ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ആപ് ആകാന്‍ 'പ്ലാറ്റ്‌ഫോം'! ഫെയ്‌സ്ബുക്ക് റീല്‍സിനെതിരെ ജിയോ

INDIA-TELECOMS-5G
Representational image.
SHARE

ടിക്‌ടോക്കിനെ ഇന്ത്യയില്‍ നിന്നു കെട്ടുകെട്ടിച്ചതോടെ മെറ്റാ കമ്പനിയുടെ റീല്‍സും, യൂട്യൂബ് ഷോര്‍ട്‌സും പോലെയുള്ള ആപ്പുകളാണ് ഇപ്പോള്‍ ഇവിടെ കളംപിടിച്ചിരിക്കുന്നത്. എന്നാല്‍, റീല്‍സിനെ പോലെ തന്നെ പ്രവര്‍ത്തിക്കുന്ന ഒരു ആപ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് റിലയന്‍സ് ജിയോ എന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. ആപ്പിന്റെ പേര് 'പ്ലാറ്റ്‌ഫോം' എന്നായിരിക്കും. എന്നാല്‍, റീല്‍സിനെ പോലെ ഇത് എല്ലാവര്‍ക്കും കണ്ടെന്റ് അപ്‌ലോഡ് ചെയ്യാന്‍ തുറന്നു കിട്ടിയേക്കില്ല. വിനോദ വ്യവസായത്തിലുള്ള താരങ്ങള്‍ക്കായിരിക്കും ഇതില്‍ചേര്‍ന്ന് കണ്ടെന്റ് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുക എന്നാണ് സൂചന. അവരുടെ മിടുക്കിന് അനുസരിച്ച് സ്വാഭാവികമായി വളര്‍ന്ന് സ്ഥിര വരുമാനം ഉണ്ടാക്കാനും, അത് വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കാനുമുള്ള അവസരം പ്ലാറ്റ്‌ഫോമില്‍ ലഭിച്ചേക്കും.

കാശുണ്ടാക്കാനുള്ള ആപ്പുകളില്‍ പ്രധാനപ്പെട്ട ഒന്നായേക്കാം

ഇന്ത്യയില്‍ നിന്നു പുറത്തിറക്കപ്പെട്ട ആപ്പുകളില്‍ പണമുണ്ടാക്കാവുന്ന ആപ്പുകളില്‍ പ്രധാനപ്പെട്ട ഒന്നായി തീരാന്‍ വഴിയുള്ള ഒന്നാണ് പ്ലാറ്റഫോം. ജിയോ പ്ലാറ്റ്‌ഫോംസ്, റോളിങ് സ്‌റ്റോണ്‍സ് ഇന്ത്യ, ക്രീയേറ്റിവ്‌ലാന്‍ഡ് ഏഷ്യ എന്നിവ സംയുക്തമായാണ്പുതിയ ആപ് പുറത്തിറക്കുക. ചെറിയ വിഡിയോകളായിരിക്കും ഇറക്കാന്‍ സാധിക്കുക എന്നാണ് ശ്രുതി. ക്രിയേറ്റര്‍മാര്‍, പാട്ടുകാര്‍, നടീനടന്മാര്‍, സംഗീത സംവിധായകര്‍, നര്‍ത്തകര്‍, കോമഡി പരിപാടി അവതരിപ്പിക്കുന്നവര്‍, ഫാഷന്‍ ഡിസൈനര്‍മാര്‍ തുടങ്ങി സാംസ്‌കാരിക രംഗത്ത് ഇന്‍ഫ്‌ളുവന്‍സര്‍മാർ ആകാന്‍ താൽപര്യമുള്ള എല്ലാവര്‍ക്കും വേണ്ടിയാണ് ഈ ആപ്.

jio-reliance
മുകേഷ് അംബാനി - ആകാശ് അംബാനി

സ്വാധീനമുള്ള ആപ് ആയേക്കും

പ്ലാറ്റ്‌ഫോമിന് ശക്തി പകരുന്നത് ജിയോ പ്ലാറ്റ്‌ഫോംസിന്റെ സാങ്കേതികവിദ്യ ആയിരിക്കും. ഇന്ത്യന്‍ ടെലകോം രംഗത്തെ താരമായ ജിയോയുടെ ബാനറില്‍ ഉദയംകൊള്ളുന്ന ആപ് ആയതിനാല്‍ അത് രാജ്യത്ത് ശക്തമായ സ്വാധീനമുള്ള ഒന്നായേക്കും. ഇതില്‍ ആദ്യം ചേരുന്ന 100 പേര്‍ ഇത് സ്ഥാപിച്ചവര്‍ തന്നെ ആയിരിക്കും എന്നു പറയുന്നു. ക്ഷണം കിട്ടുന്നവര്‍ക്കു മാത്രമ‍േ ഈ ഘട്ടത്തില്‍ ആപ്പില്‍ ചേരാന്‍ സാധിക്കൂ. ഇവരുടെ അക്കൗണ്ടുകളില്‍ സ്വര്‍ണ്ണ നിറത്തിലുള്ള ടിക് ആലേഖനം ചെയ്തിരിക്കും. ഇവരാകും ഒറിജിനല്‍ മെമ്പര്‍മാര്‍. പ്ലാറ്റ്‌ഫോമില്‍ ചേരാന്‍ യോഗ്യതയുള്ള ക്ഷണിക്കാൻ കഴിയുക ഈ അംഗങ്ങൾക്കാകും. അതിനായി റെഫറല്‍ പ്രോഗ്രാമുകള്‍ ഉണ്ടായിരിക്കുമെന്നും പറയുന്നു.

പ്ലാറ്റ്‌ഫോമിലെ പുതിയ ഫീച്ചറുകള്‍ പരിശോധിക്കുന്നതും ഇവര്‍

പ്ലാറ്റ്‌ഫോം ആപ്പില്‍ കൊണ്ടുവരുന്ന പുതിയ ഫീച്ചറുകള്‍ ആദ്യം പരിശോധിച്ചു നോക്കുന്നതും ഒറിജിനല്‍ മെമ്പര്‍മാര്‍ ആയിരിക്കും. ഈ ഉദ്യമത്തില്‍ പങ്കാളികളായ മൂന്നു കമ്പനികളും ചേര്‍ന്ന് പുതിയ പദ്ധതികളും നടപ്പിലാക്കിയേക്കും. പ്ലാറ്റ്‌ഫോം ബീറ്റാ ആപ് ഇപ്പോള്‍ ടെസ്റ്റ് ചെയ്യുകയാണ്. ജനുവരി 2023ല്‍ അത് ഔദ്യോഗികമായി അവതരിപ്പിച്ചേക്കും. മെറ്റാ കമ്പനിയൊക്കെ അല്‍ഗോറിതം ഉപയോഗിച്ചാണ് തങ്ങളുടെ ആപ്പുകളില്‍ ഓരോ ക്രിയേറ്ററുടെയും വളര്‍ച്ച നിര്‍ണയിക്കുന്നത്. എന്നാല്‍, പ്ലാറ്റ്‌ഫോം അല്‍ഗോറിതം ഉപയോഗിക്കില്ല. ഓരോരുത്തരുടെയും നൈസര്‍ഗികമായി വളര്‍ച്ചയ്ക്ക് അനുസരിച്ച് മുന്നേറാനുള്ള അവസരമായിരിക്കും പ്ലാറ്റ്‌ഫോം ഒരുക്കുക. അതുവഴി പ്ലാറ്റ്‌ഫോം രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ആപ്പുകളിലൊന്നാകാന്‍ ശ്രമിക്കും. 

ക്രിയേറ്റര്‍മാര്‍ക്ക് വേരിഫിക്കേഷന്‍ ടിക് മാര്‍ക്കുകള്‍

ഇപ്പോള്‍ ട്വിറ്റര്‍ നല്‍കാന്‍ ഒരുങ്ങുന്നതു പോലെ മൂന്നു തരം വേരിഫിക്കേഷന്‍ ടിക് മാര്‍ക്കുകള്‍ പ്ലാറ്റ്‌ഫോമും നല്‍കിയേക്കും. വെള്ളി (സില്‍വര്‍), നീല, ചുവപ്പ് നിറങ്ങളിലുള്ള ടിക് ചിഹ്നങ്ങളായിരിക്കും ക്രിയേറ്റര്‍മാര്‍ക്ക് ലഭിക്കുക. ഈ നിറങ്ങള്‍ക്കുള്ള ആധാരം എത്ര ഫോളോവര്‍മാര്‍ അല്ലെങ്കില്‍ ആരാധകര്‍ ഉണ്ട്, എത്ര വ്യൂസ് കിട്ടുന്നു എന്നൊക്കെയുള്ള ഘടകങ്ങള്‍ ആയിരിക്കും.

നേരിട്ടു ബുക്ക് ചെയ്യാം

ഓരോ കണ്ടെന്റ് ക്രിയേറ്ററുടെയും പ്രൊഫൈലിനുമൊപ്പം 'ബുക്ക് നൗ' എന്നൊരു ബട്ടണ്‍ കാണും. ഇതിലൂടെ ആളുകള്‍ക്കും സംഘാടകര്‍ക്കും തങ്ങളുടെ പരിപാടികളിലേക്ക് ക്രിയേറ്റര്‍മാരെ നേരിട്ട് ക്ഷണിക്കാം. ഒപ്പം ഇരുകൂട്ടര്‍ക്കും പല തരത്തിലുമുള്ള ഇടപെടലുകള്‍ നടത്താനുള്ള അവസരവും ഉണ്ടായിരിക്കും. അതിനു പുറമെ ക്രിയേറ്റര്‍മാര്‍ക്ക് റോളിങ് സ്‌റ്റോണ്‍ ഇന്ത്യയുടെ ഡിജിറ്റല്‍ എഡിറ്റോറിയലുകളില്‍ സ്ഥാനം ലഭിച്ചേക്കും. ആപ് വഴി ബുക്കിങ് ലഭിച്ച് വരുമാനം ലഭിക്കും എന്ന കാര്യവും പ്ലാറ്റ്‌ഫോം മുന്നോട്ടുവയ്ക്കുന്ന ഫീച്ചറുകളില്‍ ഒന്നാണ്. 

ഇസ്രോ ഭൗമ നിരീക്ഷണ സാറ്റ‌്‌ലൈറ്റ് വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു

isro

തങ്ങളുടെ പിഎസ്എല്‍വി-സി54 ഉപയോഗിച്ച് ഭൗണ നിരീക്ഷണ ഉപഗ്രഹമായ ഓഷന്‍സാറ്റും മറ്റ് 8 കസ്റ്റമര്‍മാരുടെ സാറ്റ‌്‌ലൈറ്റുകളും വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരിക്കുകയാണ് ഇസ്രോ എന്ന് പിടിഐ. ഇത് പിഎസ്എല്‍വിയുടെ 56-ാമത്തെ ദൗത്യമായിരുന്നു. 

ഫോക്‌സ്‌കോണ്‍ പ്രതിസന്ധി ഐഫോണ്‍ വില്‍പനയ്ക്കും ആപ്പിളിന്റെ ഓഹരികള്‍ക്കും ഭീഷണി

iphone-factory

ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാണശാലയിലുണ്ടായ തൊഴില്‍ പ്രശ്‌നങ്ങള്‍ ആപ്പിളിന് തിരിച്ചടി ആയേക്കാമെന്ന് റോയിട്ടേഴ്‌സ്. കമ്പനിയുടെ കാര്‍ നിര്‍മ്മാതാവായ ഫോക്‌സ്‌കോണിന്റെ ഫാക്ടറിയിലാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇതേ തുടര്‍ന്ന് ഏകദേശം 20,000 തൊഴിലാളികള്‍ കമ്പനി നല്‍കിയ നഷ്ടപരിഹാരം സ്വീകരിച്ച് പുറത്തു പോയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്തായാലും, ഏറ്റവുമധികം വില്‍പ്പന നടക്കുന്ന സീസണില്‍ വേണ്ടത്ര ഐഫോണുകള്‍ എത്തിക്കാന്‍ സാധിക്കാത്തത് കണക്കുകൂട്ടലുകള്‍ തെറ്റിച്ചേക്കുമോ, കമ്പനിയുടെ ഓഹരിവില ഇടിയാന്‍ വരെ ഇടവരുത്തുമോ എന്നുമുള്ള ഭീതിയിലാണ് ആപ്പിള്‍.

