സേര്‍ച്ചിൽ പണി പാളി, ഗൂഗിളിന് 8,26,270 കോടി രൂപയുടെ വൻ നഷ്ടം! എഐ ഗോദയിലേക്ക് ആപ്പിളും

Google Bard chatbot
Photo: AFP
SHARE

ടെക് ലോകത്തെ വിസ്മയിപ്പിച്ച എഐ ചാറ്റ് സംവിധാനമായ ചാറ്റ്ജിപിടിയെ കെട്ടുകെട്ടിക്കാനായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ഗൂഗിളിന് തുടക്കത്തിലേ തിരിച്ചടി. ചാറ്റ്ജിപിടിക്കെതിരെ തങ്ങളുടെ എഐ സേര്‍ച് സംവിധാനമായ ബാര്‍ഡ് ആണ് ഗൂഗിള്‍ അവതരിപ്പിച്ചത്. എന്നാല്‍, ബാര്‍ഡ് നല്‍കിയ ഉത്തരത്തില്‍ തെറ്റുസംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഗൂഗിളിന്റെ ഓഹരി വില 7.4 ശതമാനം ഇടിഞ്ഞ് 99.67 ഡോളറായെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. (ആദ്യം 8.9 ശതമാനമായിരുന്നു ഇടിവ്.) ഒക്ടോബര്‍ 26നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. കഴിഞ്ഞ ദിവസം മാത്രം ഓഹരി വിപണിയില്‍ 10000 കോടി ഡോളറാണ് (ഏകദേശം 8,26,270 കോടി രൂപ) കമ്പനിക്ക് നഷ്ടമുണ്ടായത്.

∙ തെറ്റ്

ബാര്‍ഡിന്റെ തെറ്റ് എടുത്തു കാണിക്കുന്ന ട്വീറ്റ് സിഎന്‍എന്‍ പുറത്തുവിട്ടിട്ടുണ്ട്, https://bit.ly/40G5mnC. ജയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ് ആണ് സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളുടെ ആദ്യ ഫോട്ടോകള്‍ പകര്‍ത്തിയത് എന്നാണ് ബാര്‍ഡ് പറഞ്ഞത്. എന്നാല്‍, നാസയുടെ രേഖകള്‍ പ്രകാരം എക്‌സോപ്ലാനറ്റുകളുടെ ആദ്യ ചിത്രം പകര്‍ത്തിയത് യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയുടെ വെരി ലാര്‍ജ് ടെലസ്‌കോപ് ആണ്. ഇതാകട്ടെ 2004 ലും ആയിരുന്നു. ഈ തെറ്റാണ് ഗൂഗിളിനെ നാണംകെടുത്തിയത്.

∙ ബാര്‍ഡ് പരീക്ഷണാര്‍ഥമെന്ന് ഗൂഗിള്‍

ഗൂഗിളിന്റെ സേര്‍ച് സംവിധാനമായ ബാര്‍ഡ് ചില തിരഞ്ഞെടുക്കപ്പട്ട ഉപയോക്താക്കള്‍ക്കു മാത്രമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ബാര്‍ഡിനെ ഗൂഗിള്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിനു തൊട്ടുമുൻപാണ് തെറ്റായ ഉത്തരം കണ്ടുപിടിച്ചത്. ഇതോടെ ഗൂഗിളിന്റെ ഓഹരി വില കുത്തനെ താഴേക്ക് വീണു. അതേസമയം, ചാറ്റ്ജിപിടിയുടെ വിജയം സമ്മര്‍ദം ചെലുത്തിയതിനാല്‍, വേണ്ടത്ര മികവ് ആർജിക്കാതെയാവാം ബാര്‍ഡിനെ ഗൂഗിള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചതെന്നും വാദമുണ്ട്. അതേസമയം, ചാറ്റ്ജിപിടിക്കായി പണമിറക്കിയ കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റിന്റെ ഓഹരിവില 3 ശതമാനം ഉയരുകയും ചെയ്തു. ബാര്‍ഡ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് പരീക്ഷണാര്‍ഥം മാത്രമാണ് എന്നാണ് തെറ്റു കണ്ടെത്തിയതിനെക്കുറിച്ച് ഗൂഗിള്‍ പ്രതികരിച്ചത്.

