ADVERTISEMENT

ചിന്തകള്‍കൊണ്ട് കംപ്യൂട്ടറുകളേയും സോഷ്യല്‍ മീഡിയയേയും നിയന്ത്രിക്കാന്‍ ശേഷിയുള്ള മനുഷ്യന്റെ മുടിയേക്കാളും കനം കുറഞ്ഞ ചിപ്പ് കണ്ടെത്തി. മനുഷ്യ മസ്തിഷ്‌കത്തില്‍ നിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കാനും അതിന് അനുസരിച്ച് നിര്‍ദേശങ്ങള്‍ കംപ്യൂട്ടറിന് കൈമാറാനും സാധിക്കുന്ന ഈ ചിപ്പുകള്‍ ശരീരം തളര്‍ന്നു കിടക്കുന്നവര്‍ക്കും ശാരീരിക പരിമിതികളുള്ളവര്‍ക്കും വലിയ അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ. യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാത്തവര്‍ക്കും ഈ ചിപ്പ് ഉപയോഗിച്ച് കംപ്യൂട്ടര്‍ നിയന്ത്രിക്കാനാകും. 

 

ഇലോണ്‍ മസ്‌കിന്റെ ന്യൂറലിങ്ക് എന്ന കമ്പനിയും സമാനമായ ഉപയോഗമുള്ള ചിപ്പ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. അതേസമയം ന്യൂറലിങ്കിന്റെ ചിപ്പിനെ അപേക്ഷിച്ച് വലുപ്പം കുറവും വളരെയെളുപ്പത്തില്‍ സ്ഥാപിക്കാന്‍ സാധിക്കുന്നതുമാണ് പുതിയ ചിപ്പെന്നാണ് ഇത് പുറത്തിറക്കിയ പ്രിസിഷന്‍സ് എന്ന കമ്പനി അവകാശപ്പെടുന്നത്. ലെയര്‍ 7 കോര്‍ടിക്കല്‍ ഇന്റര്‍ഫേസ് എന്നു പേരിട്ടിരിക്കുന്ന ഈ ചിപ്പിന് മനുഷ്യന്റെ തലമുടിയുടെ അഞ്ചിലൊന്ന് മാത്രമാണ് കനം. 

 

ഈ ചിപ്പ് മസ്തിഷ്‌കത്തില്‍ നേരിട്ട് സ്ഥാപിക്കേണ്ട ആവശ്യമില്ല. തലയില്‍ ചെറിയൊരു മുറിവുണ്ടാക്കി ലെയര്‍ 7 കോര്‍ടിക്കല്‍ ഇന്റര്‍ഫേസ് എന്ന ഈ ചിപ്പ് വെക്കനാവും. ഒരു മില്ലീമീറ്റര്‍ മാത്രമായിരിക്കും തലയില്‍ വരുത്തേണ്ട ഈ മുറിവിന്റെ കനമെന്നാണ് പ്രിസിഷന്‍സ് സിഇഒ മൈക്കല്‍ മാഗര്‍ പറഞ്ഞത്. ഈ ചിപ്പ് സ്ഥാപിക്കുന്നതിന് കുറച്ചു ഭാഗത്തെ മുടി വടിക്കേണ്ട ആവശ്യം പോലുമില്ലെന്ന് ചുരുക്കം. 

 

'തലയോട്ടിയുടെ ഒരു ഭാഗം തുളച്ച് സ്ഥാപിക്കേണ്ട ചിപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സാങ്കേതികവിദ്യക്ക് ഒരുപാട് മേന്മകളുണ്ട്. തലയോട്ടി തുളക്കുന്ന ശസ്ത്രക്രിയ സങ്കീര്‍ണവും സമയമെടുക്കുന്നതും അണുബാധയുടെ സാധ്യതകളുള്ളതുമാണ്. തലയോട്ടി തുളക്കാന്‍ തയാറായി നടക്കുന്ന ആരെയും ഞാനിതുവരെ കണ്ടിട്ടില്ലെന്നും ന്യൂറാലിങ്കിനെ താരതമ്യം ചെയ്തുകൊണ്ട് എന്നാല്‍ പേരെടുത്ത് പറയാതെ മൈക്കല്‍ മാഗര്‍ വിശദീകരിക്കുന്നു. 

 

മസ്തിഷ്‌കത്തില്‍ നിന്നും സിഗ്നലുകള്‍ സ്വീകരിക്കുകയും അത് ചിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണത്തിലേക്ക് അയക്കുകയുമാണ് തലയില്‍ സ്ഥാപിക്കുന്ന ഈ ചിപ്പിന്റെ ജോലി. ഒരിക്കല്‍ സ്ഥാപിക്കുന്ന ചിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടെന്ന് തോന്നിയാല്‍ എപ്പോള്‍ വേണമെങ്കിലും എടുത്തു മാറ്റാനും സാധിക്കും. മൃഗങ്ങളുടെ മസ്തിഷ്‌കത്തില്‍ നിന്നുള്ള സിഗ്നലുകള്‍ സ്വീകരിക്കാനും ഈ ചിപ്പിന് ശേഷിയുണ്ട്. വൈകാതെ മനുഷ്യരില്‍ പരീക്ഷണത്തിനുള്ള അനുമതി യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA) നല്‍കുമെന്നാണ് പ്രിസിഷന്‍സിന്റെ പ്രതീക്ഷ.

 

English Summary: Brain implant thinner than a single human hair could allow you to use social media with your mind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com