ഓൺലൈൻ ബാങ്കിങ്ങിലൂടെ നഷ്ടപ്പെട്ട പതിനായിരം രൂപയും പലിശയും നഷ്ടപരിഹാരവും പരാതിക്കാരന് നൽകണമെന്ന് ഉത്തരവിട്ട് കോട്ടയം കൺസ്യൂമർ കോടതി. തോട്ടക്കാട് സ്വദേശി ബോൺസിലി എസ്. ചക്കാലയുടെ പരാതിയിലാണ് വിധി. 2020 ൽ ബാങ്കിൽ നിന്ന് നഷ്ടപ്പെട്ട പതിനായിരം രൂപയ്ക്ക് 2020 മുതൽ 9 ശതമാനം പലിശയും 10,000 രൂപ നഷ്ടപരിഹാരവും കേസ് നടത്തിപ്പിന് ചെലവായ തുകയും ഉൾപ്പെടെ 50,000 രൂപ നൽകണമെന്ന് എതിർകക്ഷി കോട്ടക് മഹേന്ദ്ര ബാങ്കിനോട് ഉത്തരവായിട്ടുള്ളത്. ഉപഭോക്താവിന്റെ പണം സുരക്ഷിതമായി സൂക്ഷിക്കാൻ ബാങ്കിന് ഉത്തരവാദിത്വമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് അജിൻ തോമസ് ഹാജരായി.
ഓൺലൈൻ വഴി 10,000 രൂപ കൈമാറാൻ ശ്രമിച്ചിട്ടില്ലെന്ന് പരാതിക്കാരൻ വാദിച്ചു. എന്നാൽ പരാതി നൽകിയപ്പോൾ ബാങ്ക് അധികൃതര്‍ അറിയിച്ചത് സാങ്കേതിക പ്രശ്നം കാരണമാണ് ഇത് സംഭവിച്ചത് എന്നായിരുന്നു. ബാങ്കിങ് നെറ്റ്‌വർക്കിലെ പ്രശ്നം കാരണമാണ് ഇത് സംഭവിച്ചതെന്നും അറിയിച്ചു. നഷ്ടമായ തുക 24 മണിക്കൂറിനകം നൽകുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നു എങ്കിലും പരാതിക്കാരന് പണം ലഭിച്ചില്ല. പിന്നീട് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ ഈ തുക പരാതിക്കാരന് പരിചയമില്ലാത്ത ഒരാളുടെ അക്കൗണ്ടിലേക്ക് പോയിരിക്കുന്നതെന്നും കണ്ടെത്തി. എന്നാൽ ഈ പണം തിരികെ നൽകാൻ തയാറാകാതെ വന്നതോടെയാണ് ബാങ്കിനെതിരെ കേസ് ഫയൽ ചെയ്തത്.
∙ ഓൺലൈൻ തട്ടിപ്പിൽ നിന്ന് എങ്ങനെ സുരക്ഷിതരാകാം
ഒടിപി, ബാങ്ക് വിശദാംശങ്ങൾ, മൊബൈൽ നമ്പർ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ എസ്എംഎസിലൂടെയോ കോളിലൂടെയോ പങ്കിടരുത്. യുപിഐ, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ഫോൺ എന്നിവയ്‌ക്ക് പോലും ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, അവ പതിവായി മാറ്റുക. എസ്എംഎസുകൾ പരിശോധിച്ച് വേണ്ടതുപോലെ നീങ്ങുക. സംശയമുണ്ടെങ്കിൽ ബാങ്ക് മാനേജരുമായോ ഹെൽപ്പ്ലൈനിലോ ബന്ധപ്പെടുക. എസ്എംഎസുകൾ, വാട്സാപ്പ്, അജ്ഞാത ഉറവിടങ്ങൾ, സമൂഹ മാധ്യമങ്ങൾ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
ഓൺലൈൻ ബാങ്കിങ്ങിനായി ടു-ഫാക്ടർ വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കുക. നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിന് നിങ്ങൾ ഒരു പാസ്‌വേഡും ഒടിപിയും നൽകേണ്ടതുണ്ട് എന്നാണ് ഇതിനർഥം. ഒരു പുതിയ അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനുള്ള റിക്വസ്റ്റുകൾ, ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനെ കുറിച്ച് അറിയിക്കുന്ന ഏതെങ്കിലും എസ്എംഎസ്, സമാനമായ ഫിഷിങ് സന്ദേശങ്ങൾ എന്നിവയിൽ ജാഗ്രത പാലിക്കുക.
English Summary: Online banking Scam and Court order