ADVERTISEMENT

പഠനത്തിനും അറിവിനും പ്രാധാന്യം നല്‍കുന്ന ഇന്ത്യയിലെ ഒരു കുടുംബത്തിൽ വളരാനായതാണ് തന്റെ ഭാഗ്യമെന്ന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ. ഇന്ത്യ തന്റെ ഭാഗമാണെന്നും താന്‍ എവിടെ പോയാലും അത് തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്മഭൂഷണ്‍ അവാര്‍ഡ് സ്വീകരിച്ച ശേഷം പിച്ചൈ പറഞ്ഞത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ്.

∙ ഇത് അര്‍ഥവത്തായ ബഹുമതിയെന്ന്

ഈ ബഹുമതിക്ക് താന്‍ ഇന്ത്യന്‍ സർക്കാരിനോടും ഇന്ത്യന്‍ ജനതയോടും നന്ദിയുളളവനാണെന്നു പിച്ചൈ പറഞ്ഞു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയാണ് പത്മഭൂഷണ്‍. തന്റെ രീതികളെ കരുപ്പിടിപ്പിക്കുന്നതില്‍ സ്വാധീനിച്ച രാജ്യത്തിന്റെ ബഹുമതി സ്വീകരിക്കുക എന്നത് അവിശ്വസനീയമായ രീതിയില്‍ അര്‍ഥവത്തായ ഒന്നാണെന്നും പിച്ചൈ പറഞ്ഞു. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധു ആണ് പിച്ചൈയ്ക്ക് പുരസ്കാരം സമ്മാനിച്ചത്.

∙ അവാര്‍ഡ് എല്ലായിടത്തും കൊണ്ടു നടക്കില്ലെന്ന് പിച്ചൈ

ഇന്ത്യ തന്റെ ഭാഗമാണ്, ഇത് താന്‍ എവിടെ പോയാലും തനിക്കൊപ്പം കൊണ്ടുനടക്കും. പക്ഷേ ഈ മനോഹരമായ അവാര്‍ഡ് അങ്ങനെ കൊണ്ടു നടക്കില്ല. അത് സുരക്ഷിതമായി എവിടെയങ്കിലും സൂക്ഷിക്കുമെന്നും പിച്ചൈ പാതി തമാശയായി പറഞ്ഞു. പഠനത്തിനും അറിവിനും പ്രാധാന്യം നല്‍കുന്ന ഒരു കുടുംബത്തില്‍ വളരാനായത് തന്റെ ഭാഗ്യമാണ്. തന്റെ മാതാപിതാക്കള്‍ തനിക്കായി പല ത്യാഗങ്ങളും സഹിച്ചിരുന്നു, ഇതുമൂലമാണ് തന്റെ താൽപര്യങ്ങള്‍ക്കു പിന്നാലെ പോകാനായതെന്നും പിച്ചൈ ഓര്‍ത്തെടുത്തു.

∙ മധുരയില്‍നിന്ന് മൗണ്ടന്‍ വ്യൂവിലേക്ക്

ഗൂഗിള്‍, ആല്‍ഫബെറ്റ് കമ്പനികളുടെ മേധാവി പിച്ചൈക്ക് പത്മഭൂഷണ്‍ കൈമാറാന്‍ സാധിച്ചതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും അതുവഴി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക-ടെക്‌നോളജി ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സാധിച്ചുവെന്നും ഇന്ത്യന്‍ കോണ്‍സൽ ജനറല്‍ ടി.വി. നാഗേന്ദ്ര പ്രസാദ് പ്രസ്താവിച്ചു. മധുരയില്‍നിന്ന് മൗണ്ടന്‍ വ്യൂവിലേക്കുള്ള പിച്ചൈയുടെ ആവേശോജ്വലമായ യാത്രയെക്കുറിച്ചും ഇന്ത്യയില്‍നിന്ന് ആഗോള സാങ്കേതികവിദ്യാ മേഖലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന പ്രഗത്ഭരെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പരിവര്‍ത്തനാത്മക ടെക്‌നോളജിയുടെ മേഖലയുടെ പരിധിയില്ലാത്ത സാധ്യതകളെ പ്രതിനിധീകരിക്കുന്ന ആളാണ് പിച്ചൈ എന്നും അദ്ദേഹം നിരീക്ഷിച്ചു.

∙ ഇന്ത്യയിലെ ടെക്‌നോളജി വളര്‍ച്ചയെ പ്രകീര്‍ത്തിച്ച് പിച്ചൈ

ഇന്ത്യയില്‍ ഓരോ തവണയും തിരിച്ചെത്തുമ്പോള്‍ അവിടെ അതിവേഗം വന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യാപരമായ മാറ്റം തന്നെ അദ്ഭുതപ്പെടുത്തുന്നു എന്ന് പിച്ചൈ പറഞ്ഞു. ഡിജിറ്റല്‍ പണമിടപാട് മുതല്‍ വോയിസ് ടെക്‌നോളജി രംഗത്തു വരെ വന്നിരിക്കുന്ന മാറ്റങ്ങള്‍ അദ്ദേഹം എടുത്തു പറഞ്ഞു. ഗൂഗിളും ഇന്ത്യയും തമ്മിലുള്ള മഹത്തായ കൂട്ടായ്മ തുടരുന്നതിനെക്കുറിച്ചും ടെക്‌നോളജിയുടെ ഗുണഫലങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചും പിച്ചൈ സംസാരിച്ചു. ഗ്രാമീണ മേഖലയിലടക്കം കൂടുതല്‍ പേര്‍ക്ക് ഇന്റര്‍നെറ്റ് പ്രാപ്യമാകുന്നതിനക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു.

∙ ടെക്‌നോളജിയെക്കുറിച്ച് പ്രതീക്ഷ

ഗൂഗിള്‍ ഈ വര്‍ഷം അതിന്റെ ട്രാന്‍സ്‌ലേഷന്‍ സേവനത്തിൽ24 പുതിയ ഭാഷകളെ ഉള്‍പ്പെടുത്തി. അവയില്‍ എട്ടെണ്ണം ഇന്ത്യയില്‍ നിന്നുള്ളവയാണ്. ആളുകള്‍ക്ക് പരിചിതമായ ഭാഷയില്‍ അവര്‍ക്കു വേണ്ട വിവരങ്ങള്‍ ലഭ്യമാക്കാനാകുന്നതും അര്‍ഥവത്തായ കാര്യമാണെന്ന് പിച്ചൈ പറഞ്ഞു. ഇത്തരം കാര്യങ്ങളാണ് തനിക്ക് ടെക്‌നോളജിയെക്കുറിച്ച് പ്രതീക്ഷ വച്ചുപുലര്‍ത്താന്‍ സഹായകമാകുന്നതെന്നും പിച്ചൈ പറഞ്ഞു.

∙ ആപ്പിള്‍ ട്വിറ്ററിന് പരസ്യം നല്‍കിത്തുടങ്ങിയെന്ന് മസ്‌ക്

ആപ്പിള്‍ കമ്പനി ട്വിറ്ററിനു നല്‍കിവന്ന പരസ്യം വെട്ടിക്കുറച്ചു എന്നുള്ളതായിരുന്നു ഇലോണ്‍ മസ്‌കിന്റെ പരാതികളിലൊന്ന്. അദ്ദേഹവും ആപ്പിള്‍ മേധാവി ടിം കുക്കും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷം, ആപ്പിള്‍ പരസ്യം നല്‍കല്‍ പുനരാരംഭിച്ചു എന്നാണ് മസ്‌ക് പറഞ്ഞത്. ട്വിറ്ററിന് ഏറ്റവുമധികം പരസ്യം നല്‍കുന്ന കമ്പനി ആപ്പിളാണെന്നും മസ്‌ക് വെളിപ്പെടുത്തിയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടുചെയ്യുന്നു. ഇതേക്കുറിച്ച് ആപ്പിള്‍ പ്രതികരിച്ചില്ല.

