ADVERTISEMENT

മുന്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് 2007, ജനുവരിയില്‍ പുറത്തിറക്കിയ ആദ്യ ഐഫോണ്‍ സീരിസില്‍ പെട്ട ഒരു ഫോൺ ഉടന്‍ ലേലത്തിനു വയ്ക്കും. ഇറക്കിയ കാലത്ത് ഇതിന്റെ വില 599 ഡോളറായിരുന്നു. ഈ വിലയുടെ 80 മടങ്ങു പണമാണ് ലേലത്തില്‍ പ്രതീക്ഷിക്കുന്നത്. 

 

ഉടമ എന്തുകൊണ്ട് ഇത് ഉപയോഗിച്ചില്ല?

 

ആദ്യ ഐഫോണ്‍ കൈയ്യിലെത്തിയെങ്കിലും തന്റെ നെറ്റ്‌വര്‍ക്കില്‍ അത് പ്രവര്‍ത്തിക്കില്ലെന്നു കണ്ടതിനാലാണ് ഉപയോഗിക്കാതിരുന്നത് എന്നാണ് അതിന്റെ ഉടമയായ അമേരിക്കക്കാരി കാരന്‍ ഗ്രീന്‍ പറഞ്ഞത്. മറ്റൊരു രസകരമായ കാര്യമെന്താണെന്നു ചോദിച്ചാല്‍ ഇത് വാങ്ങാന്‍ പണം മുടക്കിയിട്ടില്ലെന്നുള്ളതാണ്. കാരന്റെ കൂട്ടുകാര്‍ സമ്മാനമായി നല്‍കിയതാണ് ഒറിജിനല്‍ ഫോണ്‍. എന്തായാലും, നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍ ഐഫോണിന് സപ്പോര്‍ട്ട് നല്‍കിയില്ല എന്ന് കണ്ടപ്പോള്‍ അത് കാരന്‍ ഒരു ഷെല്‍ഫില്‍ വച്ചിരിക്കുകയായിരുന്നു.

APPLE-PRODUCTS/

 

തനിക്കും ഒരു നിധി

 

അടുത്തിടെ ഇത്തരത്തില്‍ പെട്ടിപൊട്ടിക്കാതെ ഇരുന്ന ആദ്യ ഐഫോണുകളിലൊന്ന് 10,000 ഡോളറിന് ലേലത്തില്‍ വിറ്റുപോയി എന്നു കണ്ടപ്പോഴാണ്, അമ്പോ തനിക്കും ഒരു കൊച്ചു നിധി ഉണ്ടല്ലോ എന്ന് കാരൻ ഓർത്തത്. ഉദ്ദേശിക്കുന്ന കാശ് ലേലത്തിൽ കിട്ടിയാല്‍ അതുപയോഗിച്ച് ന്യൂ ജേഴ്‌സിയില്‍ തന്റെ ടാറ്റു സ്റ്റുഡിയോ തുടര്‍ന്നു പ്രവര്‍ത്തിപ്പിക്കാനാണ് കാരന്‍ ആഗ്രഹിക്കുന്നത്.

 

ഫോണിന്റെ പെട്ടി പൊട്ടിച്ചോ അമ്മേ?

 

ആദ്യ ഐഫോണ്‍ ഉപയോഗിക്കാതെ ഇരിക്കുന്നു എന്ന് കാരന്‍ ഗ്രീൻ പറഞ്ഞപ്പോള്‍, മകന്‍ തിരിച്ചു ചോദിച്ചത്, അതിന്റെ പെട്ടി പൊട്ടിച്ചിരുന്നോ എന്ന് എടുത്തു നോക്കാനാണ്. പൊട്ടിക്കാത്ത പെട്ടി തന്നെയാണ് കൈവശമുളളത് എന്നുറപ്പു വരുത്തിയ ശേഷമാണ് ലേല നടപടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. ഏകദേശം 40,000 ഡോളറിന് ഇത്തരത്തിലൊരു ഐഫോണ്‍ 2022 ഒക്ടോബറിലും ലേലത്തില്‍ വിറ്റിട്ടുണ്ട്. തന്റെ ഫോണ്‍ 10 വര്‍ഷം കൂടെ കൈയ്യില്‍ വച്ചാല്‍ ഇതിലും കൂടുതല്‍ പണം ലഭിക്കുമെന്നും കാരന് അറിയാം. താനിപ്പോള്‍ ഇതു വില്‍ക്കുന്നത് ചെയ്തുവരുന്ന ബിസിനസ് പൂട്ടിപ്പോകാതിരിക്കാനുള്ള പണം കണ്ടെത്താനാണെന്ന് കാരന്‍ പറയുന്നു.

 

കേവലം 3.5-ഇഞ്ച് വലുപ്പമുള്ള ഫോണ്‍

 

ആദ്യ ഐഫോണിന് 3.5-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനും 2എംപി ക്യാമറയും അടക്കമുള്ള ഫീച്ചറുകളായിരുന്നു ഉണ്ടായിരുന്നത്. ലേലത്തില്‍ ഈ ഫോണിന്റെ വിളി തുടങ്ങുന്നത് 2,500 ഡോളറിനായിരിക്കും. എന്നാല്‍, ഇതിന് 50,000 ഡോളറോ അതിലേറെയോ കിട്ടിയേക്കാമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. കാരണം അതിനിപ്പോള്‍ ആവശ്യത്തിന് മാധ്യമ ശ്രദ്ധ ലഭിച്ചു. ഫെബ്രുവരി 19ന് മുമ്പ് ലേലം അവസാനിക്കും

 

സാംസങിന്റെ എക്‌സ്ആര്‍ ഹെഡ്‌സെറ്റ് സ്വതന്ത്രമായി പ്രവര്‍ത്തിച്ചേക്കും

 

കൊറിയന്‍ ടെക്‌നോളജി ഭീമന്‍ തങ്ങളുടെ ആദ്യത്തെ എക്‌സ്‌റ്റെന്‍ഡഡ് റിയാലിറ്റി (എക്‌സ്ആര്‍) ഹെഡ്‌സെറ്റ് അധികം താമസിയാതെ പുറത്തിറക്കും. ഇന്ന് ലഭ്യമായ ഇത്തരത്തിലുള്ള പല ഹെഡ്‌സെറ്റുകളും കംപ്യൂട്ടറുകളോ ഫോണുകളോ ഒക്കെയായി പെയര്‍ ചെയ്തുപ്രവര്‍ത്തിപ്പിക്കേണ്ടതായി ഉണ്ട്. അവയെ പോലെ അല്ലാതെ, സാംസങിന്റെ എക്‌സ്ആര്‍ ഹെഡ്‌സെറ്റിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനായേക്കുമെന്നാണ് കരുതുന്നത്. ആപ്പിള്‍ ഇറക്കുമെന്നു പറയുന്ന എംആര്‍ (മിക്‌സ്ഡ് റിയാലിറ്റി) ഹെഡ്‌സെറ്റിനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ളശേഷി കണ്ടേക്കുമെന്നും പറയുന്നു. 

 

അധിക ശേഷിയും ലഭിച്ചേക്കും

 

അതേസമയം, ലാപ്‌ടോപ് തുടങ്ങിയ ഉപകരണങ്ങളുമായി ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അധിക ശേഷി ലഭിച്ചേക്കുമെന്നും കരുതുന്നു. ക്വാല്‍കം കമ്പനിയും ഗൂഗിളുമായി സഹകരിച്ചാണ് സാംസങ് ഹെഡ്‌സെറ്റിന്റെ പണിയിലേര്‍പ്പെട്ടിരിക്കുന്നത് എന്നാണ് സൂചന. മൊബൈല്‍ വ്യവസായത്തിന്റെ ദിശ മാറ്റാന്‍ കെല്‍പ്പുള്ളതായിരിക്കും തങ്ങളുടെ ഹെഡ്‌സെറ്റ് എന്നാണ് സാംസങ് അവകാശപ്പെടുന്നത്.

 

ആപ്പിള്‍ സേവനങ്ങള്‍ക്ക് 935 ദശലക്ഷത്തിലേറെ സബ്‌സ്‌ക്രൈബര്‍മാര്‍

 

ആപ്പിള്‍ കമ്പനിയുടെ വിവിധ സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ക്ക് മാസ വരിസംഖ്യ അടയ്ക്കുന്നവരുടെ എണ്ണം 935 ദശലക്ഷം കടന്നു എന്ന് ഐഎഎന്‍എസ്. ഇത്തരം സേവനങ്ങളില്‍ നിന്നുള്ള വരുമാനം കുതിച്ചുയര്‍ന്നു. ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ആപ് സ്റ്റോര്‍ സബ്‌സ്‌ക്രിപ്ഷനുകളുടെ എണ്ണവും വരുമാനവും മുമ്പെങ്ങും ഇല്ലാത്തത്ര വര്‍ദ്ധിച്ചു. കഴിഞ്ഞ 12 മാസത്തിനിടയില്‍ ആപ്പിളിന് 150 ദശലക്ഷം പുതിയ സബ്‌സ്‌ക്രൈബര്‍മാരെ കിട്ടിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതിനു പുറമെയാണ് കമ്പനിയുടെ പണമടയ്ക്കല്‍ സംവിധാനമായ 'ആപ്പിള്‍ പേ'യ്ക്കു ലഭിക്കുന്ന സ്വീകാര്യത. അതിനിപ്പോള്‍ ലോകത്തെ 70 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.

 

നഷ്ടം കോടിക്കണക്കിനു ഡോളര്‍, പക്ഷെ മെറ്റാവേഴ്‌സുമായി മുന്നോട്ടുപോകാന്‍ സക്കര്‍ബര്‍ഗ്

 

ഇന്റര്‍നെറ്റിന്റെ അടുത്ത ഘട്ടത്തെയാണ് മെറ്റാവേഴ്‌സ് എന്നു വിളിക്കുന്നതെന്നാണ് പൊതുവെ പറയുന്നത്. ഇതിനു വേണ്ട സവിശേഷ ടൂളുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് നയിക്കുന്ന മെറ്റാ കമ്പനി. കമ്പനിയുടെ റിലായിറ്റി ലാബ്‌സ്ഡിവിഷന്റെ 2022ലെ മാത്രം നഷ്ടം ഏകദേശം 13.7 ബില്ല്യന്‍ ഡോളറാണെന്നാണ് പറയുന്നത്. അതിനു പുറമെ 2021ല്‍ ഏകദേശം 10.2 ബില്ല്യന്‍ ഡോളറും നഷ്ടമുണ്ടായി. അതൊന്നും വകവയ്ക്കുന്നില്ലെന്നാണ് കമ്പനിയുടെ മേധാവി പറയുന്നത്. മെറ്റാവേഴ്‌സ് സങ്കല്‍പ്പത്തിലേക്ക് ലോകത്തെ അടുപ്പിക്കാനുള്ളഒരു അതിനൂതന ഹെഡ്‌സെറ്റ് തങ്ങള്‍ ഈ വര്‍ഷം തന്നെ അവതരിപ്പിക്കുമെന്നും സക്കര്‍ബര്‍ഗ് പറയുന്നു.

 

English Summary: An Unopened 2007 First Generation iPhone Expected to Take in a Whopping $50,000 at Auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com