ADVERTISEMENT

വാട്‌സാപ് ഉപയോക്താക്കള്‍ക്ക് അവരെ പ്രതിനിധീകരിക്കാന്‍ ഒരു ആള്‍ രൂപം (അവതാര്‍) സൃഷ്ടിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് കമ്പനി. വിവിധ തരം ഉടുപ്പുകള്‍, മുഖ ലക്ഷണങ്ങള്‍ തുടങ്ങിയവയടക്കം ഉള്‍പ്പെടുത്തി അവതാര്‍ സൃഷ്ടിക്കാം. വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റായുടെ കീഴിലുള്ള മെസഞ്ചര്‍, ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ നേരത്തേ തന്നെ ലഭ്യമായിരുന്നതിനാല്‍ അത് വാട്‌സാപ്പിലേക്കും എത്തുന്നതില്‍ അദ്ഭുതമില്ല.

∙ പ്രൊഫൈല്‍ ഫോട്ടോ മുഖമായി ഉപയോഗിക്കാം

വാട്‌സാപ്പിലേക്ക് അവതാര്‍ എത്തുന്ന കാര്യം അറിയിച്ചുള്ള മെറ്റായുടെ ബ്ലോഗ് പോസ്റ്റ് പ്രകാരം ഉപയോക്താവ് ഇട്ടിരിക്കുന്ന പ്രൊഫൈല്‍ ഫോട്ടോ തന്റെ അവതാറിന്റെ മുഖമായി വേണമെങ്കില്‍ ഉപയോഗിക്കാം. അവതാര്‍ ഒരുക്കാനായി ക്രമീകരിക്കാവുന്ന 36 സ്റ്റിക്കറുകളാണ് ഇപ്പോള്‍ നല്‍കുന്നതെന്ന് മെറ്റാ അറിയിക്കുന്നു. അവതാറിന്റെ പ്രവൃത്തിയും വികാരപ്രകടനവും ഇവ ഉപയോഗിച്ച് ക്രമീകരിക്കാം. സ്വന്തം അവതാര്‍ സൃഷ്ടിച്ച ശേഷം ഇത് സുഹൃത്തുക്കളുമായി ഷെയർ ചെയ്യാം. സന്ദര്‍ഭോചിതമായി വികാരപ്രകടനങ്ങള്‍ നടത്താനും ഉപയോഗിക്കാം.

∙ അധിക ഫീച്ചറുകള്‍ ഭാവിയില്‍

അടുത്തുതന്നെ അവതാറിന് അധിക ഫീച്ചറുകളും നല്‍കുമെന്ന് കമ്പനി അറിയിച്ചു. ലൈറ്റിങ് ക്രമീകരിക്കാം, മുടിയുടെ സ്റ്റൈലില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താം, ഷെയ്ഡിങ് നടത്താം തുടങ്ങി ഒരുപറ്റം ക്രമീകരണ സാധ്യത കൂടി മെറ്റാ നല്‍കും. അവതാര്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കും നല്‍കിത്തുടങ്ങി. ഇത് ഇപ്പോള്‍ത്തന്നെ ലഭിച്ചവര്‍ ഉണ്ടാകാം. ചിലര്‍ക്ക് വരും ദിവസങ്ങളിലോ ആഴ്ചകളിലോ മാത്രമായിരിക്കും നല്‍കുക. എന്നാല്‍ പല ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കളും തങ്ങള്‍ക്ക് അവതാര്‍ ലഭിച്ചു എന്നറിയിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

∙ അവതാര്‍ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം?

ആദ്യം വാട്‌സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. അല്ലെങ്കില്‍ അപ്‌ഡേറ്റ് ചെയ്യുക. നിങ്ങളുടെ വേര്‍ഷനില്‍ അവതാര്‍ എത്തിയിട്ടുണ്ടോ എന്നറിയാന്‍ ചാറ്റ് ഡയലോഗ് ബോക്‌സിനുള്ളില്‍നിന്ന് സ്റ്റിക്കര്‍ ഓപ്ഷനില്‍ പോകുക. അവിടെ അവതാര്‍ ഫീച്ചര്‍ ഉണ്ടെങ്കില്‍ അതില്‍ ടാപ്പു ചെയ്യുക. തുടര്‍ന്ന് സ്വന്തം അവതാര്‍ സൃഷ്ടിക്കാന്‍ സാധിക്കും. അവതാര്‍ ഓപ്ഷന്‍ ലഭിച്ചവര്‍ ‘ഗെറ്റ് സ്റ്റാര്‍ട്ടഡ്’ എന്ന സന്ദേശത്തില്‍ ക്ലിക്ക് ചെയ്യുക. അവിടെ ത്വക്കിന്റെ നിറം, മുടിയുടെ സ്റ്റൈല്‍, മുഖം, കണ്ണ് തുടങ്ങിയവ തിരഞ്ഞെടുക്കാം. ഇഷ്ടപ്പെട്ടുവെന്നു തോന്നിയാല്‍ സ്‌ക്രീനിനു മുകളില്‍ വലതു വശത്തുള്ള ‘ഡണ്‍’ ബട്ടണില്‍ ക്ലിക്കു ചെയ്താല്‍ അവതാര്‍ സേവു ചെയ്യാം.

