ഗൂഗിളിനെ നേരിടാൻ മൈക്രോസോഫ്റ്റ്, എഐ സേർച്ച് എൻജിനുമായി ബിങ്

Microsoft Chat GPT AI Technology
Photo Credit : Gerard Julien / AFP
SHARE

സേർച്ച് എൻജിൻ ബിങ്, എഡ്ജ് ബ്രൗസർ എന്നിവയ്ക്കായി ചാറ്റ്ജിപിടി പോലുള്ള നിർ‌മിതബുദ്ധി (എഐ) സാങ്കേതികവിദ്യ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. ഗൂഗിൾ സേർച്ചിനെ നേരിടാൻ ലക്ഷ്യമിട്ടുള്ളതാണ് മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കമെന്നും വ്യക്തമാണ്. ചാറ്റ്ജിപിടി പോലുള്ള സാങ്കേതികവിദ്യയെ സേർച്ച് എൻജിനായ ബിങ്ങിന്റെ ഭാഗമാക്കിയാൽ വൻ തിരിച്ചുവരവ് നടത്താനാകുമെന്നാണ് മൈക്രോസോഫ്റ്റ് പ്രതീക്ഷിക്കുന്നത്.

ഓൺലൈൻ സേർച്ചിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റിന്റെ ബിങ്ങിനെ നവീകരിക്കാനാണ് പദ്ധതി. ടെക് ലോകത്തെ ട്രന്റിങ്ങായ ചാറ്റ്ജിപിടിയുടെ സേവനം മുതലാക്കാനായാൽ ബിങ്ങിന് വൻ തിരിച്ചുവരവ് നടത്താനായേക്കും. സേർച്ചിങ് വിപണിയിൽ പിന്നിലായ മൈക്രോസോഫ്റ്റിന് തിരിച്ചുവരവിനുള്ള മികച്ചൊരു അവസരമായിരിക്കും ഇതെന്നും ടെക് വിദഗ്ധർ പറയുന്നു. 

ബിങ്ങിൽ ചേർക്കുന്നതിനൊപ്പം എഐ ചാറ്റ്ബോട്ട് സാങ്കേതികവിദ്യ മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൗസറിലും ഉൾപ്പെടുത്തുന്നുണ്ട്. വാഷിങ്ടണിലെ റെഡ്മണ്ടിലുള്ള ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മൈക്രോസോഫ്റ്റ് പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്. ചാറ്റ്ജിപിടി നിർമാതാക്കളായ ഓപ്പൺഎഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതും എന്നാൽ സേർച്ചിങ്ങിനായി വികസിപ്പിച്ചെടുത്തതുമാണ് പുതിയ ടെക്നോളജി. എന്നാൽ നിലവിലെ ചാറ്റ്ജിപിടിയേക്കാൾ വേഗമേറിയതും കൂടുതൽ കൃത്യതയുള്ളതും ശക്തവുമായിരിക്കും ഇതെന്നും മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് യൂസഫ് മെഹ്ദി പറഞ്ഞു.

ഓപ്പൺ എഐ എന്ന ഓപ്പൺസോഴ്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി സൃഷ്ടിച്ച ചാറ്റ്ജിപിടി എന്ന രചനാത്മക എഐ സംവിധാനത്തിൽ മൈക്രോസോഫ്റ്റ് നേരത്തേ തന്നെ 1000 കോടി ഡോളർ നിക്ഷേപിക്കുമെന്ന് അറിയിച്ചിരുന്നു. 2019ൽ 100 കോടി ഡോളർ (8100 കോടി രൂപ) നിക്ഷേപം നടത്തിക്കൊണ്ടാണു മൈക്രോസോഫ്റ്റ് ഓപ്പൺ എഐയുമായി സഹകരണം ആരംഭിച്ചത്. നവംബർ ആദ്യം ചാറ്റ്ജിപിടി എന്ന എഐ ചാറ്റ്ബോട്ട് പുറത്തിറക്കിയതോടെ ലോകമെങ്ങും എഐ ശ്രദ്ധ നേടി. ഓപ്പൺ എഐയുടെ ജിപിടി 3 എന്ന എഐ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ ചാറ്റ്ബോട്ട് ആണ് ചാറ്റ്ജിപിടി.

ഉപയോക്താക്കളുടെ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും അതിവേഗം ഉത്തരം നൽകാനും സർ‌ഗാത്മകരചനകൾ നടത്താനും ശേഷിയുള്ള ചാറ്റ്ജിപിടി സേർച് എൻജിനായ ഗൂഗിളിനു വലിയ വെല്ലുവിളിയായേക്കുമെന്നാണു പ്രവചനങ്ങൾ. മൈക്രോസോഫ്റ്റിന്റെ സേർച് എൻജിൻ ആയ ബിങ്ങിൽ ചാറ്റ്ജിപിടി സേവനം ഉൾപ്പെടുത്തുമെന്നു കമ്പനി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

English Summary: Microsoft Announces ChatGPT-Like AI Technology for Search Engine Bing

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS