രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപരിപാലന സ്ഥാപനങ്ങളിലൊന്നായ ഡല്‍ഹിയിലെ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു (എയിംസ്) നേരെ സൈബര്‍ ആക്രമണം. രോഗികളെക്കുറിച്ചുള്ള ആശുപത്രി രേഖകള്‍ മുഴുവന്‍ ആക്രമണകാരികളുടെ നിയന്ത്രണത്തിലായി. അവ വിട്ടുനല്‍കണമെങ്കില്‍ പണം ചോദിച്ചു (റാന്‍സംവെയര്‍ ആക്രമണം) എന്നും സിഎന്‍ബിസിടിവി18 റിപ്പോര്‍ട്ടു ചെയ്യുന്നു. രാജ്യത്തെ പ്രധാനപ്പെട്ട ആശുപത്രികളിലൊന്നായ എയിംസില്‍ കിടത്തി ചികിത്സിക്കുന്നവരുടെയും വന്നു ചികിത്സിക്കുന്നവരുടെയും രേഖകള്‍ അടക്കം ചോർത്തിയിട്ടുണ്ട്. ആക്രമണത്തില്‍ ചൈനീസ് ഹാക്കര്‍മാരുടെ പങ്ക് സംശയിക്കുന്നതായി ഇന്ത്യാടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
∙ ഉപയോഗിച്ചിരുന്നത് പഴഞ്ചന്‍ സിസ്റ്റം
എയിംസില്‍ ഉപയോഗിച്ചിരുന്നത് ശക്തികുറഞ്ഞ ഫയര്‍വോളും കാലഹരണപ്പെട്ട സിസ്റ്റങ്ങളുമായിരുന്നു എന്നും ക്ലൗഡ്-കേന്ദ്രീകൃത സെര്‍വറുകള്‍ ഇല്ലായിരുന്നു എന്നതും വിനയായി എന്നാണ് പ്രഥമദൃഷ്ട്യാ കണ്ടെത്താനായത്. ഇത് ചെയ്തിരിക്കുന്നത് ചൈനീസ് ഹാക്കര്മാരാകാനുളള സാധ്യത ഏറെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കു പുറമെ, എന്തെങ്കിലും ഗൗരവമുളള ഗവേഷണ വിവരങ്ങളോ മറ്റൊ ഹാക്കര്‍മാരുടെ അധീനതിയലായോ എന്ന കാര്യം വ്യക്തമല്ല. ആക്രമണം നടന്നകാര്യം എയിംസ് അധികാരികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
∙ മോചനദ്രവ്യം എത്രയെന്ന് വ്യക്തമല്ല
ഡേറ്റ കൈവശപ്പെടുത്തിയ ശേഷം അത് വിട്ടു നല്കണമെങ്കില് പണം നല്‍കണമെന്നു പറയുന്ന തരത്തിലുള്ള ആക്രമണത്തെയാണ് റാന്‍സംവെയര്‍ എന്നു വിളിക്കുന്നത്. അതേസമയം, മോചനദ്രവ്യം എത്രയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അറിയല്ലെന്നും പറയുന്നു. രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കു പുറമെ, സ്മാര്‍ട് ലാബ്, ബില്ലിങ്, റിപ്പോര്‍ട്ട് ജനറേഷന്, അപ്പോയിന്റ്മെന്റ് സിസ്റ്റം തുടങ്ങിയവയും ഹാക്കര്‍മാരുടെ വരുതിയിലാണ്. ഡല്‍ഹി എയിംസില്‍ എല്ലാക്കാര്യങ്ങളും ഇപ്പോള്‍ മാനുവലായാണ് (പഴയ പേപ്പര്‍ ഫയലുകളും മറ്റും) ചെയ്യുന്നതെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഡ്മിഷന്, ഡിസ്ചാര്‍ജ്, ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയൊക്കെ മാനുവലായാണ് നല്‍കുന്നത്.
∙ എന്‍ഐസിയും സേര്‍ട്ട്-ഇന്‍ സഹായത്തിന്
നവംബര്‍ 23നാണ് ആക്രമണം ഉണ്ടായത്. രാവിലെ 7 മണി മുതല്‍ കാര്യങ്ങള്‍ താറുമാറായി. ഡല്‍ഹി പൊലിസ് ഇക്കാര്യത്തില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇത് 66എഫും (സൈബര്‍ തീവ്രവാദം), വിവര സാങ്കേതികവിദ്യ ആക്ടിന്റെ 66ഉം (കംപ്യൂട്ടര്‍ കേന്ദ്രീകൃത തട്ടിപ്പ്), സെക്ഷന്‍ 385 (കവര്‍ച്ച) വകുപ്പുകള്‍ ചുമത്തിയാണ്. തങ്ങളുമായി ബന്ധപ്പെടാന്‍ ഹാക്കര്‍മാര്‍ നല്‍കിയിരിക്കുന്നത് പ്രോട്ടോണ്‍ മെയില്‍ അഡ്രസാണ്. ഡിജിറ്റല്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ആശുപത്രിയെ സഹായിക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും (എന്‍ഐസി) സേര്‍ട്ട്-ഇന്‍ ഉം എത്തിയിട്ടുണ്ട്.
∙ ഹാക്കര്‍മാര്‍ക്ക് പ്രിയപ്പെട്ട രണ്ടാമത്തെ രാജ്യം ഇന്ത്യ
ആഗോള തലത്തില്‍ തന്നെ ഏറ്റവുമധികം സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന രണ്ടാമത്തെ വിഭാഗം ആരോഗ്യപരിപാലന മേഖലയാണ്. ഈ വര്‍ഷം മാത്രം ഏകദേശം 71 ലക്ഷം റെക്കോഡുകളാണ് ഹാക്കര്‍മാര്‍ വരുതിയിലാക്കിയത്. അമേരിക്കയ്ക്കു നേരെയാണ് ഏറ്റവുമധികം ആക്രമണങ്ങള്‍ നടന്നിരിക്കുന്നത്. തൊട്ടുപിന്നാലെ ഇന്ത്യയാണ്. ആഗോള തലത്തില്‍ ആരോഗ്യമേഖലയ്ക്കു നേരെ നടന്നിരിക്കുന്ന ആക്രമണങ്ങളില്‍ 7.7 ശതമാനവും ഇന്ത്യയിലായിരുന്നു. രാജ്യത്ത് ഈ വര്‍ഷം റാന്‍സംവെയര്‍ ആക്രമണം 51 ശതമാനം വര്‍ധിച്ചുവെന്ന് സേര്‍ട്ട്-ഇന്‍ പറയുന്നു.
∙ സൊമാറ്റോ ആപ് മലയാളത്തിലും
രാജ്യത്തെ ആയിരത്തിലേറെ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണമെത്തിച്ചു കൊടുക്കല്‍ പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ ആപ് ഹിന്ദിക്കു പുറമെ പല പ്രാദേശിക ഭാഷകളിലും ലഭ്യമാക്കി. മലയാളം, ബംഗാളി, ഗുജറാത്തി, കന്നഡ, പഞ്ചാബി, തമിഴ്, തെലുങ്ക് ഭാഷകളാണ് ഇനി ആപ്പില്‍ കാണാനാകുക.
∙ ഇനി ലഭ്യമാകുന്ന ഏറ്റവും ശക്തിയേറിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇവ
ക്വാല്‍കം കമ്പനി ഇറക്കിയ ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ചില ഫോണുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഇപ്പോള്‍ ലഭ്യമായ ഏറ്റവും കരുത്തുറ്റ പ്രോസസര്‍ ആണ് സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2. ഈ പ്രോസസര്‍ ഉപയോഗിച്ച് വിവോ എക്സ്90 പ്രോപ്ലസ് ഇറങ്ങിക്കഴിഞ്ഞു. പുതിയ പ്രോസസര്‍ ഉപയോഗിക്കുമെന്ന് ഇപ്പോള്‍ ഉറപ്പുള്ള മറ്റു മോഡലുകള്‍ ഇതാ: ഐക്യൂ 11, ഷഓമി 13, വണ്‍പ്ലസ് 11, സാംസങ് ഗ്യാലക്സി എസ്23 സീരീസ്, മോട്ടറോള എക്സ്40 സീരീസ്, റെഡ് മാജിക് 8 പ്രോ, ഒപ്പോ ഫൈന്‍ഡ് എക്സ്6.
∙ ആമസോണ്‍ അക്കാഡമി പൂട്ടുന്നു
കോവിഡ് കാലത്ത് പഠനാവശ്യങ്ങള്‍ക്കായി തുടങ്ങിയ ആമസോണ്‍ അക്കാഡമി പ്ലാറ്റ്ഫോം പൂട്ടുകയാണെന്ന് കമ്പനി അറിയിച്ചു. വെര്‍ച്വല്‍ പഠനത്തിന് പ്രാധാന്യം നല്കിയ നാളുകളിലാണ് ഇത് നിലവില്‍ വന്നത്. ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് തുടങ്ങിയ മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്കായിരുന്നു ഇത് പ്രയോജനപ്പെട്ടിരുന്നത്. ആമസോണ്‍ അക്കാഡമിയുടെ പ്രവര്‍ത്തനം ഘട്ടംഘട്ടമായി നിർത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
∙ ഗുജറാത്തിലെ എല്ലാ ജില്ലാ ആസ്ഥാന നഗരങ്ങളിലും ജിയോ 5ജി
ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങളെയും 5ജി സേവനത്തിനു കീഴില്‍ കൊണ്ടുവരുന്നുവെന്ന് റിലയന്‍സ് ജിയോ അറിയിച്ചു.
∙ ട്വിറ്റര്‍ സബ്സ്ക്രിപ്ഷന് അടുത്ത വെള്ളിയാഴ്ച മുതല്‍
വെരിഫൈ ചെയ്ത ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇനി മൂന്നു നിറങ്ങളിലായിരിക്കും നല്‍കുക. കമ്പനികളുടേതാണ് എന്ന് ഉറപ്പുവരുത്തിയ അക്കൗണ്ടകള്‍ക്ക് ഗോൾഡ് നിറത്തിലുള്ള ടിക്കും സർക്കാരുകളുടേതിന് ചാര നിറത്തിലുള്ള ടിക്കും വ്യക്തികളുടേതിന് നീലനിറത്തിലുള്ള ടിക്കും ആയിരിക്കും നല്‍കുക. പ്രശസ്തര്‍ക്കും സാധാരണക്കാര്‍ക്കും നീല നിറത്തിലുള്ള ടിക്കായിരിക്കും നല്‍കുക.

∙ നതിങ് ഫോണ്‍ 1ന് പുതിയ സോഫ്റ്റ്വെയര് അപ്ഡേറ്റ്
നതിങ് ഫോണ്‍ 1ന് പുതിയ നതിങ് ഒഎസ് 1.1.7 സോഫ്റ്റ്വെയര് അപ്ഡേറ്റ് കമ്പനി നല്കി തുടങ്ങി. ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള ചില കാര്യങ്ങളും സുരക്ഷാ പാച്ചും ഉള്‍പ്പെടെയാണ് പുതിയ അപ്ഡേറ്റ് എന്ന് ഗിസ്മോ ചൈനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിള്‍ എയര്‍പോഡ്സില്‍ എന്തുമാത്രം ബാറ്ററി ബാക്കിയുണ്ടെന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇനി അറിയാന്‍ സാധിക്കും. ഫേംവയര്‍ വേര്‍ഷന്‍ എസ്1.12211212306 ആണ് ലഭിക്കുക.
∙ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങാന്‍ ആപ്പിളിന് താത്പര്യമില്ലെന്ന്
ആപ്പിള്‍ കമ്പനി ഫുട്ബോള്‍ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങാന്‍ പോകുന്നതായുള്ള ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയത് ബ്രിട്ടനിലെ ടാബ്ലോയിഡ് പ്രസിദ്ധീകരണങ്ങളാണ്. ഇത് തുടങ്ങിവച്ചതിന്റെ 'ഖ്യാതി' ലഭിക്കുന്നത് ദി ഡെയ്ലിസ്റ്റാറിനാണ്. എന്തായാലും മാക്റൂമേഴ്സ് പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ട് പ്രകാരം ക്ലബ് ഏറ്റെടുക്കാന്‍ ആപ്പിളിന് യാതൊരു ഉദ്ദേശവുമില്ലെന്ന് പറയുന്നു. അമേരിക്കന്‍ കുടുംബമാണ് ബ്രിട്ടിഷ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമ. അവര്‍ ക്ലബ് വില്ക്കാന് പോകുന്നതായി അറിയിച്ചിരുന്നു.
English Summary: AIIMS server down: Chinese hackers suspected