ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഫോണുകളുടെ രൂപവും ഭാവവും ഉടനടി മാറും, വരാനിരിക്കുന്ന മാറ്റങ്ങളെന്ത്?

INDIA-INTERNET-POLITICS-TECH
Photo by Sajjad HUSSAIN / AFP
SHARE

ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ക്കും ഇനി ആഹ്ലാദിക്കാന്‍ കാരണങ്ങള്‍ പലതുണ്ട്. ഏതാനും വര്‍ഷം മുൻപ് യൂറോപ്പില്‍നിന്നു കൊണ്ടുവന്ന ഒരു ആന്‍ഡ്രോയിഡ് ഉപകരണം പരീക്ഷിച്ചു നോക്കിയ ടെക്‌നോളജി പ്രേമിയായ സുഹൃത്ത് അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി - ഗൂഗിളിന്റെ ആപ്പുകള്‍ ഡീഫോള്‍ട്ടായി ഉപയോഗിക്കേണ്ട കാര്യമില്ല! മിക്ക കാര്യങ്ങളും ഉപയോക്താവിന്റെ ഇഷ്ടാനുസരണം ക്രമീകരിക്കാം. ഇനി ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും അത്തരം സാധ്യതകളടക്കം പലതും വരികയാണ്. എന്നാല്‍, ക്രമീകരണ സാധ്യതയൊന്നും ചൂഷണം ചെയ്യാന്‍ കഴിയാത്തവരായിരിക്കും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഉപയോക്താക്കളും. അവര്‍ക്കു പോലും മാറ്റം വരും. അതെങ്ങനെയെന്ന് വഴിയെ കാണാം. ചുരുക്കി പറഞ്ഞാല്‍, ആന്‍ഡ്രോയിഡ് ഇനി പഴയ ആന്‍ഡ്രോയിഡേ അല്ല!

∙ പുതിയ മാറ്റങ്ങള്‍ക്കു പിന്നില്‍ സിസിഐ നിബന്ധനകള്‍

ആന്‍ഡ്രോയിഡിനുമേല്‍ ഗൂഗിളിനുള്ള കുത്തക തകര്‍ക്കാന്‍ വേണ്ടിയുള്ള ചില നിര്‍ദ്ദേശങ്ങളാണ് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെതിരെ ഗൂഗിള്‍ സുപ്രീംകോടതി വരെ പോയെങ്കിലും സിസിഐ വിജയിച്ചു. കമ്പനി ഇനി ഇന്ത്യയിലെ 97 ശതമാനം സ്മാര്‍ട് ഫോണുകളിലും പ്രവര്‍ത്തിക്കുന്ന ഒഎസ് ആയ ആന്‍ഡ്രോയിഡില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നേ മതിയാകൂ. സിസിഐ പ്രഖ്യാപിച്ച പുതിയ നയം ഇന്ത്യന്‍ ആപ് നിർമാതാക്കള്‍ക്ക് ആശ്വാസം പകരുന്നതിനൊപ്പം ഉപയോക്താക്കളെ ഇഷ്ടാനുസരണം ഫോണ്‍ ക്രമീകരിക്കാനും അനുവദിക്കും. സേര്‍ച്ചും ബ്രൗസറും മാപ്‌സും പേമെന്റ് സിസ്റ്റവും അടക്കം പല കാര്യങ്ങളിലും സ്വന്തം ഇഷ്ടം തിരഞ്ഞെടുക്കാം. തങ്ങള്‍ സിസിഐയുടെ നയം പൂര്‍ണമായും പാലിക്കുമെന്ന് ഗൂഗിള്‍ പറഞ്ഞു കഴിഞ്ഞു.

