അവതരിപ്പിക്കാൻ പോകുന്ന ഉപകരണങ്ങളെക്കുറിച്ച്, ലോകത്ത് ഏറ്റവുമധികം രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്ന കമ്പനികളിലൊന്നായാണ് ആപ്പിള്‍ അറിയപ്പെടുന്നത്. പക്ഷേ, അടുത്തിടെയായി കമ്പനി ഇറക്കാനിരിക്കുന്ന ഉപകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ 'ചോര്‍ത്തി' ലഭിക്കാറുണ്ട്. ഇത്തരം വിവരങ്ങൾ പലതും ശരിയാകാറും ഉണ്ട്. ഈ വര്‍ഷം ഇറക്കാൻ പോകുന്ന ഐഫോണുകളെക്കുറിച്ച് പല വിവരങ്ങളും ഇപ്രകാരം ലീക്കുകള്‍ വഴി പുറത്തുവന്നിരുന്നു. അവയില്‍ പ്രധാനപ്പെട്ടത് 2023ല്‍ ഐഫോണ്‍ അള്‍ട്രാ എന്നൊരു പുതിയ മോഡല്‍ പുറത്തിറക്കുമെന്നായിരുന്നു. പക്ഷേ, പുതിയ അവകാശവാദം ശരിയാണെങ്കില്‍ ഈ വര്‍ഷവും ഐഫോണ്‍ 15 പ്രോ, 15 പ്രോ മാക്‌സ് എന്ന പേരുകളിലായിരിക്കും ആപ്പിള്‍ ഇറക്കാന്‍ പോകുന്ന പ്രീമിയം മോഡലുകൾ അറിയപ്പെടുക എന്നാണ്.
∙ വരുന്നത് പ്രോ ഐഫോണുകളെ കവച്ചുവയ്ക്കുന്ന മോഡല്‍
ആപ്പിള്‍ കമ്പനിയെക്കുറിച്ച് താരതമ്യേന വിശ്വസനീയമായ വിവരങ്ങള്‍ മുന്‍കൂട്ടി പറയുന്നതില്‍ പ്രമുഖനാണ് ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടര്‍ മാര്‍ക് ഗുര്‍മന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രവചനപ്രകാരം 'ഐഫോണ്‍ അള്‍ട്രാ' എന്ന പേര് നാളിതുവരെ കണ്ടിട്ടില്ലാത്ത തരത്തിലൊരു മോഡല്‍ ഇറക്കാനായി ആപ്പിള്‍ കാത്തുവച്ചേക്കുമെന്നാണ്. ഇതുവരെ കേട്ട അവകാശവാദങ്ങള്‍ പ്രകാരം ഐഫോണ്‍ 15 പ്രോ മാക്‌സിനു പകരം ഐഫോണ്‍ അള്‍ട്രാ ഇറക്കുമെന്നായിരുന്നു. എന്നാല്‍ ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷത്തെ പോലെ പേരിടല്‍ രീതി തുടര്‍ന്നേക്കും. അതേസമയം, 2024ല്‍ പ്രോ മോഡലുകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ പുതിയൊരു പ്രീമിയം ഫോണ്‍ ആപ്പിള്‍ ഇറക്കിയേക്കും. അത്, ഇതുവരെ കണ്ട പ്രോ മോഡലുകള്‍ക്കും മുകളിലുള്ള ഒരു ശ്രേണി തന്നെയായിരിക്കാം.
∙ വരുന്നത് ഐഫോണ്‍ രാജാവ്?
ഐഫോണ്‍ അള്‍ട്രായെക്കുറിച്ച് നേരത്തെ വന്ന വാര്‍ത്തകള്‍ കമ്പനിക്കുള്ളില്‍ അത്തരമൊരു മോഡല്‍ പുറത്തിറക്കാനായി നടത്തിയ ചര്‍ച്ചകളെക്കുറിച്ചു ലഭിച്ച വിവരങ്ങളില്‍ നിന്നു തന്നെയായിരിക്കാം. ഒരു പക്ഷേ, കമ്പനി ഇട്ടിരുന്ന പദ്ധതികള്‍ക്ക് മാറ്റംവരുത്തിയിരിക്കാം. എന്തായാലും ഓണ്‍ ഓഫ് ബട്ടണ്‍ അടക്കം ഒരു പോര്‍ട്ട് പോലും പുറത്തുകാണാന്‍ സാധിക്കാത്ത തരത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഡിസൈൻ വൈഭവം വിളിച്ചറിയിക്കുന്ന ഒരു വേരിയന്റായിരിക്കും ഐഫോണ്‍ അള്‍ട്രാ. അതായത് പ്രോ മോഡലുകള്‍ക്കും അപ്പുറത്തുള്ള ഒന്ന്. ആപ്പിള്‍ ഇറക്കുന്നതിൽ വച്ച് ഏറ്റവും കരുത്തുറ്റ പ്രോസസര്‍, കൂടുതല്‍ വലുപ്പമുള്ള സ്‌ക്രീന്‍, മേന്മയാര്‍ന്ന ഡിസ്‌പ്ലേ ടെക്‌നോളജി, അധിക ക്യാമറാ മികവ് തുടങ്ങിയവയായിരിക്കും അള്‍ട്രാ മോഡലില്‍ കാണാന്‍ സാധിക്കുക എന്നു കരുതുന്നു.
∙ ഇരട്ട സെല്‍ഫി ക്യാമറ?
നേരത്തെ വന്ന ഐഫോണ്‍ 15 അള്‍ട്രാ കേട്ടുകേള്‍വികള്‍ പ്രകാരവും അത് പരിപൂര്‍ണമായി മാറ്റി ഡിസൈൻ ചെയ്ത ഒന്നായിരിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. ഫോണിന്റെ താഴെവരുന്ന ഭാഗത്തിന് അല്‍പം ചെരിവ് പ്രതീക്ഷിക്കുന്നുവെന്നും ഇരട്ട സെല്‍ഫി ക്യാമറകള്‍ ഉണ്ടായിരിക്കുമെന്നും പറഞ്ഞു കേട്ടിരുന്നു. സാംസങ് എസ്23 അള്‍ട്രായിലും മറ്റും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന തരത്തിലുള്ള ഒരു പെരിസ്‌കോപിങ് ടെലി ലെന്‍സും സ്‌ക്രീനിന് അകത്തുള്ള ഫിംഗര്‍പ്രിന്റ് റീഡറും ഉണ്ടായിരിക്കുമെന്നായിരുന്നു പ്രവചനം. ഫോണിന്റെ പാര്‍ശ്വങ്ങള്‍ ബലപ്പെടുത്താന്‍ ടൈറ്റാനിയം ഉപയോഗിക്കുമെന്നും യുഎസ്ബി-സി അല്ലെങ്കില്‍ തണ്ടര്‍ബോള്‍ട്ട് പോര്‍ട്ട് ഉള്‍ക്കൊള്ളിക്കുമെന്നും അവകാശവാദങ്ങള്‍ ഉണ്ടായിരുന്നു. എന്തായാലും ഗൂര്‍മന്റെ വാദങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ പുതിയ ഫീച്ചറുകളുള്ള ഐഫോണ്‍ കിങ്ങിനെ 2024ല്‍ പ്രതീക്ഷിച്ചാല്‍ മതി.
∙ സ്റ്റാര്‍ഷിപ് റോക്കറ്റ് സിസ്റ്റം മാര്‍ച്ചില്‍ പരീക്ഷിച്ചേക്കുമെന്ന് മസ്‌ക്
മനുഷ്യരാശിയെ ചൊവ്വയില്‍ എത്തിക്കുമെന്ന അവകാശവാദത്തോടെ സ്‌പേസ്എക്‌സ് നിര്‍മിച്ചുവരുന്ന സ്റ്റാര്‍ഷിപ്പ് റോക്കറ്റ് സിസ്റ്റത്തിന്റെ പരീക്ഷണം മാര്‍ച്ച് ആദ്യം നടത്തുമെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു. ചൊവ്വാ ദൗത്യത്തിനു മുൻപ് നാസയുടെ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലിറക്കുന്നതും മസ്‌കിന്റെ പുതിയ സംവിധാനമായിരിക്കാം. ഇനി നടക്കാനിരിക്കുന്ന പരീക്ഷണങ്ങളും പ്രശ്‌നങ്ങള്‍ കാണിച്ചില്ലെങ്കില്‍ മാര്‍ച്ചില്‍ കന്നിക്കുതിപ്പ് നടത്തുമെന്നാണ് മസ്‌ക് അറിയിച്ചത്.
∙ ഫോള്‍ഡബിൾ ഫോണിറക്കാന്‍ ടെക്‌നോ
മടക്കാവുന്ന ഫോണുകള്‍ ഉപയോഗിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്. പക്ഷേ, എല്ലാ മോഡലുകള്‍ക്കും വലിയ വില നല്‍കണം. ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും വില കുറഞ്ഞ ഫോള്‍ഡബിൾ ഫോണുകളിലൊന്നായിരിക്കാം ടെക്‌നോ കമ്പനി താമസിയാതെ പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. ടെക്‌നോ ഫാന്റം വി ഫോള്‍ഡ് എന്നാണ് പുതിയ മോഡലിന് പേരിട്ടിരിക്കുന്നത്. ഇടതു വശത്തേക്കു മടക്കാവുന്ന, ലോകത്തെ ആദ്യ ഫോണാണ് ഇതെന്ന് ടെക്‌നോ പറയുന്നു. എട്ടു കോറുകളുള്ള മീഡിയടെക് ഡിമെന്‍സിറ്റി 9000 പ്ലസ് പ്രോസസര്‍ ആയിരിക്കും ഫോണിന് ശക്തി പകരുക. ഫെബ്രുവരി 28ന് ബാഴ്സലോണയില്‍ നടക്കാന്‍ പോകുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ടെക്‌നോ ഫാന്റം വി ഫോള്‍ഡ് പുറത്തിറക്കുമെന്നു കരുതുന്നു.
∙ ഡെല്‍ 6500 ജോലിക്കാരെ പിരിച്ചുവിട്ടേക്കും
കംപ്യൂട്ടര്‍ നിര്‍മാണ ഭീമന്‍ ഡെല്‍ ഏകദേശം 6500 പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ആഗോള തലത്തില്‍ കമ്പനിക്കുള്ള ജോലിക്കാരുടെ 5 ശതമാനമായിരിക്കും ഇതെന്നാണ് സുചന. പുതിയ ജോലിക്കാരെ എടുക്കുന്നതു കുറയ്ക്കുമെന്നും ജീവനക്കാര്‍ക്കുളള യാത്രാ അലവന്‍സും മറ്റും പരിമിതപ്പെടുത്തുകയും ചെയ്‌തേക്കും.
∙ മോട്ടോ ഇ13ന് പ്രതീക്ഷിക്കുന്ന വില ഇതാ
തങ്ങളുടെ ഏറ്റവും വില കുറഞ്ഞ ഹാന്‍ഡ്‌സെറ്റുകളിലൊന്ന് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് മോട്ടൊറോള. മോട്ടോ ഇ13 എന്നായിരിക്കും പേര്. യുണിസോക് ടി606 ആയിരിക്കും പ്രോസസര്‍. ഇതിന് 2 ജിബി, 4 ജിബി റാമുളള വേരിയന്റുകളായിരിക്കും ഉണ്ടാകുക. വില 6,499 രൂപ മുതല്‍ 6,999 രൂപ വരെ ആയിരിക്കുമെന്നു കരുതുന്നു.
∙ മൈക്രോസോഫ്റ്റ്-ഓപ്പണ്‍ എഐ സംയുക്ത ഇവന്റ് ഫെബ്രുവരി 8ന്
വിന്‍ഡോസ് ഒപ്പറേറ്റിങ് സിസ്റ്റം മുതല്‍ ക്ലൗഡ് സേവനങ്ങള്‍ വരെ നല്‍കുന്ന ലോകത്തെ കൂറ്റന്‍ ടെക്‌നോളജി കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റും പുതിയ വൈറല്‍ ആപ്പായ ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍ എഐയും ഫെബ്രുവരി 8ന് സംയുക്തമായി ഒരു മീറ്റിങ് വിളിച്ചിരിക്കുകയാണ്. ചാറ്റ്ജിപിറ്റി പോലെയുളള സേര്‍ച്ച് സംവിധാനം ബാര്‍ഡ് എന്ന പേരില്‍ തങ്ങള്‍ കൊണ്ടുവരുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇരു കമ്പനികളും മീറ്റിങ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ സ്വന്തം സേര്‍ച്ച് എൻജിനായ ബിങ്ങുമായി ചേര്‍ത്ത് ചാറ്റ്ജിപിറ്റി പ്രവര്‍ത്തിപ്പിക്കുന്ന പ്രഖ്യാപനമായിരിക്കാം ഇരു കമ്പനികളും നടത്തുക എന്നാണ് കരുതുന്നത്. മൈക്രാസോഫ്റ്റിനു വേണ്ടി മേധാവി സത്യ നദെല തന്നെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ എത്തുമെന്നത് ഇവന്റിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

∙ വണ്‍പ്ലസ് പാഡിന് മാഗ്നെറ്റിക് കീബോഡും സ്‌റ്റൈലസും
വണ്‍പ്ലസ് കമ്പനിയുടെ ഏറ്റവും മികച്ച സ്മാര്‍ട് ഫോണ്‍ ഇന്നു പുറത്തിറക്കും - വണ്‍പ്ലസ് 11. ഇതിനൊപ്പം ടാബ്‌ലറ്റായ വണ്‍പ്ലസ് പാഡും പുറത്തിറക്കിയേക്കുമെന്നു കരുതുന്നു. ടാബിന് ഒരു മാഗ്നെറ്റിക് കീബോഡും സ്‌റ്റൈലസും ഉണ്ടായിരിക്കുമെന്നും കരുതുന്നു. വണ്‍പ്ലസ് പാഡിന് 12.4 ഇഞ്ച് വലുപ്പമുളള ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്.
English Summary: Apple Could Roll Out High-End iPhone 'Ultra' in 2024, Report Says