ADVERTISEMENT

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഇന്ത്യയുടെ മുഖ്യധാരയിലേക്ക് കൈപിടിച്ചാനയിക്കുന്ന നിർദേശങ്ങള്‍ അടക്കമാണ് ഈ വർഷത്തെ കേന്ദ്ര ബജറ്റിലുള്ളത്. ആഗോള തലത്തില്‍ത്തന്നെ ഏറ്റവുമധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞ ടെക്‌നോളജി മേഖലയ്ക്ക് ബജറ്റിൽ‌ ഉചിതമായ ഇടം നൽകിയിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇലക്ട്രിക് വാഹനങ്ങള്‍, സ്മാര്‍ട് ഫോണ്‍ നിര്‍മാണം, ലിഥിയം-അയണ്‍ ബാറ്ററി നിര്‍മാണം തുടങ്ങിയ മേഖലകള്‍ക്കാണ് ബജറ്റിൽ കാര്യമായി പരിഗണന നൽകിയിരിക്കുന്നത്. ചിലത് പരിശോധിക്കാം:

∙ കെവൈസി നിയമങ്ങള്‍ ലളിതമാക്കി

നാഷനല്‍ ഡേറ്റാ ഗവേണന്‍സ് പോളിസി പുതുക്കി. ഇതോടൊപ്പം നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) നിയമങ്ങള്‍ ലളിതമാക്കി. ഡിജിലോക്കര്‍ വഴി ഒരാളുടെ കെവൈസി എളുപ്പത്തില്‍ പുതുക്കാം. തന്നെക്കുറിച്ചുള്ള വിവരങ്ങളും അഡ്രസുമൊക്കെ ഡിജിലോക്കര്‍ വഴി പുതുക്കിക്കഴിഞ്ഞാല്‍ പിന്നീട് ഇത് എളുപ്പത്തില്‍ ഷെയർ ചെയ്യാം. ഇതിനു പുറമെ, നേരത്തേ അനുവദിച്ചിരുന്നതിനേക്കാളേറെ രേഖകള്‍ ഇനി ഡിജിലോക്കറില്‍ സൂക്ഷിക്കാമെന്നും മന്ത്രി പ്രഖ്യാപിച്ചു.

∙ ദേശീയ ഡിജിറ്റല്‍ ലൈബ്രറികള്‍

രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് വളരെ പ്രയോജനപ്രദമായ ഒന്നായിരിക്കും ഇത്തവണ ബജറ്റില്‍ അവതരിപ്പിച്ച ദേശീയ ഡിജിറ്റല്‍ ലൈബ്രറി എന്ന സങ്കല്‍പം. വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഡിജിറ്റലാക്കുന്നതിനാണ് ഊന്നല്‍ നൽകുന്നതെന്ന് വ്യക്തം. ഇത് 'ഡിജിറ്റല്‍ ഇന്ത്യ' എന്ന ആശയത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന ഒന്നുമാണ്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍, വിവിധ ഭാഷകളിലുള്ള നിരവധി പുസ്തകങ്ങള്‍ ലഭ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പുസ്തകങ്ങളെല്ലാം മിക്കവാറും എല്ലാ കംപ്യൂട്ടിങ് ഉപകരണങ്ങളിലും വായിക്കാനും സാധിക്കും.

∙ വാര്‍ഡ് തലത്തില്‍ വരെ ലൈബ്രറികള്‍

സംസ്ഥാനങ്ങള്‍ക്ക് പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ലൈബ്രറിക്കെട്ടിടങ്ങള്‍ പണിയാനുള്ള പ്രോത്സാഹനം നല്‍കും. ഇത്തരം ലൈബ്രറികള്‍ വഴി ദേശീയ ഡിജിറ്റല്‍ ലൈബ്രറിയിലെ പുസ്തകങ്ങളും മറ്റും വായിക്കുകയും ചെയ്യാം. അതുപോലെ, ഇന്ത്യയിലെ എൻജിനീയറിങ് പഠന സ്ഥാപനങ്ങള്‍ വഴി 5ജി പ്രയോജനപ്പെടുത്തി ആപ്പുകള്‍ വികസിപ്പിക്കാനുള്ള 100 ലാബുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് ഇടവരുത്തും.

∙ ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററികള്‍

ബാറ്ററികള്‍ക്കു വേണ്ട ലിഥിയം-അയണ്‍ സെല്ലുകള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്കുകൂടി നികുതിയിളവും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ ഈ വര്‍ഷം ബാറ്ററികള്‍ക്ക് വില കുറച്ചിട്ടുണ്ട്. ഇതോടെ, കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിയേക്കും. നേരത്തേ 2021 മേയ് മാസത്തിലാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ബാറ്ററി ഉണ്ടാക്കിയെടുക്കുന്നത് പ്രൊഡക്‌ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റിവ് (പിഎല്‍ഐ) സ്‌കീം കേന്ദ്രം അവതരിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ ചില പ്രധാന ഘടകഭാഗങ്ങളുടെ വില താഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പനയ്ക്കുള്ള ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് (ജിഎസ്ടി) 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു.

∙ കൃഷി

കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊതു ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കാനുള്ള പ്ലാനുകളും ബജറ്റില്‍ പ്രഖ്യാപിച്ചു. കൃഷിയെ ഓപ്പണ്‍ സോഴ്‌സ്, ഓപ്പണ്‍ സ്റ്റാന്‍ഡേഡ് ഇന്റര്‍ഓപറബിൾ പബ്ലിക് ഗുഡ് വിഭാഗത്തിലാക്കാമെന്ന നിര്‍ദ്ദേശവും ബജറ്റിലുണ്ട്. ഇതുവഴി കൃഷിക്കാരന് ഉതകുന്ന തരത്തിലുള്ള പല പ്രശ്‌നപരിഹാര മാര്‍ഗങ്ങളും കൊണ്ടുവരാനാകും. വിളയെക്കുറിച്ചുള്ള വിവരങ്ങള്‍, ആരോഗ്യം, ഇന്‍ഷ്വറന്‍സ്, വിപണിയെക്കുറിച്ചുള്ള വിവരങ്ങള്‍, കൃഷി സംബന്ധമായ വ്യവാസായങ്ങള്‍ക്ക് ഉയര്‍ന്നുവരാനുള്ള പ്രോത്സാഹനം തുടങ്ങി പല നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും, മെച്ചപ്പെട്ട കൃഷിരീതികള്‍ അനുവര്‍ത്തിക്കാനുമായി ആധുനിക സാങ്കേതികവിദ്യ കൊണ്ടുവരുന്ന കാര്യവും ബജറ്റ് നിര്‍ദ്ദേശങ്ങളിലുണ്ട്. ഇതുവഴി ഉത്പാദനവും ലാഭവും വര്‍ധിക്കുമെന്നാണ് പറയുന്നത്.

∙ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

ബജറ്റില്‍ ടെക്‌നോളജി മേഖലയുടെ ശ്രദ്ധ ഏറ്റവുമധികം പതിഞ്ഞത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളിലായിരിക്കാം. ഇതില്‍ സുപ്രധാനം എഐയെ ഇന്ത്യയുടെ അഭിമാനമായി മാറിയ 'മേക്ക് ഇന്‍ ഇന്ത്യ' ക്യാംപെയ്‌നിന്റെ ഭാഗമാക്കുമെന്നതാണ്. കേന്ദ്രത്തിന്റെ ശ്രദ്ധേയമായ നീക്കങ്ങളിലൊന്ന് ഇതാണ്. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മൂന്ന് സെന്റർ‌ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കും. ഇവ രാജ്യത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടായിരിക്കും പ്രവര്‍ത്തിക്കുക. വിവിധ മേഖലകള്‍ക്കു വേണ്ട അതിനൂതന ആപ്പുകള്‍ ഇത്തരം സെന്ററുകളില്‍ വികസിപ്പിക്കും. ഇവ കൃഷി മുതല്‍ ആരോഗ്യം വരെയുള്ള മേഖലകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താവുന്നവ ആയിരിക്കും.

∙ മേക്ക് എഐ ഇന്‍ ഇന്ത്യ

എഐ ഇന്ത്യയില്‍ത്തന്നെ വികസിപ്പിക്കുക, എഐയെ ഇന്ത്യയ്ക്കായി പ്രവര്‍ത്തിപ്പിക്കുക എന്ന കാഴ്ചപ്പാടായിരിക്കും ഇനി ശ്രദ്ധ നേടുക. വന്‍ ബിസിനസ് സ്ഥാപനങ്ങളുടെ സഹകരണവും ഇതിനായി സ്വീകരിക്കും. വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണവും ഇതിനായി പ്രയോജനപ്പെടുത്തും. ഏറ്റവും നൂതനമായ ആപ്പുകളും പ്രശ്‌നപരിഹാര രീതികളും ഉണ്ടാക്കിയെടുക്കാനാണ് ശ്രമം. ആരോഗ്യം മുതല്‍ കൃഷി വരെയുള്ള മേഖലകള്‍ക്ക് ഇതു ഗുണകരമാകുമെന്നു കരുതുന്നു. നഗരങ്ങളുടെ സ്വയംപര്യാപ്തതയ്ക്കും ഇതില്‍ ഊന്നല്‍ നല്‍കും. രാജ്യത്ത് എഐ പരിസ്ഥിതി കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഈ നിര്‍ദ്ദേശങ്ങള്‍ ഇനി പാര്‍ലമെന്റിനു മുന്നില്‍ എത്തും.

English Summary: AI, Digital Libraries, And More: Technologies Of Future Get Boost In India's Budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com