കമ്പനിയായ ഫോക്‌സ്‌കോണിന്റെ ചൈനയിലെ നിര്‍മാണശാലയിലാണ് ജോലിക്കാര്‍ കലാപം അഴിച്ചുവിട്ടത്. ഷെങ്ഷൗവിലുള്ള ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണ ഫാക്ടറിയിലാണ് സമരം.

 

ബോണസ് പ്രശ്‌നം

 

ഞങ്ങളുടെ ശമ്പളം തരൂ എന്നു പറഞ്ഞായിരുന്നു ജോലിക്കാര്‍ സുരക്ഷാ ക്യാമറകളും മറ്റും അടിച്ചു തകര്‍ത്തത്. പിന്നാലെ സുരക്ഷാ ജീവനക്കാരും എത്തി. ഈ കാഴ്ചകള്‍ കുവായിഷോ (Kuaishou) എന്ന വിഡിയോ പ്ലാറ്റ്‌ഫോം വഴി ലൈവായി കാണിക്കുകയും ചെയ്തു. ബോണസ് നല്‍കാന്‍ രണ്ടു ദിവസം താമസിച്ചതാണ് കലാപത്തിന് വഴിവച്ചതെന്ന് ദ് വാള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നു. 

 

തമിഴ്‌നാട്ടിലെ പ്ലാന്റിലേക്ക് കൂടുതല്‍ ജോലിക്കാര്‍

 

അതിനിടയില്‍, ഫോക്‌സ്‌കോണിന്റെ തമിഴ്‌നാട്ടിലെ പ്ലാന്റിലേക്കാണ് പുതിയ ജോലിക്കാരെ എടുക്കുന്നതെന്ന് രണ്ട് ഇന്ത്യന്‍ സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്തു. ചൈനയില്‍ വേണ്ടത്ര ഐഫോണ്‍ നിര്‍മിക്കാന്‍ സാധിക്കാത്തതിനാലാണ് ഇത്. എന്നാല്‍, ഈ തീരുമാനം ചൈനയിലെ പ്രശ്നത്തിനു മുമ്പ് എടുത്തതാണ്. ചൈനയിലെ പണിമുടക്കു പരിഗണിച്ച് കൂടുതല്‍ പേരെ എടുക്കുമോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല. 

 

‘തൊഴിലാളികളെ മനുഷ്യരായി കാണുന്നില്ല’

 

ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലേത് എന്ന പേരിൽ പ്രചരിച്ച വിഡിയോയുടെ നിജസ്ഥിതി തങ്ങള്‍ക്ക് ഉറപ്പുവരുത്താനായിട്ടില്ലെന്ന് റോയിട്ടേഴ്‌സ് പറയുന്നു. അതേസമയം, ലൈവ് ആയി പ്രക്ഷേപണം ചെയ്ത വിഡിയോയില്‍ ഒരാള്‍ പറയുന്നത്, ഫോക്‌സ്‌കോണ്‍ തൊഴിലാളികളെ മനുഷ്യരായി കാണുന്നില്ലെന്നാണ്. പുതിയ കോവിഡ് ബാധയാണ് ഫോക്‌സ്‌കോണില്‍ പൊട്ടിപ്പുറപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പിന്നില്‍. ഫാക്ടറിക്കുള്ളില്‍ ക്വാറന്റീനിലുള്ളവര്‍ക്ക് നല്‍കുന്ന ഭക്ഷണം നിലവാരം കുറഞ്ഞതാണ്, കോവിഡ് പകരാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളും പ്രതിഷേധിച്ച ജോലിക്കാര്‍ ഉന്നയിക്കുന്നത് കേള്‍ക്കാം.

 

വിഡിയോ വ്യാജമെന്ന് ഫോക്‌സ്‌കോണ്‍

 

വിഡിയോ വ്യാജമാണെന്ന് ഫോക്‌സ്‌കോണ്‍ പറഞ്ഞതായി ബെന്‍സിങ്ഗ (Benzinga) റിപ്പോര്‍ട്ടു ചെയ്യുന്നു. ചില പുതിയ തൊഴിലാളികള്‍ക്ക് അലവന്‍സിന്റെ കാര്യത്തില്‍ സംശയമുണ്ടായിരുന്നു. തങ്ങള്‍ ഒരിക്കലും കരാര്‍ പ്രകാരമുള്ള തുക ജോലിക്കാര്‍ക്ക് നല്‍കാതിരുന്നിട്ടില്ല. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് സംസാരിച്ചു പരിഹരിക്കുമെന്നാണ് കമ്പനിയുടെ നിലപാട്. അതേസമം, തനിക്ക് ഈ സ്ഥലം പേടിയാണ്. തങ്ങളൊക്കെ ഇപ്പോള്‍ കോവിഡ് പോസിറ്റിവ് ആയിട്ടുണ്ടാകാം. ഞങ്ങളെ മരിക്കാന്‍ വിടുകയാണ് നിങ്ങള്‍ എന്നാണ് ഒരു ജോലിക്കാരന്‍ പറഞ്ഞത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, പുതിയ ജോലിക്കാരെ കയറ്റുന്നതിനു മുമ്പ് ഉറക്കറകള്‍ അണുമുക്തമാക്കും എന്നാണ് കമ്പനി പറയുന്നത്. 

 

ഐഫോണ്‍ വില്‍പനയെ ബാധിക്കും

 

ആപ്പിളിന്റെ ഐഫോണ്‍ 14 പ്രോ സീരിസിന്റേത് അടക്കമുള്ള നിര്‍മാണം നടക്കുന്ന ഫാക്ടറിയിലാണ് കലാപം. ഏകദേശം 200,000 പേരാണ് ഇവിടെ പണിയെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവരില്‍ കുറേ പേര്‍ പുതിയ കോവിഡ് ബാധയുണ്ടായപ്പോള്‍ ജോലി ഉപേക്ഷിച്ചിരുന്നു. അവര്‍ക്കു പകരം പുതിയ 100,000 ജോലിക്കാരെ എടുത്തു എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്തായാലും, പുതിയ പ്രശ്‌നങ്ങള്‍ ഐഫോണ്‍ വില്‍പനയെ സാരമായി ബാധിക്കുമെന്നാണ് സൂചന. പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ആപ്പിള്‍ ഫോക്‌സ്‌കോണുമായുള്ള ബന്ധം പുനഃപരിശോധിക്കുമോ എന്നു വ്യക്തമല്ല.

 

ഇന്ത്യയിലെ ഫാക്ടറിയിലേക്ക് പുതിയ 53,000 ജോലിക്കാര്‍

 

തയ്‌വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഫോക്‌സ്‌കോണിന്റെ ചെന്നൈയിലെ പ്ലാന്റിലേക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ 53,000 ജോലിക്കാരെ എടുക്കാനാണ് തീരുമാനം. ഇതോടെ ജോലിക്കാരുടെ എണ്ണം 70,000 ആകുമെന്ന് എന്ന് സിഎന്‍ബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. ചൈനയിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജോലക്കാരെ എടുക്കാന്‍ തീരുമാനിച്ചാലും അത്ഭുതപ്പെടേണ്ട.    

 

രാജിവച്ചു പോകുന്നവര്‍ക്ക് 1400 ഡോളര്‍ പ്രഖ്യാപിച്ചു

 

ചൈനയിലെ പ്ലാന്റില്‍നിന്ന് രാജിവയ്ക്കുന്ന തൊഴിലാളികൾക്ക് 1400 ഡോളര്‍ (10,000 യുവാന്‍) നൽകുമെന്നു ഫോക്‌സ്‌കോണ്‍ വ്യക്തമാക്കിയതായി ബ്ലൂംബര്‍ഗ് പറയുന്നു. ഇതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിരളമായി മാത്രമേ ചൈനയിലെ ഫോക്‌സ്‌കോണ്‍ ഫാക്ടറികളില്‍ തൊഴില്‍ പ്രശ്‌നം ഉണ്ടാകാറുള്ളൂ എന്നും ബ്ലൂംബര്‍ഗ് പറയുന്നു.  തൊഴിലാളികളുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും ആക്രമണങ്ങള്‍ ഉണ്ടായെങ്കില്‍ ഗവണ്‍മെന്റിനെ ഇടപെടുത്തുമെന്നും ഫോക്‌സ്‌കോണ്‍ പ്രതികരിച്ചു.

