ഇന്ത്യയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി, ബിസിനസ് രീതി അടിമുടി പൊളിച്ചെഴുതാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ ടെക്‌നോളജി കമ്പനി ആപ്പിളെന്ന് ബ്ലൂംബര്‍ഗ്. ഇത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്കു വര്‍ധിച്ചുവരുന്ന പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതാണെന്ന് ആപ്പിള്‍ കമ്പനിയെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിടുന്നവരില്‍ ഒരാളായ മാര്‍ക് ഗുര്‍മന്‍ പറയുന്നു. മറ്റു രാജ്യങ്ങളില്‍ ആപ്പിള്‍ ഉപകരണങ്ങളോടുള്ള ആവേശം തണുത്തു തുടങ്ങിയെങ്കിലും ഇന്ത്യയില്‍ ആവശ്യക്കാരേറുന്നു എന്നതിനാല്‍ രാജ്യത്തുടനീളം സാന്നിധ്യം ഉറപ്പാക്കാന്‍ കമ്പനി ശ്രമിച്ചേക്കും.
∙ ഇന്ത്യാ മേധാവിക്ക് സ്ഥാനക്കയറ്റം
ഇന്ത്യ, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, മെഡിറ്ററേനിയന്‍, കിഴക്കന്‍ യൂറോപ്പ്, ആഫ്രിക്ക എന്നിവടങ്ങളില്‍ ആപ്പിളിന്റെ വൈസ് പ്രസിഡന്റ് ആയിരുന്ന ഹ്യൂസ് അസെമാന്‍ അടുത്തിടെ വിരമിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് ആപ്പിള്‍ കൊണ്ടുവരുന്നത് ഇന്ത്യാ വിഭാഗം മേധാവി ആശിഷ് ചൗധരിയെ ആണെന്നത് കമ്പനിയുടെ പുതിയ തന്ത്രങ്ങളുടെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്. ഹ്യൂസിന് റിപ്പോര്‍ട്ട് ചെയ്തിരുന്നയാളാണ് ആശിഷ്. അദ്ദേഹം ഇനി ആപ്പിളിന്റെ സെയില്‍സ് വിഭാഗം മേധാവി മൈക്കിൾ ഫെങ്ഗര്‍ക്ക് നേരിട്ടായിരിക്കും റിപ്പോർട്ട് ചെയ്യുക. പുതിയ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ ആപ്പിള്‍ വിസമ്മതിച്ചുവെന്ന് ബ്ലൂംബര്‍ഗും റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്യുന്നു.
∙ റെക്കോർഡ് വരുമാനം
കഴിഞ്ഞ പാദത്തില്‍ ലോക വിപണിയില്‍ ആപ്പിളിന് 5 ശതമാനം ഇടിവാണ് ഉണ്ടായത്. അതേസമയം, ഇന്ത്യയില്‍നിന്ന് റെക്കോർഡ് വരുമാനമാണ് ലഭിച്ചത്. ഇതേക്കുറിച്ച് ആപ്പിള്‍ മേധാവി ടിം കുക്ക് പറഞ്ഞത്, ഇന്ത്യന്‍ വിപണിക്ക് തങ്ങള്‍ വളരെയധികം ഊന്നല്‍ നല്‍കുമെന്നായിരുന്നു. ചൈനയില്‍നിന്നു പഠിച്ച കാര്യങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലെ വില്‍പനയില്‍നിന്ന് ആപ്പിളിന് പ്രതിവര്‍ഷം ഏകദേശം 7500 കോടി ഡോളറാണ് ലഭിക്കുന്നത്. വളരെയധികം പ്രതീക്ഷ പുലര്‍ത്താവുന്ന വിപണിയാണ് ഇന്ത്യ, കൂടാതെ വൻതോതിൽ ആപ്പിൾ ഉപകരണ നിര്‍മാണത്തിന് ഒരുങ്ങുകയുമാണ് ഇന്ത്യ. ആപ്പിളിനായി ഉപകരണങ്ങള്‍ നിര്‍മിച്ചു നൽകുന്ന കമ്പനികളില്‍ പ്രധാനപ്പെട്ട ഫോക്‌സ്‌കോണ്‍ അടക്കം പലതും രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. പുതിയ സാധ്യതകള്‍ മുതലാക്കാനായി മാനേജ്‌മെന്റ് ഘടനയില്‍ മാറ്റം വരുത്തുകയാണ് ആപ്പിള്‍ എന്നാണ് സൂചന.
∙ചാറ്റ്ജിപിടിയുടെ പ്രഭാവം - ബിങ്ങിന് 10 കോടി ഉപയോക്താക്കള്‍
അധികമാരും പരിഗണിക്കാതെ കിടന്ന മൈക്രോസോഫ്റ്റിന്റെ സേര്‍ച്ച് എൻജിനായ ബിങ് പ്രതിദിനം 10 കോടി ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് താണ്ടിയെന്ന് കമ്പനി അറിയിച്ചു. അതില്‍ മൂന്നിലൊന്നും പുതിയ ഉപയോക്താക്കളാണന്നും കമ്പനി പറഞ്ഞു. ബിങ്ങിനൊപ്പം വൈറലായ എഐ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുത്തിയതാണ് ബിങ്ങിന്റെ അഭൂതപൂര്‍വമായ കുതിപ്പിനു പിന്നില്‍. ഇത് അദ്ഭുതപ്പെടുത്തുന്ന ഒന്നാണെന്നും കമ്പനി നിരീക്ഷിക്കുന്നു. സേര്‍ച്ചും ഉത്തരങ്ങളും ചാറ്റും സര്‍ഗസൃഷ്ടിയും ഒരുമിച്ചു നല്‍കുന്നുവെന്നത് പല ഉപയോക്താക്കള്‍ക്കും ഇഷ്ടപ്പെട്ടെന്നും കമ്പനി പറയുന്നു. ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധന ബിങ്ങിന്റെ പുരോഗതിയെ കാണിക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല നിരീക്ഷിക്കുന്നു.
∙ ഡക്ഡക്‌ഗോയിലും എഐ അസിസ്റ്റന്റ്
സേര്‍ച്ച് ചെയ്യുമ്പോള്‍ കുറച്ചു ലിങ്കുകള്‍ കൊണ്ടുവന്നു തരുന്ന പഴയ രീതിക്കു പകരം സേര്‍ച്ച് ചെയ്ത വിഷയത്തെക്കുറിച്ച് ചെറു വിവരണം നല്‍കുന്ന ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം എല്ലാ സേര്‍ച്ച് എൻജിനുകളിലേക്കും എത്തുകയാണ്. മൈക്രോസോഫ്റ്റ് ബിങ് ആണ് ഇതാദ്യം കൊണ്ടുവന്നത്. ഗൂഗിള്‍ ഉടനെ അവതരിപ്പിക്കും. തങ്ങള്‍ നടത്തുന്ന സേര്‍ച്ചുകള്‍ താരതമ്യേന സ്വകാര്യമായിരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഉപയോഗിക്കുന്ന സേര്‍ച്ച് എൻജിനായ ഡക്ഡക്‌ഗോയും എഐ ഉപയോഗിച്ച് സേര്‍ച്ച് ചെയ്ത വിഷയത്തിന്റെ ഒരു രത്‌നച്ചുരുക്കം നല്‍കി തുടങ്ങിയിരിക്കുകയാണ്.
∙ ഡക്അസിസ്റ്റ്
ഡക്അസിസ്റ്റ് (DuckAssist) എന്നാണ് പുതിയ ഫീച്ചറിനെ ഡക്ഡക്‌ഗോ വിളിക്കുന്നത്. ഇതിന്റെ ബീറ്റാ വേർഷൻ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കി എന്നാണ് കമ്പനി പറയുന്നത്. ഇതിപ്പോൾ ഇന്ത്യയില്‍ ലഭ്യമായിട്ടില്ല. സേര്‍ച്ച്ചെയ്യുന്ന വിഷയത്തിന്റെ രത്‌നച്ചുരുക്കം വിക്കിപ്പിഡിയ പേജില്‍ നിന്ന്, സേര്‍ച്ച് ചെയ്യുന്ന ആള്‍ ആരാണെന്നു നോക്കാതെ നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. താമസിയാതെ എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ലഭിച്ചേക്കും. ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യ തന്നെയാണ് ഡക്ഡക്‌ഗോയും പ്രയോജനപ്പെടുത്തുന്നത്.
∙ മാക് ഉപയോക്താക്കള്‍ക്ക് മാക്ജിപിടിയും വാച്ച്ജിപിടിയും
ആളുകള്‍ ജോലി ചെയ്യുന്ന രീതി തന്നെ വിപ്ലവകരമായി മാറ്റിമറിക്കുകയാണ് ചാറ്റ്ജിപിടി. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമം മൈക്രോസോഫ്റ്റ് തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, തങ്ങള്‍ അത്തരമൊരു ശ്രമം നടത്തുന്നതായി ആപ്പിള്‍ ഇതുവരെ പറഞ്ഞിട്ടില്ല. ആപ്പിളിന്റെ കംപ്യൂട്ടിങ് ഉപകരണമായ മാക്കിനായി ഒരു എഐ സേര്‍ച്ച് സംവിധാനം എത്തിയെന്ന് ബിജിആര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ജോര്‍ഡി ബ്രുയിന്‍ ആണ് ഡവലപ്പര്‍. മാക്കിന്റെ മെനു ബാറില്‍ ഇത് പ്രവര്‍ത്തിപ്പിക്കാം. ചാറ്റ്ജിപിടിയുടെ ചാറ്റ് ഇന്റര്‍ഫെയ്‌സ് ബ്രൗസറില്‍ ലോഡ് ചെയ്യുകയാണ് ഇത് ചെയ്യുന്നത്. ഓപ്പണ്‍എഐ ലോഗ്ഇന്‍ വേണം പ്രവര്‍ത്തിപ്പിക്കാന്‍. ഉപയോഗിക്കാന്‍ ഫ്രീയാണ്. ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്ക് എഐ സേര്‍ച്ച് ലഭിക്കാനായി ഉള്ള വാച്ച്ജിപിടിയും പുറത്തിറക്കി. ഇതിന് 4.99 ഡോളര്‍ നല്‍കണം.
∙ അമേരിക്കക്കാര്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കാന്‍ ടിക്‌ടോക്കിന് സാധിച്ചേക്കുമെന്ന് എഫ്ബിഐ ഡയറക്ടര്‍
ചൈനീസ് സമൂഹ മാധ്യമ ആപ്പായ ടിക്‌ടോക്കിനെതിരെ അമേരിക്കയില്‍ പടയൊരുക്കം മുറുകുകയാണെന്ന് ബ്ലൂംബര്‍ഗ്. എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റൈയുടെ പ്രസ്താവന ഇതിന്റെ വ്യക്തമായ സൂചനയാണെന്നു വ്യാഖ്യാനിക്കപ്പെടുന്നു. അമേരിക്കക്കാരുടെ ഡേറ്റ കൈവശമുള്ള ടിക്‌ടോക്കിന് രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കാന്‍ സാധിച്ചേക്കുമെന്നാണ് എഫ്ബിഐ ഡയറക്ടര്‍ പറഞ്ഞിരിക്കുന്നത്. ടിക്‌ടോക്ക് ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ടൂളാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും പ്രാധാന്യമേറിയ നിരീക്ഷണ സംവിധാനങ്ങളിലൊന്നാണ് ടിക്‌ടോക്കില്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍ക്കൊ റുബിയോയും പറഞ്ഞു. അതേസമയം, ടിക്‌ടോക്ക് ആപ് നിരോധിക്കാനോ ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് കൈമാറാനോ ഉള്ള നീക്കത്തിന് ബൈഡന്‍ ഭരണകൂടത്തിന്റെ പിന്തുണ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

∙ ഡേറ്റാ സ്വകാര്യതയുടെ കാര്യത്തില്‍ യൂറോപ്പിന്റെ ആശങ്ക തണുപ്പിക്കാന്‍ ടിക്‌ടോക്ക്
അമേരിക്കയെ പോലെ തന്നെ ടിക്‌ടോക്കിന്റെ സാന്നിധ്യം ഭയക്കുകയാണ് യൂറോപ്പും. ഈ മേഖലയിലും ആപ് നിരോധിക്കപ്പെട്ടേക്കാം. എന്നാല്‍, യൂറോപ്പിലെ ഉപയോക്താക്കളുടെ ഡേറ്റ സൂക്ഷിക്കാനായി യൂറോപ്പില്‍ത്തന്നെയുള്ള ഒരു സുരക്ഷാ കമ്പനിക്ക് കൈമാറാന്‍ ഒരുങ്ങുകയാണ് എന്നാണ് ടിക്‌ടോക് പറയുന്നത്. ഇതിനായി മൂന്നു ഡേറ്റാ സെന്ററുകള്‍ സജ്ജീകരിക്കും. ഈ പദ്ധതിക്കായി 120 കോടി യൂറോ മുതല്‍മുടക്കുമെന്നും കമ്പനി പറയുന്നു. ഡേറ്റാ സെന്ററുകളുടെ ജോലി ആറു മാസം മുൻപ് തുടങ്ങിയെന്നും പറയുന്നു.
English Summary: Apple to shake up international sales operations to make India its own region