ADVERTISEMENT

രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റിന്റെ നേട്ടങ്ങൾ എടുത്തുകാണിക്കുന്നതായിരുന്നു ധനമന്ത്രി നിർമ്മല സീതാരാമന്റെ 2023-24 ലെ കേന്ദ്ര ബജറ്റ്. ഡിജിറ്റൽ ഇടപാടുകൾ കൂടിയത് ദേശീയ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ദൃഢമാക്കിയെന്നും മന്ത്രി പറഞ്ഞു. 2022ൽ യുപിഐ വഴി 126 ലക്ഷം കോടി രൂപയുടെ 7,400 കോടി ഡിജിറ്റൽ പേയ്മെന്റുകളാണ് നടന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.

 

2019 നും 2022 നും ഇടയിൽ യുപിഐ അധിഷ്‌ഠിത ഇടപാടുകൾ മൂല്യത്തിൽ 121 ശതമാനവും ഇടപാടുകളുടെ എണ്ണത്തിൽ 115 ശതമാനവും വർധിച്ചതായി സാമ്പത്തിക സർവേ റിപ്പോർട്ടിലുണ്ട്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്ത ഡിജിറ്റൽ പേയ്‌മെന്റ് സേവനം 2016 ഏപ്രിൽ 11 ന് മുൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ രഘുറാം രാജനാണ് ആദ്യമായി അവതരിപ്പിച്ചത്.

 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഒരു വർഷത്തിനിടെ ഡിജിറ്റൽ ഇടപാടുകളിൽ 24.13 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2022 സെപ്റ്റംബറിലെ കണക്കാണിത്. ആർബിഐയുടെ ഡിജിറ്റൽ പേയ്മെന്റ് സൂചിക 2022 സെപ്റ്റംബറിൽ 377.46 ആയിരുന്നു. മാർച്ചിൽ ഇത് 349.30, 2021 സെപ്റ്റംബറിൽ 304.06 എന്നിങ്ങനെയായിരുന്നു.

 

∙ എന്താണ് യുപിഐ ?

 

ഒരു ബാങ്ക് അക്കൗണ്ടിൽനിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പെട്ടെന്ന് പണം അയയ്ക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് അഥവാ യുപിഐ. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഡിജിറ്റൽ ഇന്ത്യയെ ഒരുക്കുന്നതിനായി ഇത് വികസിപ്പിച്ചത്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരു മൊബൈൽ ആപ് പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരാൻ ഇതുവഴി സാധിക്കുന്നു. ഒറ്റ ക്ലിക്കിലൂടെ ഒരു ലക്ഷം രൂപവരെ ഞൊടിയിടയിൽ കൈമാറാനാകുമെന്നതാണ് യുപിഐ സാങ്കേതികവിദ്യയുടെ പ്രധാന ഗുണം. വെർച്വൽ പേയ്മെന്റ് അഡ്രസ്, ക്യുആർ കോഡ്, ആധാർ നമ്പർ, അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും, മൊബൈൽ നമ്പർ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് പണം കൈമാറാൻ സാധിക്കും.

 

English Summary: Budget 2023 - Significant Enhancement Seen In Digital Payments, National Economy Has Become More Formalised: Sitharaman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com