ADVERTISEMENT

എക്സ്റ്റൻഡഡ് റിയാലിറ്റി മേഖലയിൽ 10 ലക്ഷം ഡോളറിന്റെ ഫെല്ലോഷിപ്പ് പദ്ധതിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി കൈകോര്‍ത്ത് മെറ്റാ. സാങ്കേതിക രംഗത്ത് ഇന്ത്യയുടെ സംഭാവന വർധിപ്പിക്കാനുള്ള  പ്രതിബദ്ധതയുടെ ഭാഗമായി മെറ്റ ഫെഡറേഷൻ ഓഫ് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എഫ്ഐസിസിഐ)യുടെ ‘എക്സ്ആ‍ര്‍ ഓപൺ സോഴ്സ് ഫെല്ലോഷിപ്പിന്’ 10 ലക്ഷം ഡോളറാണ് ചെലവഴിക്കുക. എഫ്ഐസിസിഐ നടപ്പാക്കുന്ന എക്സ്ആ‍ര്‍ ഓപൺ സോഴ്സ് ഫെല്ലോഷിപ്പ് വഴി നൂറ് പേര്‍ക്ക് പഠന ധനസാഹയവും പരിശീലനവും ലഭിക്കും. ഇലക്ട്രോണിക് ആൻഡ് ഇൻഫര്‍മേഷൻ മന്ത്രാലയത്തിന്‍റെ ഭാഗമായ നാഷണല്‍ ഇ-ഗവണേഴ്സ് ഡിവിഷനാണ് പദ്ധതിയുടെ സാങ്കേതിക പങ്കാളി.

 

എക്സ്ആര്‍ ടെക്നോളജിയുമായി ബന്ധപ്പെട്ട ഓപൺ സോഴ്സ് പ്രൊജക്ടുകളിൽ ഡവലപ്പര്‍മാര്‍ക്ക് അവരുടെ സംഭാവനകൾ നൽകാൻ പദ്ധതി സഹായകരമായിരിക്കും. ഇതുവഴി ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ സാങ്കേതിക മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിന് അടിത്തറയൊരുങ്ങും. ചെലവ് കുറഞ്ഞതും, അനുയോജ്യവും, പ്രാദേശിക ഭാഷകളെ ഉൾക്കൊള്ളുന്നതുമായ സാങ്കേതിക വിദ്യാവികാസത്തിന് പുതിയ സംരംഭം കാരണമാകും. മെറ്റായുടെ ആഗോളതല എക്സ്ആ‍‍ര്‍ പദ്ധതിയുടെയും റിസര്‍ച്ച് ഫണ്ടിന്റെയും ഭാഗമായാണ് എക്സ്ആര്‍ ഒഎസ് പദ്ധതി. ഇലക്ട്രോണിക് ആൻഡ് ഇൻഫര്‍മേഷൻ മന്ത്രാലയത്തിന്റെ സ്റ്റാ‍ര്‍ട്ടപ്പ് ഹബ്ബുമായി ചേര്‍ന്ന് 20 ലക്ഷം ഡോളറാണ് ‘എക്സ്ആ‍ര്‍ സ്റ്റാ‍ര്‍ട്ടപ്പ്’ പദ്ധതികൾക്കായി മെറ്റ ഈ വര്‍ഷമാദ്യം പ്രഖ്യാപിച്ചിരുന്നത്.  

 

മെറ്റാവേര്‍സ് ഒരു കമ്പനിക്ക് മാത്രം നി‍ര്‍മിച്ചെടുക്കാനാവുന്നതല്ല. എക്സ്ആ‍ര്‍ ഓപൺ സോഴ്സസ് പദ്ധതികളിലൂടെ നിലവിലെ സാങ്കേതിക വിദ്യയിൽ പ്രവ‍ര്‍ത്തിക്കുന്ന ഇന്ത്യയിലെ ഡവലപ്പര്‍മാരെ ഞങ്ങൾ പിന്തുണയ്ക്കുകയാണ്. അവരുടെ കഴിവും, ഉൾക്കാഴ്ചയും അധ്വാനവും വഴി അടുത്ത തലമുറയിലേക്കുള്ള ഇന്റർനെറ്റ് സാങ്കേതിക വിദ്യ, സഹകരണത്തോടെയും എല്ലാവ‍ര്‍ക്കും പ്രാപ്യമാകുന്ന രീതിയിലും ഓപൺ സോഴ്സായും നിര്‍മിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് മെറ്റ ഗ്ലോബല്‍ അഫയര്‍ പ്രസിഡന്റ് നിക് ക്ലെഗ് പദ്ധതിയെക്കുറിച്ച് പറഞ്ഞത്.

 

രാജ്യത്തെ ‘ടാക്ഡ്’ മേഖലയ്ക്ക് വേണ്ടിയുള്ള കാഴ്ചപാട് പൂര്‍ണമാകണമെങ്കില്‍ ടയര്‍ ടു, ത്രീ നഗരങ്ങളിൽ നിന്നുള്ളവരും യുവാക്കളായ ഡവലപ്പര്‍മാരും സ്റ്റാ‍ര്‍ട്ടപ്പുകളും എക്സ്ആര്‍ സാങ്കേതിക വിദ്യ പോലുള്ള ഭാവി സാങ്കേതിക വിദ്യകളിൽ സംഭാവന നൽകാൻ പ്രാപ്തമാകണം. എഫ്ഐസിസിഐയും മെറ്റായും സാമ്പത്തിക സഹായത്തിലൊതുക്കാതെ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിന് പരിശീലനം കൂടി  ലക്ഷ്യംവയ്ക്കുന്ന ഈ സംരംഭത്തിന് തുടക്കം കുറിയ്ക്കുന്നതിൽ സന്തോഷമുണ്ടെന്ന് കേന്ദ്ര സ‍ര്‍ക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസര്‍ പ്രഫ. അജയ് കുമാര്‍ സൂദ് പറഞ്ഞു.

 

എക്സ്റ്റൻഡഡ് റിയാലിറ്റി  സാങ്കേതിക വിദ്യയിൽ ഓപൺ സോഴ്സ് പ്രൊജക്ടുകൾക്ക് രാജ്യത്ത് നിന്നുള്ള ഡവലപ്പര്‍മാര്‍ക്ക് പിന്തുണ നൽകുന്നതിനുദ്ദേശിച്ചുള്ള തനതായ പദ്ധതിയാണ് എക്സ്ആര്‍ ഒഎസ് ഫെല്ലോഷിപ്പെന്ന് എഫ്ഐസിസിഐയുടെ കമ്മിറ്റി അംഗവും സിൻഡികാറ്റം റിന്യൂവബിൾ എനര്‍ജി  കണ്‍ട്രി ഹെഡ് ഇന്ത്യ ഡെവിൻ നരാങ് പറഞ്ഞു. 2025ൽ 1 ലക്ഷം കോടി ഡോള‍ര്‍ സാമ്പത്തിക ശക്തിയാകണമെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നതിനും രാജ്യത്തേക്ക് ഭാവി തലമുറ സാങ്കേതിക രംഗത്ത് നിക്ഷേപങ്ങൾ വര്‍ധിക്കാനും പദ്ധതി വഴിയൊരുക്കും. മെറ്റായുടെ പിന്തുണയ്ക്കും നാഷണൽ ഇ–ഗവണേഴ്സ് ഡിവിഷന്റെ പങ്കാളിത്തതിനും അദ്ദേഹം നന്ദി പറഞ്ഞു.   

 

മെറ്റായുടെ ഇന്ത്യയിലെ രണ്ടാമത്തെ പദ്ധതിയാണ് എക്സ്ആ‍ര്‍ ഓപൺ സോഴ്സ് പ്രോഗ്രാം. മെറ്റാവേര്‍സ് സാങ്കേതിക രംഗം വികസിപ്പിക്കുന്നതിനുള്ള ഓപൺ സോഴ്സ് സാഹചര്യമൊരുക്കുന്നത് ലക്ഷ്യം വയ്ക്കുന്നതാണ് പദ്ധതി. ‘നോ ലാംഗ്വേജ് ലെഫ്റ്റ് ബിഹൈന്റ്’ പോലുള്ള വിവിധ പരിപാടികൾ മെറ്റ നേരത്തേ തുടങ്ങിയിരുന്നു. സിംഗിൾ മൾട്ടി ലിംഗ്വല്‍ എഐ മോഡലായിരുന്നു ഇത്. 25 ഇന്ത്യൻ ഭാഷകളടക്കം 200 ലേറെ ഭാഷകളെയാണ് ഇത് വഴി പിന്തുണച്ചിരുന്നത്.

 

കഴിഞ്ഞ വര്‍ഷം മെറ്റാ സെൻട്രൽ ബോര്‍ഡ് ഓഫ് എഡുക്കേഷനുമായി സഹകരിച്ചിരുന്നു. സിബിഎസ്ഇ യുമായുള്ള സഹകരണത്തിലൂടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിൽ 1 കോടി വിദ്യാര്‍ത്ഥികളിലേക്കും 10 ലക്ഷം അധ്യാപകരിലേക്കും സാങ്കേതികവിദ്യ പകര്‍ന്ന് നൽകാനാകും. രാജ്യത്തെ എല്ലാ വിദ്യാര്‍ഥികൾക്കും നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനും ഡിജിറ്റൽ പവേര്‍ഡ് സാമ്പത്തിക രംഗത്ത് ഭാവിയ്ക്കായി ഇവരെ ഒരുക്കാനും മെറ്റ പ്രതിജ്ഞാബദ്ധരാണ്. ഈ വര്‍ഷം ജൂണിൽ മെറ്റ 40,000 വിദ്യാര്‍ഥികൾക്ക് ‘ലേൺ പ്രോഗ്രാം’ തുടങ്ങിയിരുന്നു. ‘സ്കൂൾ ഓഫ് എആര്‍’ പദ്ധതി വഴി മെറ്റാസ്പാര്‍ക്കിൽ വൈദഗ്ധ്യമുള്ള 1000 ഡലപ്പര്‍മാരെയും സൃഷ്ടിച്ചെടുത്തു. മെറ്റ എക്സ്ആര്‍ പദ്ധതിയും റിസര്‍ച്ച് ഫണ്ടും രണ്ട് വര്‍ഷത്തേയ്ക്ക് 5 കോടി ഡോളര്‍ നിക്ഷേപമാണ് വിവിധ പങ്കാളികൾ, മനുഷ്യാവകാശ സംഘടനകൾ, സര്‍ക്കാരുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി ചേര്‍ന്ന് നടത്തിയിട്ടുള്ളത്.

 

English Summary: Meta, Ficci, NeGD announce fellowship for developers to build metaverse use cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com