∙ ഗൂഗിള്‍ ‘ഉറങ്ങുകയായിരുന്നു’

എഐ വികസിപ്പിക്കാന്‍ മുന്നില്‍നിന്ന കമ്പനിയായ ഗൂഗിള്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ഉറങ്ങുകയായിരുന്നു എന്ന തോന്നലാണ് തനിക്കുള്ളതെന്നാണ് വിശകലന കമ്പനിയായ ഡിഎ ഡേവിഡ്‌സണിലെ സോഫ്റ്റ്‌വെയര്‍ വിശകലനവിദഗ്ധൻ ഗില്‍ ലുറിയ പറയുന്നത്. എഐയെ സേര്‍ച്ചില്‍ നേരത്തേ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. ചാറ്റ്ജിപിടിയുടെ വിജയം കണ്ട് എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഗൂഗിള്‍ പരക്കംപായുകയാണ്. തട്ടിക്കൂട്ടു സംവിധാനവുമായി എത്തിയ ഗൂഗിളിന് കടുത്ത മാനക്കേടാണ് ബാര്‍ഡ് തുടക്കത്തില്‍ നൽകിയിരിക്കുന്നത്. അതേസമയം ഗൂഗിളിന്റെ കാലിടറല്‍ താത്കാലികം മാത്രമായിരിക്കും എന്നാണ് ബേക്കര്‍ അവന്യു വെല്‍ത് മാനേജ്‌മെന്റിലെ വിശകലനവിദഗ്ധന്‍ കിങ് ലിപ് പ്രതികരിച്ചത്. അടുത്തകാലത്തൊന്നും മൈക്രോസോഫ്റ്റിന്റെ ബിങ് ഗൂഗിളിന് ഒരു എതിരാളിയാവില്ലെന്നും കിങ് പറഞ്ഞു.

∙ എഐ മത്സരം കടുക്കുന്നു; ഗോദയിലേക്ക് ആപ്പിളും

അപ്രതീക്ഷിതമായി രംഗത്തെത്തി ടെക്നോളജി ലോകത്തെ അമ്പരപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേര്‍ച് സംവിധാനമായ ചാറ്റ്ജിപിടി അഴിച്ചുവിട്ടത് അടുത്ത തലമുറയിലെ കിടമത്സരങ്ങളിലൊന്നാണ് എന്ന് ടെക്നോളജി ലോകം കരുതുന്നു. ചാറ്റ്ജിപിടിയുടെ അഭൂതപൂര്‍വമായ വിജയം കണ്ട് ഞെട്ടിയുണര്‍ന്ന ഗൂഗിള്‍ തങ്ങളുടെ എഐ സംവിധാനമായ ബാര്‍ഡിനെ പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇതിന് വേണ്ടത്ര പക്വതയാര്‍ജിക്കാനായോ എന്നു സംശയമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും, പുതിയ നീക്കങ്ങള്‍ ആപ്പിള്‍ കമ്പനിയെയും ഉണര്‍ത്തിയിരിക്കുകയാണ്. ചാറ്റ്ജിപിടിയുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ തന്ത്രങ്ങള്‍ മെനയാനായി കമ്പനിയുടെ ജോലിക്കാര്‍ക്ക് 'എഐ സമ്മിറ്റ്' വിളിച്ചിരിക്കുകയാണ് ആപ്പിള്‍.

Apple Office
Photo: AFP

∙ ഉന്നതതല സമ്മേളനം സ്റ്റീവ് ജോബ്സ് തിയറ്ററില്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ പല സമ്മേളനങ്ങളും മാറ്റിവച്ച ആപ്പിള്‍ ഇപ്പോള്‍ തങ്ങളുടെ അഭിമാന സ്ഥാനങ്ങളിലൊന്നായ സ്റ്റീവ് ജോബ്സ് തിയറ്ററില്‍ വച്ച് കമ്പനിയുടെ ജോലിക്കാര്‍ക്ക് മാത്രമായാണ് മീറ്റിങ് വിളിച്ചിരിക്കുന്നതെന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍ പറയുന്നു. ആപ്പിളിന്റെ ഈ വര്‍ഷത്തെ എഐ സമ്മിറ്റ് ചാറ്റ്ജിപിടിയുടെ അതിവേഗ വളര്‍ച്ചയുടെ പശ്ചാത്തലത്തിലായിരിക്കും നടക്കുക. ലേഖനങ്ങള്‍, തമാശകള്‍, കവിതകള്‍ തുടങ്ങിയവ മുതല്‍ കംപ്യൂട്ടര്‍ കോഡുകളിലെ തെറ്റുതിരുത്താന്‍ പോലും ഉപയോഗിക്കാവുന്ന ഒന്നായ ചാറ്റ്ജിപിടി ഒരു കൊടുങ്കാറ്റുപോലെയാണ് ലോകമെമ്പാടും പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്. 'മനുഷ്യത്വമുള്ള' ഉത്തരങ്ങളാണ് ചാറ്റ്ജിപിടിയില്‍ നിന്ന് ലഭിക്കുന്നതെന്നും ചിലര്‍ അവകാശപ്പെടുന്നു.

∙ എഐ കമ്പനികളെ ഏറ്റെടുത്ത് ആപ്പിളും

കാലോചിതമായി നവീകരിച്ചില്ലെങ്കില്‍ ടെക്നോളജി മേഖലയില്‍ ഏതൊരു കമ്പനിയും നിസാര സമയം കൊണ്ട് കാലഹരണപ്പെടാമെന്ന് വ്യക്തമായി അറിയാം ആപ്പിളിന്. ആപ്പിള്‍ വാങ്ങിയ കമ്പനികളിലൊന്ന് അത്യാധുനിക എഐ ഗവേഷണം നടത്തിവന്ന വിലിന്‍ക്സ് (Vilynx) ആണ്. ബാർസിലോന കേന്ദ്രമായിട്ടായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നത്. കംപ്യൂട്ടര്‍ വിഷന്‍ കമ്പനിയായ സെനോര്‍.എഐയും (Xnor.ai) ആപ്പിള്‍ ഏറ്റെടുത്തിരുന്നു. ഇത് പ്രവര്‍ത്തിച്ചിരുന്നത് വാഷിങ്ടനിലാണ്. ചാറ്റിജിപിടിയും ഗൂഗിളിന്റെ ബാര്‍ഡും അടക്കമുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് റിമോട്ട് ഡേറ്റാ സെന്ററുകളെ കേന്ദ്രീകരിച്ചാണെങ്കില്‍ സെനോര്‍.എഐക്ക് ഒരു ഉപകരണത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ട്.

∙ പുരോഗതി കൈവരിച്ച് ആപ്പിളും

തങ്ങള്‍ പുറത്തിറക്കുന്ന ഉപകരണങ്ങളില്‍ നൂതന എഐ മെഷീന്‍ ലേണിങ് കേന്ദ്രീകൃത ഫീച്ചറുകള്‍ ധാരാളമായി ഉള്‍ക്കൊള്ളിച്ചു തുടങ്ങിയിരിക്കുകയാണ് ആപ്പിളെന്ന് 9ടു5മാക് റിപ്പോര്‍ട്ടു ചെയ്യുന്നു. റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പ്രകാരം, ഗൂഗിളിന്റെ ഡേറ്റാ ശാസ്ത്രജ്ഞനായ സാമി ബെന്‍ജിയോയെ (Bengio) 2021ല്‍ ആപ്പിള്‍ ജോലിക്കെടുത്തിരുന്നു. ഇദ്ദേഹമാണ് ആപ്പിളിന്റെ എഐ ഗവേഷണം നയിക്കുന്നതെന്നാണ് സൂചന. കമ്പനിയുടെ മെഷീന്‍ ലേണിങ്, എഐ സ്ട്രാറ്റജി വിഭാഗം വൈസ് പ്രസിഡന്റ് ജോണ്‍ ഗിയനാനാന്‍ഡ്രിയയുടെ (Giannandrea) കീഴിലാണ് സാമി പ്രവര്‍ത്തിക്കുന്നത്. ആപ്പിളിന്റെ എഐ സമ്മിറ്റ് ഒരു സ്വകാര്യ സമ്മേളനമായതിനാല്‍ ഇതില്‍ നിന്ന് എന്തു പ്രതീക്ഷിക്കാമെന്നതിനെക്കുറിച്ച് മുന്‍കൂട്ടി പറയാനാവില്ല. ഗൂഗിളിനെ പോലെ ആപ്പിൾ തങ്ങളുടെ അടുത്ത ചുവടുവയ്പ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം പുറത്തുവിടുമോ എന്നും അറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

English Summary: Google shares lose more than $100 billion after AI chatbot Bard flubs answer in ad

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS