നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിങ്ങും റോബോട്ടുകളുമെല്ലാം ചേര്‍ന്ന് മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കുമോ എന്ന ആശങ്കക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അങ്ങനെയൊന്ന് സംഭവിക്കുകയും മെഷീനുകള്‍ക്ക് കുറ്റബോധം സംഭവിച്ച് മനുഷ്യര്‍ക്കായി ഒരു സ്മാരകം പണിയുകയും ചെയ്താലോ? അതേക്കുറിച്ചാണ് അമേരിക്കയില്‍ മിസ്അലൈന്‍മെന്റ് മ്യൂസിയം എന്ന പേരില്‍ നടക്കുന്ന വ്യത്യസ്തമായ കലാപ്രദര്‍ശനം പറയുന്നത്.
'ഭൂരിഭാഗം മനുഷ്യവംശത്തേയും കൊന്നു കളഞ്ഞതില്‍ ക്ഷമിക്കുക' എന്നാണ് മിസ്അലൈന്‍മെന്റ് മ്യൂസിയം കാണാനെത്തുന്ന സന്ദര്‍ശകര്‍ ആദ്യം കാണുന്ന മോണിറ്ററിലുള്ളത്. സാങ്കേതികവിദ്യയുടെ അതിപ്രസരം മൂലമുണ്ടാവുന്ന പ്രശ്‌നങ്ങളെ അതിശയോക്തിയും നര്‍മവും കലര്‍ത്തിക്കൊണ്ടാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. 'നിര്‍മിത ബുദ്ധി മനുഷ്യ വംശത്തെ ഏതാണ്ട് പൂര്‍ണമായി തന്നെ അവസാനിപ്പിച്ച ശേഷമുള്ള ലോകത്തിലാണ് ഈ മ്യൂസിയമുള്ളത്' എന്നാണ് ഷോയുടെ ക്യുറേറ്ററായ ഓഡ്രി കിം പറയുന്നത്.
'മനുഷ്യരെ നശിപ്പിച്ചുകളഞ്ഞത് തെറ്റായിപോയി എന്ന് തിരിച്ചറിയുന്നതോടെ എഐ തന്നെ മനുഷ്യര്‍ക്കായി ഒരു സ്മാരകം പണിയുകയാണ്. ആ സ്മാരകത്തിന്റെ അടിക്കുറിപ്പാണ് ഭൂരിഭാഗം മനുഷ്യവംശത്തേയും കൊന്നു കളഞ്ഞതില്‍ ക്ഷമിക്കുകയെന്നത് ' കിം കൂട്ടിച്ചേര്‍ക്കുന്നു. ഇപ്പോള്‍ സജീവമായിട്ടുള്ള എഐ ചാറ്റ് ബോട്ട് ചാറ്റ്ജിപിടി പോലുള്ളവയേക്കാള്‍ സങ്കീര്‍ണമാണ് ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (AGI) എന്ന ആശയം. മനുഷ്യന്‍ ചെയ്യുന്ന എന്തു കാര്യങ്ങളും കൂടുതല്‍ കൃത്യതയോടെയും ശേഷിയോടെയും ചെയ്യാനുള്ള കഴിവാണ് എജിഐക്കുള്ളത്. ഇതിന്റെ സാധ്യതകള്‍ക്കു പിന്നാലെയാണ് ഇന്ന് പല സാങ്കേതികരംഗത്തെ മുന്‍നിര കമ്പനികളും.
ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് പോലുള്ള ആശയങ്ങള്‍ക്ക് പിന്നിലെ അപകടത്തെക്കുറിച്ചാണ് കിമ്മിനെ പോലുള്ളവര്‍ ഓര്‍മിപ്പിക്കുന്നത്. പേപ്പര്‍ ക്ലിപ്പുകൊണ്ട് നിര്‍മിച്ച പേപ്പര്‍ക്ലിപ് എംബ്രേസ് എന്ന പ്രതിമയേയും അതിന് പിന്നിലെ ആശയത്തേയും കിം ഓര്‍മിപ്പിക്കുന്നുണ്ട്. തത്വചിന്തകനായ നിക് ബോസ്‌ട്രോം 2000 ന്റെ തുടക്കത്തിലാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവെച്ചത്. പേപ്പര്‍ ക്ലിപ്പുകള്‍ മാത്രം നിര്‍മിക്കുന്നതിലേക്ക് നിര്‍മിത ബുദ്ധിയെ മാറ്റിയാല്‍ അത് കൂടുതല്‍ ശക്തി നേടുകയും ലോകത്തെ തന്നെ പേപ്പര്‍ ക്ലിപ്പുകള്‍ കൊണ്ട് മൂടുമെന്നുമാണ് ബോസ്‌ട്രോം പറഞ്ഞത്.
ഡ്രൈവറില്ലാ കാറുകള്‍ പുറത്തിറക്കുന്ന ക്രൂസ് എന്ന കമ്പനിയിലാണ് നേരത്തെ കിം ജോലി ചെയ്തിരുന്നത്. മനുഷ്യന്റെ കുറവുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ചാണ് ഇത്തരം കമ്പനികള്‍ പറയുന്നത്. എന്നാല്‍ ഇതിനുള്ളില്‍ പല അപകടങ്ങളും പതിയിരിപ്പുണ്ടെന്നും കിം പറയുന്നു.
പ്രദര്‍ശനത്തിന്റെ ഒരുഭാഗത്ത് പേടിസ്വപ്‌നമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ചാറ്റ്ജിപിടിക്കു പിന്നിലെ ജിപിടി–3 എന്ന ഭാഷയില്‍ മനുഷ്യരാശിക്കെതിരെ മോശം കാര്യങ്ങള്‍ എഴുതിക്കൊണ്ടേയിരിക്കുന്ന യന്ത്രമാണ് ഇവിടെയുള്ളത്. ഫിലോസഫര്‍ സ്ലാവോ സിസെകും സിനിമാക്കാരന്‍ വെര്‍നര്‍ ഹെര്‍സോഗും തമ്മില്‍ നടത്തുന്ന സംഭാഷണമാണ് മറ്റൊന്ന്. തീര്‍ത്തും നിര്‍മിത ബുദ്ധിയെ അടിസ്ഥാനമാക്കിയാണ് ഇത് തയാറാക്കിയിരിക്കുന്നത്. ഇരുവരുടേയും ആശയങ്ങളും സംഭാഷണ രീതികളും അനുകരിച്ചാണ് എഐ ഇത് തയാറാക്കിയത്. സാധാരണക്കാരെ എങ്ങനെ എത്രയെളുപ്പം സ്വാധീനിക്കാന്‍ ഇത്തരം സാങ്കേതികവിദ്യകള്‍ക്ക് സാധിക്കുന്നുവെന്നതിന്റെ തെളിവാണിത്.
അഞ്ച് മാസം മുൻപാണ് ഈ പ്രദര്‍ശനം കിം ആരംഭിച്ചത്. ഇത്രയും സമയമേ കഴിഞ്ഞിട്ടുള്ളൂവെങ്കിലും ഈ പ്രദര്‍ശനത്തിന്റെ ഭാഗമായി തുടക്കത്തില്‍ പറഞ്ഞിരുന്ന പല സാങ്കേതികവിദ്യകളും കാലഹരണപ്പെട്ടുവെന്ന് കിം ഓര്‍മിപ്പിക്കുന്നു. അത്രയും വേഗത്തിലാണ് നമ്മുടെ സാങ്കേതികവിദ്യയുടെ വളര്‍ച്ചയും മാറ്റവും.
English Summary: AI Says 'Sorry' For Killing Most of Humanity in Post-Apocalypse Exhibit