ADVERTISEMENT

ഇംഗ്ലണ്ടും വെയില്‍സും ഡീപ്‌ഫെയ്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന അശ്ലീല ചിത്രങ്ങള്‍ സമ്മതമില്ലാതെ പങ്കുവെക്കുന്നത് കുറ്റകൃത്യമാക്കി മാറ്റുന്ന നിയമം കൊണ്ടുവരുന്നു. ആരുടെയെങ്കിലും മുഖം മറ്റൊരാളുടെ ശരീരവുമായി കൂട്ടിച്ചേര്‍ത്ത് ചിത്രങ്ങളും ദൃശ്യങ്ങളും നിര്‍മിക്കുകയാണ് ഡീപ്‌ഫേക് വഴി ചെയ്യുന്നത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ ഇത്തരം ഡീപ്‌ഫെയ്ക് ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവയ്ക്കുന്നവര്‍ കുറ്റവാളികളായി മാറും. നിയമം വരുന്നതോടെ ഇരകള്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്ന് തെളിയിക്കാതെ തന്നെ കുറ്റവാളികളെ ശിക്ഷിക്കാനാവും. 

 

ഇരകളെ വേദനിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നില്ലെന്ന വാദമാണ് നിലവില്‍ പല കേസുകളിലും പ്രതികള്‍ ഉന്നയിക്കാറ്. ഇരകള്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്ന് തെളിയിച്ചാല്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടാറ്. പുതിയ നിയമം വരുന്നതോടെ ഡീപ്‌ഫെയ്ക് ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെക്കുന്നതന്നെ കുറ്റകൃത്യമായി മാറും. ഇതോടെ ഇത്തരത്തില്‍ അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുന്നത് കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

 

ഇംഗ്ലണ്ടിലേയും വെയില്‍സിലേയും പ്രായപൂര്‍ത്തിയായവരില്‍ 14ല്‍ ഒരാള്‍ തങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുമെന്ന ഭീഷണി നേരിടാറുണ്ടെന്നാണ് സര്‍ക്കാര്‍ തന്നെ പറയുന്നത്. രാജ്യാന്തര തലത്തില്‍ തന്നെ ഡീപ്‌ഫെയ്ക് സാങ്കേതികവിദ്യയുടെ ദുരുപയോഗം ആശങ്കപ്പെടുത്തുന്ന പ്രശ്‌നമായി ഉയര്‍ന്നിട്ടുണ്ട്. വ്യാജ അശ്ലീല ചിത്രങ്ങളും വിഡിയോകളും നിര്‍മിക്കുന്ന ഒരു വെബ് സൈറ്റിന് കഴിഞ്ഞ വര്‍ഷം 3.80 കോടിയിലേറെയാണ് പേജ് വിസിറ്റ് ലഭിച്ചത്.

 

സോഷ്യല്‍മീഡിയയില്‍ സ്ത്രീകളുടെ നഗ്ന ചിത്രം കച്ചവടം ചെയ്യുന്ന ഒരു ഗ്രൂപ്പിന്റെ വിവരങ്ങള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ബിബിസി പുറത്തുവിട്ടിരുന്നു. അതില്‍ പല ചിത്രങ്ങളും ഡീപ്‌ഫേക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചവയായിരുന്നു. സ്ത്രീകളുടെ അനുമതിയില്ലാതെ നഗ്ന ചിത്രങ്ങളെടുക്കുന്നതിനും ദുരുപയോഗം ചെയ്യുന്നതിനുമെതിരെ വിശദമായി നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് തന്നെ പ്രഖ്യാപിച്ചിരുന്നു.

 

∙ എന്താണ് ഡീപ്‌ഫെയ്ക്?

 

ഡീപ് (ആഴത്തിലുള്ള) ഫെയ്ക് (വ്യാജ) എന്നീ രണ്ടു വാക്കുകള്‍ ചേര്‍ത്താണ് പുതിയ പദം ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ആളുകള്‍ ചെയ്യാത്തതും പറയാത്തതുമായ കാര്യങ്ങള്‍ അവരെക്കൊണ്ട് ചെയ്യിക്കുകയും പറയിക്കുകയും ചെയ്യുന്ന വിഡിയോകളെയാണ് ഡീപ്‌ഫെയ്ക് എന്നു വിളിക്കുന്നതെന്നു നിര്‍വചിക്കാം. ഇത് പുതിയ രീതിയാണ്. ആദ്യ ഡീപ്‌ഫെയ്ക് വിഡിയോകള്‍ പുറത്തുവരുന്നത് 2017ല്‍ ആണ്. പോണ്‍ നടീനടന്മാരുടെ മുഖം മാറ്റി പ്രശസ്തരായ വ്യക്തികളുടെ മുഖം വച്ചായിരുന്നു റെഡിറ്റില്‍ പോസ്റ്റു ചെയ്ത ആദ്യവിഡിയോ. ഒരുകാലത്ത് ഇത്തരം വിഡിയോകള്‍ സൃഷ്ടിക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നു. നേരത്തേ ഫ്രെയിം, ഫ്രെയ്മായി വേണമായിരുന്നു ഇതു ചെയ്യാന്‍. എന്നാല്‍, ഇന്ന് കംപ്യൂട്ടറുകളെ എന്താണു ചെയ്യേണ്ടതെന്നു പഠിപ്പിച്ചു കഴിഞ്ഞാല്‍ കാര്യം കഴിഞ്ഞു.

 

ഇതെല്ലാം കണ്ടെത്തി നശിപ്പിക്കുക വളരെ വിഷമം പിടിച്ച കാര്യത്തിനാണ്. നിലവിലെ ടെക്‌നോളജി അത്രമേല്‍ പുരോഗമിച്ചതല്ല. കൂടാതെ, ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഡീപ് ഫെയ്ക് വിഡിയോകള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. അവയ്ക്കായി എവിടെയാണ് നോക്കേണ്ടത് എന്നതുപോലും വിഷമംപിടിച്ച കാര്യമാണ്.

 

English Summary: Sharing pornographic deepfakes to be illegal in England and Wales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com