∙ വേണ്ടത് മിനിറ്റുകള്‍

മുന്‍ ക്യാമറ തുറന്ന് നിങ്ങളുടെ രൂപത്തോട് കൂടുതല്‍ സാമ്യമുള്ളതാക്കാനുള്ള അവസരവും വാട്‌സാപ് നല്‍കുന്നു. എല്ലാം പൂര്‍ത്തിയായി കഴിയുമ്പോള്‍ ‘സേവ്’ അമര്‍ത്തുക. അതിനു ശേഷം വാട്‌സാപ് തന്നെ അവതാര്‍ അപ്‌ഡേറ്റ് ചെയ്യും. പുതിയ അവതാറിനൊപ്പം ഉപയോഗിക്കാനുള്ള സ്റ്റിക്കറുകളും ലഭിക്കും. ഏതാനും മിനിറ്റുകള്‍ മാത്രം മതി ഇതെല്ലാം ചെയ്യാന്‍. എല്ലാം റെഡിയായാല്‍ സ്റ്റിക്കറുകള്‍ കാണാന്‍ സാധിക്കും. അവ പിന്നെ വേണ്ട സമയത്ത് പങ്കുവയ്ക്കാം.

∙ മെറ്റയ്ക്ക് കനത്ത തിരിച്ചടി വരുന്നു

ലാഭമുണ്ടാക്കാന്‍ പരസ്യത്തെ ആശ്രയിക്കുന്ന മെറ്റാ കമ്പനിക്ക് യൂറോപ്യന്‍ യൂണിയന്റെ പുതിയ തീരുമാനം കൂനിന്മേല്‍ കുരുവാകും. ആപ്പിള്‍ കമ്പനി ഫെയ്‌സ്ബുക് ആപ് ഉപയോഗിക്കുന്നരുടെ സമ്മതം വാങ്ങി മാത്രമേ അവരെ ട്രാക്കു ചെയ്യാവൂ എന്ന് അറിയിച്ചശേഷം 12 മാസത്തിനുള്ളില്‍ കമ്പനിക്ക് വരുമാനത്തില്‍ വന്ന നഷ്ടം 1000 കോടി ഡോളറായിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ ഉപയോഗിച്ച് വ്യക്തിയുടെ താൽപര്യങ്ങള്‍ തിരിച്ചറിഞ്ഞു നല്‍കിയിരുന്ന പരസ്യങ്ങളായിരുന്നു മെറ്റയ്ക്ക് വരുമാനം സമ്മാനിച്ചിരുന്നത്.

∙ സമ്മതം വാങ്ങണം

യൂറോപ്യന്‍ ഡേറ്റാ പ്രൊട്ടക്‌ഷന്‍ ബോര്‍ഡ് പുതിയതായി അവതരിപ്പിച്ച നിയമം ആളുകളുടെ വ്യക്തിപരമായ ഡേറ്റ ശേഖരിച്ചു കാണിക്കുന്ന പരസ്യങ്ങള്‍ നിരോധിക്കാന്‍ ഒരുങ്ങുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഒരു ഉപയോക്താവ് നേരിട്ട് അനുമതി നല്‍കിയാല്‍ മാത്രമെ ഇനി മെറ്റായ്ക്ക് അയാളുടെ ഇന്റര്‍നെറ്റിലെ പ്രവർത്തനം മറഞ്ഞിരുന്നു നിരീക്ഷിക്കാനാകൂ. ഇതു തന്നെയായിരുന്നു ആപ്പിളും പറഞ്ഞത്. ഐഫോണ്‍ ഉപയോക്താക്കളില്‍ 85 ശതമാനം പേരും തങ്ങളെ ട്രാക്ക് ചെയ്യേണ്ടന്ന് പറഞ്ഞതോടെയാണ് മെറ്റായ്ക്ക് കനത്ത തിരിച്ചടി ഉണ്ടായത്. പുതിയ നിയമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നതോടെ കമ്പനിയുടെ ഓഹരി വില 6.2 ശതമാനം ഇടിഞ്ഞു.

∙ മെറ്റായുടെ തന്ത്രം പാളി

തന്നെ ട്രാക്ക് ചെയ്യാന്‍ അനുവദിക്കുമോ ഇല്ലയോ എന്ന ഒറ്റ ചോദ്യത്തിനു പകരം, ഉപയോക്താക്കള്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നല്‍കുന്ന എഗ്രിമെന്റില്‍ ‘സമ്മതിക്കുന്നു’ എന്ന് എഴുതി ചേര്‍ത്തായിരുന്നു മെറ്റാ ഇതുവരെ നിയമ പരിരക്ഷ നേടിയിരുന്നത്. ഇനി ആപ്പുകള്‍ പുതുക്കേണ്ടതായി വരും. തുടര്‍ന്ന് ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്തു തന്നെ ഉപയോക്താവിന് തന്നെ ട്രാക്ക് ചെയ്യാന്‍ അനുവദിക്കണോ വേണ്ടയോ എന്ന രണ്ടു ചോദ്യങ്ങളില്‍ ഒന്നു തിരഞ്ഞെടുക്കാം. മെറ്റാ യൂറോപ്യന്‍ അധികാരികളുമായി ഇതേക്കുറിച്ച് അവസാനവട്ട ചര്‍ച്ച നടത്തിയേക്കും.

∙ മീഡിയാടെക് ഡിമെന്‍സിറ്റി 8200 പ്രോസസര്‍ വിപണിയിലേക്ക്

ഒരുപറ്റം ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് കരുത്തു പകരാന്‍ പോകുന്ന മീഡിയാടെക് ഡിമെന്‍സിറ്റി 8200 പ്രോസസര്‍ ഇന്ന് ചൈനയില്‍ പുറത്തിറക്കും. എന്തു പുതിയ ഫീച്ചറുകളായിരിക്കും ഈ ചിപ്പില്‍ ഉണ്ടായിരിക്കുക എന്നതിൽ അധികം വ്യക്തത ഇല്ല. ഐക്യൂ നിയോ 7 എസ്ഇ ആയിരിക്കും പുതിയ പ്രോസസര്‍ ഉപയോഗിച്ച് പുറത്തിറങ്ങുന്ന ആദ്യ ഫോണ്‍ എന്നാണ് സൂചന.

∙ ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ആമസോണ്‍ ലഭിക്കാതെ വന്നെന്ന്

ഇന്ത്യയിലും അമേരിക്കയിലും അടക്കം നിരവധി ഉപയോക്താക്കള്‍ക്ക് ആമസോണ്‍ ഷോപ്പിങ് വെബ്‌സൈറ്റിന്റെ സേവനം കുറച്ചു നേരത്തേക്ക് നിലച്ചെന്ന് റിപ്പോര്‍ട്ട്. ഡൗണ്‍ ഡിറ്റെക്ടറിന്റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ ഏകദേശം 14,000 ഉപയോക്താക്കളാണ് തങ്ങള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായി പറഞ്ഞത്. ഇന്ത്യയിലും ഇന്നലെ ഈ പ്രശ്‌നം നേരിട്ടുവെന്നു പറഞ്ഞ് ചില ഉപയോക്താക്കള്‍ ട്വീറ്റ് ചെയ്തിരുന്നു. കമ്പനിയുടെ ക്ലൗഡ് സേവനമായ ആമസോണ്‍ വെബ് സര്‍വീസസില്‍ വന്ന പ്രശ്‌നങ്ങളായിരിക്കാം കാരണമെന്നാണ് അനുമാനം.

amazon

∙ ട്വിറ്ററിന്റെ തട്ടിക്കൂട്ട് ഉറക്കറകളെക്കുറിച്ച് അന്വേഷണം

ട്വിറ്റര്‍ ജോലിക്കാര്‍ അധിക സമയം ജോലിയെടുക്കണമെന്നും അതിനു ശേഷം രാത്രിയില്‍ കമ്പനിയുടെ ഉറക്കറകളില്‍ താമസിക്കണമെന്നും മറ്റും പുതിയ ഉടമ ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മസ്‌ക് നിഷ്‌കർഷിച്ച രീതിയില്‍ തയാര്‍ ചെയ്ത ഉറക്കറകളില്‍ ഉറങ്ങണം എന്നായിരുന്നു ജീവനക്കാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശമെന്നാണ് ഫോബ്സ് റിപ്പോര്‍ട്ടു ചെയ്ത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ട്വിറ്ററിന്റെ ഹെഡ്ക്വാട്ടേഴ്‌സിലാണ് മസ്‌കിന്റെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട് പറഞ്ഞത്. റിപ്പോര്‍ട്ട് വന്നതിനു ശേഷം, ഇടുങ്ങിയ ഉറക്കറകളെക്കുറിച്ചും അവയില്‍ ഇട്ടിരിക്കുന്ന തട്ടിക്കൂട്ടു മെത്തകളെക്കുറിച്ചും മറ്റും സാന്‍ഫ്രാന്‍സിസ്കോ നഗരാധികൃതര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചുവെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. കമ്പനി ജോലിയെടുത്തു മടുത്തവര്‍ക്ക് ബെഡ് നല്‍കുന്നതാണോ പ്രശ്‌നമെന്നു ചോദിച്ച് മസ്‌കും രംഗത്തെത്തിയിട്ടുണ്ട്.

English Summary: WhatsApp introduces new Avatar feature: Everything you need to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com