ADVERTISEMENT

സ്‌കൂളിലെ അതിസമര്‍ഥനായ കുട്ടിയായിരുന്ന ശ്രീജിത് ശ്രീകുമാറിന് ഒരു ഡോക്ടറാകണം എന്നായിരുന്നു അക്കാലത്ത് ആഗ്രഹം. 2004 ല്‍ അദ്ദേഹം എന്‍ട്രന്‍സ് കടമ്പ കടന്നെങ്കിലും ആദ്യ അലോട്‌മെന്റില്‍ എംബിബിഎസ് സീറ്റ് കിട്ടിയില്ല. എന്നാല്‍, അടുത്ത അവസരത്തിനായി ശ്രീജിത് കാത്തുനിന്നില്ല. പകരം തിരഞ്ഞെടുത്ത പാത വൈദ്യശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാത്തതായിരുന്നു. അതാകട്ടെ, ശ്രീജിത്തിന്റെ കുടുംബത്തെ അസ്വസ്ഥരാക്കുകയും ചെയ്തു.

 

∙ ഫാഷന്‍ ഡിസൈനിങ്ങിലേക്ക്

 

ഡോക്ടറാകാനുള്ള ആഗ്രഹം വെടിഞ്ഞ് ശ്രീജിത് എത്തിയത് ഫാഷന്‍ ഡിസൈനിങ്ങിലേക്കായിരുന്നു. ഇത് അദ്ദേഹത്തിന്റെ കുടുംബത്തെ നിരാശരാക്കി. കാരണം ആ മേഖല കുടുംബത്തിന് പരിചിതമായിരുന്നില്ല. എന്നാല്‍, അദ്ദേഹത്തിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ഇപ്പോള്‍ കാലം സാക്ഷ്യപ്പെടുത്തുന്നു. ഇന്ന് ശ്രീജിത് (37) ഫാഷന്‍ മേഖലയിലെ പ്രധാന വ്യക്തികളിലൊരാളാണ്. വളരെയധികം പ്രതീക്ഷകളാണ് അദ്ദേഹത്തിന്റെ സ്വന്തം ബ്രാന്‍ഡിനെക്കുറിച്ചുള്ളത്.

 

∙ ജിആന്‍ഡ്എ

 

കൊല്ലത്ത് ജനിച്ചുവളര്‍ന്ന ശ്രീജിത് സ്വന്തമായി സ്ഥാപിച്ച മെന്‍സ്‌വെയര്‍ ബ്രാൻഡിനു പേരിട്ടത് ജിയാക്ക ആന്‍ഡ് അബിറ്റോ സാര്‍ട്ടോറിയലെ ഫാഷന്‍ (Giacca & Abito Sartoriale Fashion (G&A) എന്നാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍, പുരുഷന്മാര്‍ക്കുള്ള വസ്ത്രങ്ങള്‍ നിർമിക്കുന്ന പ്രധാനപ്പെട്ട കമ്പനികളില്‍ ഒന്നാകാന്‍ ജിആന്‍ഡ്എയ്ക്ക് സാധിച്ചു. ഇന്ത്യയിലെ പ്രമുഖ വസ്ത്ര സ്ഥാപനമായ റെയ്മണ്ടില്‍ ജോലി ചെയ്യുന്ന സമയത്ത്, 2020 ല്‍ ഉണ്ടായ ഉള്‍വിളി കേട്ടു തുടങ്ങിയ കമ്പനിയാണിത്.

 

ജിആന്‍ഡ്എ കൊച്ചി കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. ചുരുങ്ങിയ കാലയളവില്‍ത്തന്നെ അത് മെന്‍സ്‌വെയര്‍ നിര്‍മാണ മേഖലയിലെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കൊപ്പം ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. സൂട്ടുകളുടെയും ബ്ലെയ്‌സറുകളുടെയും വന്‍ ശ്രേണി തന്നെ ഒരുക്കിയ ജിആന്‍ഡ്എ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മെന്‍സ്‌വെയര്‍ ബ്രാന്‍ഡുകളില്‍ ഒന്നായി. ജിആന്‍ഡ്എയുടെ ഉല്‍പന്നങ്ങള്‍ നൂറിലേറെ കടകളില്‍ ഇപ്പോള്‍ ലഭ്യമാണ്.

 

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റല്‍ സമ്മേളനമായ മനോരമ ഓണ്‍ലൈന്‍ - ടെക്‌സ്‌പെക്ടേഷന്‍സില്‍ സംസാരിക്കാന്‍ ജിആന്‍ഡ്എയുടെ സ്ഥാപകനും മേധാവിയുമായ ശ്രീജിത്തും എത്തും. ടെക്‌സ്‌പെക്ടേഷന്‍സിന്റെ അഞ്ചാം പതിപ്പാണിത്. 

 

Techspectations-2023

∙ ഫാഷന്റെ വിളി

 

ശ്രീജിത് കൗമാരകാലത്ത് ആകസ്മികമായാണ് ഫാഷന്‍ ലോകവുമായി കൂട്ടിമുട്ടുന്നത്. വരയിലുള്ള താൽപര്യം മൂലമാണ് താന്‍ നിഫ്റ്റ് (NIFT) കോഴ്‌സിന് ചേര്‍ന്നതെന്ന് അദ്ദേഹം പറയുന്നു. ബെംഗളൂരു നിഫ്റ്റില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങിൽ ഡിഗ്രി നേടിയ ശ്രീജിത് ഇറ്റലിയിലെ ഇസ്റ്റിറ്റ്യൂട്ടോ മറന്‍ഗോണിയില്‍ (Istituto Marangoni) നിന്നാണ് മെന്‍സ്‌വെയർ ഡിസൈനില്‍ ബിരുദാനന്തര ബിരുദം സമ്പാദിച്ചത്. ഇതിനു ശേഷം 2008 ൽ റെയ്മണ്ടില്‍ ജോലിയില്‍ പ്രവേശിച്ചു.

 

തുടര്‍ന്ന് 2014 ല്‍ അദ്ദേഹം അരവിന്ദ് ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡ്‌സിന്റെ പ്രീമിയം മെന്‍സ്‌വെയര്‍ വിഭാഗമായ 'ആരോ'യുടെ കാറ്റഗറി മേധാവിയായി നിയമിക്കപ്പെട്ടു. ഇതിനോടൊപ്പം ശ്രീജിത് ഐഐഎം ബെംഗളൂരുവില്‍നിന്ന് ജനറല്‍ മാനേജ്‌മെന്റില്‍ ഡിഗ്രിയും സമ്പാദിച്ചു. പിന്നീട് റെയ്മണ്ട് അദ്ദേഹത്തെ തങ്ങളുടെ പാര്‍ക് അവന്യൂ ബ്രാന്‍ഡിന്റെ ജനറല്‍ മാനേജരാകാന്‍ ക്ഷണിച്ചു. എന്നാല്‍, കോവിഡ് വ്യാപിച്ചതോടെ റെയ്മണ്ടിനോട് വിടപറഞ്ഞ ശ്രീജിത് സ്വന്തം ബ്രാന്‍ഡായ ജിആന്‍ഡ്എ തുടങ്ങുകയായിരുന്നു.

 

തന്റെ ബിസിനസ് സംരംഭം കേരളത്തില്‍ത്തന്നെ തുടങ്ങണമെന്ന ആഗ്രഹമായിരുന്നു ശ്രീജിത്തിന്. താനെന്തിനാണ് ഈ ബ്രാന്‍ഡ് തുടങ്ങിയതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ‘‘നാം ഒരു ബ്രാന്‍ഡിനെക്കുറിച്ചു സംസാരിക്കുമ്പോള്‍ കാല്‍ നൂറ്റാണ്ടെങ്കിലും മുൻപ് തുടങ്ങിയ കമ്പനികളെയേ സ്മരിക്കൂ. യാഥാര്‍ഥ്യമെന്താണെന്നു വച്ചാല്‍ മെന്‍സ്‌വെയര്‍ വിഭാഗത്തില്‍ അതിനിടയില്‍ പല കമ്പനികളും സ്ഥാപിക്കപ്പെടുകയും നിന്നുപോകുകയും ചെയ്തിരിക്കും. ഗുണനിലവാരമില്ലായ്മയും സ്ഥിരമായി നിലവാരമുള്ള ഉല്‍പന്നങ്ങള്‍ നിർമിച്ചു വില്‍ക്കാനുള്ള കഴിവില്ലായ്മയുമാണ് അവ പരാജയപ്പെടാനുള്ള കാരണങ്ങള്‍.’’ കേരളത്തില്‍നിന്ന് സൂട്ടുകളും ബ്ലെയ്‌സറുകളും നിർമിച്ച് വിറ്റ് വിജയിച്ച കമ്പനികള്‍ ഒന്നുമില്ലെന്നതും താന്‍ ഇവിടെ കമ്പനി തുടങ്ങാന്‍ കാരണമാണെന്നും അദ്ദേഹം പറയുന്നു. വിപണിയിലെ മത്സരത്തെക്കുറിച്ചും നല്ല ബോധ്യമുണ്ടെന്ന് ശ്രീജിത് പറഞ്ഞു.

 

∙ ടെക്‌സ്‌പെക്ടേഷന്‍സ് 2023

 

ടെക്‌സ്‌പെക്ടേഷന്‍സിന്റെ 5-ാം എഡിഷന്‍ കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ ഫെബ്രുവരി 17ന് നടക്കും. ഇത്തവണത്തെ പ്രതിപാദ്യ വിഷയം 'മനോരമ@25: ഉള്‍ക്കൊള്ളുക, ഉരുത്തിരിയുക, ഡിജിറ്റല്‍ വ്യവസ്ഥയില്‍ അഭിവൃദ്ധി പ്രാപിക്കുക' ('MO@25: Absorb, evolve& thrive in New Digital Order') എന്നതാണ്. മനോരമ ഓണ്‍ലൈന്റെ 25-ാം വാര്‍ഷികവുമാണ് ഇത്.

 

ടെക്‌നോളജി മേഖലയിലെ വിദഗ്ധര്‍, ബിസിനസുകാര്‍, നിക്ഷേപകര്‍, ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മറ്റു പ്രമുഖര്‍ തുടങ്ങിയവര്‍ ടെക്‌സ്‌പെക്ടേഷന്‍സ് 2023യില്‍ പങ്കെടുക്കും. ഇത്തവണ, ഡിജിറ്റല്‍ ലോകത്തുള്ള പരിധിയില്ലാത്ത സാധ്യതകള്‍, അതുയര്‍ത്തുന്ന എണ്ണമില്ലാത്ത വെല്ലുവിളികള്‍ തുടങ്ങിയവ ചര്‍ച്ചയ്ക്കുവരും.

 

ടെക്സ്പെക്റ്റേഷൻസ് 2023 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ സീറ്റ് റിസർവ് ചെയ്യാനും https://www.techspectations.com സന്ദർശിക്കുക.

 

English Summary: Sreejith Sreekumar - Founder & CEO - Giacca & Abito Sartoriale Fashion Pvt Ltd – Techspectations – 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com