∙ ഉപകരണ നിര്‍മാതാക്കള്‍ക്കും ചില പിടിവള്ളികള്‍

സാധാരണ ഉപയോക്താവിന് ഫോണില്‍ ഒരു ക്രമീകരണവും വരുത്താന്‍ അറിയണമെന്നില്ല. എന്നാല്‍, ഇത്തരക്കാര്‍ക്കു പോലും മാറ്റം വരും. കാരണം അവര്‍ വാങ്ങാന്‍ പോകുന്ന ഫോണ്‍ നിർമിച്ച കമ്പനികള്‍ക്കും ഇനി ചില അവകാശങ്ങള്‍ ഉണ്ടായിരിക്കും. ഏത് ആപ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണമെന്നു തീരുമാനിക്കാം. അങ്ങനെ വരുമ്പോള്‍ ഡിഫോള്‍ട്ട് ആപ്പുകള്‍ മാത്രം ഉപയോഗിക്കുന്നവരുടെ കാര്യത്തിലും സിസിഐ പ്രഖ്യാപിച്ച നയം പ്രാബല്യത്തില്‍ വരുന്നതായി കാണാം. സാംസങ്, ഷഓമി, തുടങ്ങി എല്ലാ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കൾക്കും ഗൂഗിളിന്റെ സ്വന്തം ആപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കാനാകും. നേരത്തേ ഗൂഗിളിന്റെ ആപ്പുകളായ യൂട്യൂബ്, മീറ്റ്, ജിമെയില്‍ തുടങ്ങി എല്ലാം ആന്‍ഡ്രോയിഡ് ലൈസന്‍സിങ് സമ്മതപത്ര പ്രകാരം പ്രീ ഇന്‍സ്‌റ്റാള്‍ ചെയ്യേണ്ടിയിരുന്നു. അതേസമയം, മിക്ക ഉപയോക്താക്കളും ഗൂഗിളിന്റെ ആപ്പുകള്‍ എല്ലാം ശീലമാക്കിയതിനാൽ, ഇപ്പോള്‍ സിസിഐ വരുത്തിയിരിക്കുന്ന മാറ്റം ഗുണം ചെയ്യുമോ എന്നു ചോദിക്കുന്നവരും ഉണ്ട്.

∙ സേര്‍ച് എൻജിന്‍

സേര്‍ച്ചില്‍ തങ്ങളുടെ അപ്രമാദിത്വം ചോദ്യംചെയ്യപ്പെടാതിരിക്കാന്‍ ഗൂഗിള്‍ ഒരുപാടു കളികൾ കളിച്ചിട്ടുണ്ട്. മുന്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ കാലത്തു തന്നെ ആപ്പിളിന്റെ ഡിഫോള്‍ട്ട് ബ്രൗസറായ സഫാരിയില്‍ സേര്‍ച്ചിന് ഗൂഗിളിനു പകരം മൈക്രോസോഫ്റ്റിന്റെ ബിങ്ങോ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന ഡക്ഡക്‌ഗോയോ (ഡിഡിജി-ഇതില്‍ നടത്തുന്ന സേര്‍ച്ചുകള്‍ 30 മിനിറ്റ് കഴിയുമ്പോള്‍ ഇല്ലാതാകുമെന്നാണ് പറയുന്നത്. അതേസമയം, ഗൂഗിള്‍ ആര് എന്തു സേര്‍ച്ച് നടത്തി എന്നതൊക്കെ കാലാകാലം സൂക്ഷിച്ചുവച്ചേക്കാമെന്ന ആരോപണവും ഉണ്ട്) സേര്‍ച്ച് എൻജിനാക്കാനും തീരുമാനിച്ചിരുന്നു. അന്നു മുതല്‍ ഗൂഗിള്‍ സഫാരിയില്‍ ഡിഫോള്‍ട്ട് സേര്‍ച്ച് എൻജിനാകാന്‍ ഓരോ വര്‍ഷവും ബില്യന്‍ കണക്കിനു ഡോളറാണ് നല്‍കുന്നതത്രേ.

∙ അധികം പേരും ഡിഫോള്‍ട്ട് സേര്‍ച്ച് എൻജിന്‍ മാറ്റില്ല

ഇതൊന്നും പോരെങ്കില്‍ ആപ്പിള്‍ സ്വന്തം സേര്‍ച്ച് എൻജിന്‍ ഇറക്കാനും ശ്രമിച്ചിരുന്നു. ഇത് സഫാരിയില്‍ ഡിഫോള്‍ട്ടാക്കി വയ്ക്കാതിരിക്കാന്‍ 2022 ല്‍ ഗൂഗിള്‍ 2000 കോടി ഡോളര്‍ ആപ്പിളിനു നല്‍കിയെന്ന് ഡെയ്‌സ്ഇന്‍ഫോ റിപ്പോര്‍ട്ടു ചെയ്യുന്നു. സഫാരിയിലെ ഡിഫോള്‍ട്ട് സേര്‍ച്ച് എൻജിന്‍ മാറ്റാന്‍ അധികമാരും മെനക്കെടാറില്ലെന്ന കണ്ടെത്തലാണ് ഇത്രയും ഭീമമായ തുക നല്‍കാന്‍ ഗൂഗിളിനെ പ്രേരിപ്പിക്കുന്നത്. ഇനി ഇന്ത്യയിലും ക്രോമിലാണെങ്കിലും മറ്റു ബ്രൗസറുകളിലാണെങ്കിലും ഡിഫോള്‍ട്ടായി ഫോണ്‍ നിര്‍മാതാക്കള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള സേര്‍ച്ച് എൻജിന്‍ വയ്ക്കാം. ഇത് ഗൂഗിളിന് കനത്ത തിരിച്ചടിയായിരിക്കുമെന്നു മാത്രമല്ല, കമ്പനികള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിനും തുടക്കമിടും.

∙ പൊരുത്തക്കേട് ഒഴിവാക്കുമെന്ന് ഗൂഗിള്‍

ആന്‍ഡ്രോയിഡിലെ പല കോംപാറ്റിബിലിറ്റി മാനദണ്ഡങ്ങളും പൊളിച്ചെഴുതുമെന്ന് ഗൂഗിള്‍ അറിയിച്ചു. അതോടെ, ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്നതിന് പൊരുത്തക്കേടുണ്ടെന്നു പറഞ്ഞ് മാറ്റി നിർത്തിയിരുന്ന ആപ്പുകള്‍ക്കും മറ്റ് കമ്പനികൾ സൃഷ്ടിക്കുന്ന ആന്‍ഡ്രോയിഡ് വേര്‍ഷനുകള്‍ക്കും ഇനി പരിഗണന നല്‍കും. ആപ്പുകളും മറ്റും ഗൂഗിള്‍ പ്ലേയില്‍നിന്ന് പണംകൊടുത്തു വാങ്ങുമ്പോഴും വരിസംഖ്യ അടയ്ക്കുമ്പോഴും ഗൂഗിളിന്റെ പണമടയ്ക്കല്‍ സംവിധാനം ഒഴിവാക്കേണ്ടവര്‍ക്ക് അതു ചെയ്യാം. ഗൂഗിളിന്റെ പേമെന്റ് സിസ്റ്റം വഴി ഉപയോക്താവിന്റെ പണമടയ്ക്കല്‍ നടത്തേണ്ടി വരുന്നതിനാല്‍ ഗൂഗിളിന് കമ്മിഷന്‍ നല്‍കേണ്ടി വരുന്നുവെന്ന് ആപ് ഡവലപ്പര്‍മാര്‍ പരാതി നല്‍കിയിരുന്നു.

∙ പരീക്ഷണം നടത്തേണ്ടവര്‍ക്ക് അതും ആകാം

ഗൂഗിള്‍ പ്ലേയ്ക്കു പുറത്ത് ധാരാളം ആപ്പുകള്‍ ഉണ്ട്. ഇവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് സൈഡ്‌ലോഡ് ചെയ്യുക എന്നാണ് പറയുന്നത്. പക്ഷേ, ഇവയില്‍ പലതും ഉപയോഗിച്ചാല്‍ ഫോണിന്റെ സുരക്ഷ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നു. ടെക്‌നോളജിയെക്കുറിച്ച് അധികമൊന്നും അറിയാത്തവര്‍ പ്ലേ സ്റ്റോര്‍ പരിസ്ഥിതിയില്‍ നില്‍ക്കുന്നതു തന്നെയാണ് ഉത്തമമെങ്കിലും പരീക്ഷണം നടത്തുന്നവർക്ക് ഇനി ആപ്പുകള്‍ സൈഡ്‌ലോഡ് ചെയ്യുമ്പോള്‍ ഗൂഗിള്‍ മുന്നറിയിപ്പു നല്‍കിയേക്കില്ല. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ പുതിയ പല മാറ്റങ്ങളും നല്‍കാമെന്നാണ് ഗൂഗിള്‍ പറഞ്ഞിരിക്കുന്നത്. തന്നിഷ്ടപ്രകാരം ആന്‍ഡ്രോയിഡ് പ്രവര്‍ത്തിപ്പിച്ചതിന് സിസിഐ ഗൂഗിളിന് രണ്ടു തവണയായി ഇട്ടിരിക്കുന്നത് 2,273 കോടി രൂപ പിഴയാണ്. ഇതു മുഴുവന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടേക്കില്ലെങ്കിലും കുറച്ചെങ്കിലും കമ്പനി പിഴയായി നല്‍കേണ്ടിവരികയും ചെയ്‌തേക്കും.

