ആപ്പിളിനിത് അസാധാരണ നേട്ടത്തിന്റെ അവസരമാണ്. കമ്പനിയുടെ 200 കോടി ഉപകരണങ്ങള്‍ ലോകമെമ്പാടും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു! അതേസമയം, കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ പ്രകടനം വച്ച് കമ്പനിക്ക് മോശം സമയവുമാണ്. വില്‍പനയില്‍ 5.5 ശതമാനമാണ് ഇടിവ്. എന്നാല്‍, വളര്‍ന്നുവരുന്ന വിപണികളില്‍ പ്രതീക്ഷയുണ്ടെന്ന് ആപ്പിളിന്റെ സിഎഫ്ഒ ലൂകാ മാസ്ട്രി പറഞ്ഞു. ഇന്ത്യയില്‍ ഇരട്ട അക്ക വളര്‍ച്ചയാണ് കാണിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ വളരുന്നു
ഇന്ത്യയില്‍, കഴിഞ്ഞ പാദത്തിലെ വരുമാനത്തില്‍ ആപ്പിൾ റെക്കോർഡിട്ടു എന്നാണ് മേധാവി ടിം കുക്ക് പറഞ്ഞത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കരുത്തുറ്റ വളര്‍ച്ചയാണിതെന്നും കുക്ക് പറഞ്ഞു. ഇന്ത്യ വളരെ പ്രതീക്ഷ നല്‍കുന്ന വിപണിയാണെന്നും ഇവിടെ കാര്യമായി ശ്രദ്ധിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയില്‍ ആപ്പിള്‍ ആദ്യ ഓണ്‍ലൈന്‍ സ്‌റ്റോര്‍ സ്ഥാപിച്ചത് 2020 ലാണ്. ഉടൻതന്നെ ആപ്പിള്‍ റീട്ടെയില്‍ സ്‌റ്റോറുകളും തുടങ്ങുമെന്നും കുക്ക് വ്യക്തമാക്കി. ‘‘ഇന്ത്യന്‍ മാര്‍ക്കറ്റിന് ഞങ്ങള്‍ വളരെയധികം ഊന്നല്‍ നല്‍കുന്നു. വിവിധ ഫൈനാന്‍സിങ് രീതികളും പുതിയ ആപ്പിള്‍ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ പഴയത് എക്സ്ചേഞ്ച് ചെയ്യാനുള്ള അവസരവും കമ്പനി ഇന്ത്യയില്‍ ഒരുക്കിയിട്ടുണ്ട്. ഇത്തരം നീക്കങ്ങള്‍ വഴി കൂടുതല്‍ പേരിലേക്ക് ആപ്പിള്‍ ഉപകരണങ്ങള്‍ എത്തിക്കാനാകും’’ – അദ്ദേഹം പറഞ്ഞു.
ആപ്പിളിന് 5.5 ശതമാനം ഇടിവ്
2022 അവസാന പാദത്തില്‍ ആപ്പിളിന് 117.2 ബില്യന്‍ ഡോളറാണ് വരുമാനം ലഭിച്ചത്. ഇത് 2021ലെ ഇതേ പാദത്തിനോട് താരതമ്യം ചെയ്താല്‍ 5.5 ശതമാനം കുറവാണ്. വാള്‍ സ്ട്രീറ്റ് പ്രവചിച്ചിരുന്നത് ആപ്പിളിന് 121.1 ബില്യന്‍ ഡോളര്‍ വരുമാനം ലഭിക്കുമെന്നായിരുന്നു. കമ്പനിക്ക് ഇത്തരം ഇടിവുണ്ടാകുന്നത് 2019ന് ശേഷം ആദ്യമാണ്. ഇതോടെ ആപ്പിളിന്റെ ഓഹരിവില 5.6 ശതമാനം ഇടിഞ്ഞു.
ആപ്പിള്‍ ജോലിക്കാരെ പിരിച്ചുവിടുമോ?
മറ്റു ടെക്‌നോളജി കമ്പനികളെ പോലെ ആപ്പിളും ജോലിക്കാരെ പിരിച്ചുവിടുമോ? ഗത്യന്തരമില്ലാതെ വന്നാല്‍ മാത്രമേ ആ വഴി സ്വീകരിക്കൂ എന്ന് കുക്ക് പറഞ്ഞിട്ടുണ്ട്. ചില വിഭാഗങ്ങളിലേക്ക് ആളെ എടുക്കുന്നത് ആപ്പിള്‍ കുറച്ചു. എന്നാല്‍ മറ്റു ചില വിഭാഗങ്ങളിലേക്ക് ജോലിക്കാരെ എടുക്കുന്നുമുണ്ട്– കുക്ക് വെളിപ്പെടുത്തി.

ആപ്പിളിന്റെ എയര്‍പോഡ്‌സ് ലൈറ്റ് 2024ല്‍
ആപ്പിള്‍ കമ്പനി വില കുറഞ്ഞ ഒരു വയര്‍ലെസ് ഇയര്‍ബഡ്‌സ് പുറത്തിറക്കിയേക്കുമെന്ന് പലരും പ്രവചിച്ചിരുന്നു. എന്നാല്‍ അതൽപം വൈകി പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ പറയുന്നത്. ചിലപ്പോള്‍ 2024 ആദ്യ പകുതിയില്‍ മാത്രമായിരിക്കാം പുറത്തിറക്കുക എന്നും കുവോ പറയുന്നു. ഏകദേശം 10,000 രൂപയായിരിക്കും അതിന്റെ വില.
ആപ്പിള്‍ ഹോംപോഡ് 2 ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തി
ആപ്പിള്‍ കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട് സ്പീക്കറായ ഹോംപോഡ് 2 ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തി. ഏറ്റവും നൂതനമായ കംപ്യൂട്ടേഷനല്‍ ഓഡിയോയും മറ്റ് സ്‌പെഷല്‍ ഓഡിയോ ഫീച്ചറുകളുമായാണ് ഹോംപോഡ് 2 എത്തിയിരിക്കുന്നത്. വില 32,900 രൂപയായിരിക്കും. ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി വാങ്ങാം.

ചാറ്റ്ജിപിടി പോലെയുള്ള എഐ സംവിധാനങ്ങള്‍ക്കെതിരെ നിയമനിര്‍മാണം വേണം
ടെക്‌നോളജിയുടെ ചരിത്രത്തിലെ ഏറ്റവുമധികം വേഗം വളരുന്ന സേവനമായി മാറിയ ചാറ്റ്ജിപിടി പോലെയുള്ള എഐ സംവിധാനങ്ങള്‍ക്കെതിരെ നിയമനിര്‍മാണം നടത്തണമെന്ന് യൂറോപ്യന്‍ കമ്മിഷണര്‍ ഫോര്‍ ഇന്റേണല്‍ മാര്‍ക്കറ്റ്, തിയേറി ബ്രെട്ടണ്‍ ആവശ്യപ്പെട്ടു. അവതരിപ്പിച്ചിട്ട് കേവലം രണ്ടു മാസം മാത്രമേ ആയിട്ടുള്ളു എങ്കിലും ലേഖനങ്ങളും കഥകളും തമാശകളും കവിതകളും പോലും ഞൊടിയിടയില്‍, സാമാന്യം തൃപ്തികരമായി എഴുതി നല്‍കാന്‍ ചാറ്റ്ജിപിടിക്കുള്ള കഴിവില്‍ അദ്ഭുതം കൂറുകയാണ് ലോകം. ഈ സമയത്താണ് എഐക്കെതിരെ നിയമങ്ങൾ വരേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞ് ബ്രെട്ടണ്‍ രംഗത്തെത്തിയിരിക്കുന്നത്. ‘ചാറ്റ്ജിപിടി ഗംഭീരമാണ്. അതേസമയം, അത് ഭീഷണിയുമാകാം. വിശ്വസിക്കാവുന്ന എഐയും ഉന്നത നിലവാരമുള്ള ഡേറ്റയും വേണമെങ്കില്‍ അതിനായി നിയമനിര്‍മാണം തന്നെ നടത്തണം’ എന്ന് അദ്ദേഹം പറയുന്നു.
ചാറ്റ്ജിപിടി എതിരാളി ആന്ത്രോപ്പിക്കില്‍ 400 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ച് ഗൂഗിള്‍
തങ്ങളുടെ എതിരാളി മൈക്രോസോഫ്റ്റ്, ചാറ്റ്ജിപിടിയില്‍ 10 ബില്യന്‍ ഡോളര്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന്, ഗൂഗിള്‍ 400 ദശലക്ഷം ഡോളര്‍ ആന്ത്രോപിക്കില്‍ (Anthropic) നിക്ഷേപിച്ചു എന്ന് ബ്ലൂംബര്‍ഗ്. ചാറ്റ്ജിപിടിയുടെ എതിരാളിയാണ് ആന്ത്രോപിക്.എഐയെക്കുറിച്ച് വെളിപ്പെടുത്താന്‍ ഫെബ്രുവരി 8ന് ഗൂഗിളിന്റെ മീറ്റിങ്
നിര്‍മിത ബുദ്ധിയുടെ കാര്യത്തില്‍ അടുത്തിടെ കൈവരിച്ച പുരോഗതിയെക്കുറിച്ച് വെളിപ്പടുത്താനൊരുങ്ങുകയാണ് ഗൂഗിള്‍. ഫെബ്രുവരി 8ന് നടക്കുന്ന മീറ്റിങ്ങില്‍ പുതിയ വിവരങ്ങള്‍ ഗൂഗിള്‍ പുറത്തുവിടും. അതേസമയം, വൈറല്‍ സേര്‍ച്എൻജിന്‍ ചാറ്റ്ജിപിടിയിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ആയിരിക്കും ഗൂഗിള്‍ എടുക്കുക എന്നാണ് സൂചന.
ടിക്‌ടോക് ആപ് നീക്കം ചെയ്യണമെന്ന് ആപ്പിളിനോട് സെനറ്റര്‍
ചൈനീസ് സമൂഹ മാധ്യമമായ ടിക്‌ടോക് ആപ്പിളിന്റെ ആപ് സ്റ്റോറില്‍നിന്നും ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍നിന്നും നീക്കംചെയ്യണമെന്ന് അമേരിക്കന്‍ സെനറ്റര്‍ മൈക്ള്‍ ബെനറ്റ് ആവശ്യപ്പെട്ടു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അമേരിക്കക്കാരുടെ ഡേറ്റ ശേഖരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സെനറ്റര്‍ വാദിക്കുന്നത്. കുക്കിനും ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയ്ക്കുമാണ് അദ്ദേഹം കത്തു നല്‍കിയത്.

പാക്കിസ്ഥാന്‍ വിക്കിപീഡിയ ബ്ലോക്ക് ചെയ്തു
മതനിന്ദയുള്ള ഉള്ളടക്കം നീക്കംചെയ്യുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഇന്റര്‍നെറ്റിലെ ഏറ്റവും പ്രശസ്തമായ വിശ്വവിജ്ഞാനകോശം വിക്കിപീഡിയ ബ്ലോക്ക് ചെയ്തിരിക്കുകയാണ് പാക്കിസ്ഥാന്‍. മതനിന്ദ അടങ്ങുന്ന ലേഖനം 48 മണിക്കൂറിനുള്ളില്‍ നീക്കംചെയ്യണം എന്നായിരുന്നു പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നത്.
ചില കണ്ടന്റ് ക്രിയേറ്റര്‍മാരുമായി വരുമാനം പങ്കുവയ്ക്കാന്‍ ട്വിറ്റര്‍
ചില സമൂഹ മാധ്യമങ്ങളെ പോലെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പ്രതിഫലം നല്‍കാന്‍ ട്വിറ്ററും. കമ്പനിയുടെ പുതിയ ഉടമയും മേധാവിയുമായ ഇലോണ്‍ മസ്‌ക് തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. പക്ഷേ, ബ്ലൂ വേരിഫൈഡ് യൂസര്‍മാരെ മാത്രമേ ഇതിനായി പരിഗണിക്കൂ. എത്ര ശതമാനം വരുമാനമാണ് യൂസര്‍മാരുമായി പങ്കുവയ്ക്കുക എന്നതിനെക്കുറിച്ചൊന്നുമുള്ള വിവരങ്ങള്‍ മസ്‌ക് വെളിപ്പെടുത്തിയില്ല.
വണ്‍പ്ലസ് 11 ഫോണിന്റെ വില ചോര്‍ന്നു?
ഫെബ്രുവരി 11ന് അവതരിപ്പിക്കാനിരിക്കുന്ന വണ്‍പ്ലസ് 11 സ്മാര്‍ട്ട്‌ഫോണിന്റെ തുടക്ക വേരിയന്റിന്റെ വില 61,999 രൂപയായിരിക്കുമെന്ന് സൂചന. ഈ പ്രവചനം നടത്തിയിരിക്കുന്നത് അഭിഷേക് യാദവ് എന്ന ട്വിറ്റര്‍ യൂസറാണ്. ഇതിന്റെ വില്‍പന ഫെബ്രുവരി 14ന് തുടങ്ങുമെന്നും പറയുന്നു.
English Summary: Apple targets raising India production share