ADVERTISEMENT

സ്മാര്‍ട് വാച്ചുകള്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന ഇക്കാലത്ത് ലോക നിലവാരമുള്ള ആഡംബര വാച്ചുകള്‍ ഇന്ത്യയില്‍നിന്ന് നിര്‍മിച്ചിറക്കാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണോ? അല്ലെന്നു തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ ബാംഗ്ലൂര്‍ വാച്ച് കമ്പനി (ബിഡബ്ല്യൂസി). ഇതിന്റെ അമരത്ത് ഒരു ഭര്‍ത്താവും ഭാര്യയുമാണ് - നിരുപേഷ് ജോഷിയും മേഴ്‌സി അമല്‍രാജും. ഇരുവരും ആഗോള തലത്തില്‍ ടെക്‌നോളജി മേഖലയില്‍ പയറ്റിത്തെളിഞ്ഞ ശേഷമാണ് വാച്ച് നിര്‍മാണത്തിനിറങ്ങിയത്.

നീണ്ട 14 വര്‍ഷമാണ് നിരുപേഷ് ടെക്‌നോളജി വ്യവസായത്തില്‍ പ്രവര്‍ത്തിച്ചത്. മൈക്രോസോഫ്റ്റുമായി ബിസിനസ് നടത്തിയിരുന്ന 1000 ക്ലയന്റ്‌സിന്റെ ദൈനംദിന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചുമതലകളിലൊന്ന്. ഇന്ത്യയിലെ ഏറ്റവും വലിയ ക്രെഡിറ്റ് കാര്‍ഡ് കമ്പനികളിലൊന്നിനു വേണ്ടി വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സാങ്കേതികവിദ്യ വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്തിട്ടുണ്ട് നിരുപേഷ്. ഇതു കൂടാതെ, ഫോര്‍ച്യൂണ്‍ 1000 കമ്പനികള്‍ക്ക് ഇന്റര്‍നെറ്റിന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും വേഗം കൂട്ടുകയും ചെയ്തിട്ടുണ്ട്. മൂന്നു പേർ മുതല്‍ 109 പേർ വരെയുള്ള ടീമുകളെ ലീഡ് ചെയ്തിട്ടുമുണ്ട്. ചെറിയൊരു ഇടവേള എടുത്ത ശേഷം 2016 ലാണ് നിരുപേഷ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. അപ്പോള്‍ ഇവിടെനിന്ന് ലോക നിലവാരമുള്ള വാച്ചുകള്‍ നിർമിച്ച് വില്‍ക്കാനായി ബിഡബ്ല്യൂസി എന്ന ആശയവും പരീക്ഷിക്കാൻ തീരുമാനിച്ചു. ആഡംബര വാച്ചുകള്‍ക്ക് സവിശേഷമായ ഇന്ത്യന്‍ പശ്ചാത്തലങ്ങള്‍ ഒരുക്കുക എന്നതും നൂതനമായ ആശയമായിരുന്നു.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റല്‍ സമ്മേളനമായ മനോരമ ഓണ്‍ലൈന്‍ - ടെക്‌സ്‌പെക്റ്റേഷന്‍സില്‍ സംസാരിക്കാന്‍ ബാംഗ്ലൂര്‍ വാച്ച് കമ്പനിയുടെ സഹസ്ഥാപകരില്‍ ഒരാളായ നിരുപേഷ് ജോഷിയും എത്തും. ടെക്‌സ്‌പെക്റ്റേഷന്‍സിന്റെ അഞ്ചാം എഡിഷനാണിത്.

നിരുപേഷും മേഴ്‌സിയും ഹോങ്കോങില്‍ താമസിക്കുമ്പോഴാണ് വാച്ച് കമ്പനി എന്ന ആശയം ഉടലെടുത്തത്. ലോകപ്രശസ്ത വാച്ച് നിര്‍മാതാക്കളുടെ ബൊട്ടീക്കുകളിലൂടെയുള്ള ഇരുവരുടെയും യാത്ര ഇതിന് പ്രചോദനം പകര്‍ന്നു. ഉന്നത ശ്രേണിയിലുള്ള വാച്ച് നിര്‍മാണവുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം പഠിച്ചെടുത്ത ശേഷമാണ് ഇരുവരും ബെംഗളൂരുവിലെത്തിയത്. ആദ്യ വര്‍ഷം തന്നെ തങ്ങളുടെ കമ്പനിയിലുണ്ടാക്കിയ വാച്ച് 29 രാജ്യങ്ങളില്‍ വില്‍പനയ്‌ക്കെത്തിച്ചു. വാച്ചിന്റെ ആവശ്യക്കാരില്‍ വലിയൊരു ശതമാനവും വിദേശത്തു താമസിക്കുന്നവരാണ് എന്ന് നിരുപേഷ് പറയുന്നു. നൂതനമായ ഒരു ഇന്ത്യന്‍ ഉല്‍പന്നം എന്നതാണ് കസ്റ്റമേഴ്‌സില്‍ പലര്‍ക്കും ആകര്‍ഷകമെന്നും അദ്ദേഹം പറയുന്നു.

∙ കഥകളുള്ള വാച്ചുകള്‍

ബിഡബ്ല്യൂസിയുടെ വാച്ചുകള്‍ക്ക് പല പ്രത്യേകതകളും ഉണ്ട്. ഇതിലൊന്ന് അവ കഥ പറയുന്ന വാച്ചുകളാണ് എന്നതാണ്. വാച്ചുകളില്‍ രാജ്യത്തിന്റെ 21-ാം നൂറ്റാണ്ടിലുള്ള എന്തെങ്കിലും സംഭവം അല്ലെങ്കില്‍ കാഴ്ചപ്പാട് പശ്ചാത്തലമായി ചേര്‍ക്കുക എന്നതായിരുന്നു മാറ്റങ്ങളിലൊന്ന്. അമിതമായി ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നതിന് പകരം തങ്ങള്‍ ഉപയോഗിച്ചിരിക്കുന്ന തീമിനൊത്ത ഡിസൈൻ രീതിയാണ് ഉപയോഗിച്ചു വരുന്നത്. സങ്കീര്‍ണമാണ് നിര്‍മാണ രീതി എന്നു വരുത്തിത്തീര്‍ക്കാനായി സങ്കീര്‍ണത ഉണ്ടാക്കാറില്ലെന്ന് നിരുപേഷ് പറയുന്നു. നിര്‍മാണത്തിലെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വരുത്താതിരിക്കാനുള്ള ശ്രമം കമ്പനി നടത്തുന്നുണ്ട്. മറ്റു കമ്പനികള്‍ നല്‍കുന്നതിനേക്കാള്‍ മികവുറ്റ വാച്ചുകള്‍ ഉണ്ടാക്കാന്‍ കമ്പനി ശ്രമിക്കുന്നു. തങ്ങളുടെ വാച്ചിനെക്കാൾ രണ്ടോ മൂന്നോ ഇരട്ടി വിലയുള്ള വാച്ചിന്റെ ഫീച്ചറുകള്‍ ബിഡബ്ല്യൂസിയുടെ വാച്ചുകളിൽ ഉള്‍ക്കൊള്ളിക്കാന്‍ കമ്പനിക്ക് സാധിക്കുന്നു. ഇതിനു പുറമെ, വാച്ച് വാങ്ങുന്നവര്‍ക്കും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ച സേവനവും കമ്പനി നല്‍കുന്നു. ഇത്തരം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലളിതമാണെന്നു തോന്നാമെങ്കിലും അവ വളരെ ഫലപ്രാപ്തി നല്‍കുന്നവയുമാണ്.

∙ തൊഴിലിടങ്ങള്‍

അക്കാമയ് ടെക്‌നോളജീസിലായിരുന്നു നിരുപേഷ് ഏറ്റവുമധികം കാലം ജോലിചെയ്തത് -2007 മുതല്‍ 2016 വരെ. അതിനു മുൻപ് മൂന്ന് വര്‍ഷം ആസ്‌പെക്ട് സോഫ്റ്റ്‌വെയറില്‍ ജോലിയെടുത്തു. അതിനു മുൻപ് കൺവര്‍ഗൈസിലായിരുന്നു (Convergys) ഒരു വര്‍ഷത്തിലേറെ ജോലിയെടുത്തത്. വെയില്‍പെയ്‌സ് എന്ന കമ്പനി സ്ഥാപിച്ച നിരുപേഷ് അത് രണ്ടു വര്‍ഷം നടത്തിക്കൊണ്ടുപോകുകയും ചെയ്തു.

∙ പഠനം

ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് 2011ല്‍ പല പുതിയ പാഠനങ്ങളും ഉള്‍ക്കൊണ്ടാണ് നിരുപേഷ് തന്റെ പില്‍ക്കാല നീക്കങ്ങള്‍ നടത്തിയത്. അതേസമയം, അദ്ദേഹം തന്റെ ഡിഗ്രിയും മാസ്റ്റേഴ്‌സ് ഡിഗ്രിയും സ്വന്തമാക്കിയത് മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് (1998-2003).

∙ ടെക്‌സ്‌പെക്റ്റേഷന്‍സ് 2023

ടെക്‌സ്‌പെക്റ്ിറേഷന്‍സിന്റെ 5-ാം എഡിഷന്‍ കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ ഫെബ്രുവരി 17ന് നടക്കും. ഇത്തവണത്തെ പ്രതിപാദ്യ വിഷയം 'മനോരമ@25: ഉള്‍ക്കൊള്ളുക, ഉരുത്തിരിയുക, ഡിജിറ്റല്‍ വ്യവസ്ഥയില്‍ അഭിവൃദ്ധി പ്രാപിക്കുക' ('MO@25: Absorb, evolve& thrive in New Digital Order') എന്നതാണ്. മനോരമ ഓണ്‍ലൈന്റെ 25-ാം വാര്‍ഷികവുമാണ് ഇത്.

ടെക്‌നോളജി മേഖലയിലെ വിദഗ്ധര്‍, ബിസിനസുകാര്‍, നിക്ഷേപകര്‍, ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മറ്റു പ്രമുഖര്‍ തുടങ്ങിയവര്‍ ടെക്‌സ്‌പെക്ടേഷന്‍സ് 2023 ല്‍ പങ്കെടുക്കും. ഇത്തവണ, ഡിജിറ്റല്‍ ലോകത്തുള്ള പരിധിയില്ലാത്ത സാധ്യതകള്‍, അതുയര്‍ത്തുന്ന എണ്ണമില്ലാത്ത വെല്ലുവിളികള്‍ തുടങ്ങിയവ ചര്‍ച്ചയ്ക്കുവരും.

Techspectations-2023

ടെക്സ്പെക്റ്റേഷൻസ് 2023 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ സീറ്റ് റിസർവ് ചെയ്യാനും https://www.techspectations.com  സന്ദർശിക്കുക.

English Summary: Nirupesh Joshi - Founder - Bangalore Watch Company – Techspectations – 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com