ഇവയാണ് 2023 ലെ മികച്ച ആന്‍ഡ്രോയിഡ് ഫോണുകള്‍, മികച്ച ഫോണ്‍ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ?

smartphone-internet
Photo: AFP
SHARE

ഐഒഎസ് ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ നിർമിച്ചു നല്‍കുന്ന ഫോണുകള്‍ മാത്രമേ വാങ്ങാനാകൂ എങ്കില്‍, അതല്ല ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ സ്ഥിതി. ഇതിന് ഒരേസമയം ഗുണവും ദോഷവുമുണ്ട്. ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ ഫോണ്‍ വേണമെന്നു തോന്നിയാല്‍ ഐ ഫോണ്‍ വാങ്ങിയാല്‍ മതി. ആന്‍ഡ്രോയിഡ് ഒഎസിന്റെ നിയന്ത്രണം കയ്യിലുള്ള ഗൂഗിള്‍ മുതല്‍ (ആപ്പിള്‍ അടക്കം ഹാര്‍ഡ്‌വെയര്‍ ലഭിക്കാന്‍ ആശ്രയിക്കുന്ന) സാംസങ് വരെ പല കമ്പനികളും മികവുറ്റ ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കുന്നു. ഒരു കമ്പനിയുടെ ഫോണ്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ മറ്റൊരു കമ്പനിയുടെ ഫോണ്‍ വാങ്ങാമെന്നതാണ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കുള്ള അനുകൂല സാഹചര്യം. അതേസമയം, ഏതു ഫോണാണ് നല്ലതെന്നു കണ്ടെത്തുക എന്നത് ശ്രമകരമാണ്.

∙ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങുമ്പോള്‍ എന്തെല്ലാം പരിഗണിക്കണം?

ഹാര്‍ഡ്‌വെയര്‍ കംപ്യൂട്ടിങ് കരുത്തു മുതല്‍ എഐ കരുത്തുവരെയും മികച്ച ഡിസ്‌പ്ലേയും ഉജ്വലമായ ക്യാമറകളും ദീര്‍ഘനേരത്തേക്ക് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ബാറ്ററി സാങ്കേതികവിദ്യയും പല വര്‍ഷത്തേക്കുള്ള സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ടുമൊക്കെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷമാകണം പണം മുടക്കൽ. ഡിസ്‌പ്ലേയുടെ കാര്യത്തില്‍ ഓലെഡ് പാനലുകളാണ് പൊതുവെ നല്ലത്. ഇവയ്ക്ക് കുറഞ്ഞത് 600 നിറ്റ്‌സ് ബ്രൈറ്റ്‌നസ് എങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തണം. എന്നാല്‍, ഹൈ-എന്‍ഡ് ഫോണുകള്‍ വാങ്ങുന്നവര്‍ 1000 നിറ്റ്‌സിലേറെ ഉള്ളവ വാങ്ങുന്നതായിരിക്കും നല്ലത്. റിഫ്രെഷ് റേറ്റ് 120 ഹെട്‌സ് ഉണ്ടെങ്കില്‍ കൂടുതല്‍ മികച്ച പ്രകടനം ലഭിക്കും.

∙ ഡിസൈൻ, ക്യാമറ, ബാറ്ററി

ഫോണിന്റെ ഡിസൈനെക്കുറിച്ച് ഓരോരുത്തര്‍ക്കും കാഴ്ചപ്പാടുകള്‍ ഉണ്ടായിരിക്കും. ഇഷ്ടപ്പെടുന്നവ തിരഞ്ഞെടുക്കുക. അതേസമയം, വാങ്ങുന്ന ഫോണിന് പൊടിയും വെള്ളവും കയറാതിരിക്കാനുള്ള സീലുകള്‍ ഉണ്ടോ, സ്‌ക്രീന്‍ ടെക്‌നോളജിയും മറ്റും ദീര്‍ഘ കാലത്തേക്ക് പ്രവര്‍ത്തിക്കുമോ, വയര്‍ലെസ് ചാര്‍ജിങ് ഉണ്ടോ തുടങ്ങിയ കാര്യങ്ങളും പരിഗണിക്കണം.

∙ ക്യാമറ

ഇക്കാലത്ത് മിക്ക ക്യാമറകളും പ്രകാശമുള്ള ഇടത്ത് മികച്ച ഫോട്ടോകള്‍ പകർത്തും. എന്നാല്‍, വെളിച്ചം കുറയുന്നതനുസരിച്ച് ശേഷി കുറയുന്നു. വാങ്ങാന്‍ പോകുന്ന ഫോണിന്റെ ലോ ലൈറ്റ് പ്രകടനം മികച്ചതാണോ എന്നു പരിശോധിക്കുക. ഒപ്പം നൈറ്റ് മോഡിന്റെ പ്രകടനത്തെക്കുറിച്ചും മനസ്സിലാക്കുക. വിഡിയോ റെക്കോർഡ് ചെയ്യുമ്പോള്‍ മികച്ച സ്റ്റെബിലൈസേഷന്‍ ലഭിക്കുന്നോ, അള്‍ട്രാ വൈഡ്, മാക്രോ, ടെലി തുടങ്ങിയ ലെന്‍സുകള്‍ ഉണ്ടോ തുടങ്ങിയ കാര്യങ്ങളും പരിഗണിക്കുക. കൂടാതെ 8കെ, ടൈം ലാപ്‌സ്, സ്ലോ മോഷന്‍ തുടങ്ങിയവ എങ്ങനെയിരിക്കുമെന്നും അന്വേഷിക്കുക.

∙ ബാറ്ററി

ഒരു ഫുള്‍ ചാര്‍ജില്‍ ഒരു ദിവസമെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഫോണുകള്‍ തന്നെ വാങ്ങുക. അതായത്, ഒരു ഫുള്‍ ചാര്‍ജില്‍ 16 മണിക്കൂറെങ്കിലും പ്രവര്‍ത്തിപ്പിക്കാനാകണം. ക്വിക് ചാര്‍ജിങ് സപ്പോര്‍ട്ട്, റിവേഴ്‌സ് ചാര്‍ജിങ് സപ്പോര്‍ട്ട് തുടങ്ങിയവയും ഉണ്ടെങ്കില്‍ നല്ലതാണ്. പരിസ്ഥിതിയെ കൂടി പരിഗണിച്ച്, ഫോണ്‍ കൂടുതല്‍ കാലം ഉപയോഗിക്കാന്‍ ശ്രമിക്കുക. അതിനാല്‍ മൂന്നു വര്‍ഷത്തേക്ക‌െങ്കിലും സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ട് നല്‍കുന്ന ഫോണുകള്‍ തന്നെ തിരഞ്ഞെടുക്കുക.

∙ ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും മികച്ച ഫോണുകള്‍ ഇവ

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിഗണിച്ചാല്‍ ഇപ്പോള്‍ ആഗോള വിപണിയില്‍ വില്‍പനയിലുള്ള അത്യുജ്വല ആന്‍ഡ്രോയിഡ് ഫോണുകളുടെ ലിസ്റ്റ് ഇതാ:

∙ പിക്‌സല്‍ 7 പ്രോ

ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയര്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ പിക്‌സല്‍ 7 പ്രോ ആണ്. അത്യുജ്വല ഓലെഡ് ഡിസ്‌പ്ലേ, ഐഫോണ്‍ 14 പ്രോ മാക്‌സിനേക്കാള്‍ മികച്ച ക്യാമറാ പ്രകടനം (ഡിഎക്‌സ്ഒയുടെ റാങ്കിങ് പ്രകാരം), ഗൂഗിളിന്റെ ടെന്‍സര്‍ ജി2 ചിപ്പ് തുടങ്ങിയവയെല്ലാം ഉള്ള ഫോണ്‍. പ്രീമിയം ഫോണുകളുടെ കാര്യമെടുത്താല്‍ താരതമ്യേന വിലയും കുറവ്. ഇനി ഇത്രയും പണം മുടക്കാനില്ലെന്നുള്ളവര്‍ക്ക് ഇതിലെ മിക്ക പ്രധാന ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചിറക്കിയ പിക്‌സല്‍ 7 ഉണ്ട്. ഇതിലും വില കുറഞ്ഞ ഫോണാണ് നോക്കുന്നതെങ്കിൽ ഗൂഗിള്‍ ഉടന്‍ പുറത്തിറക്കുമെന്നു കരുതുന്ന പിക്സല്‍ 7 എയിലും ഒരു കണ്ണുവച്ചോളൂ. ഇപ്പോള്‍ത്തന്നെ വാങ്ങണമെങ്കില്‍ പിക്‌സല്‍ 6എയും പരിഗണിക്കാം.

∙ മധ്യ നിരയില്‍ വണ്‍പ്ലസ് 11

വലിയ സ്‌ക്രീനും മികവാർന്ന ക്യാമറകളും മികച്ച പ്രകടനവും ഒക്കെയുളള ഫോണാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ വണ്‍പ്ലസ് 11 പരിഗണിക്കാവുന്ന മോഡലാണ്.

∙ പ്രീമിയം ഫോണ്‍ സാംസങ് ഗ്യാലക്‌സി എസ്23 തന്നെ

കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ് ഇറക്കിയ ഗ്യാലക്‌സി എസ്23 അള്‍ട്രായാണ് ഇന്നു വാങ്ങാന്‍ ലഭിക്കുന്ന ഏറ്റവും മികവുറ്റ ആന്‍ഡ്രോയിഡ് ഫോണ്‍. ഇതിന്റെ കൂറ്റന്‍ 6.8-ഇഞ്ച് ഓലെഡ് ഡിസ്‌പ്ലേയില്‍ ഏറ്റവും മികവുറ്റ സ്‌ക്രീന്‍ ടെക്‌നോളജിയൊക്കെ കമ്പനി കുത്തിനിറച്ചിട്ടുമുണ്ട്. പ്രധാന ക്യാമറ, അള്‍ട്രാ-വൈഡ്, 3 മടങ്ങ് സൂം, 10 മടങ്ങ് സൂം എന്നിങ്ങനെ നാലു പിന്‍ ക്യാമറകളുടെ പട തന്നെയാണ് ഉള്ളത്. സെല്‍ഫി ക്യാമറയും മികവുറ്റതാണ്. എസ്-പെന്‍ എന്നു സാംസങ് വിളിക്കുന്ന സ്റ്റൈലസും പല സന്ദര്‍ഭങ്ങളിലും ഗുണംചെയ്യും. നാലു വര്‍ഷം വരെ സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ട് ലഭിച്ചേക്കാം.

∙ മികച്ച ഫോള്‍ഡബിൾ ഫോണ്‍ ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 4

സാംസങ് ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 4 ആണ് ഇപ്പോള്‍ വാങ്ങാവുന്ന ഏറ്റവും മികച്ച മടക്കാവുന്ന ഫോണ്‍. സെഡ് ഫ്‌ളിപ് ഏറ്റവും സ്റ്റൈലിഷ് ആയ ഫോണാണെങ്കില്‍ ഫോള്‍ഡ് 4 അതുക്കും മേലെയാണ്. മൂന്ന് ഉപകരണങ്ങള്‍ ഒരുമിച്ചു ചേര്‍ന്നാലെന്നവണ്ണമുള്ള പ്രകടനസാധ്യത മുന്നോട്ടുവയ്ക്കുന്ന ഈ മോഡല്‍ വേറിട്ട അനുഭവം നല്‍കുന്നു.

∙ മൂന്നാംഘട്ട പിരിച്ചുവിടല്‍ നടത്തി മൈക്രോസോഫ്റ്റ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് തുടങ്ങിയ വിഭാഗങ്ങളില്‍നിന്ന് കൂടുതല്‍ ജോലിക്കാരെ പിരിച്ചുവിട്ടിരിക്കുകയാണ് ടെക്‌നോളജി ഭീമന്‍ മൈക്രോസോഫ്റ്റ്. അതേസമയം, ഇത് നേരത്തേ കമ്പനി പ്രഖ്യാപിച്ച 10,000 പേരെ പുറത്താക്കുന്നതിന്റെ ഭാഗമാണ്. ഏകദേശം 689 പേര്‍ക്കാണ് ഇക്കുറി ജോലി പോയിരിക്കുന്നതെന്ന് പ്രമുഖ ടെക്‌നോളജി വാര്‍ത്താ ചാനലായ സിആര്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ വീണ്ടും ജോലിക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി മെറ്റാ

കമ്പനിയുടെ വലുപ്പം കുറയ്ക്കുന്നതിന്റെ ഭാഗമായി വീണ്ടും ആയിരക്കണക്കിനു ജോലിക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ് ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റാ എന്ന് ദ് വാഷിങ്ടൻ പോസ്റ്റ്. ഈ ആഴ്ച തന്നെ അടുത്ത ഘട്ട പിരിച്ചുവിടല്‍ തുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ പരസ്യങ്ങളില്‍നിന്ന് വരുമാനമുണ്ടാക്കുന്ന മെറ്റാ കമ്പനിക്ക് കടുത്ത മത്സരമാണ് ഇപ്പോള്‍ ടിക്‌ടോക് അടക്കമുള്ള കമ്പനികളില്‍നിന്നു നേരിടേണ്ടിവരുന്നത്. 2022 നവംബറില്‍ 11,000 ജോലിക്കാരെയാണ് മെറ്റാ പിരിച്ചുവിട്ടത്.

US-BUSINESS-FACEBOOK-LAYOFFS-INTERNET-COMPUTERS-META
Photo by JOSH EDELSON / AFP

∙ പ്രതിമാസം 35,000 ഡോളര്‍ വരെ നേടാമെന്നു പറഞ്ഞ് കണ്ടന്റ് ക്രിയേറ്റര്‍മാരെ ആകര്‍ഷിച്ച പദ്ധതി മെറ്റാ നിർത്തി

വൈറലായ ചൈനീസ് സമൂഹ മാധ്യമത്തില്‍നിന്ന് കണ്ടെന്റ് ക്രിയേറ്റര്‍മാരെ തങ്ങളുടെ പ്ലാറ്റ്‌ഫോമിലെത്തിക്കാന്‍ വേണ്ടി മെറ്റാ കമ്പനി തുടങ്ങിയ പദ്ധതി നിർത്തി. പ്രതിമാസം 35,000 ഡോളര്‍ വരെ ഉണ്ടാക്കാമെന്നു പറഞ്ഞായിരുന്നു 2021ല്‍ കണ്ടെന്റ് ക്രിയേറ്റര്‍മാരെ ആകര്‍ഷിച്ചത്. തുടക്കത്തിൽ മെറ്റാ വാക്കുപാലിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, തങ്ങളുടെ വിവിധ പണമുണ്ടാക്കല്‍ പ്രോഗ്രാമുകളെ കൂടുതല്‍ പുതുക്കുന്നതിന്റെ ഭാഗമായാണ് ഇത് അവസാനിപ്പിച്ചതെന്ന് മെറ്റാ വക്താവ് പൈജ് കോഹന്‍ ദ് വേര്‍ജിനോടു പറഞ്ഞു. വരുമാനം പങ്കിടുന്ന രീതിയായിരിക്കാം ഇനി മെറ്റാ കൊണ്ടുവരാനൊരുങ്ങുന്നത് എന്നും ശ്രുതിയുണ്ട്.

∙ കാറുകള്‍ക്കും ബൈക്കുകള്‍ക്കുമായി മാപ്പിൾസ് ഗ്യാജറ്റുമായി മാപ്‌മൈഇന്ത്യ

ജിയോസ്‌പെഷല്‍ സോഫ്റ്റ്‌വെയര്‍-ഐഒടി കമ്പനിയായ മാപ്‌സ്‌മൈഇന്ത്യ പുതിയ നാല് ഉല്‍പന്നങ്ങള്‍ പുറത്തിറക്കി. വാഹനങ്ങളിലെ ജിപിഎസ് ട്രാക്കേഴ്‌സ്, ഡാഷ് ക്യാമറകള്‍, ഇന്‍-ഡാഷ് നവിടെയ്ൻമെന്റ് സിസ്റ്റംസ്, സ്മാര്‍ട് ഹെല്‍മറ്റ് കിറ്റുകള്‍ എന്നിവയാണവ. ഗൂഗിള്‍ മാപ്‌സിന്റെ കടന്നുവരവോടെ പ്രഭ പോയ മാപ്‌മൈഇന്ത്യ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
 

English Summary: Best Smartphone 2023

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS