രാജ്യത്തെ ടെലികോം വിപണിയിൽ വൻ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ സെപ്റ്റംബർ മാസത്തെ വരിക്കാരുടെ കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പുതിയ കണക്കുകൾ പ്രകാരം റിലയൻസ് ജിയോ 7.2 ലക്ഷം വയർലെസ് പുതിയ വരിക്കാരെ ചേർത്തിട്ടുണ്ട്. എന്നാൽ എയർടെലിന് കേവലം 4.12 ലക്ഷം വരിക്കാരെ മാത്രമാണ് അധികം ചേർക്കാൻ കഴിഞ്ഞത്. അതേസമയം, വോഡഫോൺ ഐഡിയക്ക് 40.11 ലക്ഷം വരിക്കാരെ നഷ്ടപ്പെടുകയും ചെയ്തു.
മുൻനിര ടെലിക്കോം സേവനദാതാക്കളായ വോഡഫോൺ ഐഡിയക്ക് സെപ്റ്റംബറിൽ മാത്രം നഷ്ടമായത് 40.11 ലക്ഷം ഉപയോക്താക്കളെയാണ്. ജിയോയും എയർടെലും മാത്രമാണ് വരിക്കാരെ പിടിച്ചുനിർത്തുന്നതിൽ വിജയിച്ചിരിക്കുന്നത്. ബിഎസ്എൻഎല്ലിൽ നിന്ന് 7.82 ലക്ഷം വരിക്കാരും വിട്ടുപോയി.
ഇന്ത്യയിലെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം ഓഗസ്റ്റ് അവസാനത്തിലെ 1,14.9 കോടിയിൽ നിന്ന് സെപ്റ്റംബർ അവസാനത്തോടെ 1,14.54 കോടിയായി കുറഞ്ഞിട്ടുണ്ട്. 0.32 ശതമാനമാണ് പ്രതിമാസ ഇടിവ് കാണിക്കുന്നത്. ടെലികോം വിപണിയുടെ 36.66 ശതമാനം ജിയോ നേടിയപ്പോൾ എയർടെൽ 31.80 ശതമാനം വിഹിതം പിടിച്ചെടുത്തു. വി യ്ക്ക് വിപണി വിഹിതത്തിന്റെ 21.75 ശതമാനം പിടിച്ചെടുക്കാനായി. 9.55 ശതമാനം വിപണി പിടിച്ചടക്കിയ ബിഎസ്എൻഎൽ നാലാം സ്ഥാനത്താണ്.
രാജ്യത്തെ വയർലൈൻ വരിക്കാരുടെ എണ്ണം ഓഗസ്റ്റ് അവസാനത്തിലെ 2.59 കോടിയിൽ നിന്ന് സെപ്റ്റംബർ അവസാനത്തോടെ 2.64 കോടിയായി വർധിച്ചു. ഇത് പ്രതിമാസ വളർച്ചാ നിരക്ക് 1.92 ശതമാനമായാണ് കാണിക്കുന്നത്. വിപണി വിഹിതത്തിന്റെ 28.91 ശതമാനം പിടിച്ചെടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ വയർലൈൻ സേവന ദാതാവാണ് ജിയോ എന്ന് ട്രായ് ഡേറ്റ കാണിക്കുന്നു. മറുവശത്ത്, വിപണി വിഹിതത്തിന്റെ യഥാക്രമം 26.82 ശതമാനവും 24.19 ശതമാനവും പിടിച്ചെടുത്ത് ബിഎസ്എൻഎൽ എയർടെലും രണ്ടും മൂന്നും സ്ഥാനത്താണ്.
മൊത്തം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം ഓഗസ്റ്റ് അവസാനത്തിലെ 81.39 കോടിയിൽ നിന്ന് സെപ്റ്റംബർ അവസാനത്തോടെ 81.62 കോടിയായി ഉയർന്നതായും ട്രായ് റിപ്പോർട്ട് വ്യക്തമാക്കുന്നു. റിലയൻസ് ജിയോയ്ക്ക് 42.68 കോടി വരിക്കാരും ഭാരതി എയർടെലിന് 22.5 കോടി ബ്രോഡ്‌ബാൻഡ് വരിക്കാരും ഉണ്ട്. 12.32 കോടി വരിക്കാരുള്ള വോഡഫോൺ ഐഡിയ, 2.56 കോടി വരിക്കാരുള്ള ബിഎസ്എൻഎൽ, 2.14 ലക്ഷം വരിക്കാരുള്ള ആട്രിയ കൺവെർജൻസ് എന്നിവയാണ് സെപ്റ്റംബറിലെ ഏറ്റവും വലിയ മറ്റു ബ്രോഡ്‌ബാൻഡ് സേവന ദാതാക്കൾ.
English Summary: Vodafone Idea lost 4.01 million subscribers in September