ADVERTISEMENT

ദേശീയ ഡേറ്റാ നയത്തിന്റെ ഭാഗമായി ഡിജിലോക്കർ ആപ്ലിക്കേഷൻ വഴി കെവൈസി പ്രക്രിയ ലളിതമാക്കുകയും ഐഡന്റിറ്റി, അഡ്രസ് അപ്ഡേറ്റ് പ്രക്രിയയ്ക്ക് പുതിയ സംവിധാനം കൊണ്ടുവരുമെന്നും ധനമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞു. ഡിജിലോക്കർ ഇപ്പോൾ കൂടുതൽ ഡോക്യുമെന്റുകളെ പിന്തുണയ്ക്കുമെന്നും ആവശ്യമുള്ളപ്പോഴെല്ലാം ഡോക്യുമെന്റുകൾ സൂക്ഷിക്കുന്നതിനും ഷെയർ ചെയ്യുതിനും ഉപയോഗിക്കാമെന്നും ധനമന്ത്രി പറഞ്ഞു. ഡിജിലോക്കർ സംവിധാനം, എംഎസ്എംഇ, വലിയ ബിസിനസുകൾ, ചാരിറ്റി സേവനങ്ങൾ എന്നിവർക്കായി ഉപയോഗിക്കാം.

 

∙ എന്താണ് ഡിജിലോക്കർ?

 

പ്രളയം വന്നപ്പോൾ സാമ്പത്തിക നഷ്ടത്തേക്കാൾ ഭീകരമായിരുന്നു സർട്ടിഫിക്കറ്റുകളുടെ നഷ്ടം. ഇവയെല്ലാം ഡിജിറ്റൽ ആയിരുന്നെങ്കിലോ ? അല്ലെങ്കിൽ തന്നെ, ഒരു സർക്കാർ ഓഫിസിൽ ചെല്ലുമ്പോൾ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റുകൾ മൊബൈൽ ഫോണിൽ കാണിച്ചുകൊടുക്കാനായാൽ നന്നായിരിക്കില്ലേ ? അവിടെയാണു കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഡിജിലോക്കർ സംവിധാനത്തിന്റെ പ്രസക്തി. സംസ്ഥാന സർക്കാരിനു കീഴിലുള്ള എല്ലാ സർട്ടിഫിക്കറ്റുകളും ഡിജിലോക്കറിൽ ലഭ്യമാക്കാൻ ഉത്തരവു വന്നതു കഴിഞ്ഞയാഴ്ചയാണ്. വാഹനപരിശോധനയിൽ ഡിജിലോക്കർ രേഖകൾ കാണിച്ചാൽ മതിയാകുമെന്ന പൊലീസ് സർക്കുലറും വന്നു.

 

രേഖകൾ സൂക്ഷിക്കുന്ന പഴയകാല ഫയലുകളുടെ ഡിജിറ്റൽ പതിപ്പാണു ഡിജിലോക്കർ. കയ്യിലെ തടിച്ച ഫയലിനു പകരം പോക്കറ്റിലെ ഫോൺ മതിയെന്നർഥം. ലോകത്തെവിടെയിരുന്നും നമ്മുടെ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി ഹാജരാക്കാം. സർട്ടിഫിക്കറ്റ് നമ്പർ നൽകിയാൽ അതതു വകുപ്പുകളിൽനിന്ന് സർട്ടിഫിക്കറ്റുകളുടെ ഡിജിറ്റൽ രൂപം ഡിജിലോക്കർ ആപ്പിലെത്തും. ആധാർ കാർഡ് മൊബൈൽ നമ്പരുമായി ബന്ധിപ്പിച്ച ആർക്കും സേവനം ഉപയോഗിക്കാം. 

 

 www.digilocker.gov.in ൽ ആധാർ നമ്പർ  ഉപയോഗിച്ചു റജിസ്റ്റർ ചെയ്യുക. ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിലേക്കു വരുന്ന ഒടിപിയും (വൺ ടൈം പാസ്‌വേഡ്) നൽകണം. ‘ഇഷ്യൂഡ് ഡോക്യുമെന്റ്സ്’ എന്ന വിഭാഗത്തിൽ ‘ചെക് പാർട്നേഴ്സ് സെക്‌ഷൻ’ എന്ന ടാബ് തുറക്കുമ്പോൾ വിവിധ വിഭാഗങ്ങളുടെ സേവനങ്ങൾ ലഭ്യമാകും. രേഖകളുടെ നമ്പർ വിവരങ്ങൾ നൽകിയാൽ അപ്പോൾ മുതൽ ഡിജിലോക്കറിൽ സർട്ടിഫിക്കറ്റ് എത്തും.

 

വിവിധ സർക്കാർ സ്ഥാപനങ്ങൾ അവരുടെ സർട്ടിഫിക്കറ്റുകൾ നേരിട്ടു ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുന്നതിനെ ‘ഇഷ്യൂഡ് ഡോക്യുമെന്റ്സ്’ എന്നു വിളിക്കുന്നു. ഡ്രൈവിങ് ലൈസൻസ് നമ്പർ നൽകിയാൽ ഡിജിറ്റൽ പതിപ്പ് ഫോണിലെത്തും. അതേസമയം, സ്കാൻ ചെയ്ത ഏതു സർട്ടിഫിക്കറ്റുകളും സൂക്ഷിക്കാനായി 1 ജിബി സ്പേസും അനുവദിച്ചിട്ടുണ്ട്. ഇവ ഇ–ഒപ്പ് നൽകിയാൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇവയെ ‘അപ്‌ലോഡഡ് ഡോക്യുമെന്റ്സ്’ എന്നു വിളിക്കുന്നു. യഥാർഥ സർട്ടിഫിക്കറ്റിനു പകരം ഇഷ്യൂഡ് ഡോക്യുമെന്റ്സ് ഉപയോഗിക്കാം; സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾക്കു പകരം ഇ–സൈൻ ചെയ്ത അപ്‌ലോഡഡ് ഡോക്യുമെന്റ്സും.

 

സിബിഎസ്ഇ 10– 12 ക്ലാസ് സർട്ടിഫിക്കറ്റുകൾ, നീറ്റ് റാങ്ക് ലെറ്റർ, എൻഎസ്ഡിസി സ്കിൽ സർട്ടിഫിക്കറ്റ്, ഇ–ഡിസ്ട്രിക്ട് വഴി യുള്ള ഇരുപതോളം സർട്ടിഫിക്കറ്റുകൾ, ആധാർ, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ആർസി ബുക്ക് തുടങ്ങി നിരവധ രേഖകൾ ഡിജിലോക്കറിൽ സൂക്ഷിക്കാം.

 

English Summary: DigiLocker will now support more documents and will also be used for storing and sharing documents whenever needed.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com