ഗൂഗിളിന്റെ കാലം കഴിഞ്ഞു? ലോകത്തെ ഞെട്ടിച്ച് എഐ സേര്‍ച്ച് ഉദയം

chatai
SHARE

സേര്‍ച്ചിന്റെ കാര്യത്തില്‍ ഗൂഗിളിന് പകരം എന്തെങ്കിലും വരുന്ന കാര്യം ആര്‍ക്കെങ്കിലും ഇക്കാലത്ത് ചിന്തിക്കാനാകുമോ? സാധ്യമല്ല. എന്നാല്‍ ഓപ്പണ്‍എഐ (OpenAI) കമ്പനി അവതരിപ്പിച്ച ചാറ്റ്ജിപിറ്റി (ChatGPT) എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടാണ് ഇപ്പോള്‍ ലോകത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുന്നത്. ചാറ്റ്ജിപിറ്റിയെക്കുറിച്ചു കേട്ടിട്ടില്ലേ? അദ്ഭുതമില്ല. കാരണം അത് അവതരിപ്പിക്കപ്പെട്ടിട്ട് ദിവസങ്ങളേ ആയിട്ടുള്ളു! ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് (ചില റിപ്പോര്‍ട്ടുകള്‍ പ്രകരാം ബുധനാഴ്ച) ചാറ്റ്ജിപിറ്റി സജീവമായത്. അതായത് മണിക്കൂറുകള്‍ക്കുള്ളില്‍ അത് വൈറലായി. ചാറ്റ്ജിപിറ്റി ഉപയോഗിച്ച ചിലര്‍ പറയുന്നത് ഗൂഗിളിനു സാധ്യമേ അല്ലാത്ത രീതിയില്‍ സേര്‍ച്ചിനെ മുന്നോട്ടു കൊണ്ടുപോയിരിക്കുന്നു എന്നാണ്. പക്ഷേ, ചിലര്‍ക്കിത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് എന്‍ബിസി ന്യൂസിന്റെ കാല്‍ഹന്‍റോ സെന്‍ബ്ലാറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ തെറ്റു പറ്റിയാല്‍ അത് ഏറ്റുപറയും

എങ്ങനെ ഒരു വെബ്‌സൈറ്റിനു കോഡുകള്‍ എഴുതാം, എങ്ങനെ സാന്റാക്ലോസിന്റെ ഹൃദയത്തില്‍ തട്ടുന്ന ഒരു സന്ദേശം എഴുതാം, ഉള്‍നാട്ടില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയെ പോലെ എങ്ങനെ സംസാരിക്കാം എന്നതൊക്കെ നിസാര കാര്യങ്ങളാണ് ചാറ്റ്ജിപിറ്റിക്ക്. ഇതിന് വിനോദിപ്പിക്കാനുമാകും. ഉപയോക്താവുമായി സംഭാഷണം നടത്തുന്നു എന്ന രീതിയില്‍ ഇടപെടാന്‍ കഴിവുള്ള ഒന്നാണ് ചാറ്റ്ജിപിറ്റി. ഇതു വഴി അതിന് തുടര്‍ സംഭാഷണം സാധ്യമാണ്. തെറ്റു പറ്റിയാല്‍ അത് ഏറ്റുപറയുക പോലും ചെയ്യും! അതേസമയം, ചിലരാകട്ടെ ഇതിനെ പ്രശ്‌നകരമായും കാണുന്നു.

∙ വാദങ്ങള്‍ യുക്തിയുക്തം

ചാറ്റ്ജിപിറ്റിയ്ക്ക് മനുഷ്യ ഭാഷ എത്ര അനായാസം കൈകാര്യം ചെയ്യാനാകുന്നു എന്ന കാര്യമാണ് പല സാങ്കേതികവിദ്യാ വിദഗ്ധരെയും അമ്പരപ്പിച്ചിരിക്കുന്നത്. പല സംസാര രീതിയും പുറത്തെടുക്കാനും അതിന് സാധിക്കുന്നു. ഏതു വിഷയത്തെക്കുറിച്ചാണോ സംഭാഷണം അതിനനുസരിച്ച് ഉചിതമായ രീതിയിലും യുക്തിയുക്തമായും സംസാരിക്കാനാകുമെന്നതും പലരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഘടകമാണ്. 

∙ പൂര്‍ണ വൈദഗ്ധ്യം ഇനിയും നേടിയിട്ടില്ല?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ പലപ്പോഴും കൂടുതല്‍ ഇടപെടല്‍ കൊണ്ടാണ് പൂര്‍ണത ആര്‍ജ്ജിക്കുക. ചാറ്റ്ജിപിറ്റിയുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പലരും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇവയില്‍ ചിലത് കുറിക്കുകൊള്ളുന്നവയാണെങ്കിലും മറ്റു ചിലത് ഭ്രമാത്മകവും ചിലത് തമാശയായും തോന്നിക്കുന്നു. അതേസമയം, ചാറ്റ്‌ബോട്ടുമായി ഇടപെട്ട ചിലരെല്ലാം അതിന്റെ പരിമിതികള്‍ അറിയാന്‍ കൂടി ശ്രമിച്ചവരാണെന്നു കാണാം.

∙ പല റിസള്‍ട്ടുകളും അദ്ഭുതകരം, മാജിക്

ജേണലിസ്റ്റായ ക്ലിയോ എബ്രാം (Abram) പറയുന്നത് തന്റെ ഭാവനയുടെ പരിമിതി മാത്രമെ മറികടക്കാനുള്ളു എന്നാണ്. ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഒരു നര്‍മ കവിതയുടെ രൂപത്തില്‍ അവതരിപ്പിക്കാനാണ് ക്ലിയോ ആവശ്യപ്പെട്ടത്. എന്നിട്ടു പോലും ഞൊടിയിടയില്‍ ചാറ്റിജിപിറ്റി നല്‍കിയ ഉത്തരം വിഡിയോ ആയി ക്ലിയോ പുറത്തുവിട്ടിട്ടുണ്ട്. https://bit.ly/3XTyTJ5. അതെ ഇത് മനുഷ്യര്‍ക്ക് സാധ്യമല്ലാത്ത രീതിയില്‍, മാജിക് പോലെ തോന്നും. എഴുത്തുകാരനായ ജെഫ് യാങ് ചാറ്റ്ജിപിറ്റിയോട് ചോദിച്ചത് 'സീറോ പോയിന്റ് എനര്‍ജി' എന്ന വിഷയം ഒരു പൂച്ചയുടെ ഭാഷയില്‍ പറഞ്ഞുതരാനായിരുന്നു. ഉത്തരം ഇതായിരുന്നു. https://bit.ly/3EWS1NS. ഇത്തരം വളഞ്ഞ വഴിയിലുള്ള ചോദ്യങ്ങള്‍ ചോദിച്ചത്, നേരേയുള്ള ഉത്തരങ്ങള്‍ നല്‍കുക എന്നത് എഐക്ക് വളരെ എളുപ്പമാണെന്നു കണ്ടെത്തിയതിനു ശേഷമായിരുന്നു.

∙ ഗൂഗിളിനെ ഇല്ലാതാക്കാൻ പോകുന്നത് ഇങ്ങനെ

ഈ അത്യുജ്വല തുടക്കം കണ്ട പലരും പറയുന്നത് ഇതോടെ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ മൂല്യം വട്ടംഇടിയാന്‍ സാധ്യതയുണ്ട് എന്നാണ്. ടെക്‌നോളജി വെബ്‌സൈറ്റ് ടെക്ക്രഞ്ചിന്റെ മാനേജിങ് എഡിറ്റര്‍ ഡാരല്‍ എതറിങ്ടണ്‍ പറയുന്നത് ചാറ്റ്ജിപിറ്റി നല്‍കുന്ന സേര്‍ച്ച് വിവരങ്ങള്‍ നാം ഒരു സഹപ്രവര്‍ത്തകനുമായോ, കസ്റ്റമര്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടിവുമായോ ഇടപെടുന്നതു പോലെ സ്വാഭാവികമാണ് എന്നാണ്. പോകെമോന്‍ (Pokémon) എന്ന കഥാപാത്രത്തിന്റെ ശക്തി ദൗര്‍ബല്യങ്ങളെക്കുറിച്ചാണ് അദ്ദേഹം എഐയോട് ചോദിച്ചത്. താന്‍ എന്താണോ പ്രതീക്ഷിച്ചത് അതാണ് കിറുകൃത്യമായി എഐ പറഞ്ഞു തന്നതെന്ന് എതറിങ്ടണ്‍ പറയുന്നു. ഇതേ ചോദ്യം ഗൂഗിളിനോട് ചോദിച്ചാല്‍ അത് ഒരു പറ്റം ലിങ്കുകള്‍ നല്‍കും. ഞാന്‍ അറിയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നു വച്ചാല്‍ പിന്നെ കുത്തിയിരുന്നു കണ്ടുപിടിക്കുക എന്നത് എന്റെ തലയില്‍വയ്ക്കും ഗൂഗിള്‍. ഇതിനായി തന്റെ സമയം മിനക്കെടുത്തേണ്ടിവരുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. 

∙ ഇതിന്റെ സാധ്യതകള്‍ പേടിപ്പെടുത്തുന്നതെന്നും വാദം

അതേസമയം, ദുഷ്ടലാക്കുള്ളവര്‍ ചാറ്റ്ജിപിറ്റിയെ ദുരുപയോഗം ചെയ്യില്ലേ എന്ന ആശങ്കയാണ് വേറെ ചിലര്‍ പങ്കുവയ്ക്കുന്നത്. ഉദാഹരണത്തിന് വീട്ടിലിരുന്ന് എങ്ങനെയാണ് എളുപ്പത്തില്‍ ഒരു സ്‌ഫോടകവസ്തു ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുക എന്ന ചോദ്യമൊക്കെ പലരും ചോദിച്ചേക്കാമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് എന്‍ബിസി ചോദിച്ച ചോദ്യങ്ങള്‍ക്ക് ഓപ്പണ്‍എഐ മറുപടി നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

∙ കണ്ടെന്റ് ഫില്‍റ്റര്‍ ഭേദിച്ചു

ദോഷകരമാകുന്ന ഉള്ളടക്കം പുറത്തുകൊണ്ടുവരാതിരിക്കാനുള്ള ഫില്‍റ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട് ചാറ്റ്ജിപിറ്റിയില്‍. എന്നാല്‍, സാംക്‌സുണ്‍ (Samczsun) എന്ന ഗവേഷകന്‍ അവകാശപ്പെടുന്നത് തനിക്ക് ഓപ്പണ്‍എഐ ഉപയോഗിക്കുന്ന കണ്ടെന്റ് ഫില്‍റ്റര്‍ മറികടക്കാനായി എന്നാണ്. അങ്ങനെ മോള്‍ട്ടോവ് കോക്‌ടെയില്‍ (കൈകൊണ്ട് എറിയാവുന്ന ഒരു സ്‌ഫോടകവസ്തു) ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു എന്നാണ്. ചിലര്‍ അവകാശപ്പെടുന്നത് ഒരു ആണവയുധം ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്നു പോലും വിജയകരമായി അറിഞ്ഞു എന്നാണ്. അതേസമയം, തങ്ങള്‍ ചില ഫില്‍റ്ററുകള്‍സ്ഥാപിച്ചിരുന്നു എങ്കിലും അവ ഭേദിക്കപ്പെട്ടുവെന്ന് ഓപ്പണ്‍എഐ സമ്മതിച്ചു. മിക്കപ്പോഴും മികച്ച ഉത്തരങ്ങള്‍ തന്നെയാണ് നല്‍കുന്നതെങ്കിലും ചിലപ്പോഴെങ്കിലും അര്‍ഥരഹിതവും, തെറ്റായതുമായ ഉത്തരങ്ങളും ചാറ്റ്ജിപിറ്റി നല്‍കുന്നുവെന്നും ഗവേഷകര്‍ കണ്ടത്തി. ചാറ്റ്ജിപിറ്റി പരീക്ഷിക്കാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ് എന്നും തങ്ങള്‍ പരമാവധി പേര്‍ക്ക് അവസരം നല്‍കാന്‍ ശ്രമിക്കുകയാണ് എന്നും ഓപ്പണ്‍എഐ പ്രതികരിച്ചു.

∙ എന്താണ് ചാറ്റ്ജിപിറ്റി?

ജിപിറ്റി-3.5 കേന്ദ്രമായി വികസിപ്പിച്ച ഭാഷാ മോഡലാണ് ചാറ്റ്ജിപിറ്റി. ഇതാകട്ടെ ഡീപ് ലേണിങ് പ്രയോജനപ്പെടുത്തി മനുഷ്യോചിതമായ രീതിയിലുള്ള ടെക്‌സ്റ്റുകള്‍ സൃഷ്ടിക്കുന്നു. ജിപിറ്റി-3യ്ക്കും പല മികച്ച ശേഷികളും ഉണ്ടായിരുന്നു എങ്കിലും അതിന്റെ പുതിയ വേര്‍ഷന് ഉപയോക്താവിന്റെ ശ്രദ്ധപിടിച്ചുപറ്റാനുള്ള വൈഭവം കൂടെയുണ്ട്. വിശദമായ ടെക്സ്റ്റുകള്‍ നല്‍കാന്‍ ഇതിന് സാധിക്കും. കവിതകള്‍ രചിക്കാന്‍ വരെ സാധിക്കും. ഓര്‍മയാണ് ഇതിന്റെ മറ്റൊരു ഗുണം. അതുമായി ഇടപെടുന്ന ആള്‍ നേരത്തേ ചോദിച്ച ചോദ്യമൊക്കെ ഓര്‍മയില്‍വച്ച് ഉത്തരം നല്‍കാനുള്ള കെല്‍പ്പും അത് ആര്‍ജ്ജിച്ചുവെന്നു പറയുന്നു. ഇപ്പോള്‍ ചാറ്റ്ജിപിറ്റിയുടെ ബീറ്റാ ടെസ്റ്റിങ് മാത്രമാണ് നടക്കുന്നത്.

∙ അടുത്ത വര്‍ഷം മുതല്‍ ഉപകരണങ്ങളില്‍ ചാറ്റ്ജിപിറ്റി എത്തിയേക്കും

അടുത്ത വര്‍ഷം മുതല്‍ എപിഐ അക്‌സസ് ഡവലപ്പര്‍മാര്‍ക്കും വെബ്‌സൈറ്റുകള്‍ക്കും നല്‍കിയേക്കും. ഇതുവഴി സ്വന്തം ചാറ്റ്‌ബോട്ടായി ചാറ്റ്ജിപിറ്റിയെ പരുവപ്പെടുത്തിയെടുക്കാന്‍ കമ്പനികളെ അനുവദിക്കും. ചാറ്റ്ജിപിറ്റിയുടെ ശേഷികള്‍ ഇപ്പോള്‍തന്നെ അപാരമാണെന്നാണ് പലരും പറയുന്നത്. ഹോംവര്‍ക്ക് ചെയ്യാന്‍ മണിക്കൂറുകള്‍ അധ്വാനിക്കുന്നതൊക്കെ പഴങ്കഥ ആകുകയാണെന്ന് യൂട്യൂബര്‍ ലിവ് ബൊയിറീ (Liv Boeree) നിരീക്ഷിക്കുന്നു. സങ്കീര്‍ണമായ ഗണിത പ്രശ്‌നം മുതല്‍, ലേഖനങ്ങള്‍ എഴുത്തു വരെ നടത്താന്‍ കെല്‍പ്പുള്ളതാണ് ചാറ്റ്ജിപിറ്റി.

∙ കോഡിലെ തെറ്റുവരെ തിരുത്തി

താന്‍ എഴുതിയ കോഡിലെ തെറ്റുകള്‍ വരെ ചാറ്റ്ജിപിറ്റി കണ്ടെത്തിയെന്നാണ് അംജദ് മസാദ് എന്ന സ്റ്റാര്‍ട്ട്-അപ് സ്ഥാപകന്‍ പറഞ്ഞത്. ഇതു നീക്കംചെയ്യാന്‍ തനിക്കായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അതിന്റെ പരിമിതികളെക്കുറിച്ചും ബോധമുള്ളവരാകേണ്ടതായുണ്ടെന്ന് വിദഗ്ധര്‍ ഓര്‍മപ്പെടുത്തുന്നു. അതിവിശദമായ ഉത്തരങ്ങളാണ് ചാറ്റ്ജിപിറ്റി നല്‍കുന്നത്. അതു കണ്ട് ഉത്തരം മുഖവിലയ്‌ക്കെടുക്കരുതെന്ന് സ്വതന്ത്ര ഗവേഷകര്‍ ഓര്‍മപ്പെടുത്തുന്നു. ശരിയെന്നു തോന്നിപ്പിക്കുന്ന തെറ്റായ ഉത്തരങ്ങളും ലഭിച്ചുവെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ai-avatar
Photo: DR MANAGER/ Shutterstock

∙ ഭാവി

പല പരിമിതികളും ഉണ്ടെങ്കിലും ഗൂഗിളിന് അപ്പുറത്തേക്ക് സേര്‍ച്ചിനെ കൊണ്ടുചെന്നെത്തിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്. ആളുകള്‍ തങ്ങളുടെ വെബ്‌സൈറ്റുമായി സര്‍ഗാത്മകമായി ഇടപെടുന്നത് കാണാന്‍ സന്തോഷമുണ്ടെന്ന് ഓപ്പണ്‍എഐ പറയുന്നു. അതേസമയം, ഈ സാങ്കേതികവിദ്യ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ ഏറ്റെടുക്കുമോ എന്ന ചോദ്യവും ഉയരുന്നു.

English Summary: ChatGPT using Open AI solves coding problems for free, may put jobs of many coders at risk in future

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS