കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചാറ്റ്ജിപിറ്റി എന്ന നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടിന് പാട്ടും തിരക്കഥയുമൊക്കെ എഴുതാനും പരീക്ഷയെഴുതി ജയിക്കാനുമൊക്കെയുള്ള ശേഷിയുണ്ട്. ഇപ്പോള്‍ മനുഷ്യര്‍ ചെയ്യുന്ന പല ജോലികളും വൈകാതെ ചാറ്റ്ജിപിറ്റിക്ക് വിജയകരമായി ചെയ്തു തീര്‍ക്കാനാവും. ഉപഭോക്തൃസേവനം, കോപ്പി റൈറ്റിങ്, നിയമോപദേശം നല്‍കല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഈ ചാറ്റ്‌ബോട്ട് കഴിവു തെളിയിച്ചു കഴിഞ്ഞു. ഇത്തരം മേഖലകളില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ശതമാനം തൊഴിലുകള്‍ക്ക് പകരക്കാരനായി ചാറ്റ്ജിപിറ്റി മാറുമെന്നാണ് എഐ വിദഗ്ധനായ റിച്ചാര്‍ഡ് ഡിവേറെ പറയുന്നത്.
വളരെ പ്രതീക്ഷയോടെ കാണുന്ന ചാറ്റ്ജിപിറ്റിക്കുവേണ്ടി 1000 കോടി ഡോളറാണ് മൈക്രോസോഫ്റ്റ് നിക്ഷേപിക്കുന്നത്. ഈ ചാറ്റ്‌ബോട്ടിന് മനുഷ്യര്‍ കംപ്യൂട്ടറുകളെ ഉപയോഗിക്കുന്ന രീതിയില്‍ തന്നെ മാറ്റം വരുത്താനാകുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രതീക്ഷ. നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയില്‍ വിപ്ലവം കൊണ്ടുവരും ചാറ്റ്ജിപിറ്റിയെന്ന് കരുതപ്പെടുന്നതും അതുകൊണ്ടാണ്.
'ഒരു ദിവസംകൊണ്ട് മനുഷ്യര്‍ക്ക് പകരം നിര്‍മിത ബുദ്ധി വരില്ല. എന്നാല്‍ പല ഘട്ടങ്ങളായി അത് സംഭവിക്കുക തന്നെ ചെയ്യും. ജോലികളില്‍ അനുഭവ പരിചയം കുറവുള്ള പലരും ഇതിനകം തന്നെ തങ്ങളുടെ ജോലികളില്‍ എഐ ടൂളുകള്‍ ഉപയോഗിക്കുന്നുണ്ട്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് കോപി റൈറ്റിങ് സൗജന്യ സേവനമായി നല്‍കുന്ന ജൗൺസ് എഐ പോലുള്ള കമ്പനികള്‍ മറ്റൊരു ഉദാഹരണമാണ്. നേരത്തെ മനുഷ്യര്‍ ചെയ്തിരുന്ന ജോലിയാണിത്' എന്നും ഡിവേറെ പറയുന്നു.
അമിത വേഗത്തില്‍ വാഹനം ഓടിച്ചകുറ്റത്തിന്‍ കോടതിയില്‍ ഹാജരാവേണ്ടി വരുന്നവരെ സഹായിക്കാന്‍ DoNotPay എന്ന കമ്പനി ഉപയോഗിക്കുന്നത് ചാറ്റ്ജിപിറ്റിയുടെ സേവനമാണ്. എഴുത്തു പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കി ഒരു ജോലിയുടെ അഭിമുഖത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ കയറിക്കൊണ്ട് ചാറ്റ്ജിപിറ്റി ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ എഐ ചാറ്റ് ബോട്ടിന്റെ ഉപയോഗ സാധ്യതകള്‍ അനന്തമാണ്. കാറുകള്‍ എങ്ങനെ കേടുതീര്‍ക്കാമെന്നു തുടങ്ങി എങ്ങനെ ഹാക്കിങ്ങിനുവേണ്ട കോഡുകള്‍ എഴുതാം എന്നതിനു വരെ ചാറ്റ്ജിപിറ്റി ഉപയോഗിച്ചിട്ടുണ്ട്.
സര്‍ഗാത്മക തൊഴിലെടുക്കുന്നവരുടെ ജോലി എളുപ്പമാക്കുമെങ്കിലും അവരുടെ തൊഴിലവസരം ചാറ്റ്ജിപിറ്റി ഇല്ലാതാക്കില്ലെന്നാണ് ഡിവേറയുടെ അഭിപ്രായം. പല മേഖലകളിലുള്ളവര്‍ക്കും അവരുടെ കഴിവുകള്‍ മിനുക്കിയെടുക്കാനും ആവര്‍ത്തന വിരസതയുളള ജോലികള്‍ ചെയ്യാനും കൂടുതല്‍ കാര്യക്ഷമമായി ജോലി ചെയ്യാനും ഇത്തരം നിര്‍മിത ബുദ്ധി ടൂളുകള്‍ സഹായിക്കും. തൊഴിലവസരങ്ങളല്ല തൊഴിലുകളാണ് ഇത്തരം നിര്‍മിത ബുദ്ധി ഏറ്റെടുക്കുന്നതെന്നും ഇത് മനുഷ്യരുടെ ജോലികളെ കൂടുതല്‍ എളുപ്പത്തിലാക്കുകയാണ് ചെയ്യുന്നതെന്ന ചിന്തയാണ് നിര്‍മിത ബുദ്ധി വിദഗ്ധനായ റിച്ചാര്‍ഡ് ഡിവേറ പങ്കുവെക്കുന്നത്.
English Summary: ‘AI will take 20% of all jobs within five YEARS’