ADVERTISEMENT

നേരത്തേ റിപ്പോര്‍ട്ടു ചെയ്തതു പോലെ ഇന്ത്യയിലെ കോര്‍പറേറ്റ് ഭീമന്‍ ടാറ്റ ഐഫോണ്‍ നിര്‍മാണ കരാറിന് അടുത്തെത്തി. ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്ന വിസ്ട്രണ്‍ കമ്പനിയുടെ നിര്‍മാണസംവിധാനങ്ങള്‍ മൊത്തത്തില്‍ വാങ്ങാന്‍ ടാറ്റ 500 കോടി രൂപ (612.6 ദശലക്ഷം ഡോളര്‍) വില പറഞ്ഞു എന്നാണ് ദി ഇക്കണോമിക് ടൈംസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. വിസ്ട്രണ്‍ കോര്‍പിന് ഇന്ത്യയില്‍ ഒരു നിര്‍മാണശാലയാണ് ഉള്ളത്. മുൻപുള്ള റിപ്പോര്‍ട്ട് പ്രകാരം വിസ്ട്രണുമായി സഹകരിക്കാനായിരുന്നു ടാറ്റ ശ്രമിച്ചിരുന്നത്. എന്നാൽ, ചൈനയിലെ പുതിയ സംഭവവികാസങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ടാറ്റയുടെ പുതിയ നീക്കം.

∙ ചര്‍ച്ച പരാജയപ്പെട്ടാലും ടാറ്റ ഐഫോണ്‍ നിര്‍മാണ കമ്പനി ആയേക്കും

ഇപ്പോള്‍ വിസ്ട്രണുമായി നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാലും ടാറ്റ ഐഫോണ്‍ നിര്‍മാണ രംഗത്ത് എത്തിയേക്കും. ഏറ്റെടുക്കല്‍ സാധ്യമായില്ലെങ്കില്‍, വിസ്ട്രണുമായി സഹകരിക്കാനായിരിക്കും ടാറ്റ ശ്രമിക്കുക എന്ന് റിപ്പോര്‍ട്ട് പറയുന്നു. വിസ്ട്രണിന്റെ ഏക ഫാക്ടറി കര്‍ണാടകയിലാണ്. പുതിയ നീക്കത്തെക്കുറിച്ച് പ്രതികരിക്കാന്‍ ടാറ്റയോ വിസ്ട്രണോ ആപ്പിളോ തയാറായിട്ടില്ല. ടാറ്റ ഐഫോണ്‍ നിര്‍മാതാവാകാന്‍ ഒരുങ്ങുകയാണെന്ന കാര്യം ആദ്യം റിപ്പോര്‍ട്ടു ചെയ്തത് ബ്ലൂംബര്‍ഗ് ആണ്.

∙ ടാറ്റ ഇപ്പോഴേ ഐഫോണ്‍ നിര്‍മാണത്തില്‍ പങ്കാളി

ഉപ്പു മുതല്‍ സോഫ്റ്റ്‌വെയര്‍ വരെ വില്‍ക്കുന്ന ലോകത്തെ ചുരുക്കം ചില കമ്പനികളിലൊന്നായ ടാറ്റയ്ക്ക് ഇപ്പോള്‍ത്തന്നെ ഐഫോണ്‍ നിര്‍മാണത്തില്‍ പങ്കുണ്ടെന്ന വാര്‍ത്ത പലരെയും അദ്ഭുതപ്പെടുത്തിയേക്കും. തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള പ്ലാന്റില്‍നിന്ന് ടാറ്റ ആപ്പിളിനു ഘടകഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിനായി ഐഫോണ്‍ നിര്‍മിച്ചു നല്‍കുന്ന മൂന്നു കമ്പനികളാണ് ഇന്ത്യയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അവയില്‍ ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍ എന്നിവ തമിഴ്‌നാട്ടിലും വിസ്ട്രണ്‍ കര്‍ണാടകയിലും പ്രവര്‍ത്തിക്കുന്നു.

∙ ടാറ്റയുടേത് തന്ത്രപരമായ നീക്കം?

ലോകത്ത് ഏറ്റവുമധികം ഐഫോണ്‍ നിര്‍മിക്കുന്ന ചൈനയിലെ നിര്‍മാണ മേഖലയിൽ പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയാണ്. ഇതിനൊപ്പമാണ് അമേരിക്ക ചൈനയ്‌ക്കെതിരെ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍. ഇതോടെ ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ മറ്റു മേഖലകളിലേക്ക് തങ്ങളുടെ നിര്‍മാണ സംവിധാനങ്ങള്‍ പറിച്ചു നടാനുള്ള ശ്രമത്തിലാണ്. ആ തക്കത്തിലാണ് ടാറ്റ ഐഫോൺ നിർമാണത്തിനു ശ്രമിക്കുന്നത്. വിശകലന കമ്പനിയായ ജെപി മോര്‍ഗന്‍ പറയുന്നത് 2025ല്‍ നിര്‍മിക്കുന്ന ഐഫോണുകളില്‍ നാലില്‍ ഒന്നും ഇന്ത്യയില്‍ നിന്നായിരിക്കുമെന്നാണ്. അതായത്, ടാറ്റയ്ക്കു പുറമെ റിലയന്‍സ് അടക്കമുള്ള കമ്പനികള്‍ ഈ മേഖലയിലേക്ക് കടന്നുവന്നാലും അദ്ഭുതപ്പെടേണ്ട കാര്യമില്ല.

∙ ആപ്പിളിനെതിരെ മസ്‌കിനൊപ്പം സ്‌പോട്ടിഫൈയും

മ്യൂസിക് സ്ട്രീമിങ് ആപ്പായ സ്‌പോട്ടിഫൈ, ഗെയിം വികസിപ്പിക്കുന്ന കമ്പനിയായ എപ്പിക് എന്നിവ നേരത്തേ തന്നെ ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ 30 ശതമാനം ‘തട്ടിയെടുക്കുന്നതിന്’ എതിരെ രംഗത്തു വന്നിരുന്നു. ഈ വാദപ്രതിവാദങ്ങള്‍ കഴിഞ്ഞ ആറു മാസത്തോളമായി തണുത്തു കിടക്കുകയായിരുന്നു. അടുത്തിടെ ചുമതലയേറ്റ ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് പുതിയ ആക്രമണ ശരം ആപ്പിളിനെതിരെ അയച്ചതോടെയാണ് സ്‌പോട്ടിഫൈ മേധാവി ഡാനിയല്‍ എക് മസ്‌കിന്റെ വാദത്തെ പിന്തുണച്ച് രംഗത്തെത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ആപ്പിള്‍ അവസരം മുതലാക്കുന്നുവെന്നും നൂതനത്വം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നു എന്നും അത് ഉപയോക്താക്കള്‍ക്ക് ഗുണകരമല്ല എന്നുമാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്.

∙ ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്ഷന്‍ മാറ്റിവച്ചു

ട്വിറ്ററിൽനിന്ന് ലഭിക്കുന്ന പണത്തിന്റെ 30 ശതമാനം ആപ്പിള്‍ ‘തട്ടിക്കൊണ്ടു’ പോകാതിരിക്കാനായി മസ്‌ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി വീണ്ടും മാറ്റിവച്ചുവെന്ന് പ്ലാറ്റ്‌ഫോര്‍മര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതോടെ പണമടച്ച് ബ്ലൂ ടിക് സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും. നിലവില്‍ ആപ്പിളിന്റെ പണമടയ്ക്കല്‍ സംവിധാനം ഉപയോഗിച്ചേ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ട്വിറ്ററിന്റെ വരിസംഖ്യ അടയ്ക്കാന്‍ പറ്റൂ. പകരം സംവിധാനമൊരുക്കാന്‍ മസ്‌ക് ശ്രമിക്കുന്നുണ്ട്. അങ്ങനെ ചെയ്താല്‍ ട്വിറ്റര്‍ ആപ്പിനെ ആപ്പിള്‍ പുറത്താക്കിയേക്കും.

∙ മസ്‌കിന്റെ ന്യൂറാലിങ്ക് ഇതുവരെ വിജയിച്ചില്ല, പക്ഷേ...

കംപ്യൂട്ടറും മനുഷ്യന്റെ തലച്ചോറുമായി ബന്ധിപ്പിക്കാനായി 2016ല്‍ മസ്‌ക് തുടങ്ങിയ കമ്പനിയാണ് ന്യൂറാലിങ്ക്. അത് ഉദ്ദേശിച്ച ഫലമൊന്നും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ മസ്‌ക് എത്തിയതോടെ ഈ മേഖലയിലും പല സ്റ്റാര്‍ട്ടപ്പുകളും മുളപൊട്ടിയെന്നും അവയില്‍ പലതിലും വന്‍കിട വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകള്‍ മുതല്‍ മുടക്കു നടത്തി തുടങ്ങിയെന്നും ബ്ലൂംബര്‍ഗ് പറയുന്നു. വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകള്‍ ഈ വര്‍ഷം മുതല്‍മുടക്കിയ കമ്പനികളടെ എണ്ണം 37 ആണെന്നു പറയുന്നു.

∙ കോണിങ് ഗ്ലാസ് വിക്ടസ് 2 അവതരിപ്പിച്ചു

ഇനി പ്രധാനപ്പട്ട പല സ്മാര്‍ട് ഫോണുകളുടെയും സ്‌ക്രീനുകളുടെ മുകളില്‍ പതിക്കപ്പെടാന്‍ പോകുന്ന സംരക്ഷണ സംവിധാനമായ ഗ്ലാസ് വിക്ടസ് 2 പുറത്തിറക്കി. കോണ്‍ങ് കമ്പനിയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. കോണ്‍ക്രീറ്റ് പോലുള്ള പ്രതലത്തില്‍ വീണാല്‍ തകരാനുള്ള സാധ്യത അല്‍പം കുറയ്ക്കാനായി എന്നതാണ് വിക്ടസ് 2ന്റെ പ്രത്യേകത എന്ന് കമ്പനി പറഞ്ഞു. അതേസമയം, മടക്കാവുന്ന ഫോണുകള്‍ക്ക് ഇത്തരമൊരു സംരക്ഷണ ലെയർ ഒരുക്കാന്‍ തങ്ങള്‍ക്ക് ഇപ്പോഴും സാധ്യമല്ലെന്നുള്ള കാര്യവും കമ്പനി ഏറ്റുപറഞ്ഞു.

∙ ഇ-രൂപ പരീക്ഷണത്തിന്റെ ആദ്യ ഘട്ടം ഇന്നു മുതല്‍

ഇ-റുപ്പി പരീക്ഷണത്തിന്റെ ആദ്യ ഘട്ടം ഇന്നു തുടങ്ങുന്നു. കൊച്ചി അടക്കമുള്ള നഗരങ്ങളിലായിരിക്കും ഇത് തുടങ്ങുക.

rbi-1

∙ പിക്‌സല്‍ 7എ ഫോണിനെക്കുറിച്ച് ചില വിവരങ്ങള്‍ പുറത്ത്

ഗൂഗിള്‍ കമ്പനിയുടെ വില കുറഞ്ഞ സ്മാര്‍ട് ഫോണ്‍ ശ്രേണിയായ പിക്‌സല്‍ എ സീരീസിലെ പുതിയ മോഡല്‍ താമസിയാതെ പുറത്തിറക്കിയേക്കും. ഏതാനും മാസം മുൻപിറക്കിയ പിക്‌സല്‍ 7, പിക്‌സല്‍ 7 പ്രോ പ്രീമിയം മോഡലുകളുടെ വില കുറഞ്ഞ പതിപ്പാണ് പിക്‌സല്‍ 7എ. പ്രീമിയം മോഡലുകളെ അപേക്ഷിച്ച് സ്‌ക്രീനിന് അല്‍പം ബെസല്‍ കൂടുതലുണ്ട് എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. ഗൂഗിളിന്റെ ഈ വര്‍ഷത്തെ പ്രോസസറായ ടെന്‍സര്‍ 2 തന്നെയായിരിക്കും മിക്കവാറും പുതിയ മോഡലിനും നല്‍കുക എന്നു പറയുന്നു. അതോ, ആ കാര്യത്തിലും ആപ്പിളിനെ അനുകരിച്ച് കഴിഞ്ഞ വര്‍ഷത്തെ പ്രോസസര്‍ നല്‍കുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. ഫോണിന് 90ഹെട്‌സ് റിഫ്രഷ് റെയ്റ്റ് ഉള്ള സ്‌ക്രീനും ഇരട്ട പിന്‍ ക്യാമറാ സിസ്റ്റവും പ്രതീക്ഷിക്കുന്നു.

∙ അമേയ്‌സ്ഫിറ്റ് ഫോള്‍ക്കണ്‍ സ്മാര്‍ട് വാച്ച് പുറത്തിറക്കി, വില 44,999 രൂപ

ഇന്ത്യന്‍ സ്മാര്‍ട് വാച്ച് കമ്പനികളിലെ പരിചിത നാമമായ അമേയ്സ്ഫിറ്റ് പുതിയ പ്രീമിയം സ്മാര്‍ട് വാച്ച് പുറത്തിറക്കി. ഫോള്‍ക്കണ്‍ എന്നു പേരിട്ടിരിക്കുന്ന വാച്ചിന് 44,999 രൂപയാണ് വില. മികച്ച സ്മാര്‍ട് വാച്ചുകള്‍ 10,000 രൂപയ്ക്കു താഴെ ഇഷ്ടംപോലെ വാങ്ങാന്‍ ലഭിക്കുമ്പോള്‍ ഫോള്‍ക്കണിന് എന്താണ് പ്രത്യേകത എന്നു ചോദിച്ചാല്‍ ഇതിന്റെ നിര്‍മാണ മേന്മ തന്നെയാണ്.

∙ വണ്‍പ്ലസിന്റെ മോണിട്ടറും വരുന്നു

മോണിട്ടര്‍ നിര്‍മാണ ബിസിനസിലേക്കും തിരിയുകയാണ് വണ്‍പ്ലസ് കമ്പനിയെന്ന് റിപ്പോര്‍ട്ട്. എക്‌സ്27, ഇ24 എന്നീ പേരുകളില്‍ രണ്ടു മോണിട്ടറുകള്‍ ഡിസംബര്‍ 12ന് ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. ഇവയക്ക് യഥാക്രമം 27 ഇഞ്ചും 24 ഇഞ്ചുമായിരിക്കും വലുപ്പം. സ്മാര്‍ട് ടിവി വില്‍പനയില്‍ കസറി നില്‍ക്കുന്ന കമ്പനിയായ വണ്‍പ്ലസിന് മോണിട്ടര്‍ നിര്‍മാണം വെല്ലുവിളി ഉയര്‍ത്തിയേക്കില്ല എന്നാണ് സൂചന. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 123 ശതമാനം വളര്‍ച്ചയാണ് സ്മാര്‍ട് ടിവി വില്‍പനയില്‍ വണ്‍പ്ലസ് കൈവരിച്ചിരിക്കുന്നത്.

English Summary: Tata may soon produce iPhones in India, acquisition talks with Wistron underway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com