ADVERTISEMENT

ഗോവ ബീച്ചുകളിലെ സുരക്ഷയ്ക്കായി നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അധിഷ്‌ഠിത റോബോട്ടായ ഓറസ് ഉപയോഗിക്കുന്നുണ്ടെന്ന് സർക്കാർ നിയോഗിച്ച ലൈഫ് ഗാർഡ് സേവന ഏജൻസി അറിയിച്ചു. ഇതോടൊപ്പം തന്നെ എഐ കേന്ദ്രീകൃത മോണിറ്ററിങ് സിസ്റ്റമായ ട്രൈറ്റണിന്റെ സേവനവും ഉപയോഗിക്കുന്നുണ്ട്. 

 

ഗോവയുടെ തീരപ്രദേശത്ത് വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചതിനാൽ ബീച്ചുമായി ബന്ധപ്പെട്ട സുരക്ഷാപ്രശ്നങ്ങളും കൂടിയിട്ടുണ്ട്. ഇതേത്തുടർന്നാണ് നിർമിത ബുദ്ധിയുടെ സഹായം തേടിയതെന്ന് ദൃഷ്ടി മറൈൻ വക്താവ് പറഞ്ഞു. തീരദേശ മേഖലയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം രക്ഷാപ്രവർത്തനങ്ങൾ വേണ്ടിവന്നിട്ടുണ്ട്. ഇതിന് ഏജൻസിയുടെ ജീവൻ രക്ഷാപ്രവർത്തകരുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

ഓറസ് ഒരു സെൽഫ് ഡ്രൈവിങ് റോബോട്ടാണ്. പ്രദേശത്ത് പട്രോളിങ് നടത്തി, ഉയർന്ന വേലിയേറ്റ സമയത്ത് വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി, ജീവൻ രക്ഷിക്കുന്നവരെ സഹായിക്കാൻ വികസിപ്പിച്ചെടുത്ത റോബാട്ടാണിത്. പുതിയ എഐ സംവിധനങ്ങൾ ബീച്ചുകളിൽ കൂടുതൽ നിരീക്ഷണത്തിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

കൂടാതെ, ട്രൈറ്റൺ സിസ്റ്റത്തിന്റെ പ്രാഥമിക ശ്രദ്ധ നീന്തൽ ഇതര മേഖലകളിൽ പൂർണമായും എഐ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം നൽകുകയും അതുവഴി വിനോദസഞ്ചാരികൾക്ക് അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും അടുത്തുള്ള രക്ഷാപ്രവർത്തകനെ അറിയിക്കുകയും ചെയ്യുക എന്നതാണ്.

 

നിലവിൽ വടക്കൻ ഗോവയിലെ മിരാമർ ബീച്ചിലാണ് ഔറസ് വിന്യസിച്ചിരിക്കുന്നത്. അതേസമയം ട്രൈറ്റൺ തെക്കൻ ഗോവയിലെ ബെയ്‌ന, വെൽസാവോ, ബെനൗലിം, ഗാൽഗിബാഗ്, നോർത്ത് ഗോവയിലെ മോർജിം എന്നിവിടങ്ങളിലാണ് വിന്യസിച്ചിരിക്കുന്നതെന്ന് ഏജൻസിയിലെ മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വർഷം ഗോവയിലെ ബീച്ചുകളിൽ 100 ട്രൈറ്റൺ യൂണിറ്റുകളും 10 ഓറസ് യൂണിറ്റുകളും വിന്യസിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും ഏജൻസി വക്താവ് പറഞ്ഞു.

 

English Summary: AI-powered robot introduced to save lives on Goa beaches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com