∙ ആപ്പിളിനു പിന്നാലെ ആമസോണും പരസ്യം നല്‍കല്‍ പുനരാരംഭിച്ചേക്കും

ആപ്പിളിനു പിന്നാലെ, ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പനശാലയായ ആമസോണും ട്വിറ്ററിനു പരസ്യം നൽകുന്നത് പുനരാരംഭിച്ചേക്കുമെന്ന് സൂചന. ഒരു വര്‍ഷത്തേക്ക് 10 കോടി ഡോളറിനുള്ള പരസ്യമായിരിക്കും ആമസോണ്‍ ട്വിറ്ററിനു നല്‍കുക എന്നാണ് സൂചനയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.

∙ റഷ്യ യുക്രെയ്‌നില്‍നിന്ന് 100 കോടി ഡോളറിന്റെ ഗോതമ്പ് കൊയ്‌തു കടത്തി

റഷ്യ യുക്രെയ്‌നില്‍നിന്ന് 100 കോടി ഡോളര്‍ വിലവരുന്ന ഗോതമ്പ് കൊയ്‌തെടുത്തു കടത്തിയെന്ന് നാസ. സാറ്റലൈറ്റ് ചിത്രങ്ങള്‍ വഴിയാണ് ഇത് കണ്ടെത്തിയതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ പ്രീമിയം പാര്‍ട്ടി സ്പീക്കര്‍ അവതരിപ്പിച്ച് സോണി

പാര്‍ട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന പ്രീമിയം സ്പീക്കര്‍ അവതരിപ്പിച്ചിരിക്കുകയാണ് സോണി. എസ്ആര്‍എസ്-എക്‌സ്‌വി900 എന്നു പേരിട്ടിരിക്കുന്ന ഈ സ്പീക്കറാണ് കമ്പനിയുടെ ഏറ്റവുമധികം ശബ്ദമുള്ള ബ്ലൂടൂത്ത് പാര്‍ട്ടി സ്പീക്കര്‍. 79,990 രൂപയായിരിക്കും വില.

∙ ആന്‍ഡ്രോയിഡ് 13 കേന്ദ്രമായ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് എസ്21 എഫ്ഇ സീരീസിന് ലഭ്യമാക്കി

ആന്‍ഡ്രോയിഡ് 13 കേന്ദ്രമായി പുറത്തിറക്കിയ വണ്‍ യുഐ 5 സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് സാംസങ് ഗ്യാലക്‌സി എസ്21 എഫ്ഇ സീരീസിന് ഇന്ത്യയില്‍ ലഭ്യമാക്കി. ഈ സീരീസില്‍ എസ്21, എസ്21പ്ലസ്, എസ്21 അള്‍ട്രാ എന്നീ മോഡലുകളാണ് ഉള്ളത്.

Photo: Samsung
Photo: Samsung

∙ ആദ്യ കീബോര്‍ഡ് ഇറക്കാന്‍ വണ്‍പ്ലസ്

9-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, കസ്റ്റമൈസ് ചെയ്യാവുന്ന ഒരു മെക്കാനിക്കല്‍ കീബോര്‍ഡ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വണ്‍പ്ലസ് എന്ന് റിപ്പോര്‍ട്ട്. കീച്രോണ്‍ കമ്പനിയുമായി സഹകരിച്ചായിരിക്കും ഇത്. ആഗോള തലത്തില്‍ ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ഡിസംബര്‍ 15ന് പുറത്തുവിട്ടേക്കും.

∙ ആന്‍ഡ്രോയിഡ് ടിവി 13 ബീറ്റാ പുറത്തിറക്കി

പല സ്മാര്‍ട് ടിവികളിലും പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ടിവി ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പ് പുറത്തിറക്കി. ആന്‍ഡ്രോയിഡ് ടിവി 13 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

English Summary: Innovations in India are benefitting people globally: Google CEO Sundar Pichai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com