ADVERTISEMENT

വയര്‍ലെസ് ഇയര്‍ബഡ്‌സ് രംഗത്ത് തരംഗം തീര്‍ത്ത ആപ്പിള്‍ കമ്പനിയുടെ എയര്‍പോഡ്‌സിനു വേണ്ട ഘടകഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ച് ചൈനയിലേക്കും വിയറ്റ്‌നാമിലേക്കും കയറ്റുമതി ചെയ്തു തുടങ്ങിയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതൊരു പുതിയ തുടക്കം തന്നെയാണ്. ഇന്ത്യയെ ലോകത്തിലെ പ്രധാന ഇലക്ട്രോണിക് ഉപകരണ നിര്‍മാണ മേഖലകളിലൊന്നാക്കാന്‍ കേന്ദ്ര സർക്കാർ തന്നെയാണ് മുന്‍കൈ എടുത്തത്. എയര്‍പോഡ്‌സിന്റെ ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്ന അമേരിക്കന്‍ കമ്പനിയായ ജാബിലിന്റെ (Jabil Inc) ഇന്ത്യന്‍ വിഭാഗമാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. എയര്‍പോഡ്‌സിന്റെ പ്ലാസ്റ്റിക് ബോഡിയാണ് ജാബില്‍ ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുന്നത്.

∙ ചൈനയിലുള്ള ആശ്രിതത്വം കുറയ്ക്കാന്‍ ആപ്പിള്‍

ചൈനയിലുള്ള ആശ്രിതത്വം കുറയ്ക്കാനായി ആപ്പിള്‍ ഇന്ത്യയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോർട്ട്. അമേരിക്ക ചൈനയ്‌ക്കെതിരെ കൊണ്ടുവരുന്ന സാമ്പത്തിക ഉപരോധവും കോവിഡ് ഉണ്ടാക്കിയ സവിശേഷ സാഹചര്യവും ചൈനയ്ക്കപ്പുറത്ത് എന്ത് എന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിക്കുന്നു. എയര്‍പോഡ്‌സും ആപ്പിളിന്റെ ലാപ്‌ടോപ് ശ്രേണിയായ മാക്ബുക്കും അധികം താമസിയാതെ ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ചു തുടങ്ങുമെന്നും നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യയില്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് പല പ്രോത്സാഹനങ്ങളും കേന്ദ്രം നല്‍കിത്തുടങ്ങിയതും ജാബില്‍ അടക്കമുള്ള കമ്പനികളെ ഇന്ത്യയുടെ സാധ്യതകള്‍ ആരായാന്‍ പ്രേരിപ്പിച്ചു. പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ജാബിലിന്റെയും ആപ്പിളിന്റെയും പ്രതിനിധികള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

∙ ഇന്ത്യയില്‍ പൂര്‍ണമായി നിര്‍മിച്ചെടുക്കാന്‍ അല്‍പം കൂടി സമയമെടുക്കും

ഇന്ത്യയില്‍ത്തന്നെ എയര്‍പോഡ്‌സ് നിര്‍മിക്കാന്‍ ആപ്പിളിന് ആഗ്രഹമുണ്ട്. പക്ഷേ, അതിന് കാലതാമസം നേരിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനുള്ള മുന്നൊരുക്കങ്ങളും പശ്ചാത്തലത്തില്‍ നടക്കുന്നുണ്ട്. ഇതിനായി ചൈനയില്‍ പ്രവര്‍ത്തിക്കുന്ന പന്ത്രണ്ടോളം കമ്പനികള്‍ക്ക് സർക്കാർ പ്രാഥമിക ക്ലിയറന്‍സ് നല്‍കിക്കഴിഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള കമ്പനികളുടെ പങ്കാളിത്തത്തോടെ ഇവിടെ എയര്‍പോഡ്‌സ് നിര്‍മിക്കുന്നതാണ് കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നത്. എയര്‍പോഡ്‌സിന്റെ പ്രധാന സപ്ലെയര്‍മാരില്‍ ഒന്നായ ലക്‌സ്ഷയര്‍ പ്രിസിഷന്‍ ഇന്‍ഡസ്ട്രിക്ക് ഇത്തരത്തിലുള്ള അംഗീകാരം ലഭിച്ചു. ഇതിന്റെ ഭാഗമായി 2020ല്‍ കമ്പനി തമിഴ്‌നാട്ടില്‍ മോട്ടറോള അടച്ചിട്ടു പോയ ഒരു പ്ലാന്റ് ഏറ്റെടുക്കാന്‍ സമ്മതിച്ചിരുന്നു. എന്നാല്‍, അവിടെ ഇതുവരെ നിർമാണം തുടങ്ങിയിട്ടില്ല.

∙ ജാബിലിന്റേത് 858,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫാക്ടറി

അമേരിക്കന്‍ നിര്‍മാണ കമ്പനിയായ ജാബില്‍ പുണെയില്‍ സ്ഥാപിച്ച പ്ലാന്റിന് 80,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഇവിടെ ഇപ്പോള്‍ 2,500 ലേറെ പേർ ജോലി ചെയ്യുന്നുണ്ട്. ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യൂഎസ്) വിഭാഗത്തിലാണ് എയര്‍പോഡ്‌സ് പെടുന്നത്. ഇയര്‍ഫോണ്‍സും ഹെഡ്‌ഫോണ്‍സുമായി ടിഡബ്ല്യൂഎസ് വിഭാഗത്തില്‍ 23.8 ദശലക്ഷം യൂണിറ്റുകളാണ് ആപ്പിള്‍ 2022 മൂന്നാം പാദത്തില്‍ കയറ്റുമതി ചെയ്തത് എന്നാണ് ക്യാനാലിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

∙ ഇതൊക്കെയാണ് തുടക്കം

അതേസമയം, ഇപ്പോള്‍ ജാബില്‍ കയറ്റുമതി ചെയ്യുന്ന തരത്തിലുള്ള പുറംകവറും പ്ലാസ്റ്റിക് ഭാഗങ്ങളും ഒക്കെയാണ് എയര്‍പോഡ്‌സ് നിര്‍മാണത്തിനു വേണ്ട ആദ്യ ചുവടുവയ്പ്പുകളെന്ന് കൗണ്ടര്‍പോയിന്റ് കമ്പനിയിലെ നീല്‍ ഷാ പറയുന്നു. ലക്‌സ്ഷയര്‍ പോലെയുള്ള കമ്പനികള്‍ ഇന്ത്യയില്‍ പ്രാഥമിക അംഗീകാരം നേടിയെടുത്തത് ആപ്പിളിന്റെ വിജയമാണ്. അതേസമയം, ആപ്പിളിന് ഉടനെങ്ങും ചൈനയ്ക്കു പുറത്തു കടക്കാനാവില്ലെന്നും ബ്ലൂംബര്‍ഗ് പറയുന്നു. ഐഫോണുകളില്‍ 95 ശതമാനത്തിലേറെയും ഇപ്പോഴും ചൈനയില്‍ തന്നെയാണ് നിര്‍മിക്കുന്നത്.

AirPods-Pro

∙ ആപ്പിളിന്റെ ആദ്യത്തെ മടക്കാവുന്ന ഹാൻഡ്സെറ്റ് അടുത്ത വര്‍ഷം?

ഫോള്‍ഡിങ് ഫോണ്‍ നിര്‍മാണ മേഖലയില്‍ ആപ്പിളിന്റെ കൊറിയന്‍ എതിരാളിയായ സാംസങ് കുതിക്കുകയാണ്. ആപ്പിള്‍ ഈ മേഖലയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്ത നേരത്തേ വന്നിരുന്നു. ആപ്പിളിന്റെ ആദ്യത്തെ ഫോള്‍ഡിങ് ഹാൻഡ്സെറ്റ് അടുത്തവര്‍ഷം പ്രതീക്ഷിക്കാമെന്നാണ് ഇപ്പോള്‍ വിശകലന വിദഗ്ധനായ മിങ്-ചി കുവോ പറയുന്നത്.

∙ മടക്കാവുന്ന ഐപാഡ്?

ഒരു ഐഫോണായിരിക്കില്ല. മറിച്ച് മടക്കാവുന്ന ഐപാഡ് ആയിരിക്കും ആപ്പിള്‍ ആദ്യം പുറത്തിറക്കുക എന്നാണ് സൂചന. അതേസമയം, ഐപാഡുകളുടെ വില്‍പന 2023 ല്‍ 10-15 ശതമാനം ഇടിഞ്ഞേക്കുമെന്നും കുവോ പ്രവചിക്കുന്നു. മടക്കാവുന്ന ഐപാഡിനൊപ്പം 2024ല്‍ പുതിയൊരു ഐപാഡ് മിനിയും ആപ്പിള്‍ അവതരിപ്പിച്ചേക്കുമെന്നും കുവോ പറയുന്നു. ഐപാഡ് മിനിയെക്കാള്‍ വളരെയധികം വില കൂടിയ ഒന്നായിരിക്കും ഫോള്‍ഡബിൾ ഐപാഡ് എന്നതിനാല്‍ ഐപാഡ് മിനി ശ്രേണി നിർത്താനുള്ള സാധ്യത കുവോ കാണുന്നില്ല.

∙ സോണിയുടെ പുതിയ വാക്മാന്‍ ഇന്ത്യന്‍ വിപണിയില്‍ - വില 69,990 രൂപ!

സോണിയുടെ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ വാക്മാന്‍ എന്‍ഡബ്ല്യു-സെഡെക്‌സ്707 ഇന്ത്യയിലെത്തി. വില 69,990 രൂപ. ഹെഡ്‌ഫോണ്‍ സോണ്‍ വഴി മാത്രമായിരിക്കും ഇത് വില്‍ക്കുക എന്നാണ് കേള്‍ക്കുന്നത്. വക്രീകരണമില്ലാത്ത ശബ്ദവും മറ്റനവധി ഓഡിയോ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ച ഈ പ്രീമിയം ഉപകരണത്തിന് 25 മണിക്കൂര്‍ ബാറ്ററി ലൈഫ് കിട്ടുമെന്ന് കമ്പനി പറയുന്നു.

∙ ചാറ്റ്ജിപിറ്റി മാതൃകയിലുള്ള സേര്‍ച്ച് എൻജിൻ അവതരിപ്പിക്കാന്‍ ബെയ്ദു

സേര്‍ച്ചിന്റെ കാര്യത്തില്‍ ‘ചൈനീസ് ഭാഷയിലെ ഗൂഗിള്‍’ ആണ് ബെയ്ദു. ചുരുങ്ങിയ സമയത്തിനുള്ളിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിറ്റിയുടെ ശേഷി ബെയ്ദുവിനെയും അദ്ഭുതപ്പെടുത്തിയെന്നാണ് സൂചന. തങ്ങള്‍ ചാറ്റ്ജിപിറ്റിക്കു സമാനമായ സേര്‍ച്ച് ശേഷിയുള്ള എൻജിന്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. ഇത് മാര്‍ച്ചില്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

∙ വണ്‍പ്ലസ് 11ആര്‍ ഫെബ്രുവരി 7ന് ഇന്ത്യയില്‍ അവതരിപ്പിക്കും

ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ 1ല്‍ പ്രവര്‍ത്തിക്കുന്ന, വണ്‍പ്ലസ് 11ആര്‍ ഫെബ്രുവരി 11ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഇതിന് 16 ജിബി വരെ റാമുള്ള വേരിയന്റുകള്‍ ഉണ്ടായിരിക്കും. സ്‌ക്രീന്‍ റിഫ്രഷ് റെയ്റ്റ് 120 ഹെട്‌സ് വരെ കിട്ടും. എന്നാല്‍, ഇത് ഉചിതമായ രീതിയില്‍ ക്രമീകരിക്കാനുളള ശേഷിയും ഉണ്ടായിരിക്കും. ഇത് 40 ഹെട്‌സ് വരെ കുറയ്‌ക്കേണ്ടപ്പോള്‍ കുറച്ച്, ബാറ്ററി സേവ് ചെയ്യാന്‍ ഫോണിനു സാധിക്കും. ഫോണിന്റെ 5000 എംഎഎച് ബാറ്ററി 0-100 ശതമാനം ചാര്‍ജ് ചെയ്‌തെടുക്കാന്‍ കേവലം 25 മിനിറ്റ് മതിയെന്നും കേള്‍ക്കുന്നു.

English Summary: Apple Supplier Jabil Begins Making AirPods Components In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com