ഒരു കോര്‍പറേറ്റ് സ്ഥാപനത്തിന്റെ മേധാവി എങ്ങനെയിരിക്കും എന്നതിനെക്കുറിച്ച് മുന്‍വിധികളുണ്ടോ നിങ്ങൾക്ക്? എക്‌സ്പീരിയന്‍ ടെക്‌നോളജീസിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ബിനു ജേക്കബിനെ പരിചയപ്പെടാനോ അദ്ദേഹത്തിന്റെ സംസാരം കേള്‍ക്കാനോ സാധിച്ചാല്‍ അത്തരം ധാരണകളെ പിഴുതുകളയാനാകും. കേരളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി ഇപ്പോള്‍ത്തന്നെ 36 രാജ്യങ്ങളിലേക്ക് വികസിച്ചു കഴിഞ്ഞു. കലയെ അകമഴിഞ്ഞു സ്‌നേഹിക്കുന്ന ബിനു പല റോളുകളില്‍ അനായാസം തിളങ്ങുന്ന ഓള്‍റൗണ്ടര്‍ ആണ്.
ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മുന്‍ ഓഫിസറായ ബിനു ക്ലാസിക്കല്‍ സംഗീതത്തിലും പരിശീലനം നേടിയിട്ടുണ്ട്. സുസ്ഥിരതയെക്കുറിച്ച് സ്വപ്‌നം കാണുന്ന അദ്ദേഹം ലോകത്ത് അധികമാരും കടന്നുചെല്ലാത്ത ഇടങ്ങളിലേക്ക് അന്വേഷണാര്‍ഥം സഞ്ചരിക്കാനും താൽപര്യപ്പെടുന്നു. മറ്റു സ്ഥാപനങ്ങള്‍ക്ക് ഭാവിയെ മുന്നില്‍കണ്ട്, പരിവര്‍ത്തനാത്മകമായ ഡിജിറ്റല്‍ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കമ്പനിയായ എക്‌സ്പീരിയന്‍ ടെക്‌നോളജീസിനെ നയിക്കുന്നത് ബിനുവാണ്. അതിന്റെ മേധാവിയായ ബിനുവിന് പ്രഫഷനല്‍ എന്ന നിലയില്‍ 30 ലേറെ വര്‍ഷത്തെ അനുഭവസമ്പത്താണുള്ളത്. രസകരങ്ങളായ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സംസാരം അദ്ദേഹത്തെ വേറിട്ട പ്രഭാഷകരില്‍ ഒരാളാക്കുന്നു.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റല്‍ സമ്മേളനമായ മനോരമ ഓണ്‍ലൈന്‍ - ടെക്‌സ്‌പെക്റ്റേഷന്‍സില്‍ സംസാരിക്കാന്‍ എക്‌സ്പീരിയന്‍ ടെക്‌നോളജീസിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവുമായ ബിനു ജേക്കബും ഉണ്ടാകും. ടെക്‌സ്‌പെക്റ്റേഷന്‍സിന്റെ അഞ്ചാം എഡിഷനണ് ഫെബ്രുവരി 17നു നടക്കുന്നത്. ടെക്നോളജി മേഖലയിലെ വിദഗ്ധര്‍, നിക്ഷേപകര്‍ തുടങ്ങിയവർ ഇതില്‍ പങ്കെടുക്കും. ഈ വര്‍ഷം ടെക്നോളജി മേഖലയില്‍ ഉണ്ടാകാവുന്ന മാറ്റങ്ങൾ, സമൂഹ മാധ്യമങ്ങള്‍, മൊബൈല്‍, വിഡിയോ, ഇ-കൊമേഴ്സ്, വ്യാജ വാര്‍ത്ത, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ വിഷയങ്ങളായിരിക്കും ചര്‍ച്ച ചെയ്യപ്പെടുക.
ഒരുമയോടെ പ്രവര്‍ത്തിക്കാന്‍ ഇഷ്ടമുള്ളയാളായ ബിനു ടെക്‌നോക്രാറ്റുകളെയും സഹസ്ഥാപകരെയും ഒരുമിപ്പിച്ച് എക്‌സ്പീരിയന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. ഏകദേശം 10 പേരുമായി തുടങ്ങിയ കമ്പനി വേണ്ടപ്പെട്ട ചില പ്രൊജക്ടുകള്‍ മാത്രമായിരുന്നു ചെയ്തുവന്നത്. എന്നാലിപ്പോള്‍ കമ്പനിയില്‍ 1,500 ജോലിക്കാരുണ്ട്. കമ്പനിക്ക് ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളിലായി 500+ ക്ലൈന്റ്‌സും ഉണ്ട്.
എക്‌സ്പീരിയന്റെ പ്രെോഡക്ട് എൻജിനീയര്‍മാര്‍ തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലെ ഡവലപ്‌മെന്റ് സെന്ററുകള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. കമ്പനിയുടെ ആറ് ആഗോള ഓഫിസുകള്‍ യൂറോപ്പിലും ഓസ്‌ട്രേലിയയിലും നോര്‍ത് അമേരിക്കയിലുമായി പ്രവര്‍ത്തിക്കുന്നു. ഡേറ്റയും നിര്‍മിത ബുദ്ധിയും കോഗ്നിറ്റീവ് കംപ്യൂട്ടിങും ഡെവ്‌സെകോപ്‌സും (DevSecOps) എക്‌സ്പീരിയന്‍സ് ഡിസൈന്‍ ശേഷിയും പ്രയോജനപ്പെടുത്തി വിവിധ ഡൊമെയ്‌നുകളിലായി ഉജ്ജ്വലമായ അനുഭവ സമ്പത്ത് പകര്‍ന്നു നല്‍കുകയാണ് കമ്പനി.
ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് ബിനുവിന്റെ പ്രഫഷനല്‍ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് കച്ചവട സ്ഥാപനങ്ങള്‍ക്കായുള്ള സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ബിസിനസ് നടത്തി തിളങ്ങി. സോഫ്റ്റ്‌വെയര്‍ മേഖലയിലെ തുടക്കാവസ്ഥയിലുള്ള കമ്പനികള്‍ക്ക് സഹായങ്ങള്‍ ഒരുക്കി. തുടര്‍ന്ന് എക്‌സ്പീരിയനെ നയിക്കാനെത്തി. ഇതിനു പുറമെ അദ്ദേഹം ഡൈമന്‍ഷന്‍സ് സൈബര്‍ടെക്കിലും ഐബിഎസ് സോഫ്റ്റ്‌വെയര്‍ സര്‍വീസസിലും വിവിധ വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിദ്യാഭ്യാസ മേഖലയിലും അദ്ദേഹം ഒരു കൈ നോക്കിയിരുന്നു. ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ലിങ്ക്ണ്‍ഷെയര്‍ ആന്‍ഡ് ഹംബര്‍സൈഡിന്റെ ദുബായ് ക്യാംപസില്‍ എംബിഎ വിദ്യാര്‍ഥികള്‍ക്ക് കോര്‍പറേറ്റ് സ്ട്രാറ്റജി വിഷയത്തല്‍ ക്ലാസുകളെടുത്തു.
ഐഐടി ഡല്‍ഹിയില്‍നിന്ന് മാനേജ്‌മെന്റ് ആന്‍ഡ് സിസ്റ്റംസില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി നേടിയ ശേഷമാണ് ബിനു തന്റെ ഔദ്യോഗിക ജീവിതത്തിലേക്ക് കടക്കുന്നത്. അതിനു മുൻപ് തിരുവനന്തപുരത്തെ കോളജ് ഓഫ് എൻജിനീയറിങ്ങില്‍ നിന്ന് അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രമെന്റേഷനില്‍ എൻജിനീയറിങ് ബിരുദവും നേടിയിരുന്നു. ഗ്രൂപ് ഓഫ് ടെക്‌നോളജി കമ്പനീസിന്റെ (ജിടെക് GTech) മുന്‍ സെക്രട്ടറിയും ബോര്‍ഡ് മെംബറുമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പെന്‍സില്‍ സ്‌കെച്ചിങ് മുതല്‍ ലോകമെമ്പാടുമുള്ള യാത്ര വരെ അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യങ്ങളാണ്. ആഫ്രിക്കയിലും ന്യൂസീലൻഡിലും അവയ്ക്കിടയിലുള്ള മിക്ക രാജ്യങ്ങളിലും അദ്ദേഹം റോഡ് ട്രിപ്പുകള്‍ നടത്തിക്കഴിഞ്ഞു. കലയും കാര്യവും കാര്യക്ഷമതയും ഒരുമിപ്പിക്കുന്ന ബിനു അക്ഷരാര്‍ഥത്തില്‍ ഒരു ബഹുമുഖ പ്രതിഭയാണ്.
എക്‌സ്പീരിയനിലെ തന്റെ ഉത്തരാവാദിത്വത്തിനു പുറമെ പരിസ്ഥിതി സൗഹാര്‍ദ്ദമായ ഒരു ഗ്രാമവും അദ്ദേഹം ഇപ്പോള്‍ വികസിപ്പിച്ചുവരികയാണ്. തന്റെ ഏറ്റവും പ്രാധാന്യമേറിയ ഉദ്യമങ്ങളിലൊന്നായാണ് അദ്ദേഹം ഇതിനെ കാണുന്നത്. ഈ എക്കോവില്ലേജില്‍ അത്യാവശ്യംവേണ്ട കാര്യങ്ങള്‍ മാത്രം ലഭിക്കുന്ന തരത്തിലുള്ള ജീവിതം ഇഷ്ടപ്പെടുന്നവരെ ഉള്‍പ്പെടുത്താനാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം. പരിസ്ഥിതി, കമ്യൂണിറ്റി ലിവിങ്, കൃഷി എന്നിവ ഒരുമിച്ചുകൊണ്ടുവരുന്ന സമാന ചിന്താഗതിക്കാരുടെ ഒരു കൂട്ടായ്മ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
∙ ടെക്സ്പെക്റ്റേഷന്‍സ് 2023
മനോരമ ഓൺലൈൻ 25 വർഷം പിന്നിട്ടതിന്റെ ആഘോഷ പരിപാടികൾക്കു തുടക്കമിട്ട്, ടെക്സ്പെക്‌റ്റേഷൻസ് ഡിജിറ്റൽ ഉച്ചകോടിയുടെ അഞ്ചാം പതിപ്പ് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ഫെബ്രുവരി 17 ന് നടക്കും. ‘മനോരമ ഓൺലൈനിന്റെ 25 വർഷങ്ങൾ: നവ ഡിജിറ്റൽ ക്രമത്തിന്റെ ഉൾക്കൊള്ളൽ, പരിണാമം, കുതിപ്പ്’ എന്നതാണ് പ്രധാന പ്രമേയം. ജെയിൻ ഓൺലൈനിന്റെ സഹകരണത്തോടെ നടക്കുന്ന ഉച്ചകോടിയിൽ പ്രമുഖ ടെക് വിദഗ്ധരും സംരംഭകരും പങ്കെടുക്കും. സ്റ്റാർട്ടപ്പുകളും ഏയ്ഞ്ചൽ നിക്ഷേപകരും, വാർത്തയുടെ ഭാവി, ആർട്ടിഫിഷ്യൽ ഇന്റലിജൻസും ബിസിനസ് ഇന്റലിജൻസും, പുതിയ ഡിജിറ്റൽ ക്രമത്തിന്റെ നിർവചനം, ആഡംബര ബ്രാന്‍ഡുകളുടെ ഇന്ത്യൻ സാധ്യതകൾ, അതിരുകൾ മായുന്ന വിനോദവ്യവസായം തുടങ്ങിയവയാകും ചർച്ചാ വിഷയങ്ങൾ.

ടെക്സ്പെക്റ്റേഷൻസ് 2023 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ സീറ്റ് റിസർവ് ചെയ്യാനും https://www.techspectations.com സന്ദർശിക്കുക.
English Summary: Binu Jacob - MD & CEO - Experion Technologies – Techspectations – 2023