 

മസ്‌കിനെ ഫാക്ടറി സ്ഥാപിക്കാന്‍ ക്ഷണിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്

 

പുതിയ ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കിനെ ദക്ഷിണ കൊറിയയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് പ്രസിഡന്റ് യൂണ്‍ സുക്-ഇയോള്‍ എന്ന് റോയിട്ടേഴ്‌സ്. മസ്‌കിന്റെ സ്‌പെയ്‌സ്എക്‌സ് കമ്പനിയും ദക്ഷണ കൊറിയന്‍ കമ്പനികളുമായി ചേര്‍ന്ന് റോക്കറ്റ് നിര്‍മിച്ചിരുന്നു. മസ്‌കിന്റെ വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്‌ലയ്ക്കും തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതം പറഞ്ഞിരിക്കുകയാണ് പ്രസിഡന്റ്.

 

നതിങ് ഇയര്‍ 1 ഇനി വാങ്ങാന്‍ ലഭിക്കില്ല

 

നതിങ് കമ്പനിയുടെ ആദ്യ ഇയര്‍ബഡ്‌സ് ആയ നതിങ് ഇയര്‍ 1ന്റെ സ്റ്റോക് തീര്‍ന്നു എന്ന് കമ്പനി പറയുന്നു. ഇനി അത് വില്‍പനയ്ക്ക് എത്തിയേക്കില്ലെന്ന് കമ്പനി ഉദ്യോഗസ്ഥൻ മനു ശര്‍മ പറയുന്നു. പകരം നതിങ് ഇയര്‍ സ്റ്റിക് വാങ്ങാം. അതേസമയം, നതിങ് ഇയര്‍ 1ല്‍ ഉള്ള ആക്ടിവ് നോയിസ് ക്യാന്‍സലേഷന്‍ പോലെയുള്ള ആധൂനിക ഫീച്ചറുകള്‍ സ്റ്റിക്കില്‍ ഇല്ല. 

 

പുതിയ ഹാര്‍ഡ് ഡിസ്‌കുകളുമായി സിഗെയ്റ്റ്

 

പുതിയ ഫയര്‍ക്യുഡാ ഹാര്‍ഡ് ഡിസ്‌കുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് സിഗെയ്റ്റ്. ഇവയ്ക്ക് സ്റ്റാര്‍ വാഴ്സ് ഗ്യാലക്‌സിയില്‍ നിന്ന് പ്രചോദനംകൊണ്ട ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്. പിസികളും മാകും ഒക്കെ സിങ്ക് ചെയ്യാവുന്ന ഇതിന് 2ടിബിയാണ് കപ്പാസിറ്റി. ഇവ അധികം ഇറക്കിയേക്കില്ല. വിലയിട്ടിരിക്കുന്നത് 6,999 രൂപയാണ്. 

 

സ്‌നാപ്ഡ്രാഗണ്‍ 782ജി പ്രൊസസര്‍ അവതരിപ്പിച്ചു

 

മധ്യനിര ഫോണുകള്‍ക്ക് വേണ്ടി പുതിയ പ്രൊസസര്‍ അവതരിപ്പിച്ചിരിക്കുകയാണ് ക്വാല്‍കം. സ്‌നാപ്ഡ്രാഗണ്‍ 782ജി എന്ന പേരില്‍ ഇറക്കിയിരിക്കുന്ന പ്രൊസസറിന് 200എംപി ക്യാമറ വരെ സപ്പോര്‍ട്ടു ചെയ്യാനുള്ള ശേഷിയുണ്ടായിരിക്കും. ഇതിന് 4കെ എച്ഡിആര്‍ വിഡിയോയും ഷൂട്ടു ചെയ്യുന്ന ക്യാമറകളെയും സപ്പോര്‍ട്ടു ചെയ്യാന്‍ സാധിക്കും. 

 

English Summary: Violent protests at Apple’s biggest iPhone plant in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com