താന്‍ 2024ല്‍ ഡീസാന്റിസിനെ പിന്തുണയ്ക്കുന്നു എന്ന് മസ്‌ക്

ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് പൊതുവേ രാഷ്ട്രീയം സംസാരിക്കാറില്ല. അമേരിക്കന്‍ പ്രസിഡഷ്യല്‍ സ്ഥാനാര്‍ത്ഥിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു വേണ്ടി മത്സരിക്കാന്‍ താന്‍ തയാറാണ് എന്നു പറഞ്ഞ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയ സാഹചര്യത്തിലാണ് മസ്‌കിന്റെ പുതിയ പ്രസ്താവനയ്ക്ക് പ്രാധാന്യം ലഭിക്കുന്നത്. അമേരിക്കയില്‍ 2024 നടക്കാനിരിക്കുന്ന പ്രസിഡന്‍് തിരഞ്ഞെടുപ്പില്‍ താന്‍ ഫ്‌ളോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ റോണ്‍ ഡീസാന്റിസിനെ പിന്തുണയ്ക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. (ഏറ്റവും പുതിയ വിഡിയോകളില്‍ തന്റെ പേര് ഡീസാന്റിസ് എന്നാണ് ഉച്ചരിക്കേണ്ടത് എന്ന് ഗവര്‍ണര്‍ പറയുന്നു. എന്നാല്‍, 2016ലും മറ്റും സ്വന്തം പേര് ഡെസാന്റിസ് എന്ന് അദ്ദേഹം തന്നെ ഉച്ചരിക്കുന്നതും കേള്‍ക്കാമെന്നത് അമേരിക്കക്കാര്‍ ചര്‍ച്ച ചെയ്യുന്ന മറ്റൊരു രസകരമായ വിഷയമാണ്.)

Mass resignations and revolt greet Musk’s Twitter 2.0 plan

സ്വന്തം രാഷ്ട്രിയം വെളിപ്പെടുത്തി മസ്‌ക്

ട്രംപിന്റെ നിരോധിക്കപ്പെട്ട ട്വിറ്റര്‍ അക്കൗണ്ട് മസ്‌ക് ചുമതലയേറ്റശേഷം തിരിച്ചു നല്‍കിയിരുന്നു. എന്നാല്‍ മുന്‍ പ്രസിഡന്റ് ട്വിറ്ററില്‍ തിരിച്ചെത്താന്‍ വിസമ്മതിക്കുകയാണ്. ട്രംപ് ട്വീറ്റു ചെയ്യാത്തതില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നാണ് മസ്‌കിന്റ് പക്ഷം. താന്‍ മുമ്പ് ഡെമോക്രാറ്റുകള്‍ക്ക് വോട്ടു ചെയ്തിട്ടുണ്ട്. എന്നാല്‍, അവരിപ്പോള്‍ വെറുപ്പിന്റെയും വിഘടനവാദത്തിന്റെയും വക്താക്കളായെന്നും തനിക്കിനി അവരെ പിന്തുണയ്ക്കാനാവില്ലെന്നും മസ്ക് പറയുന്നു. ഇനി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്ര ചിന്താഗതിയുള്ള അമേരിക്കക്കാരോടും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്ന് മസ്‌ക് അഭ്യര്‍ത്ഥിച്ചു. 

ഇറാന്റെ വാര്‍ത്താ ഏജന്‍സിക്കു നേരെ സൈബര്‍ ആക്രമണം

ഇറാന്റെ ഫാര്‍സ് (Fars) വാര്‍ത്താ ഏജന്‍സിക്കു നേരെ കനത്ത സൈബര്‍ ആക്രമണമുണ്ടായെന്ന് എഎഫ്പി റിപ്പോര്‍ട്ടു ചെയ്യുന്നു. മാഷാ അമിനി എന്ന സ്ത്രീയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായിരിക്കാം സൈബര്‍ ആക്രമണമെന്നു കരുതുന്നു.

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS