ADVERTISEMENT

ആപ്പിളിനായി ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഏറ്റവും വലിയ കമ്പനിയായ ഫോക്‌സ്‌കോണിനെ ആശ്രയിക്കുന്നതു കുറയ്ക്കാന്‍ ആപ്പിള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. തയ്‌വാന്‍ കേന്ദ്രമായ ഫോക്‌സ്‌കോണിന്റെ ചൈനയിലെ പ്ലാന്റില്‍ നടന്ന തൊഴിലാളി പ്രക്ഷോഭം ആക്രമാസക്തമായിരുന്നു. കൂടാതെ, ‘സീറോ കോവിഡ്’ നില കൈവരിക്കാൻ ചൈന നടപ്പാക്കുന്ന കടുത്ത നിയന്ത്രണങ്ങൾ രാജ്യത്തു പലയിടത്തും പ്രതിഷേധവും കലാപവുമുണ്ടാക്കുന്നുമുണ്ട്. അതുമൂലം തങ്ങളുടെ ഉപകരണങ്ങള്‍ വേണ്ട സമയത്തു ലഭിക്കുന്നില്ലെന്നതാണ് ആപ്പിളിന്റെ പ്രശ്‌നം.

അതിനാൽ തങ്ങളുടെ ഉപകരണ നിര്‍മാണം മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കു മാറ്റാനുള്ള ശ്രമത്തിലാണ് ആപ്പിള്‍ എന്ന് വോള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ത്യയിലും വിയറ്റ്‌നാമിലും ഇപ്പോള്‍ത്തന്നെ ആപ്പിള്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ആപ്പിളിനായി ഐഫോണുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ നിർമിക്കുന്ന പ്രധാന കമ്പനി ഫോക്‌സ്‌കോണ്‍ ആണ്. ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണശാലയായ, അവരുടെ ചൈനയിലെ ഫാക്ടറിയിലാണ് തൊഴില്‍ പ്രശ്‌നങ്ങള്‍ വഷളായത്. ഇവിടെ 300,000 ജോലിക്കാര്‍ വരെ ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. ഒരിടയ്ക്ക് ഐഫോണ്‍ പ്രോ മോഡലുകളുടെ 85 ശതമാനവും ഫോക്‌സ്‌കോണ്‍ ആയിരുന്നു നിര്‍മിച്ചു നല്‍കിയിരുന്നത്. പക്ഷേ, തൊഴില്‍ പ്രശ്‌നം നിയന്ത്രണാതീതമായത് ആപ്പിളിനു നാണക്കേടുണ്ടാക്കി. ഹോണ്‍ ഹായ് ടെക്‌നോളജി ഗ്രൂപ് എന്ന തയ്‌വാൻ കമ്പനിയാണ് ഫോക്‌സ്‌കോണ്‍ എന്ന് അറിയപ്പെടുന്നത്.

∙ വിശ്വാസം നഷ്ടമായി

പ്രശ്‌നങ്ങളില്ലാതെ ഉപകരണങ്ങള്‍ നിര്‍മിക്കാവുന്ന രാജ്യമായിട്ടായിരുന്നു ആപ്പിള്‍ ചൈനയെ കണ്ടിരുന്നത്. എന്നാല്‍ ആ ധാരണ മാറിയെന്നാണു സൂചന. അതിനു പുറമെ, ലോക രാഷ്ടങ്ങള്‍ തമ്മിലുള്ള ബന്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന അമേരിക്കയുടെ വിലയിരുത്തലും ആപ്പിള്‍ പരിഗണിച്ചേക്കും. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ തങ്ങള്‍ക്കു വേണ്ട സംവിധാനങ്ങള്‍ ഒരുങ്ങുന്നതിന് അനുസരിച്ചായിരിക്കും ആപ്പിള്‍ ചൈനയ്ക്കു പുറത്തേക്കു നീങ്ങുക. താത്കാലികമായി രണ്ടു ചൈനീസ് കമ്പനികളെ കൂടുതല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏല്‍പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ലക്‌സ്‌ഷെയര്‍ പ്രിസിഷന്‍ ഇന്‍ഡസ്ട്രി, വിങ്‌ടെക് ടെക്‌നോളജി എന്നിവയാണ് ആ കമ്പനികള്‍. ഈ കമ്പനികളോട് ചൈനയ്ക്കു പുറത്ത് ഫാക്ടറികള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.

∙ മറ്റു രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ എന്‍പിഐ ഇല്ല

പുതിയ ഉല്‍പന്നങ്ങളുടെ നിര്‍മാണം തുടങ്ങുന്നത് സവിശേഷമായ രീതിയിലാണ്. ഇതിനെ ന്യൂ പ്രൊഡക്ട് ഇന്‍ട്രഡക്‌ഷന്‍ അഥവാ എന്‍പിഐ എന്നാണ് വിളിക്കുന്നത്. എൻപിഐ മുതലാണ് ദശലക്ഷക്കണക്കിന് എണ്ണം വില്‍ക്കുന്ന ഫോണുകളുടെയും മറ്റും നിർമാണം തുടങ്ങുന്നത്. ഇതു നടക്കണമെങ്കില്‍ അതിസമര്‍ഥരായ എൻജിനീയര്‍മാരും നിര്‍മാണ വസ്തുക്കളും വേണം. ഇതിന് ചൈനയെ മറ്റാര്‍ക്കും ഇപ്പോള്‍ തോല്‍പിക്കാന്‍ പറ്റില്ല. വിയറ്റ്‌നാമിനും ഇന്ത്യയ്ക്കും എന്‍പിഐ നടത്താന്‍ സാധിക്കാത്തിടത്തോളം ഈ രാജ്യങ്ങള്‍ എല്ലാ രീതിയിലും ചൈനയെക്കാള്‍ പ്രാധാന്യം കുറഞ്ഞ ഇടങ്ങളായിരിക്കും. അതേസമയം, എന്‍പിഐ മറ്റു രാജ്യങ്ങളില്‍ വളര്‍ത്തിയെടുക്കാനുള്ള സാധ്യത ആപ്പിള്‍ ആരായുന്നുണ്ട്. എന്നാല്‍, ആപ്പിളിനെ പോലെ ഒരു കമ്പനി ആഗ്രഹിക്കുന്നത്ര ഉൽ‌പാദനശേഷി ആർജിക്കാൻ‌ മറ്റു രാജ്യങ്ങളിലെ കമ്പനികൾ എത്ര കാലമെടുക്കും എന്നതാണ് പ്രധാന പ്രശ്‌നം.

∙ ചൈനയുടെ സാമ്പത്തിക മുന്നേറ്റം അമേരിക്കയ്ക്ക് പിടിക്കുന്നില്ല

സാമ്പത്തികമായി ചൈന കൈവരിക്കുന്ന നേട്ടങ്ങള്‍ അമേരിക്ക സാകൂതം വീക്ഷിക്കുന്നുണ്ട്. സൈനികമായും ചൈന മുന്നോട്ടുതന്നെയാണ്. ചൈനയുടെ സൈനിക മുന്നേറ്റത്തിന‌ു തടയിടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായും ആപ്പിള്‍ അടക്കമുള്ള യുഎസ് കമ്പനികള്‍ക്ക് ചൈന വിട്ടു പോകേണ്ടി വന്നേക്കാം.

∙ ഐഫോണ്‍ നിര്‍മാതാവാകാന്‍ ടാറ്റയ്ക്കും സാധ്യത

കലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ നടന്ന ഐഫോൺ 14 സീരീസിന്റെ ലോഞ്ചിങ്ങിൽനിന്ന്. ചിത്രം: Brittany Hosea-Small / AFP
കലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ നടന്ന ഐഫോൺ 14 സീരീസിന്റെ ലോഞ്ചിങ്ങിൽനിന്ന്. ചിത്രം: Brittany Hosea-Small / AFP

ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ നിർമിക്കാന്‍ സാധിച്ചിരുന്നു എന്നതാണ് ചൈനയെ ആകര്‍ഷകമാക്കിയിരുന്നത്. പതിറ്റാണ്ടുകളായി ശ്രദ്ധാപൂര്‍വം വളര്‍ത്തിയെടുത്ത സജ്ജീകരണങ്ങളും വസ്തുക്കളുടെയും ഘടകഭാഗങ്ങളുടെയും ലഭ്യതയും പടിഞ്ഞാറന്‍ കമ്പനികള്‍ക്ക് ചൈനയെ ഇഷ്ടമാകാന്‍ ഇടയാക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യയിലും സർക്കാരിപ്പോള്‍ പല നടപടികളും സ്വീകരിച്ചു കഴിഞ്ഞു. വന്‍കിട ഇന്ത്യന്‍ കമ്പനികള്‍ക്ക് നേരത്തേ ഐഫോണ്‍ നിര്‍മാണം അത്ര ആകര്‍ഷകമായിരുന്നില്ലെങ്കില്‍ ഇപ്പോള്‍ അത്തരം കമ്പനികളും തങ്ങളുടെ വരവറിയിച്ചു കഴിഞ്ഞു. മറ്റൊരു ഐഫോണ്‍ നിര്‍മാണ കമ്പനിയായ വിസ്ട്രന്റെ ഫാക്ടറിക്ക് ടാറ്റ വില പറഞ്ഞ വാര്‍ത്ത വന്നിരുന്നുവല്ലോ. https://bit.ly/3B78tcY

∙ ഇന്ത്യയ്ക്ക് വന്‍ സാധ്യത

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഐഫോണ്‍ നിര്‍മാണത്തിന്റെ 40, 45 ശതമാനം ഇന്ത്യയില്‍ നടത്തണമെന്നാണ് ആപ്പിള്‍ ആഗ്രഹിക്കുന്നതെന്ന് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ പറയുന്നു. എയര്‍പോഡ്‌സ് പോലെയുള്ള ഉപകരണങ്ങളുടെ നിര്‍മാണം വിയറ്റ്‌നാമിലായിരിക്കും കേന്ദ്രീകരിക്കുക. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ മാത്രം കേന്ദ്രീകരിക്കുന്നതിന്റെ അപകടങ്ങള്‍ ആപ്പിളിന് നേരത്തേ തന്നെ അറിയാമായിരുന്നു. ആപ്പിളിനു വേണ്ട എല്ലാ കാര്യങ്ങളും ചൈന ഒരുക്കിയിരുന്നു. ഇപ്പോള്‍ പ്രശ്‌നമുണ്ടായിരിക്കുന്ന ഫോക്‌സ്‌കോണ്‍ ഫാക്ടറിയില്‍നിന്നു മാത്രം 2019ല്‍ 3200 കോടി ഡോളറിന്റെ ഐഫോണ്‍ കയറ്റുമതി ചെയ്തിരുന്നു. ഇതിനെല്ലാം പിന്നില്‍ എണ്ണയിട്ട യന്ത്രം പോലെ ചൈനീസ് സർക്കാരും പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ, കോവിഡ് വന്നതോടു കൂടി പല അപ്രതീക്ഷിത പ്രശ്‌നങ്ങളും ചൈനയിലും ഉടലെടുത്തു തുടങ്ങിയെന്നും പറയുന്നു. ഇതെല്ലാം പുതിയ സാധ്യതകള്‍ അതിവേഗം ആരായാന്‍ ആപ്പിളിനെ പ്രേരിപ്പിക്കും.

∙ അപ്രതീക്ഷിത പ്രശ്‌നങ്ങള്‍

ചെറുപ്പക്കാരില്‍ പലരും വന്‍കിട അമേരിക്കന്‍ കമ്പനികള്‍ക്കായി കുറഞ്ഞ വേതനത്തിന് പണിയെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുമെന്ന കാര്യം അപ്രതീക്ഷിതമായിരുന്നു. മണിക്കൂറിന് 5 ഡോളര്‍ വേതനം പോരെന്നാണ് യുവാക്കള്‍ പറയുന്നത്. ഞങ്ങള്‍ വീട്ടില്‍പോയി സ്‌കെയ്റ്റിങ് നടത്തിക്കോളാം. ആറും ഏഴും പേരെ കുത്തിനിറച്ച ഡോര്‍മിറ്ററികളില്‍ അന്തിയുറങ്ങി കുത്തക കമ്പനികൾക്ക് വേണ്ടി ഈ വേതനത്തിനു പണിയെടുക്കുന്നതിനേക്കാള്‍ അതാണ് നല്ലതെന്ന് ചില യുവാക്കള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രതികരിച്ചിരുന്നു. ഏതാനും വര്‍ഷം മുൻപ് ഇത്തരം ഒരു സമീപനം ആര്‍ക്കും പ്രതീക്ഷിക്കാനാവില്ലായിരുന്നു.

∙ ‘എല്ലാ മുട്ടയും ഇനി ഒരു കുട്ടയില്‍’ വച്ചേക്കില്ല

iphone-factory

ഇതിന്റെയെല്ലാം പരിണിത ഫലമായി, ആപ്പിളിന് 1 കോടി ഐഫോണ്‍ 14 പ്രോ മോഡലുകള്‍ പുറത്തിറക്കാന്‍ കഴിയില്ല. ഇത് കമ്പനി ഗൗരവത്തിലെടുക്കുന്നു. പ്രശ്‌നമുണ്ടായ ഫാക്ടറിയില്‍നിന്ന് ഉപകരണങ്ങളും മറ്റും ചൈനയിലെ തന്നെ ഫോക്‌സ്‌കോണിന്റെ മറ്റ് നിര്‍മാണശാലകളിലേക്ക് മാറ്റാന്‍ ചില ജോലിക്കാര്‍ ശ്രമിച്ചിരുന്നു. എന്തായാലും, ഭാവിയില്‍ തങ്ങളുടെ ‘എല്ലാ മുട്ടകളും ഒരു കുട്ടയില്‍ത്തന്നെ’ വയ്ക്കാന്‍ ആപ്പിള്‍ ആഗ്രഹിക്കുന്നില്ലെന്ന കാര്യം ഇപ്പോള്‍ വ്യക്തമാണ്. ചൈനയില്‍നിന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റുന്നതിനൊപ്പം ഫോക്‌സ്‌കോണിനു പുറമെ പുതിയ കമ്പനികളെയും ആശ്രയിക്കാനും ശ്രമിച്ചേക്കും.

English Summary: Apple makes plans to move production out of China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com