ടെക്‌നോളജി പ്രേമികളെ അമ്പരപ്പിച്ച ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന എഐ സേര്‍ച്ച് ടെക്‌നോളജിയുടെ അടുത്ത പതിപ്പില്‍ ഒട്ടനവധി പുതിയ ഫീച്ചറുകള്‍ ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത് മൈക്രോസോഫ്റ്റ് ജര്‍മനിയുടെ ചീഫ് ടെക്‌നോളജി ഓഫിസര്‍ ആന്‍ഡ്രിയസ് ബ്രൗണ്‍ ആണ്. അടുത്തയാഴ്ച തന്നെ പുതിയ പതിപ്പായ ജിപിടി-4 അവതരിപ്പിക്കുമെന്ന അറിയിപ്പ് ടെക്‌നോളജി മേഖലയ്ക്ക് ഒരേസമയം ആവേശവും ആശങ്കയും പകര്‍ന്നിരിക്കുകയാണ്. കംപ്യൂട്ടറുകള്‍ക്ക് ഭാഷ ‘സ്വാഭാവികമായി’ മനസ്സിലാക്കാന്‍ അനുവദിക്കുന്ന, വിപ്ലവകരമായ ലാര്‍ജ് ലാംഗ്വേജ് മോഡലിന്റെ (എല്‍എല്‍എം) അടുത്ത ഘട്ടമായിരിക്കും അവതരിപ്പിക്കുക. ജര്‍മനിയില്‍ നടന്ന എഐ ഇന്‍ ഫോക്കസ്-ഡിജിറ്റല്‍ കക്കോഫ് എന്ന പരിപാടിയിലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
∙ വരുന്നത് മള്‍ട്ടിമോഡല്‍
നിലവില്‍ ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടിയോടൊ മൈക്രോസോഫ്റ്റ് ബിങ്ങിനോടോ ഒരാള്‍ ഇടപെടുന്നത് എഴുത്തിലൂടെയാണ് (text). ഇതിന്റെ അടുത്ത ഘട്ടമായ മള്‍ട്ടിമോഡല്‍ (Multimodal) ടെക്‌സ്റ്റിനു പുറമേ ചിത്രങ്ങളും വിഡിയോയും ശബ്ദവും അടക്കമുള്ള പ്രപഞ്ചം സൃഷ്ടിക്കാനാണ് ഒരുങ്ങുന്നത്. ഇതിനു പുറമെ വിവിധ ഭാഷകളില്‍ എഐ സേര്‍ച്ച് സംവിധാനവുമായി ഇടപെടുന്നതും എളുപ്പമാക്കിയേക്കും. വിവിധ രീതിയില്‍ മനുഷ്യര്‍ക്കും കംപ്യൂട്ടറിനും തമ്മില്‍ പരസ്പരം ആശയവിനിമയം സാധ്യമാക്കുന്ന ഒന്നായിരിക്കും മള്‍ട്ടിമോഡലില്‍ കാണാനാകുക. എന്നാല്‍, ഇത് ശരിയായ ദിശയിലുള്ള പോക്കല്ലെന്നു പറഞ്ഞ് പ്രമുഖ ടെക്‌നോളജി വെബ്‌സൈറ്റായ ടെക്‌റഡാര്‍ രംഗത്തെത്തി.
∙ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോ?
എഐ സൃഷ്ടിക്കുന്ന ഡീപ്‌ഫെയ്ക് (വ്യാജ) വിഡിയോകള്‍ അനുദിനമെന്നോണം വര്‍ധിക്കുകയാണെന്ന് ടെക്‌റഡാര്‍ ചൂണ്ടിക്കാണിക്കുന്നു. യാതൊരു മനസ്സറിവും ഇല്ലാതെ ഇത്തരം വിഡിയോകളില്‍ ആളുകള്‍ പെട്ടുപോകുന്നു. ചാറ്റ്ജിപിടി വിഡിയോ രംഗത്തേക്കു കൂടി കടക്കുന്നത് പേടിപ്പെടുത്തുന്നു എന്നാണ് അവര്‍ പറയുന്നത്. പ്രശസ്തരായ വ്യക്തികളെ ഉള്‍പ്പെടുത്തി ഒരു വ്യാജ വിഡിയോ നിർമിക്കാന്‍ ചാറ്റ്ജിപിടിയോട് ആവശ്യപ്പെടാന്‍ സാധിച്ചേക്കും. അശ്ലീല വിഡിയോകളും സൃഷ്ടിക്കാന്‍ ആവശ്യപ്പെടാനായോക്കും. ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ അത്തരം അഭ്യര്‍ഥനകള്‍ തള്ളിക്കളഞ്ഞേക്കും. എന്നാല്‍, ചാറ്റ്ജിപിടിയുടെ കോഡ് എളുപ്പത്തില്‍ ലഭ്യമായിരിക്കുമെന്നും ഇത് ഉപയോഗിക്കാനുള്ള കുറഞ്ഞ പരിജ്ഞാനം ഉള്ളവര്‍ക്കു പോലും വ്യാജ വിഡിയോയും മറ്റും സൃഷ്ടിക്കാന്‍ സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
∙ പകര്‍പ്പവകാശത്തിന് പുല്ലുവില?
ഇതിനു പുറമെയാണ് പകര്‍പ്പവകാശമുള്ള ഉളളടക്കത്തിലേക്ക് എഐ കടന്നുകയറുന്നുവെന്ന പ്രശ്‌നം. അദ്ഭുതപ്പെടുത്തിക്കൊണ്ട് എഐ കലയുടെ മേഖലയിലേക്കും കടന്നിരുന്നു. എന്നാല്‍, എഐ സൃഷ്ടിക്കുന്ന കല കലാകാരന്മാരുടെ സൃഷ്ടിയെ അനുകരിച്ചാണ് ഉണ്ടാക്കുന്നത്. ഇത് പകര്‍പ്പവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതാനും മാസം മുന്‍പ് മാത്രം പുറത്തിറക്കിയ ചാറ്റ്ജിപിടി പോലും അതിന്റെ ശൈശവാവസ്ഥയിലാണ്. ഇതിന്റെ പൂര്‍ണ പ്രഭാവം പ്രയോജനപ്പെടുത്തിയിട്ടില്ല എന്നിരിക്കെ തിടുക്കപ്പെട്ട് മള്‍ട്ടിമോഡല്‍ അവതരിപ്പിക്കണോ എന്നാണ് ചോദ്യം. എഐ സേര്‍ച്ച് സംവിധാനത്തിന്റെ നേട്ടങ്ങള്‍ ധാര്‍മികമായ പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ചാറ്റ്ജിപിടിയില്‍ വിഡിയോയും വരുന്നുവെന്ന മൈക്രോസോഫ്റ്റിന്റെ വീമ്പിളക്കല്‍ ഒരേസമയം ഉത്സാഹം പകരുന്നതും പേടിപ്പെടുത്തുന്നതുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
∙ ജോലി പോകാതിരിക്കാന്‍
ജിപിടി-3, ജിപിടി 3.5 എന്നിവയുടെ ശേഷിയാണ് മൈക്രോസോഫ്റ്റ് ബിങ് ഇപ്പോള്‍ ചൂഷണം ചെയ്യുന്നത്. ജിപിടി-4 എത്തുമ്പോള്‍ കൂടുതല്‍ കാര്യക്ഷമതയോടെയും വേഗത്തിലും സേര്‍ച്ച് നടത്താന്‍ ബിങ്ങിനു സാധിക്കുമെന്നു പറയുന്നു. ഇതിനു പുറമെയാണ് മള്‍ട്ടിമോഡല്‍ സാധ്യതകള്‍. ഒരു ഭാഷയിലെ ചോദ്യത്തിന് വേറൊരു ഭാഷയില്‍ ഉത്തരം ലഭിക്കുന്നതുപോലും സാധ്യമായേക്കാമെന്നും അവകാശവാദങ്ങളുണ്ട്. ഇതെല്ലാം, ഇപ്പോഴത്തെ സാധാരണനിലയ്ക്ക് ഭംഗംവരുത്തില്ലേ എന്ന ചോദ്യവും ഉയരുന്നു. എന്നാല്‍, എഐ ആരുടെയും ജോലി കളഞ്ഞേക്കില്ലെന്നാണ് മൈക്രോസോഫ്റ്റ് ജര്‍മനിയുടെ മേധാവി മറിയാനെ ജാനിക് പറഞ്ഞത്. അതേസമയം, കമ്പനികള്‍ തങ്ങളുടെ ജോലിക്കാര്‍ക്ക് പുതിയ ടെക്‌നോളജി ഉപയോഗപ്പെടുത്താന്‍ പരിശീലനം നല്‍കണമെന്നും മരിയാനെ പറയുന്നു.
∙ ചാറ്റ്ജിപിടിയെ ഉള്‍ക്കൊള്ളിക്കാന്‍ ജനറല്‍ മോട്ടോഴ്‌സ്
വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് റോയിട്ടേഴ്‌സ്. ഇതിനായി മൈക്രോസോഫ്റ്റ് കോര്‍പറേഷനുമായി വിശാലമായ സഹകരണമാണ് കമ്പനി ലക്ഷ്യമിടുന്നത്. ചാറ്റ്ജിപിടി എല്ലായിടത്തും എത്തുമെന്നാണ് ജനറല്‍ മോട്ടോഴ്‌സ് വൈസ് പ്രസിഡന്റ് സ്‌കോട്ട് മില്ലര്‍ പറഞ്ഞത്.
∙ സർക്കാർ ഫോണുകളില്‍ ടിക്‌ടോക് നിരോധിച്ച് ബെല്‍ജിയവും
അമേരിക്കയ്ക്കും ചില യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും പിന്നാലെ, സർക്കാർ ഫോണുകളില്‍ ടിക്‌ടോക് നിരോധിച്ചിരിക്കുകയാണ് ബെല്‍ജിയവുമെന്ന് പിടിഐ. നിരോധനം തൽക്കാലത്തേക്ക് ആയിരിക്കും എന്നാണ് ബെല്‍ജിയം പറഞ്ഞിരിക്കുന്നത്. വിവിധ രാജ്യങ്ങളുടെ ആശങ്ക മാറ്റാന്‍ ടിക്‌ടോക് ചില കടുത്ത നടപടികള്‍ തന്നെ സ്വകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
∙ ബിറ്റ്‌കോയിന്‍ വില വീണ്ടും 20,000 ഡോളറില്‍ താഴെ
ഏറ്റവും പ്രശസ്തമായ ക്രിപ്‌റ്റോകറന്‍സി ബിറ്റ്‌കോയിന്റെ വില വീണ്ടും 20,000 ഡോളറില്‍ താഴെ എത്തി. എഫ്ടിഎക്‌സ് കമ്പനി തകര്‍ന്ന സമയത്തായിരുന്നു ഇതിനു മുൻപ് ബിറ്റ്‌കോയിന്റെ വില 20,000 ഡോളറില്‍ താഴെ പോയതെന്ന് ബ്ലൂംബര്‍ഗ് പറയുന്നു.
∙ ആപ്പിള്‍ മ്യൂസിക് ക്ലാസിക്കല്‍ ആപ് പുറത്തിറക്കും
ആപ്പിള്‍ മ്യൂസിക് ക്ലാസിക്കല്‍ ആപ് മാര്‍ച്ച് 28ന് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ക്ലാസിക്കല്‍ പാട്ടുകള്‍ മാത്രം ലഭ്യമാകുന്ന പ്ലാറ്റ്‌ഫോമായിരിക്കും ഇത്. ഇതില്‍ നൂറുകണക്കിന് ക്യൂറേറ്റു ചെയ്ത പ്ലേലിസ്റ്റുകള്‍ സൃഷ്ടിക്കാം. ആപ്പിള്‍മ്യൂസിക് ക്ലാസിക്കല്‍ ആപ്പില്‍ 50 ലക്ഷത്തിലേറെ പാട്ടുകള്‍ ഉണ്ടായിരിക്കുമെന്നും അത് ലോകത്തെ ഏറ്റവും വലിയ ക്ലാസിക്കല്‍ സംഗീത കാറ്റലോഗ് ആയിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
∙ ജോലിക്കാരുടെ 'വീട്ടുടമസ്ഥന്‍' ആകാനും മസ്‌ക്?
ടെസ്‌ല, സ്‌പേസ്എക്‌സ്, ബോറിങ് തുടങ്ങിയ കമ്പനികളുടെ മേധാവി ഇലോണ്‍ മസ്‌ക് പുതിയൊരു പദ്ധതിയുമായി എത്തുന്നു. ഈ കമ്പനികളിലെ ജോലിക്കാര്‍ക്ക് താമസിക്കാന്‍ സ്വന്തമായി ഒരു ടൗണ്‍തന്നെ നിർമിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ചൊവ്വാ ഗ്രഹത്തില്‍ നഗരം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന മസ്‌ക് അമേരിക്കയിലെ ടെക്‌സസിലെ ഓസ്റ്റിന്‍ നഗരത്തില്‍ നിന്ന് ഏകദേശം 35 മൈല്‍ അകലെ നഗരം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതില്‍ അദ്ഭുതമില്ല.
∙ പേര് സ്‌നെയ്ല്‍ബ്രൂക്ക്
മസ്‌കിന്റെ നഗരത്തിന്റെ പേര് സ്‌നെയ്ല്‍ബ്രൂക്ക് എന്നായിരിക്കുമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത്തരം നഗരം പണിയാനുള്ള ശ്രമം നടക്കുന്നതിനെക്കുറിച്ചുളള ചില രേഖകളാണ് ജേണലിന് ലഭിച്ചിരിക്കുന്നത്. തുടക്കത്തില്‍ 110 വീടുകളായിരിക്കും പണിയുക. ബോറിങ് കമ്പനിയിലെ ജോലിക്കാര്‍ക്ക് താമസ സൗകര്യം വേണമെങ്കില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം നോട്ടിസ് നല്‍കിയിരുന്നു. രണ്ട്-മൂന്ന് ബെഡ്‌റൂം ഉള്ള കെട്ടിടത്തിന് പ്രതിമാസം 800 ഡോളറായിരിക്കും വാടക. അതേസമയം, മസ്‌കിന്റെ ടൗണിനു പുറത്ത് ഇത്തരം ഒരു കെട്ടിടത്തിന് ശരാശരി 2,200 ഡോളര്‍ ശരാശരി വാടക നൽകണം.

∙ ശമ്പളം വാങ്ങി വാടക തിരിച്ചടയ്ക്കും
വിചിത്രമായ മറ്റൊരു സാഹചര്യത്തിനു കൂടി സാക്ഷ്യം വഹിക്കുകയാണ് ടെക്‌നോളജി മേഖല. മസ്‌കിന്റെ തൊഴിലാളികള്‍ അദ്ദേഹത്തില്‍നിന്ന് ശമ്പളം കൈപ്പറ്റി അതിലൊരു പങ്ക് അദ്ദേഹത്തിനു തന്നെ തിരിച്ചടയ്ക്കും! വിചിത്ര ആശയങ്ങളുടെ തമ്പുരാനായി അറിയപ്പെടുന്ന മസ്‌കില്‍നിന്ന് ഇത്തരം പല നീക്കങ്ങളും ഇനിയും പ്രതീക്ഷിക്കാം.
English Summary: OpenAI’s GPT-4 to ‘launch next week’ – Microsoft Germany