∙ ഓസ്‌ട്രിയക്കാരുടെ മൊത്തം ഡേറ്റയും ഡച്ച് ഹാക്കര്‍ കൊണ്ടുപോയി

എല്ലാ ഓസ്‌ട്രിയക്കാരുടെയും സ്വകാര്യ ഡേറ്റ ഡച്ച് ഹാക്കര്‍ കൊണ്ടുപോയെന്ന് റിപ്പോർട്ട്. മുഴുവന്‍ പേര്, ജനനത്തീയതി, വിലാസം തുടങ്ങിയവ അടക്കമുള്ള കാര്യങ്ങളാണ് ചോര്‍ത്തിയത്. ഏകദേശം 80 ലക്ഷം പേരുടെ ഡേറ്റയാണ് വില്‍പനയ്ക്കു വച്ചത്. ഓസ്‌ട്രിയയിലെ ജനസംഖ്യ ഏകദേശം 91 ലക്ഷമാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

∙ ജയിംസ് വെബ് ടെലസ്‌കോപ്പിന് പ്രശ്‌നം; നാസയ്ക്ക് തിരിച്ചടി

ജയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പിന് സംഭവിച്ചിരിക്കുന്ന പ്രശ്‌നങ്ങൾ നാസയ്ക്കു കനത്ത തിരിച്ചടിയാകുമെന്ന് എപി റിപ്പോർട്ട്. പ്രപഞ്ചത്തിന്റെ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത പല ഫോട്ടോകളും എടുത്തു നല്‍കി അമ്പരപ്പിച്ച ടെലസ്‌കോപ്പിന്റെ 'നിയര്‍ ഇന്‍ഫ്രാറെഡ് ഇമേജര്‍ ആന്‍ഡ് സില്‍റ്റ്‌ലെസ് സ്‌പെക്ട്രോഗ്രാഫ്' എന്ന ഉപകരണത്തിനാണ് പ്രശ്‌നങ്ങള്‍. ഇതിപ്പോള്‍ പ്രതികരിക്കുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് നാസയും കനേഡിയന്‍ സ്‌പേസ് ഏജന്‍സിയും.

james-web-tescope
Photo: NASA

∙ ബിബിസി ഡോക്യുമെന്ററി ലിങ്ക് ട്വിറ്റര്‍ നീക്കം ചെയ്തതിനെക്കുറിച്ച് മസ്‌കിന്റെ പ്രതികരണം ഇങ്ങനെ

സംഭാഷണ സ്വാതന്ത്ര്യം ഉറപ്പാക്കലാണ് തന്റെ ലക്ഷ്യമെന്നു പറഞ്ഞ ട്വിറ്ററിന്റെ പുതിയ മേധാവി ഇലോണ്‍ മസ്‌ക് തന്റെ വാക്കുകള്‍ വിഴുങ്ങിയോ എന്ന അര്‍ഥത്തില്‍ ഒരു ട്വിറ്റര്‍ യൂസര്‍ ചോദ്യം ഉന്നയിച്ചിരുന്നു. ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ലിങ്ക് ട്വിറ്ററില്‍നിന്നു നീക്കംചെയ്തതിനെക്കുറിച്ചായിരുന്നു അറിയേണ്ടത്. അതിനു മസ്‌ക് നല്‍കിയ മറുപടിയില്‍ പറഞ്ഞത് ഇക്കാര്യം താന്‍ ഇപ്പോഴാണ് കേട്ടതെന്നും കൂടാതെ, ലോകത്ത് എല്ലായിടത്തും ട്വിറ്ററില്‍ നടക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ താനൊരുത്തൻ കരുതിയാൽ പരിഹരിക്കാനാവില്ല എന്നുമായിരുന്നു. തനിക്ക് ടെസ്‌ലയുടെയും സ്‌പേസ്എക്‌സിന്റെയും കാര്യങ്ങള്‍ കൂടി നോക്കാനുണ്ടെന്നും മസ്‌ക് പറഞ്ഞു.

English Summary: Android phones in India will look very different as Google follows govt order

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS