രണ്ടു സമൂഹ മാധ്യമ ഭീമന്മാര്‍ പരസ്പരം പോരടിക്കാന്‍ ഒരുങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ ടെക്‌നോളജി പ്രേമികളെ രസംപിടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ട്വിറ്ററില്‍ തങ്ങള്‍ പോസ്റ്റു ചെയ്യുന്ന ഉള്ളടക്കത്തില്‍ നിന്ന് എങ്ങനെയാണ് പണമുണ്ടാക്കാന്‍ അനുവദിക്കുക എന്നതിനെക്കുറിച്ചുള്ള ആകാംക്ഷയും നിലനിൽക്കുന്നുണ്ട്. എന്തായാലും, ഇലോണ്‍ മസ്‌കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്ററിന് ഒരു എതിരാളിയെ അവതരിപ്പിക്കുമെന്ന് മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു കഴിഞ്ഞു. മെറ്റാ പുതിയ ഒരു സമൂഹ മാധ്യമ ആപ് പുറത്തിറക്കുമെന്നും ഇതില്‍ ഒരു പോസ്റ്റില്‍ എത്ര അക്ഷരങ്ങള്‍ ആകാമെന്നതിന് പരിമിതി ഉണ്ടായിരിക്കും എന്നുമാണ് മെറ്റാ പറഞ്ഞിരിക്കുന്നത്. അതേസമയം, ഫെയ്‌സ്ബുക്കിനെതിരെ ട്വിറ്ററും പുതിയ തന്ത്രം പുറത്തെടുത്തേക്കുമെന്ന് സൂചനയുണ്ട്. ഇനി 10,000 അക്ഷരങ്ങള്‍വരെയുള്ള പോസ്റ്റുകള്‍ ഇടാന്‍ അനുവദിച്ചേക്കുമെന്നും അങ്ങനെ ട്വിറ്ററിനെ പണമുണ്ടാക്കാവുന്ന ഒരു പ്ലാറ്റ്‌ഫോമാക്കി പരിവര്‍ത്തനം ചെയ്‌തേക്കുമെന്നും പറയുന്നു.
∙ ഫെയ്‌സ്ബുക്കുമായി ബന്ധമില്ല
പുതിയ ആപ് ഫെയ്‌സ്ബുക്കോ, മെറ്റായുടെ മറ്റേതെങ്കിലും ആപ്പുമായോ ബന്ധിപ്പിച്ചല്ല പ്രവര്‍ത്തിപ്പിക്കുന്നതെന്ന് മെറ്റാ വക്താവ് പറഞ്ഞു. ആളുകള്‍ക്ക് അവരുടെ താത്പര്യങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള പുതിയൊരു പ്ലാറ്റ്‌ഫോമായിരിക്കും ഇതെന്നാണ് കമ്പനി പറയുന്നത്. ആപ്പിന് ഇതുവരെ പേരിട്ടിട്ടില്ല. എന്നാല്‍, 2016ല്‍ പുറത്തിറക്കിയ ട്വിറ്ററിന്റെ എതിരാളി ആപ്പായ മാസ്റ്റഡണിന് (Mastodon) പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യയായിരിക്കും മെറ്റായുടെ പുതിയ ആപ്പിന് ഉള്‍ക്കരുത്തു പകരുക എന്നാണ് റിപ്പോര്‍ട്ട്. മെറ്റായുടെ പ്രധാന ആപ്പായ ഫെയ്‌സ്ബുക്കിലേക്ക് പുതിയ ആളുകളെ ആകര്‍ഷിക്കാന്‍ സാധിക്കാതെ വിഷമിക്കുന്ന സന്ദര്‍ഭമാണിതെന്നും ഇതിനാലാകാം പുതിയ ആപ് എന്ന പരീക്ഷണത്തിന് ഒരുങ്ങുന്നതെന്നും പറയുന്നു.
∙ ഫെയ്‌സ്ബുക്കിന്റെ അതിര്‍ത്തിയിലേക്ക് ട്വിറ്റര്‍ കടക്കുന്നതോ പ്രകോപനം?
അതേസമയം, മെറ്റാ കമ്പനിയുടെ പുതിയ നീക്കത്തിനു പിന്നില്‍ മസ്‌കിന്റെ പുതിയ തീരുമാനമാണോ കാരണമെന്നും സംശയമുണ്ട്. ലേഖനങ്ങള്‍ പോസ്റ്റു ചെയ്യാന്‍ ട്വിറ്റര്‍ അനുവദിക്കുകയും അതില്‍ നിന്ന് വരുമാനം ഉണ്ടാക്കാന്‍ അനുവദിക്കുകയും ചെയ്യുമ്പോള്‍ അത് ഫെയ്‌സ്ബുക്കിന് എതിരാളിയായി മാറും. തുടക്കത്തില്‍ എസ്എംഎസ് സന്ദേശത്തെ അനുകരിക്കുന്ന പ്ലാറ്റ്‌ഫോമായിരുന്നു ട്വിറ്റര്‍. ആകെ 140 അക്ഷരങ്ങള്‍ മാത്രമായിരുന്നു ഒരു ട്വീറ്റില്‍ അനുവദനീയം. എന്നാലിപ്പോള്‍ ഇത് 280 അക്ഷരങ്ങള്‍ വരെയാക്കി. അടുത്തിടെ ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് 4,000 അക്ഷരങ്ങളുള്ള ട്വീറ്റു നടത്താനും അനുവദിച്ചേക്കും.
∙ ഇനി ലേഖനങ്ങളും
ഇനി ലോകത്തെവിടെയും ഉള്ളവര്‍ക്ക് ട്വിറ്ററില്‍ ലേഖനങ്ങള്‍ പോസ്റ്റു ചെയ്യാനുള്ള അവസരമാണ് വരാന്‍ പോകുന്നത്. അതോടെ, കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനായേക്കും എന്നാണ് ട്വിറ്റര്‍ കരുതുന്നത്. അതേസമയം, ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമായിരിക്കും 10,000 അക്ഷരങ്ങൾ വരെയുള്ള ലേഖനങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കുക എന്നും കേള്‍ക്കുന്നു. പക്ഷേ, സാധാരണ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കും പോസ്റ്റു ചെയ്യാവുന്ന അക്ഷരങ്ങളുടെ എണ്ണം പല മടങ്ങു വര്‍ധിച്ചേക്കും. ഇതേക്കുറിച്ചൊന്നും കമ്പനി വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍, പുതിയ ട്വിറ്റര്‍ ബോസായ മസ്‌ക് പറയുന്നത് ഇതൊക്കെ ഉടനെ നല്‍കുമെന്നാണ്. അതിനേക്കാളേറെ ട്വീറ്റുകളില്‍ നിന്ന് പണമുണ്ടാക്കാനുള്ള അവസരവും കമ്പനി ഒരുക്കിയേക്കുമെന്നത് പുതിയ ഉപയോക്താക്കളെ ട്വിറ്ററിലേക്ക് ആകര്‍ഷിച്ചേക്കും. കൂടുതല്‍ ആളുകള്‍ വായിക്കുന്നതാണോ പോസ്റ്റില്‍ നിന്ന് പണമുണ്ടാക്കാനുള്ള മാനദണ്ഡമെന്ന് ഇപ്പോള്‍ വ്യക്തമല്ല.

∙ മെറ്റായുടെ പുതിയ ആപ് വിജയിക്കുമോ?
മെറ്റായുടെ ചരിത്രം പരിശോധിച്ചാല്‍ പുതിയ ആപ്പുകളിറക്കി വിജയിട്ടില്ലെന്നു കാണാം. മറിച്ച് മറ്റുള്ളവർ തുടങ്ങിയ ഇന്‍സ്റ്റഗ്രാം, വാട്‌സാപ് തുടങ്ങിയ ആപ്പുകളെ ഏറ്റെടുത്ത ചരിത്രമാണുള്ളത്. അമേരിക്കയിലും മറ്റും ഇന്‍സ്റ്റഗ്രാം ഉപേക്ഷിച്ച് ഉപയോക്താക്കള്‍ ടിക്‌ടോക്കിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് കാണാനാകുന്നത്. സക്കര്‍ബര്‍ഗിന്റെ ഏറ്റവും വലിയ സ്വപ്‌നമായ മെറ്റാവേഴ്‌സ് എന്ന് സാധാരണക്കാര്‍ ഏറ്റെടുക്കുമോ എന്നതൊന്നും ഇപ്പോള്‍ പ്രവചനീയമല്ല. അതിനു മുൻപ് പത്തു കാശുണ്ടാക്കാനും പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാനുമുള്ള ശ്രമമാണ് ട്വിറ്ററിനു പകരമുള്ള ആപ്.
∙ സ്മാര്‍ട് വാച്ച് വില്‍പനയില്‍ ഗൂഗിളിനു വളര്‍ച്ച, സാംസങ്ങിന് തളര്‍ച്ച
ആഗോള സ്മാര്‍ട് വാച്ച് വിപണിയില്‍ ഗൂഗിളിന്റെ കന്നി പിക്‌സല്‍ വാച്ചിന് സ്വീകാര്യത ലഭിച്ചുവെന്ന് ഗവേഷണ കമ്പനിയായ ക്യനാലിസിസ്. കഴിഞ്ഞ പാദത്തില്‍ സ്മാര്‍ട് വാച്ച് വില്‍പനയില്‍ സാംസങ്ങിനെ പിന്തള്ളി ഗൂഗിള്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു സ്മാര്‍ട് വാച്ച് നിര്‍മാണ ഭീമനായ ഫ്റ്റ്ബിറ്റിനും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് ആപ്പിള്‍ എതിരില്ലാതെ തുടരുന്നു. നാലാം സ്ഥാനത്തേക്ക് ഷഓമി എത്തിയെന്നും പഠനം പറയുന്നു.
∙ സ്മാര്‍ട് വാച്ച് വിപണിയില്‍ വമ്പന്‍ ഇടിവ്
ആഗോള സ്മാര്‍ട് വാച്ച് വിപണി 2022 അവസാന പാദത്തില്‍ 18 ശതമാനമാണ് ഇടിവു കാണിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ ഉണര്‍വ് കാണിക്കുന്ന കാലമാണിത്. ആപ്പിളിന്റെ സ്മാര്‍ട് വാച്ച് വില്‍പന പോലും 17 ശതമാനം ഇടിഞ്ഞു. പക്ഷേ, ഈ ഇടിവില്‍ ഒന്നാംസ്ഥാനത്ത് സാംസങ് ആണ്-35 ശതമാനം. ആദ്യ വാച്ചിറക്കി 8 ശതമാനം വിപണി പിടിച്ച ഗൂഗിളാണ് ആപ്പിളിന് പിന്നില്‍.

∙ കാനഡയുടെ ഓണ്‍ലൈന്‍ ന്യൂസ് ആക്ട് നിയമമായാല്‍ വാര്‍ത്താ ലിങ്കുകള്‍ അനുവദിക്കില്ലെന്ന് മെറ്റാ
വാര്‍ത്താ മാധ്യമങ്ങളുടെ കണ്ടെന്റിന്റെ ലിങ്കുകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രചരിപ്പിച്ച് 'കൈ നനയാതെ മീന്‍ പിടിച്ചു' വരികയായിരുന്നു ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ ടെക്‌നോളജി ഭീമന്മാര്‍. ഇതിനെതിരെ ആദ്യം രംഗത്തെത്തിയത് ഓസ്‌ട്രേലിയ ആയിരുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഒരു നിശ്ചിത തുക നല്‍കണമെന്നായിരുന്നു ഓസ്‌ട്രേലിയ പറഞ്ഞത്. ഇത് കമ്പനികള്‍ അംഗീകരിക്കുകയും ചെയ്തു. സമാനമായ ഒരു നീക്കം ഇന്ത്യ അടക്കം പല രാജ്യങ്ങളിലും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കാനഡ 'ഓണ്‍ലൈന്‍ന്യൂസ് ആക്ട്' എന്ന പേരില്‍ പുതിയ നിയമം പാസാക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ആ നിയമം പുതിയ വ്യവസ്ഥകളുമായി പാസായാല്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ വഴി വാര്‍ത്താ മാധ്യമങ്ങളുടെ ലിങ്കുകള്‍ പങ്കുവയ്ക്കുന്നത് അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പാണ് മെറ്റാ നല്‍കിയിരിക്കുന്നത്.
∙ 7 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഹോംപോഡുമായി ആപ്പിള്‍
ആപ്പിളിന്റെ ഹോംപോഡ് സ്മാര്‍ട് സ്പീക്കര്‍ ശ്രേണിയിലേക്ക് പുതിയൊരു അംഗം കൂടി എത്തിയേക്കുമെന്ന് ശ്രുതി. അടുത്ത വര്‍ഷം 7 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഹോംപോഡ് ആണ് ആപ്പിള്‍ പുറത്തിറക്കുക എന്നാണ് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ പ്രവചിക്കുന്നത്. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്‌പ്ലേ നിര്‍മാതാവായ ടിയന്‍മാ (Tianma) ആയിരിക്കും ഹോംപോഡിനുളള ടച് സ്‌ക്രീന്‍ നിര്‍മിച്ചു നല്‍കുക എന്ന് കുവോ അവകാശപ്പെടുന്നു. മറ്റ് ആപ്പിള്‍ ഉപകരണങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിക്കാവുന്നതായിരിക്കും പുതിയ സ്പീക്കർ.
അതേസമയം, ഇത്തരത്തിലൊരു മള്‍ട്ടി ടച്ച് ഉപകരണം ആപ്പിള്‍ പുറത്തിറക്കിയേക്കാമെന്ന് ആദ്യം പ്രവചിച്ചത് ബ്ലൂംബര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മന്‍ ആണ്. ആപ്പിളിന്റെ ഏറ്റവും പുതിയ ഹോംപോഡ് സ്പീക്കര്‍ ഈ വര്‍ഷം ജനുവരിയിലാണ് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തിയത്. ഇതിന് സ്‌ക്രീന്‍ ഒന്നുമില്ല. വില 32,900 രൂപയാണ്. വോയിസ് അസിറ്റന്റ് സിരി, ചില സെന്‍സറുകള്‍, ഇക്യു മൈക്രോഫോണുകള്‍ തുടങ്ങിയവ ഹോംപോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
English Summary: Facebook parent Meta is exploring Twitter-like app