ഐപാഡ് നിർമാണവും ഇന്ത്യയിലേക്ക്, ചൈനയ്ക്ക് തിരിച്ചടിയാകും

Apple-office-
Photo: AFP
SHARE

ചൈനയിലെ പ്രതിസന്ധികൾ കാരണം ആപ്പിളിന്റെ ഐപാഡ് നിർമാണവും ഇന്ത്യയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. ചില ഐപാഡുകളുടെ നിർമാണം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വക്താവാണ് വെളിപ്പെടുത്തിയത്. ഐപാഡ് നിർമാണം ചൈനയിൽ നിന്ന് രാജ്യത്തേക്ക് കൊണ്ടുവരുന്നത് സർക്കാർ പരിഗണിച്ച് വരികയാണെന്ന് സിഎൻബിസിയും റിപ്പോർട്ട് ചെയ്തു.

ആപ്പിൾ അധികൃതരുമായി സര്‍ക്കാർ ചർച്ചകൾ നടത്തിവരികയാണ്. എന്നാൽ, ഇത് സംബന്ധിച്ച് പ്രതികരിക്കാൻ ആപ്പിൾ തയാറായില്ല. വിസ്‌ട്രോണിന്റെ ഇന്ത്യയിലെ ഏക നിർമാണ കേന്ദ്രം വാങ്ങാൻ ടാറ്റ ഗ്രൂപ്പ് ചർച്ചകൾ നടത്തുന്നതായി ദേശീയ മാധ്യമങ്ങൾ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. വിസ്ട്രണ്‍ കമ്പനിയുടെ നിര്‍മാണസംവിധാനങ്ങള്‍ മൊത്തത്തില്‍ വാങ്ങാന്‍ ടാറ്റ 500 കോടി രൂപ (612.6 ദശലക്ഷം ഡോളര്‍) വില പറഞ്ഞു എന്നാണ് ദി ഇക്കണോമിക് ടൈംസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. വിസ്ട്രണ്‍ കോര്‍പിന് ഇന്ത്യയില്‍ ഒരു നിര്‍മാണശാലയാണ് ഉള്ളത്. നേരത്തത്തെ റിപ്പോര്‍ട്ട് പ്രകാരം വിസ്ട്രണുമായി സഹകരിക്കാനായിരുന്നു ടാറ്റ ശ്രമിച്ചിരുന്നത്. എന്നാൽ, ചൈനയിലെ പുതിയ സംഭവവികാസങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ടാറ്റയുടെ പുതിയ നീക്കം.

ഇപ്പോള്‍ വിസ്ട്രണുമായി നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാലും ടാറ്റ ഐഫോണ്‍ നിര്‍മാണ രംഗത്ത് എത്തിയേക്കും. ഏറ്റെടുക്കല്‍ സാധ്യമായില്ലെങ്കില്‍ നേരത്തേ വന്ന വാര്‍ത്തകള്‍ പറഞ്ഞതു പോലെ വിസ്ട്രണുമായി ഐഫോണ്‍ നിര്‍മാണത്തില്‍ സഹകരിക്കാനായിരിക്കും ടാറ്റ ശ്രമിക്കുക എന്ന് റിപ്പോര്‍ട്ട് പറയുന്നു. വിസ്ട്രണിന്റെ ഏക ഫാക്ടറി സ്ഥിതിചെയ്യുന്നത് കര്‍ണാടകയിലാണ്. പുതിയ നീക്കത്തെക്കുറിച്ച് പ്രതികരിക്കാന്‍ ടാറ്റയോ, വിസ്ട്രണോ, ആപ്പിളോ തയാറായിട്ടില്ല. ടാറ്റ ഐഫോണ്‍ നിര്‍മാതാവാകാന്‍ ഒരുങ്ങിയിറങ്ങുകയാണെന്ന കാര്യം ആദ്യം റിപ്പോര്‍ട്ടു ചെയ്തത് ബ്ലൂംബര്‍ഗ് ആണ്. ആ റിപ്പോര്‍ട്ട് പ്രകാരം വിസ്ട്രണുമായി സഹകരിക്കാനുള്ള ഉദ്ദേശമായിരുന്നു ടാറ്റ പ്രകടിപ്പിച്ചിരുന്നത്.

ഉപ്പു മുതല്‍ സോഫ്റ്റ്‌വെയര്‍ വരെ വില്‍ക്കുന്ന ലോകത്തെ ചുരുക്കം ചില കമ്പനികളിലൊന്നായ ടാറ്റയ്ക്ക് ഇപ്പോള്‍ തന്നെ ഐഫോണ്‍ നിര്‍മാണത്തില്‍ പങ്കുണ്ടെന്ന വാര്‍ത്ത പലരെയും അദ്ഭുതപ്പെടുത്തിയേക്കും. തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള പ്ലാന്റില്‍ നിന്ന് ടാറ്റ ആപ്പിളിനായി ഘടകഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിനായി ഐഫോണ്‍ നിര്‍മിച്ചു നല്‍കുന്ന മൂന്നു കമ്പനികളാണ് ഇന്ത്യയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അവയില്‍ ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍ എന്നിവ തമിഴ്‌നാട്ടിലും വിസ്ട്രണ്‍ കര്‍ണാടകയിലും പ്രവര്‍ത്തിക്കുന്നു. 

ലോകത്ത് ഏറ്റവുമധികം ഐഫോണ്‍ നിര്‍മിക്കുന്ന ചൈനയിലെ നിര്‍മാണ മേഖലയിൽ പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയാണ്. ഇതിനൊപ്പമാണ് അമേരിക്ക ചൈനയ്‌ക്കെതിരെ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍. ഇതോടെ ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ മറ്റു മേഖലകളിലേക്ക് തങ്ങളുടെ നിര്‍മാണ സംവിധാനങ്ങള്‍ പറിച്ചു നടാനുള്ള ശ്രമത്തിലാണ്. ആ തക്കത്തിലാണ് ടാറ്റ ആപ്പിളിന്റെ നിര്‍മാതാവാകാന്‍ ശ്രമിക്കുന്നത്. ഇതു കൂടാതെ വിശകലന കമ്പനിയായ ജെപി മോര്‍ഗന്‍ പറയുന്നത് 2025ല്‍ നിര്‍മിച്ചെടുക്കുന്ന ഐഫോണുകളില്‍ നാലില്‍ ഒന്നും ഇന്ത്യയില്‍ നിന്നായിരിക്കുമെന്നാണ്. അതായത്, ടാറ്റയ്ക്കു പുറമെ റിലയന്‍സ് അടക്കമുള്ള കമ്പനികള്‍ ഈ മേഖലയിലേക്ക് കടന്നുവന്നാലും അദ്ഭുതപ്പെടേണ്ട കാര്യമില്ല.

English Summary: Apple Said to Be Exploring Moving Some iPad Production to India From China

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS