മറൈന്‍ എൻജിനീയര്‍ എന്ന നിലയിൽ ജിത്തു സുകുമാരന്‍ നായര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍, ഒരു ബിസിനസുകാരനാകാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ മഹത്തായ ഉദ്ദേശ്യമുണ്ടായിരുന്നു - ഇന്ത്യ കേന്ദ്രമായി ആഗോള ശ്രദ്ധ നേടുന്ന ഒരു ബ്രാന്‍ഡ് സ്ഥാപിക്കുക. അങ്ങനെയാണ് കൊച്ചി സ്വദേശിയായ അദ്ദേഹം വാന്‍ ഇലക്ട്രിക് മോട്ടോ (VAAN Electric Moto) എന്ന പേരില്‍ ഇലക്ട്രിക് ബൈക് നിര്‍മാണ സ്റ്റാര്‍ട്ടപ് സ്ഥാപിച്ചത്. നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇ-വാഹന വിപണിയില്‍ ഇപ്പോൾ വാന്‍ സ്ഥാനം നേടിക്കഴിഞ്ഞു.
ചൈനീസ് നഗരമായ ഷെന്‍സെനിലെ വാസമാണ് തനിക്ക് ഒരു ഇലക്ട്രിക് വാഹന നിര്‍മാതാവാകാനുള്ള ആവേശം പകര്‍ന്നതെന്ന് അദ്ദേഹം പറയുന്നു. പരിപൂര്‍ണമായ ഇലക്ട്രിക് പൊതുഗതാഗതം കൊണ്ടുവന്ന ലോകത്തെ ആദ്യത്തെ നഗരമാണ് ഷെന്‍സെന്‍. ജിത്തു അവിടെ 2013 മുതൽ 2020 വരെ താമസിച്ചിരുന്നു. തന്റെ സംരംഭമായ വാന്‍ മൊബിലിറ്റി ഒരു പരിസ്ഥിതി സൗഹൃദ വാഹന നിര്‍മാണ പദ്ധതിയാണെന്നാണ് അദ്ദേഹം പറയുന്നത്. 2017 ലാണ് ഇതിന് തുടക്കമിട്ടത്. കമ്പനിയില്‍ തുടക്കത്തില്‍ ബൈക്കുകളും ഇ-സ്‌കൂട്ടറുകളും അനുബന്ധ ഭാഗങ്ങളും വസ്ത്രങ്ങളുമാണ് നിർമിച്ചിരുന്നത്.
ഇ-വാഹന നിര്‍മാണത്തിനായി വാന്‍ മോട്ടോ ലോകത്തിലെ ചില പ്രധാന കമ്പനികളുമായി സഹകരിക്കുന്നു. ഇറ്റാലിയന്‍ കമ്പനിയായ ബെനെലി (Benelli), ഓസ്ട്രിയന്‍ കമ്പനിയായ കിസ്‌ക ഓഫ് കെടിഎം എന്നിവയാണ് അവ. ഇലക്ട്രിക് ബൈസിക്കിളുകള്‍ നിര്‍മിക്കുന്നത് വാൻ മോട്ടോ ആണെങ്കിലും അവയുടെ ഘടകഭാഗങ്ങള്‍ നല്‍കുന്നത് ബെനെലിയും ബ്രാന്‍ഡിങ് നടത്തുന്നത് കിസ്‌കയുമാണ്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റല്‍ സമ്മേളനമായ മനോരമ ഓണ്‍ലൈന്‍ - ടെക്‌സ്‌പെക്റ്റേഷന്‍സില്‍ തന്റെ അനുഭവ സമ്പത്ത് പങ്കുവയ്ക്കാന്‍ വാന്‍ ഇലക്ട്രിക് മോട്ടോ സ്ഥാപകന്‍ ജിത്തു സുകുമാരന്‍ നായരും എത്തും. ടെക്‌സ്‌പെക്റ്റേഷന്‍സിന്റെ അഞ്ചാം എഡിഷനണ് ഫെബ്രുവരി 17നു നടക്കുന്നത്. ടെക്നോളജി മേഖലയിലെ വിദഗ്ധര്‍, നിക്ഷേപകര്‍ തുടങ്ങിയവർ ഇതില്‍ പങ്കെടുക്കും. ഈ വര്‍ഷം ടെക്നോളജി മേഖലയില്‍ ഉണ്ടാകാവുന്ന മാറ്റങ്ങൾ, സമൂഹ മാധ്യമങ്ങള്‍, മൊബൈല്‍, വിഡിയോ, ഇ-കൊമേഴ്സ്, വ്യാജ വാര്‍ത്ത, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ വിഷയങ്ങളായിരിക്കും ചര്‍ച്ച ചെയ്യപ്പെടുക.
മറൈന്‍ എൻജിനീയറും കപ്പല്‍ നിര്‍മാതാവുമായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ജിത്തു ഹോങ്കോങ്ങിലും സിങ്കപ്പൂരിലുമായി 10 വര്‍ഷത്തിലേറെ താമസിച്ചിട്ടുണ്ട്. അക്കാലത്ത് അദ്ദേഹം അള്‍ട്രാഡീപ് സബ്‌സീ കമ്പനിയുടെ ഷിപ്ബില്‍ഡിങ് ആന്‍ഡ് ഡിസൈന്‍ വിഭാഗത്തിന്റെ ജനറല്‍ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. റിമോട്ടായി വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ (Remotely Operated Underwater Vehicles (ROV) നിര്‍മിക്കുകയും ഓഫ്‌ഷോര്‍ സബ്‌സീ ഡൈവിങ് മേഖലയില്‍ ശ്രദ്ധിക്കുകയും ചെയ്യുന്ന കമ്പനിയായിരുന്നു അള്‍ട്രാഡീപ്. ഈ കാലത്താണ് വാഹനങ്ങളുടെ ഡിസൈനിനെക്കുറിച്ചുള്ള അതിനൂതന ഡൈവിങ് സബ്‌സീ കണ്‍സ്ട്രക്‌ഷന്‍ സങ്കല്‍പങ്ങള്‍ ജിത്തു ഗ്രഹിച്ചെടുത്തത്. ഇതിന് നോര്‍വെയില്‍ നിന്നുള്ള കമ്പനികളായ മാരിന്‍ ടെക്‌നിക് (Marin Teknikk) ഡിസൈന്‍, സോള്‍ട്ട് ഡിസൈന്‍, റോള്‍സ് റോയ്‌സ്, എബിബി, കോങ്‌സ്ബര്‍ഗ്, വാര്‍ട്‌സില തുടങ്ങിയവയുടെ സഹായം ലഭിച്ചിരുന്നു.
വാണിജ്യ കപ്പല്‍ നിര്‍മാണ കേന്ദ്രങ്ങളുമായും മറ്റു നിര്‍മാണ കമ്പനികളുമായും ധാരാളം ചര്‍ച്ചകള്‍ നടത്തിയ പരിചയ സമ്പത്തും അദ്ദേഹത്തിനുണ്ട്. ഇതിനു പുറമെ, ക്രൂസ് (Kreuz) സബ്‌സീ സിംഗപ്പൂര്‍, സീവെയ്‌സ് ഇന്റര്‍നാഷനല്‍ സിംഗപ്പൂര്‍ തുടങ്ങിയ കമ്പനികളില്‍ നേതൃത്വ റോളുകളിലും ജിത്തു തിളങ്ങിയിട്ടുണ്ട്.
∙ ടെക്സ്പെക്റ്റേഷന്‍സ് 2023
മനോരമ ഓൺലൈൻ 25 വർഷം പിന്നിട്ടതിന്റെ ആഘോഷ പരിപാടികൾക്കു തുടക്കമിട്ട്, ടെക്സ്പെക്‌റ്റേഷൻസ് ഡിജിറ്റൽ ഉച്ചകോടിയുടെ അഞ്ചാം പതിപ്പ് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ഫെബ്രുവരി 17 ന് നടക്കും. ‘മനോരമ ഓൺലൈനിന്റെ 25 വർഷങ്ങൾ: നവ ഡിജിറ്റൽ ക്രമത്തിന്റെ ഉൾക്കൊള്ളൽ, പരിണാമം, കുതിപ്പ്’ എന്നതാണ് പ്രധാന പ്രമേയം. ജെയിൻ ഓൺലൈനിന്റെ സഹകരണത്തോടെ നടക്കുന്ന ഉച്ചകോടിയിൽ പ്രമുഖ ടെക് വിദഗ്ധരും സംരംഭകരും പങ്കെടുക്കും. സ്റ്റാർട്ടപ്പുകളും ഏയ്ഞ്ചൽ നിക്ഷേപകരും, വാർത്തയുടെ ഭാവി, ആർട്ടിഫിഷ്യൽ ഇന്റലിജൻസും ബിസിനസ് ഇന്റലിജൻസും, പുതിയ ഡിജിറ്റൽ ക്രമത്തിന്റെ നിർവചനം, ആഡംബര ബ്രാന്‍ഡുകളുടെ ഇന്ത്യൻ സാധ്യതകൾ, അതിരുകൾ മായുന്ന വിനോദവ്യവസായം തുടങ്ങിയവയാകും ചർച്ചാ വിഷയങ്ങൾ.

ടെക്സ്പെക്റ്റേഷൻസ് 2023 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ സീറ്റ് റിസർവ് ചെയ്യാനും https://www.techspectations.com സന്ദർശിക്കുക.
English Summary: Jithu Sukumaran Nair - CEO - VAAN Mobility – Techspectations – 2023